കുട്ടികളുടെ ഭാവനാലോകത്തേക്ക് തുറക്കുന്ന കഥകള്‍
കുട്ടികളുടെ കഥാലോകത്തെ വിപുലവും സമ്പന്നവുമാക്കി മാറ്റിയ മാലി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന വി.മാധവന്‍ നായരുടെ ബാലസാഹിത്യ കൃതിയാണ് മണ്ടക്കഴുത. ഭാവനയുടെ അസാധാരണത കൊണ്ട് സവിശേഷമായ എട്ട് കഥകളാണ് ഈ സമാഹാരത്തിലുള്ളത്. കുയിലിന്റെയും കഴുതയുടെയും തവളയുടെയുമെല്ലാം ലോകത്തിലൂടെ അവിശ്വസനീയമായ ബാലപ്രപഞ്ചത്തെയാണ് ഈ കഥകളിലൂടെ കഥാകാരന്‍ ചിത്രീകരിക്കുന്നത്. മണ്ടക്കഴുത, നിധി കാക്കുന്ന ഭൂതം, സംഗീതസ്വാമി, പല്ലടിയന്തരം, തവള കുയിലായി, ഉറങ്ങാത്ത രാജാവ്, തുടങ്ങി മാലിയുടെ എട്ട് കുട്ടിക്കഥകളാണ് ഈ ചെറുകഥാസമാഹാരത്തിലുള്ളത്. കുട്ടികളുടെ അത്ഭുതലോകത്തേക്ക് തുറക്കുന്ന വാതിലാണ് ഈ കഥാപുസ്തകം.
മാലി വി.മാധവന്‍ നായര്‍-കുട്ടികള്‍ക്കായി നിരവധി ചെറുകഥകളും നോവലുകളും രചിച്ചിട്ടുള്ള മാലി കര്‍ണശപഥമെന്ന ഒരു ആട്ടക്കഥ രചിച്ചിട്ടുണ്ട്. അന്‍പതിലധികം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. സ്വന്തം പുസ്തകങ്ങളില്‍ ഏഴെണ്ണം ഇംഗ്ലീഷിലേക്ക് സ്വയം പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. മാവേലി എന്ന തൂലികാ നാമവും വനമാലി എന്ന തൂലികാനാമവും ഉപയോഗിചിട്ടുണ്ട്. എഴുപതുകളില്‍ മാലിക എന്ന കുട്ടികള്‍ക്കുള്ള മാസികയും നടത്തി. നാടകം, ആട്ടക്കഥ തുടങ്ങിയവയും സംഗീതശാസ്ത്രം, വാസ്തുവിദ്യ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളില്‍ കായിക ലേഖനങ്ങളും മറ്റ് ലേഖനങ്ങളും പ്രബന്ധങ്ങളും എഴുതിയിരുന്നു. റേഡിയോയില്‍ കമന്റേറ്ററുമായിരുന്നു. വളരെക്കാലം ആകാശവാണിയില്‍ ജോലി ചെയ്തു. സ്‌റ്റേഷന്‍ ഡയറക്റ്ററായി വിരമിച്ചു. അവിടെ നിന്ന് ഡപ്യൂട്ടേഷനില്‍ നാഷണല്‍ ബുക്ക്ട്രസ്റ്റില്‍ എഡിറ്ററായും ജോലി ചെയ്തിരുന്നു. സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിന്റെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1970-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1988-ല്‍ കൈരളി ചില്‍ഡ്രന്‍സ് ബുക്ട്രസ്റ്റിന്റെ ബാലസാഹിത്യ അവാര്‍ഡും ലഭിച്ചു.
Comments are closed.