DCBOOKS
Malayalam News Literature Website

ആരോഗ്യവും മനസ്സും-ഒരു ശാസ്ത്രീയ അപഗ്രഥനം

മനസ്സിന് ആരോഗ്യമുണ്ടെങ്കിലേ ശരീരത്തിനും ആരോഗ്യമുണ്ടാവുകയുള്ളൂ. ആരോഗ്യമുള്ള ശരീരത്തിനുള്ളിലൊരു ആരോഗ്യമുള്ള മനസ്സാണ് നമ്മുടെ ആവശ്യം. ആരോഗ്യമെന്നാല്‍ രോഗങ്ങളില്ലാത്ത അവസ്ഥ എന്നതു കൂടാതെ, ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ സുഖവും ശാന്തിയും കൂടി ഉള്‍പ്പെടുന്നതാണ് എന്നാണ് ലോകാരോഗ്യസംഘടനയുടെ നിര്‍വ്വചനം.

Textമാനസികാരോഗ്യം വ്യക്തിത്വത്തിന്റെ ഭാഗമാണ്. വ്യക്തിത്വമെന്നാല്‍ ജന്മമെന്ന യന്ത്രം ഘടിപ്പിച്ച് സാഹചര്യങ്ങളാകുന്ന ചക്രങ്ങളില്‍ ഓടുന്ന വാഹനമാണ്. ജന്മത്തില്‍ നിന്നു ലഭ്യമായവയെ പരിപോഷിപ്പിക്കേണ്ടത് സാഹചര്യങ്ങളാണ്. സാഹചര്യങ്ങളുടെ ജീര്‍ണ്ണത വ്യക്തിത്വത്തെയും തന്മൂലം മാനസികാരോഗ്യത്തെയും മലീമസമാക്കും.

ആരോഗ്യവും മനസ്സും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ ശാസ്ത്രീയമായി അപഗ്രഥിക്കുന്ന പുസ്തകമാണ് ഡോ. കെ.എസ്. ബാലകൃഷ്ണപിള്ളയുടെ മാനസികാരോഗ്യം. നിരാശാഭരിതമായ മനസ്സുകള്‍ക്ക് പ്രായോഗിക പാഠങ്ങളിലൂടെ ഉണര്‍വ്വേകാനും അതിജീവനത്തിന് സഹായിക്കുകയും ചെയ്യുന്നു. മനസ്സിന്റെ മായാജാലങ്ങളെപ്പറ്റിയും അതിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍വേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ചും പറയുന്ന ഈ പുസ്തകം ആര്‍ജ്ജവവും സദ്‌സ്വഭാവവും വളര്‍ത്തുന്നതിനും ശാന്തി കൈവകിക്കുന്നതിനും വേണ്ട നുറുങ്ങുകളും അവതരിപ്പിച്ചിരിക്കുന്നു. പ്രാണന്‍ അല്ലെങ്കില്‍ ധിഷണ എന്നാല്‍ എന്താണ്? എവിടെയാണ്? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണ് മാനസികാരോഗ്യം.

‘മനസ്സ് എന്ന അത്ഭുതത്തിന്റെ സങ്കീര്‍ണ്ണമായ സ്വഭാവങ്ങള്‍ ഈ പുസ്തകത്തില്‍ വ്യക്തതയോടെ ശാസ്ത്രീയമായി പ്രതിപാദിച്ചിരിക്കുകയും അതിന്റെ പശ്ചാത്തലത്തില്‍ ആധുനിക ജീവിതത്തെ പീഡിപ്പിക്കുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്ന പ്രശ്‌നങ്ങള്‍ എന്തെന്ന് വിശകലനം ചെയ്യുകകൂടി ചെയ്യുന്നു.’ ഈ കൃതിയെക്കുറിച്ച് പ്രൊഫ.എം.കെ. സാനു പറയുന്നു.

Comments are closed.