DCBOOKS
Malayalam News Literature Website

‘അന്നു സൗഹൃദം, ഇന്നു മതസൗഹാര്‍ദ്ദം’; ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട് മമ്മൂട്ടി

സമകാലിക കേരളത്തിന്റെ മാറിയ സാമൂഹികസാഹചര്യത്തെ കുറിച്ച് ആശങ്കകളോടെ സംസാരിച്ച നടന്‍ മമ്മൂട്ടിയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു. കൊച്ചിയില്‍ സിനിമാചിത്രീകരണത്തിന്റെ ഇടവേളയില്‍ എഴുത്തുകാരന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടുമായി മമ്മൂട്ടി നടത്തിയ സംഭാഷണമാണ് ശ്രദ്ധ നേടിയിരിക്കുന്നത്. മമ്മൂട്ടിയുമായി നടത്തിയ സംഭാഷണം ബാലചന്ദ്രന്‍ ചുള്ളിക്കാട് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്.

‘വൈപ്പിന്‍ ദ്വീപിലെ എടവനക്കാട്ട് കായല്‍ക്കരയിലായിരുന്നു ഇന്നലെ എനിക്ക് ജോലി. മമ്മൂട്ടിയാണ് നായകന്‍. ഉച്ചയ്ക്ക് ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ മറ്റുള്ളവരുമായി തമാശ പറഞ്ഞ് ഇരുന്ന അദ്ദേഹം ഇടയ്ക്ക് നിശ്ശബ്ദനായി. ചിന്താമഗ്‌നനായി. എന്നെ അരികിലേക്ക് വിളിച്ചു. ശബ്ദം അമര്‍ത്തി എന്നോടു ചോദിച്ചു:

‘സോഷ്യല്‍ കണ്ടീഷന്‍ വളരെ മോശമാണ്. അല്ലേടാ?’

‘അതെ.’

ഞാന്‍ ഭാരപ്പെട്ട് പറഞ്ഞു.

ഞങ്ങളപ്പോള്‍ മഹാരാജാസിലെ പൂര്‍വവിദ്യാര്‍ത്ഥികളായി.

കനത്ത ഒരു മൂളലോടെ മമ്മൂക്ക കായല്‍പ്പരപ്പിലേക്കുനോക്കി. ഒറ്റ മേഘവും ഇല്ലാത്ത നീലാകാശത്തിനുകീഴില്‍ കത്തിക്കാളുന്ന ഉച്ചവെയിലില്‍ വിഷനീലമായി വെട്ടിത്തിളങ്ങുന്ന കായല്‍പ്പരപ്പ്.

എന്നെ നോക്കി വിഷാദംനിറഞ്ഞ ഒരു ചിരിയോടെ മമ്മൂക്ക ചോദിച്ചു:

‘പണ്ടു ഞാന്‍ നിന്റെ വീട്ടില്‍ വന്നാല്‍ അതു സൗഹൃദം. ഇന്നു വന്നാല്‍ അതു മതസൗഹാര്‍ദ്ദം. അല്ലേടാ?’

Comments are closed.