കുട്ടികള്‍ക്ക് വായിച്ചു രസിക്കാന്‍ ‘മനസ്സറിയും യന്ത്രം’
വല്യമ്മാമന്റെ നിര്‍ദ്ദേശപ്രകാരമാണ് പറമ്പില്‍ കിണറുകുഴിക്കാന്‍ തുടങ്ങിയത്. നേരത്തെ അടയാളമിട്ടുവച്ചിരുന്ന സ്ഥലത്ത് കൂലിക്കാര്‍ പണി തുടങ്ങി. വല്യമ്മാമനും കുട്ടിനാരായണനും ശങ്കുവും സ്ഥലത്തുണ്ടായിരുന്നു. കൃഷ്ണന്‍കുട്ടിയും.
പണിക്കാര്‍ കിളയ്ക്കുന്നതും മണ്ണുമാന്തി പുറത്തേക്കിടുന്നതും നോക്കി വല്യമ്മാമന്‍ ഉത്സാഹത്തോടെ നില്‍ക്കുകയായിരുന്നു. കുന്നുകൂടിക്കിടക്കുന്ന മണ്ണിന്നടുത്തേക്ക് പെട്ടന്നദ്ദേഹം പാഞ്ഞു ചെന്നു. കാല്‍കൊണ്ട് ഒരുഭാഗത്തെ മണ്ണ് ചികഞ്ഞു നോക്കി. കുമ്പിട്ടുനിന്ന് മണ്ണില്‍നിന്നും മിന്നുന്ന ഒരു കുഴലുപോലുള്ള സാധനം പുറത്തെക്കെടുത്തു. എല്ലാവരും ആശ്ചര്യത്തോടെ അതിന്റെ നേരെ നോക്കി.
വെറുമൊരു കുഴലായിരുന്നില്ല അത്. അതിന്റെ ഒരറ്റത്തു ചെറിയ പന്തിന്റെ ആകൃതിയില്‍ ഒരു ഉണ്ടയും മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു. ഉണ്ടയുടെ ഒരറ്റത്തു നിന്നും സാമാന്യം നല്ല വണ്ണത്തിലുള്ള ഒരു കമ്പി കുഴലിന്റെ മറ്റെ അറ്റത്തോടു ഘടിപ്പിച്ചിരുന്നു. കുട്ടിനാരായണന്‍ ജിജ്ഞാസയോടെ അതിലേയ്ക്ക് നോക്കി. ആ ഉണ്ടയുടെ കീഴ്ഭാഗത്ത് ഏഴുതിവെച്ചിരുന്നു. ‘മനസ്സറിയും യന്ത്രം’ അവനത് ഉറക്കെ വിളിച്ചു പറഞ്ഞു.
മനസ്സറിയും യന്ത്രം കിട്ടിയതോടെ എല്ലാവരുടേയും കള്ളത്തരങ്ങള്‍ വെളിച്ചത്താവുന്നു. ഉള്ളിലെ കാര്യങ്ങള്‍ പുറത്തുവരുന്നു. ഈ കഥ മനോഹരമായി പറയുന്ന പുസ്തകമാണ് പി നരേന്ദ്രനാഥിന്റെ മനസ്സറിയും യന്ത്രം. കുട്ടികള്‍ക്ക് വായിച്ചു രസിക്കാന്‍ ലളിതമായ ഭാഷയില്‍ എഴുതിയിരിക്കുന്ന പുസ്തകം വായനയെ വളര്‍ത്താന്‍ ഉതകുന്നതാണ്. ഡി സി മാമ്പഴം ഇംപ്രിന്റിലാണ് മനസ്സറിയും യന്ത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Comments are closed.