DCBOOKS
Malayalam News Literature Website

മണൽപ്പാവ; സംഗീതവും ചരിത്രവും ദർശനവും യുക്തിവിചാരവുമെല്ലാം ഇഴചേർന്ന നോവൽ

മനോജ് കുറൂരിന്റെ ‘മണൽപ്പാവ’ യ്ക്ക് ജി സാജൻ എഴുതിയ വായനാനുഭവം  

ഒറ്റ ഇരിപ്പിനാണ് മണൽപ്പാവ ഞാൻ വായിച്ചുതീർത്തത്. ഒരു ആത്മഹത്യയിലും കൊലപാതകത്തിലുമാണ് കഥ ആരംഭിക്കുന്നത്. എന്നാൽ ഒരു വ്യക്തിയുടെ ജീവിതത്തെക്കുറിച്ചുള്ള അന്വേഷണമായാണ് കഥ മുന്നോട്ടുപോകുന്നത്. അവസാനം വരെ, ആരുടെ ജീവിതമാണോ നമ്മൾ അന്വേഷിക്കുന്നത്, അയാൾ അവ്യക്തമായി നിൽക്കുന്നതേയുള്ളു. എന്നാൽ ഈ അന്വേഷണത്തിൽ നാം മറന്നുപോയ നമ്മുടെ ചരിത്രവഴികൾ യാത്രയിൽ നമ്മൾ സന്ധിക്കുന്നുമുണ്ട്. ഇവിടെയും കാലവും ചരിത്രവും രാഷ്ട്രീയവും കൂടിപ്പിണഞ്ഞ് കിടക്കുന്നുണ്ട്. അഞ്ഞൂറ് വര്ഷം പിറകോട്ട് സഞ്ചരിക്കുന്നുണ്ട്. എന്നാൽ അപ്പോഴെല്ലാം വർത്തമാനകാലത്തിലേക്ക് തിരിച്ചുവരുന്നുമുണ്ട്. അവതാരികയിൽ കെ ജീവൻകുമാർ പറയുന്നതുപോലെ Textനോവലുകൾ രാഷ്ട്രങ്ങളുടെ നിഗൂഢ ചരിത്രമോ ജീവിതത്തിന്റെ അപര ചരിത്രമോ ആകാം.

എന്നാൽ ഈ നോവലിൽ വ്യക്തിയുടെ കഥയും നൂറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന ദേശ രാഷ്ട്രീയവും ഇടകലർന്നുനിൽക്കുന്നു. സാഹിത്യത്തിനൊപ്പം മനോജ് നടത്തുന്ന വൈവിധ്യമാർന്ന യാത്രകളുടെയെല്ലാം മുദ്രകൾ ഈ നോവലിലും പതിഞ്ഞുകിടക്കുന്നുണ്ട്. സംഗീതവും ചരിത്രവും ദർശനവും യുക്തിവിചാരവുമെല്ലാം ഇതിൽ ഇഴചേർന്നു നിൽക്കുന്നു. “ആദിയിൽ ഞാൻ എന്നൊരു നില ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് നാം എന്ന ബോധം മാത്രം.” എന്ന് കാമുകിയോട് കാമുകൻ പിറുപിറുക്കുമ്പോൾ മനോജ് വായിച്ച ദർശന ചരിത്രം ഓർമ്മ വരും. മിറർ ന്യൂറോണുകളെ കുറിച്ച് എഴുതുമ്പോൾ ശാസ്ത്രം വരും. ഫാഡോ സംഗീതത്തെക്കുറിച്ചെഴുതുമ്പോൾ നിറപ്പകിട്ടുള്ള നൃത്ത സംഗീതം ഓർമ്മ വരും.

എന്നാൽ ഏറ്റവും അതിശയപ്പെടുത്തുന്ന ഒരു കാഴ്ച്ച അമേരിക്കയിലെ ബീറ്റ് സംഗീതത്തിന്റെ കാലത്ത് ഇന്ത്യയിലുണ്ടായ നമ്മളിൽ പലർക്കും അജ്ഞാതമായ ഹൻഗ്രിയാൽ പ്രസ്ഥാനവും അതിന്റെ അമരക്കാരനായിരുന്ന ബംഗാളി കവി മലയ് റോയ് ചൗധരിയും അദ്ദേഹത്തിന്റെ Stark Electric Jesus എന്ന കവിതയുമാണ്. ബീറ്റ് ജനറേഷനും അലൻ ഗിൻസ്‌ബർഗുമൊക്കെ കേട്ടിട്ടുള്ള നമ്മൾ 1961 ൽ കൽക്കട്ടയിൽ ആരംഭിച്ച ഹംഗ്രി ജനറേഷനെക്കുറിച്ച് കേട്ടിട്ടുപോലുമില്ല എന്നതാണ് ഏറ്റവും സങ്കടം. മലയ് റോയ് ചൗധരിയ്ക്കാണ് മനോജ് കുറൂർ ഈ നോവൽ സമർപ്പിച്ചിരിക്കുന്നത്. വളരെ ശ്രദ്ധയോടെ ഈ നോവൽ വായിക്കപ്പെടും എന്ന് എനിക്ക് ഉറപ്പുണ്ട്.

മറ്റൊരു ചെറിയ കാര്യം കൂടി വളരെ യാദൃച്ഛികമാകാം, ഈയടുത്തുവന്ന മൂന്ന് മലയാളം നോവലുകളിൽ പോർച്ചുഗലും ലിസ്ബൺ നഗരവും വരുന്നു ജി ആർ ഇന്ദുഗോപന്റെ ആനോ, ഗഫൂർ അറക്കലിന്റെ ദി കോയ എന്നിവയ്ക്ക് ശേഷം ഇപ്പോൾ മനോജ് കുറൂരിന്റെ മണൽപ്പാവയിലും എന്തുകൊണ്ടാവും 400 വർഷം മുൻപുള്ള കേരള ചരിത്രത്തിലേക്ക് സമകാലിക സാഹിത്യത്തിൻറെ ശ്രദ്ധ തിരിഞ്ഞത്? ഒരുപക്ഷേ, ലോക ചരിത്രവുമായി എത്ര ഇഴചേർന്നാണ് കേരളത്തിന്റെ ചരിത്രം വളർന്നത് എന്ന് പലപ്പോഴും നമ്മൾ ഓർക്കാറില്ല ആഗോളവത്കൃതമാകുന്ന ഈ ലോകത്ത് ഈ ആകര്ഷണത്തിനു പുതിയൊരു സാംസ്കാരിക തലം ഉണ്ടായി എന്നുവന്നേക്കാം.

നോവല്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Leave A Reply