‘മനഃശാസ്ത്ര കൗണ്‍സലിങ് കേരളത്തില്‍’; മനസ്സെന്ന പ്രഹേളികയെ അറിയാനും ശീലങ്ങളിലും മുന്‍വിധികളിലും നിന്ന് സ്വയം കരകയറാനും
മനഃശാസ്ത്ര കൗണ്‍സലിങ് കേരളത്തില്‍ എന്ന പുസ്തകത്തിന് കെ. ജയകുമാര്‍ എഴുതിയ അവതാരികയില്‍ നിന്നും
മനസ്സെന്ന പ്രഹേളികയെ അറിയാനും ശീലങ്ങളിലും മുന്‍വിധികളിലും നിന്ന് സ്വയം കരകയറാനും കൂടി ഒരു പരിധിവരെ ഈ പുസ്തകം സഹായിക്കും.
ഒരു സമൂഹത്തിന്‍റെ സാംസ്കാരികസവിശേഷതകള്‍ കൗൺസലിങ്ങിനെ സ്വാധീനിക്കുന്നു അഥവാ സമൂഹത്തിന്‍റെ സാംസ്ക്കാരികമായ മൂല്യബോധവും കീഴ്വഴക്കങ്ങളും ഒരു കൗൺസിലര്‍ ആഴത്തില്‍ അറിഞ്ഞിരിക്കണം. കാലഘട്ടത്തിന്‍റെ മാറ്റങ്ങള്‍ സൂക്ഷ്മമായി ഉള്‍ക്കൊള്ളേണ്ടതുണ്ട്. നവസാങ്കേതികവിദ്യകള്‍, സാമ്പത്തിക വളര്‍ച്ച, പുതിയ പാര്‍പ്പിടസംസ്കാരം (ഫ്ലാറ്റ്ജീവിതം) ലൈംഗിക പ്രശ്നങ്ങള്‍, വാര്‍ദ്ധക്യം, പ്രവാസം എന്നിങ്ങനെയുള്ള ഓരോ പ്രതിഭാസവും, ആധുനിക ജീവിതത്തെ ആതുരമാക്കുന്നു. കാലം നമ്മുടെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളും അവ തകിടം മറിച്ചവയും കൗൺസലിങ്ങിന്‍റെ സാംഗത്യം വര്‍ദ്ധിപ്പിച്ചിരിക്കുന്നു. കൂടുതല്‍ ആളുകള്‍ വ്യത്യസ്ത ബിരുദങ്ങളും യോഗ്യതസാമ്യങ്ങളുമായി കൗൺസലിങ്ങ് മേഖലയിലേക്ക് സ്വാഭാവികമായും കടന്നുവരുന്നു. ഈ പശ്ചാത്തലത്തിലാണ് ഈ കൃതിയുടെ കാലികപ്രാധാന്യം വിലയിരുത്തേണ്ടത്.
അക്കാദമിക യോഗ്യത നേടിയെന്നതുകൊണ്ടുമാത്രം ഒരു നല്ല കൗൺസിലര്‍ ആവിര്‍ഭവിക്കുന്നില്ല. ജീവിതത്തിന്‍റെ സങ്കീര്‍ണതകളെയും വൈരുദ്ധ്യങ്ങളെയും മനസ്സുകളുടെ വൈവിധ്യത്തെയും വസ്തുനിഷ്ഠമായി ഉള്‍ക്കൊള്ളാന്‍ കഴിയുകയും പക്വമായ പ്രതികരണം വഴി മനുഷ്യരെ സഹായിക്കാന്‍ സാധിക്കുകയും വേണം. ദീര്‍ഘകാലത്തെ പരിചയവും വിപുലമായ ജീവിതാനുഭവങ്ങളും ഡോ. കൃഷ്ണപ്രസാദ് ശ്രീധറിന്‍റെ ഈ പുസ്തകത്തെ എക്കാലവും പ്രസക്തമായ ഒരു ക്ലാസ്സിക് കൃതിയാക്കി മാറ്റുന്നു. അക്കാദമികമായ അറിവിനേക്കാള്‍ സാമാന്യബുദ്ധിയും അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്ന അറിവിനുമാണ് ഈ കൃതിയില്‍ സ്ഥാനം.
സൈദ്ധാന്തികമായ അറിവുകളും കൗൺസലിങ്ങിന്‍റെ പരിണാമചരിത്രഗതിയും ഏതാണ്ട് സമഗ്രമായി ഈ കൃതിയില്‍ ആവിഷ്കരിക്കുന്നുണ്ട്. വിപുലമായ ഒരു വിജ്ഞാനശാഖയില്‍ നിന്ന് അവശ്യം വേണ്ട അറിവുകള്‍ തികഞ്ഞ ഔചിത്യത്തോടെ ഇതില്‍ കോര്‍ത്തിണക്കിയിരിക്കുന്നു. ഫ്രോയ്ഡിന്‍റെ സൈക്കോ അനാലിസിസ് മുതല്‍ ആധുനിക കാലത്തെ കോഗ്നിടിവ് ബിഹേവിയര്‍ തെറാപ്പി (CBT) വരെയുള്ള ആ വിജ്ഞാനശാഖയുടെ വളര്‍ച്ചാപഥം മിതത്തോടെയും ലാളിത്യത്തോടെയും ആശയസമ്പുഷ്ടി നിലനിര്‍ത്തിയും വിവരിക്കുമ്പോള്‍ ഗ്രന്ഥകര്‍ത്താവിന്‍റെ അവഗാഹവും വിവേചനവും വായനക്കാര്‍ക്ക് ബോധ്യപ്പെടും. നമ്മുടെ പരമ്പരാഗത സമൂഹത്തിലും നാട്ടിന്‍പുറങ്ങളിലും നിലനിന്നിരുന്ന ബന്ധങ്ങളും ശീലങ്ങളും കുടുംബഘടനകളും ഔപചാരികതയുടെ പരിവേഷമില്ലാത്ത കൗൺസലിങ്ങ് ധര്‍മ്മമാണ് നിറവേറ്റിയിരുന്നതെന്ന പരമാര്‍ത്ഥം ഈ പുസ്തകം അനാവരണം ചെയ്യുന്നു.
കൗൺസലിങ്ങ് എന്ത്, എന്തല്ല എന്ന് സുവ്യക്തമായി ഈ പുസ്തകം പ്രദിപാദിക്കുന്നു. മുന്‍വിധികളില്ലായ്മയും വസ്തുനിഷ്ടതയും അനുതാപവും ശുഭാപ്തിവിശ്വാസവും ഒരു കൗൺസിലര്‍ക്ക് കൂടിയേ കഴിയൂ. നമ്മുടെ ധാരണകളും തെറ്റിദ്ധാരണകളും മുന്‍വിധികളും അഹംഭാവവും അനുഭവങ്ങള്‍ തന്ന മുന്നറിവുകളും ഓരോ വ്യക്തിയുടെയും പെരുമാറ്റത്തെയും പ്രതികരണത്തെയും എങ്ങിനെ കരുപ്പിടിപ്പിക്കുന്നു എന്ന് അനുഭവങ്ങളുടെ ആധികാരിതയോടെ ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു. അവയിലേക്കു വെളിച്ചം കാണിക്കുമ്പോള്‍ തന്നെ ആ വൈകല്യങ്ങള്‍ക്കു മാറ്റം സംഭവിക്കാന്‍ തുടങ്ങുന്നു.
പുസ്തകങ്ങളില്‍ നിന്നുള്ള അറിവുകൊണ്ട് മാത്രം ഒരു കൗൺസിലര്‍ക്ക് തന്‍റെ ധര്‍മ്മം മികവോടെ നിറവേറ്റാനാവുകയില്ല. അതിന് നിതാന്തജാഗ്രതയും കൃത്യമായ തയ്യാറെടുപ്പും വേണം. ഈ പുസ്തകം അമൂല്യമായ അറിവുകളാണ് ഈ മേഖലയെക്കുറിച്ച് പങ്കുവയ്ക്കുന്നത്. സഹതാപത്തോടെ പ്രശ്നങ്ങള്‍ കേട്ടിരിക്കാനുള്ള ക്ഷമ, രഹസ്യങ്ങള്‍ സൂക്ഷിക്കാനുള്ള കഴിവ്, പ്രശ്നങ്ങളുമായി താദാത്മ്യം പ്രാപിക്കാനുള്ള സാമര്‍ത്ഥ്യം, വിശ്വാസ്യത നേടാനുള്ള കഴിവ്, തന്‍റെ മുന്നിലിരിക്കുന്ന വ്യക്തിയുടെ ജീവിതം മെച്ചപ്പെട്ടുകാണാനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹം ഇവയെല്ലാം ഒരു നല്ല കൗൺസലിര്‍ വളര്‍ത്തിയെടുക്കേണ്ട ശീലങ്ങളാണ്.
കൗൺസലിങ്ങ് മേഖലകള്‍ എന്ന ഒന്നാം ഭാഗം അനുഭവങ്ങളില്‍ നിന്ന് ആര്‍ജിച്ചെടുത്ത പ്രായോഗികജ്ഞാനം കൊണ്ട് സമ്പന്നമത്രെ. ഓരോ കുഞ്ഞിന്‍റെയും വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും തനതായ പ്രശ്നങ്ങളുണ്ട്. അവയ്ക്കെല്ലാം പലപ്പോഴും പരിഹാരങ്ങളുമുണ്ട്. കൗമാരത്തിലും യൗവ്വനത്തിലും വൈവാഹികജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങളിലുമുള്ള എണ്ണമറ്റ പ്രശ്നങ്ങളെ തികഞ്ഞ നിക്ഷ്പക്ഷതയോടെയും ഈ ഭാഗത്ത് വിശദീകരിച്ചിരിക്കുന്നു. സാങ്കേതികവിദ്യയുടെ വ്യാപനം ജീവിതങ്ങളില്‍ മാറ്റങ്ങള്‍ വരുത്തികൊണ്ടിരിക്കുമ്പോള്‍, ചതിക്കുഴികളെപ്പറ്റിയും പ്രലോഭനങ്ങളെപ്പറ്റിയും മാതാപിതാക്കളും അദ്ധ്യാപകരും ഒരേപോലെ ജാഗ്രത പാലിക്കേണ്ടതുണ്ട്. സമയോചിതമായ കൗൺസലിങ്ങ് വഴി അപകടത്തിലേക്കും വിനാശത്തിലേക്കും വഴുതി വീഴാതെ രക്ഷിക്കാന്‍ സാധിക്കും. മദ്ധ്യവയസ്സിനും വാര്‍ദ്ധക്യത്തിനും എല്ലാം അതിന്‍റേതായ വെല്ലുവിളികള്‍ നേരിടേണ്ടാതായിട്ടുണ്ട്. നിരവധി അനുഭവകഥകളിലൂടെ കൃത്യമായ കൗൺസലിങ്ങിന്‍റെ വിസ്മയാവഹമായ ഫലങ്ങളെപ്പറ്റി ഗ്രന്ഥകാരന്‍ വിവരിക്കുന്നുണ്ട്. കൗൺസലിങ്ങിന്‍റെ ഈ സാന്ത്വനസാദ്ധ്യതതന്നെ ജീവിതത്തിന് പ്രത്യാശ നല്‍കുന്നുണ്ട്.
അത്യന്തം ലളിതമായ ശൈലിയില്‍ രചിക്കപ്പെട്ട ഈ പുസ്തകം സാധാരണ വായനക്കാര്‍ക്കെന്നതുപോലെ കൗൺസിലേഴ്സിനും വലിയ പ്രയോജനം ചെയ്യും. ജീവിതാനുഭവങ്ങള്‍ സഞ്ചയിച്ചെടുത്ത അറിവാണ് ഈ പുസ്തകത്തിന്‍റെ ആന്തരിക ചൈതന്യം. മനസ്സെന്ന പ്രഹേളികയെ അറിയാനും ശീലങ്ങളിലും മുന്‍വിധികളിലും നിന്ന് സ്വയം കരകയറാനും കൂടി ഒരു പരിധിവരെ ഈ പുസ്തകം സഹായിക്കും. മാറുന്ന കാലത്തിനൊപ്പം, നിലനിന്നിരുന്ന സാമൂഹിക പരിരക്ഷാവ്യവസ്ഥകളും സ്വാഭാവികമായും മാറിപ്പോകും. ആ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന ശൂന്യതകള്‍ക്ക് ഫലപ്രദമായ മറുമരുന്നായി കൗൺസലിങ്ങിനെ അവതരിപ്പിക്കുന്ന ഈ കൃതി കാലഘട്ടം ആവശ്യപ്പെട്ട ഒന്നാണ്.
സിദ്ധാന്തവും പ്രയോഗവും സമ്യക്കായി ഡോ. കൃഷ്ണപ്രസാദ് ശ്രീധര്‍ അവതരിക്കുന്ന ഈ കൃതി മലയാളത്തിലെ വൈജ്ഞാനിക സാഹിത്യമേഖലയെ പരിപോഷിപ്പിച്ചിരിക്കുന്നു.
മനഃശാസ്ത്ര കൗണ്‍സലിങ് കേരളത്തില്‍ എന്ന പുസ്തകം വാങ്ങാന്‍
Comments are closed.