DCBOOKS
Malayalam News Literature Website

ചിതറിയ നിഴലുകളുടെ ആരവം: കെ ജീവന്‍കുമാര്‍

ഇതിൽ വിപ്ലവവും ലഹരിയും സംഗീതവും ഇന്ത്യയുമുണ്ട്

മനോജ് കുറൂരിന്റെ ‘മണൽപ്പാവ’യ്ക്ക് കെ. ജീവൻകുമാർ എഴുതിയ അവതാരികയിൽ നിന്ന്

നോവൽ, രാഷ്ട്രങ്ങളുടെ നിഗൂഢചരിത്രമാണെന്ന വീക്ഷണം ഏറെ പഴകിയിരിക്കുന്നു. വേണമെങ്കിൽ അത് ജീവിതത്തിന്റെ അപരചരിത്രമാണെന്നു പറയാം. മനോജ് കുറൂരിന്റെ ‘മണൽപ്പാവ’ പോലൊരു നോവലിൽ ഈ അപരലോകം ഭാവനയോ യാഥാർത്ഥ്യമോ എന്ന സന്ദേഹം അതിന്റെ നിലനില്പിനെത്തന്നെ ചോദ്യം ചെയ്യുന്നു. എഴുത്തിലൂടെ ഉരുത്തിരിയുന്ന ലോകത്തിന്റെ ശിഥിലീകരണം മെറ്റാഫിക്‌ഷനിൽ പതിവാണെങ്കിലും ഈ നോവൽ അതിനെ വേറൊരു തലത്തിലേക്ക് ഉയർത്തുന്നുണ്ട്.

ഒരു അപമൃത്യുവിൽ തുടങ്ങുന്ന “മണൽപ്പാവ’യുടെ ആഖ്യാനം കാൽ നൂറ്റാണ്ടിനുശേഷം, മരണമടഞ്ഞ അലക്‌സിന്റെ ജീവിതത്തെക്കുറിച്ചുള്ള അന്വേഷണമായി മാറുന്നു. അത് അനേകം ചരിത്രസംഭവങ്ങളിലൂടെയും കലാപ്രസ്ഥാനങ്ങളിലൂടെയും കല്പിതയാഥാർത്ഥ്യങ്ങളിലൂടെയും അപരവത്കരിക്കപ്പെട്ട സംസ്‌കാരമാതൃകകളുടെ കാലദേശങ്ങൾ മറികടക്കുന്നു. അറുപതുകളിലെ അമേരിക്കയിൽ ഇടിമുഴക്കത്തിന്റെ നടുക്കമുളവാക്കിയ ബീറ്റ് ജനറേഷൻ, പാരമ്പര്യത്തിന്റെ വിഴുപ്പുകെട്ടുകളെ തിരസ്‌കരിച്ച് നിഷേധത്തിന്റെ വർണങ്ങൾ വിതറിയ എഴുപതുകളിലെ ഹിപ്പികളുടെ പ്രതിരോധം, ഭരണകൂടം അശ്ലീലം ആരോപിച്ചു വേട്ടയാടിയ കൽക്കട്ടയിലെ ഹങ്ഗ്രിയലിസ്റ്റുകളുടെ വന്യലോകം, നുരയുന്ന ലഹരിയുടെ മാസ്മരികതയും മൃതിയുടെ കറുപ്പും ചാരവൃത്തിയുടെ ചുഴികളും കലരുന്ന ഗോവയും കൊച്ചിയും കാഠ്മണ്ഡുവുംപോലുള്ള സ്ഥലങ്ങൾ, അടിയന്തരാവസ്ഥയുടെ മുൾക്കാടുകളിൽ അകപ്പെടുന്ന നക്‌സലൈറ്റ് പ്രസ്ഥാനം, ഇറാനിയൻ വിപ്ലവം, പതിനാറാം നൂറ്റാണ്ടിൽ ഗോവയിൽ നടന്ന ഇൻക്വിസിഷൻ, സമീപകാലത്ത് ഇന്ത്യയിലുണ്ടായ വർഗീയകലാപങ്ങൾ ഇവയെല്ലാം ചടുലമായ ആഖ്യാനത്തിന്റെ മിന്നലൊളിയിൽ തെളിയുന്നു. നിഗൂഢമായ ഒരു ആത്മഹത്യയുടെ പൊരുൾ തേടുന്ന നോവൽ അതേ ദിവസം നടന്ന മറ്റൊരു മരണത്തിന്റെ സൂചനയോടെ വായനക്കാരെ വിഭ്രമിപ്പിക്കുന്നതിനു സമാന്തരമായി, കഥയുടെ കടിഞ്ഞാൺ കൈയടക്കുന്ന കഥാപാത്രങ്ങൾ എഴുത്തുകാരനെ സംഭ്രാന്തനാക്കുന്നു. കഥയും ചരിത്രവും കെട്ടുപിണഞ്ഞ് അവ്യക്തവും അനിയതവുമായ ഒരു ലാബിറിന്ത് രൂപപ്പെടുന്നു.

തിരക്കഥാകൃത്തായ ജോൺ തന്റെ പുതിയ രചനയിൽ പതിനാറാം നൂറ്റാണ്ടിലെ ജൂതസംസ്‌കാരവും പോർച്ചുഗീസ് അധിനിവേശവും Textവിഷയമാക്കുന്നു. ഗാസ്പർ ഡ ഗാമ എന്ന ചാരന്റെയും(?) പറങ്കികളുടെയും ചരിത്രം എഴുതിത്തുടങ്ങുന്ന അയാളുടെ കൈയിൽനിന്നു സ്ഥലവും കാലവും വഴുതിപ്പോകുന്നു. അയാൾ എഴുതുന്ന വാക്കുകൾ ഇരുപത്തഞ്ചു കൊല്ലങ്ങൾക്കു മുൻപ് ആത്മഹത്യ ചെയ്ത അലക്‌സ് അങ്കിളിന്റെ വാക്കുകളുടെ അനുരണനമാകുന്നു. ഒരേസമയം “പരിചിതവും അപരിചിതവുമായ’ ലോകങ്ങൾ തെളിയുന്ന ജോണിന്റെ തിരക്കഥപോലെ, നോവൽ ഭ്രമലോകങ്ങളുടെ വെളിപാടുകളിൽ അയാളെ തളച്ചിടുന്നു. രാവുകളിൽ ലഹരിയുടെ തിരയേറി അലക്‌സിനൊപ്പം അതീതലോകങ്ങൾ താണ്ടുന്ന ജോൺ, ഭ്രമാത്മകമായ ആ ലോകത്തിൽ യാഥാർത്ഥ്യം തേടുന്നു. ഗാസ്പറിന്റെ കഥയുടെ പൂരണത്തിന് അലക്‌സ് എന്ന പ്രഹേളികയ്ക്ക് ഉത്തരം കണ്ടെത്തേണ്ടത് അയാൾക്ക് അനിവാര്യമാകുന്നു.

തിരസ്‌കൃതവും അവഗണിക്കപ്പെട്ടതുമായ ചരിത്രസംഭവങ്ങളെ/ കലാസാമൂഹിക പ്രസ്ഥാനങ്ങളെ “മണൽപ്പാവ’യുടെ ആഖ്യാനത്തിൽ വിദഗ്ദ്ധമായി ഇഴചേർത്തിരിക്കുന്നു. അറുപതുകളിലെയും എഴുപതുകളിലെയും ഹിപ്പികളുടെ പ്രതിസംസ്‌കാരികപ്രസ്ഥാനം അമേരിക്കയിലെ മുഖ്യധാരാ വഴക്കങ്ങളെ തള്ളിക്കളഞ്ഞു. ഭൗതികതയുടെ ഉന്മാദത്തിൽ അകപ്പെട്ട അമേരിക്കൻ ജനതയുടെ മൂല്യങ്ങളെ നിരസിച്ച ബീറ്റ് ജനറേഷനായിരുന്നു ഹിപ്പികളുടെ ഒരു പ്രചോദനം. അലൻ ഗിൻസ്ബെർഗും (ഹൗൾ) വില്യം എസ്. ബറോസും (നേക്കഡ് ലഞ്ച്) ജാക്ക് കെറ്വാക്കും (ഓൺ ദ റോഡ്) രൂപം കൊടുത്ത ബീറ്റ് ജനറേഷൻ സൃഷ്ടിച്ച ഉപസംസ്‌കാരം അനിയതമായ ലൈംഗികതയും ചരിത്രത്തിന്റെ ഭയാശങ്കകളിൽനിന്നു വിമോചനമേകുന്ന ലഹരിയുടെ ലോകവും പൗരസ്ത്യലോകങ്ങളിലേക്കു നീണ്ട ആത്മീയാന്വേഷണങ്ങളും എഴുത്തിലും ജീവിതത്തിലും പ്രതിഫലിപ്പിച്ചു. തങ്ങളുടെ വ്യതിരിക്തമായ ജീവിതശൈലിയിലൂടെ, നീട്ടിവളർത്തിയ മുടിയും താടിയും അയഞ്ഞ വസ്ത്രങ്ങളുടെ സൈക്കഡലിക് വർണ്ണങ്ങളുമായി, സ്വയം പ്രാന്തവത്കരിച്ച ഹിപ്പികളും ലഹരിയുടെ ചിറകിലേറി പുതിയ ലോകങ്ങൾ തിരഞ്ഞു. മരിയുവാനായും LSD-യും നാടോടിസംഗീതവും റോക്ക് സംഗീതവും ചരടുകളില്ലാത്ത രതിയും ലോകമെമ്പാടുമുള്ള യുവതയിൽ ആവേശത്തിന്റെ അലകളുയർത്തി. അക്രമരഹിതമായ ലോകക്രമം സ്വപ്നം കണ്ട അവർ വിയറ്റ്‌നാം യുദ്ധത്തിനെതിരായ വിദ്യാർത്ഥികളുടെ പ്രക്ഷോഭങ്ങളിലും പങ്കാളികളായി. പാശ്ചാത്യരാജ്യങ്ങളിൽനിന്നു യുഗോസ്ലാവിയയിലേക്കും ബൾഗേറിയയിലേക്കും ഇന്ത്യയിലേക്കും നേപ്പാളിലേക്കും ഇറാനിലേക്കും തുർക്കിയിലേക്കും ഒഴുകിയെത്തിയ ഹിപ്പികൾ (Hippie trail) എവിടെയും അനിയത്രിതമായ ജീവിതത്തിന്റെയും ലഹരിയുടെയും ഒടുങ്ങാത്ത തിരകളിൽ മുങ്ങിപ്പൊങ്ങി.

കൽക്കട്ടയിൽ 1961-ൽ ആരംഭിച്ച ഹങ്ഗ്രി ജനറേഷൻ അഥവാ ഹങ്ഗ്രിയലിസ്റ്റ് പ്രസ്ഥാനത്തിനു നേതൃത്വം നൽകിയത് ബംഗാളികവികളായ മലയ് റായ് ചൗധരി, സമീർ റോയ് ചൗധരി, ശക്തി ചതോപാദ്ധ്യായ, ദേബി റോയ് എന്നിവരായിരുന്നു. സ്വാതന്ത്ര്യാനന്തര ബംഗാളിൽ വർദ്ധിച്ചുവന്ന ദാരിദ്ര്യവും വിശപ്പും പട്ടിണിമരണവും ആയുധമാക്കി ഭരണകൂടത്തിനു നേരേ നിശിതവിമർശനത്തിന്റെ മുനചൂണ്ടിയതോടെ ഇവർ അനഭിമതരായി. രോഗാതുരമായ ഒരു സംസ്‌കാരത്തി ന്റെ നിലനില്പിന് ആധാരം വൈദേശികമായ സാംസ്ക്കാരികഘടകങ്ങളുടെ പരിപോഷണമാണെന്ന ഓസ‌്വാൾഡ് സ്പെങ്ഗളറുടെ ആശയം സ്വീകരിച്ച ഇവർ, ബംഗാളിന്റെ സാംസ്‌കാരിക അപചയത്തിനു കാരണം കൊളോണിയൽ മൂല്യങ്ങളുടെ തുടർച്ചയാണെന്ന് കരുതി. പരമ്പരാഗതമായ സാഹിത്യഭാഷയിലെ സദാചാര കാപട്യങ്ങൾ വെടിഞ്ഞ ഹങ്ഗ്രിയ ലിസ്റ്റുകളുടെ വിവാദരചനകൾ ഭരണകൂടത്തിനും ഉപരിവർഗത്തിനും ഒരുപോലെ അസ്വാസ്ഥ്യജനകമായി. ഉത്പൽകുമാർ ബസു, ബിനോയ് മജുംദാർ, സന്ദീപൻ ചതോപാദ്ധ്യായ, ബസുദേബ് ദാസ്ഗുപ്‌ത, ഫാൽഗുനി റോയ്, ത്രിദീപ് മിത്ര എന്നിവരും ഈ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. അശ്ലീലമെഴുതിയെന്നും ഭരണകൂട ത്തെ അട്ടിമറിക്കുവാൻ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ച് 1964-ൽ പതിനൊന്ന് ഹങ്ഗ്രിയലിസ്റ്റ്കവികളെ അറസ്റ്റുചെയ്യുവാൻ ഗവൺമെന്റ് ഉത്തരവിട്ടു. വർഷങ്ങൾ നീണ്ട വ്യവഹാരനടപടികൾ ലോകശ്രദ്ധ ആകർഷിച്ചതോടെ ഒക്ടേവിയോ പാസ്, ഏണെസ്റ്റോ കാർഡെനൽ, അലൻ ഗിൻസ്ബെർഗ് എന്നിവർ മലയ് റോയ് ചൗധരിയെ സന്ദർശിച്ചു. ഭരണകൂടത്തിന്റെ അടിച്ചമർത്തലും ഭീഷണിയും തകർത്തെറിഞ്ഞ നീതിയുടെ വക്താക്കളായിരുന്നു ഹങ്ഗ്രിയലിസ്റ്റുകൾ.

നോവല്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.