DCBOOKS
Malayalam News Literature Website

മാമാങ്കത്തറയ്ക്കുവേണ്ടിയുള്ള പകയുടെയും ചതിയുടെയും കഥ പറയുന്ന ചരിത്രനോവല്‍, സജീവ് പിള്ളയുടെ ‘മാമാങ്കം’

ശത്രുക്കളെ നേരിടാനുള്ള ഊഴം
കാത്തിരിക്കുന്നവനല്ല!
കുതിച്ചുവരുന്ന വമ്പന്‍പടയെ
പെട്ടെന്നൊരുമ്പെട്ട് അടക്കാന്‍ ആവതുള്ള
മഹാപൗരുഷ്യമാണയാള്‍ക്ക്

പുറനാനൂറ്

സാമൂതിരിക്കെതിരേ വാളേന്തി മാമാങ്കചരിത്രത്തില്‍ നിഷ്‌കളങ്കബലിയായ പതിമൂന്നുകാരന്‍ ചന്ത്രോത്ത് ചന്തുണ്ണിയുടെ ചോരപുരണ്ട ജീവിതത്തിലൂടെ മാമാങ്കത്തറയ്ക്കുവേണ്ടിയുള്ള പകയുടെയും ചതിയുടെയും കഥ പറയുകയാണ് സജീവ് പിള്ള മാമാങ്കം എന്ന നോവലിലൂടെ. മാമാങ്കകാലഘട്ടത്തെയും അക്കാല ജീവിതത്തെയും പൂര്‍ണ്ണതയോടെ ആവിഷ്‌കരിച്ച ഈ നോവല്‍ ഭാഷയ്ക്ക് ലഭിച്ച അപൂര്‍വ്വ ലബ്ധിയാണ്.

പുസ്തകത്തിന്റെ ആമുഖത്തില്‍ സജീവ് പിള്ള കുറിയ്ക്കുന്നു

ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാവേര്‍, ചന്ത്രോത്ത് ചന്തുണ്ണി അവസാനത്തെ ചാവേറെന്ന് കരുതപ്പെടുന്നു. പതിമൂന്നുകാരനായ ചന്തുണ്ണിക്കുശേഷം ചാവേറുകളൊന്നും രേഖകളില്‍ കണ്ടെടുക്കപ്പെട്ടിട്ടില്ല. കൗമാരത്തിലേക്ക് കടക്കുന്ന, ബാല്യത്തിന്റെ തേജോരൂപമായി ചന്തുണ്ണി ഓര്‍മ്മകളില്‍ തിളങ്ങുന്നു. നിഷ്‌കളങ്കതയുടെ ബലി: കാലത്തില്‍ വാര്‍ത്തെടുത്ത ആ ചാരുരൂപം കാലം ചെല്ലുന്തോറും സമകാലികമായിക്കൊണ്ടിരിക്കുന്നതായുള്ള ഒരു നിരന്തരവിചാരത്തിലാണ് ഈ ആഖ്യായിക ഉറവകൊള്ളുന്നത്. ബലി പോയ ഉണ്ണിയുടെ സ്പര്‍ശം കാത്ത് നിലകൊള്ളുന്ന മധ്യകാല ലോകത്തിലെ വീടും വീട്ടുകാരും വീട്ടുപകരണങ്ങളും ചേരുന്ന ഇമേജുകളാണ് പിന്നെ എന്റെ ജീവിതത്തെ മഥിച്ചത്.

തുടര്‍ന്നുള്ള അന്വേഷണവും യാത്രയും ഓരോ കണ്ടെത്തലുകളും ജീവിതലഹരി നിറയ്ക്കുന്നതായിരുന്നു. ഒപ്പം, വലിയ ചരിത്രസമസ്യകളില്‍ പെട്ടുപോകുന്ന ചെറിയ ജീവിതങ്ങളുടെ നിസ്സഹായത എങ്ങനെയാണ് നിത്യജീവിതത്തെ ദിനേന രൂപപ്പെടുത്തുന്നതെന്ന് അറിയാനുള്ള ആത്മത്വരയും വന്നുകൂടി. അങ്ങനെയുള്ള ദീര്‍ഘമായ ഒരു കാലത്തിന്റെ ശ്രമഫലമായി വന്നതാണ് ഈ മാമാങ്കം.

നിഷ്‌കളങ്കതയുടെ ബലി, ജീവിതത്തെ-ചരിത്രത്തെ-ആഴത്തില്‍ പിടിച്ചു കുലുക്കി. നൂറ്റാണ്ടുകള്‍കൊണ്ട് കെട്ടിപ്പടുത്ത സാമൂതിരിയുടെ സാമ്രാജ്യവും ചന്തുണ്ണിക്കുശേഷം അധികം നീണ്ടുനിന്നില്ല. അനന്തരാവകാശികളില്ലാതെയായ കോവിലകം അടുത്ത മാമാങ്കത്തിനു മുമ്പേ, 1705-ല്‍, നീലിശ്വരത്തുനിന്ന് ദത്തെടുത്തു. സാമ്പ്രദായിക ചരിത്രകാരന്മാരുടെ വിവക്ഷയില്‍, ഒന്നാം സാമൂതിരി വംശം അവിടെ അവസാനിക്കുന്നു. തലയറ്റില്ലെങ്കിലും കുലമറ്റു പോയി. പിന്നെയങ്ങോട്ട് പ്രതാപങ്ങള്‍ അസ്തമിച്ച്, പ്രയാസങ്ങളില്‍ വലയുന്ന ഒരു രാജ്യത്തെയാണ് കാണുന്നത്. വേണാടുമായും ലന്തക്കാരുമായുമൊക്കെയുള്ള നിരന്തര സമരങ്ങളില്‍, ശൂന്യമാക്കപ്പെടുന്ന ഖജനാവും പിന്നെ Sajeev Pillai-Mamankamതോല്‍വികളും. 1732 മുതല്‍ മൈസൂറിന്റെ ആക്രമണങ്ങളും. സന്ധിയില്‍ പണം കൊടുത്ത് വാങ്ങുന്ന സമാധാനവും അധികാരവും. അറബികളുമായുള്ള കച്ചവടത്തിന്റെ മിച്ചമൂല്യത്തില്‍ പടുത്ത രാജ്യത്തിന്, പറഞ്ഞ പണത്തിന്റെ ഒരു ഭാഗംപോലും പതിറ്റാണ്ടുകളായിട്ടും ഹൈദറിന് കൊടുക്കാന്‍ പറ്റിയില്ല. വളയപ്പെട്ട കൊട്ടാരത്തില്‍, നല്‍കാനുള്ള പണത്തില്‍ തന്നെ ഉടക്കി, ഉള്ളില്‍നിന്ന് താഴിട്ട്, വെടിമരുന്നറയുടെ നിശ്ശബ്ദതയില്‍ സ്വയം കാഞ്ചിവലിച്ചപ്പോള്‍, എല്ലാരെയും നടുക്കിക്കൊണ്ട് കത്തിയമര്‍ന്നത് കൊട്ടാരക്കെട്ടുകള്‍ മാത്രമായിരുന്നില്ല. ശ്രദ്ധിച്ചാല്‍ അതിന്റെ മാറ്റൊലികള്‍ ഇപ്പോഴും കേള്‍ക്കാം! അനന്തരവകാശികളും സൈനിക മേധാവികളും അശരണരായ അഭയാര്‍ത്ഥികളായി, ഗറില്ലായുദ്ധമുറകളുമായി, സ്വന്തം രാജ്യത്തുതന്നെ അലയേണ്ടിവന്നു. പലര്‍ക്കുംവിശ്വാസവും വ്യക്തിത്വവുംപോലും നഷ്ടമായി. അതൊക്കെ ആരൊക്കെയാണ്, എവിടെയൊക്കെയാണ് അക്കാലത്ത് അലഞ്ഞതെന്ന് ആരും ഓര്‍ക്കുന്നില്ല. നിഷ്‌കളങ്കതയുടെ രക്തത്തിന്റെ ശിഷ്ടമാണെന്ന്, കാല്പനികമായി, കാവ്യനീതിയില്‍ പ്രത്യാശിക്കാം. നിഷ്‌കളങ്കതയുടെ രക്തത്തില്‍ ചവുട്ടിയുള്ള നിലപാടുകളൊന്നും അധികനാള്‍ നില്ക്കില്ല. പ്രകൃതിയുടെ സ്വാഭാവികമായ ചാക്രികത: ഒരുപക്ഷേ,ജീവിതത്തിന്റെ സംതുലനത്തില്‍ ശുഭാപ്തിയുടെ ഛായ കണ്ടെത്താനുള്ള നമ്മുടെ വാഞ്ഛ ആയിരിക്കാം.

ആ കാലത്തിലെ മറ്റെല്ലാം മറവിയില്‍ പോയെങ്കിലും ചന്തുണ്ണിയും നേരമ്മാമനും തേജോമയരായി നില്‍ക്കുന്നു. പിന്നെ ചാവേറുകള്‍ വന്നുമില്ല. ഉണ്ണിയുടെ ബലിത്തറയില്‍ ഇപ്പോഴും വിളക്ക് കൊളുത്തപ്പെടുന്നുമുണ്ട്! 1999-ല്‍, ഡല്‍ഹിയിലെ സാഹിത്യ അക്കാദമി ലൈബ്രറിയില്‍നിന്ന് കിട്ടിയ ശ്രീകണ്ഠപ്പൊതുവാളിന്റെ മാമാങ്കം നൂറ്റാണ്ടുകളിലൂടെ എന്ന 1957-ലിറങ്ങിയ പുസ്തകമായിരുന്നു അന്വേഷണങ്ങളുടെ തുടക്കം. വൈകാതെ കൃഷ്ണയ്യരുടെ Zamorins of Calicut ഉം ലോഗന്റെ മലബാര്‍ മാന്വലും വന്നുചേര്‍ന്നു. തിരുമാന്ധാംകുന്ന് അമ്പലവും പാങ്ങും പടപ്പറമ്പും തിരുനാവായയും ഒക്കെ അന്വേഷിച്ചിറങ്ങിയപ്പോഴാണ് ഒരു വലിയ സഹായം വന്നത്. അമ്പലത്തിന് അടുത്തുള്ള ശ്രീ ബാലചന്ദ്രന്‍ സാറായിരുന്നു അത്. അദ്ദേഹം അന്ന് മാതൃഭൂമിയുടെ ലേഖകന്‍കൂടിയായിരുന്നു. അങ്ങാടിപ്പുറത്തെയും പരിസരത്തിലെയും യാത്രകള്‍ക്ക് അദ്ദേഹം വഴികാട്ടിയായി. അദ്ദേഹം തന്ന ഒരു സ്മരണികയിലാണ് ‘കൂരിയാലിന്‍ ചുവട്ടിലെ ഉത്സവങ്ങള്‍’ എന്ന ലേഖനം കാണുന്നത്. ശരിക്കും യാത്രകളെയും അന്വേഷണങ്ങളെയും അത് പുതിയ ദിശയിലേക്ക് നയിച്ചു. പ്രൊഫസര്‍ എം.എന്‍. നമ്പൂതിരി സാറുമായുള്ള സംഭാഷണങ്ങളും സംവാദങ്ങളും അദ്ദേഹത്തിന്റെ പുസ്തകങ്ങളുമൊക്കെ വിശദാംശങ്ങളും ഉള്‍ക്കാഴ്ചകളും ഒരുപാട് തന്നു. ഡോ. വി. വി. ഹരിദാസ്, എസ്. രാജേന്ദു തുടങ്ങിയവരുടെ പുസ്തകങ്ങള്‍ വിശദാംശങ്ങള്‍ക്കും പശ്ചാത്തലത്തിനും തെളിമ നല്‍കി. സ്‌കറിയാ സക്കറിയ സാറിന്റെ വ്യത്യസ്ത വീക്ഷണങ്ങളും ചരിത്രത്തിന്റെ ഉള്‍പ്പിരിവുകളെക്കുറിച്ചുള്ള ബോധ്യവും പ്രത്യേകം ഓര്‍ക്കേണ്ടതാണ്. ഡോ. എം. ജി. എസ്. നാരായണന്‍, ഇളംകുളം തുടങ്ങിയവരുടെ പുസ്തകങ്ങള്‍ കേരളചരിത്രത്തിലേക്കുള്ള പല വെളിച്ചം വീഴലുകളും വിശദാംശങ്ങളുമായി. മധ്യകാല ലോകത്തെക്കുറിച്ചുള്ള ഡോ. എം. ആര്‍. രാഘവവാര്യര്‍ സാറിന്റെ പഠനങ്ങളും അദ്ദേഹവുമായുള്ള സഹകരണവും കേരള ചരിത്രത്തെക്കുറിച്ച് എനിക്ക് പല പുതിയ തിരിച്ചറിവുകളും നല്‍കി. ഗവേഷണത്തില്‍, വൈജ്ഞാനിക-വ്യാപാര പാരമ്പര്യത്തെക്കുറിച്ചുള്ള എം. ജി. ശശിഭൂഷണ്‍, എ. രാമചന്ദ്രന്‍, പ്രൊഫ. കെ. വിജയകുമാര്‍, വി. എച്ച്. ദിരാര്‍, കെ. വി. ശര്‍മ്മ, ജോര്‍ജ് ഗീവര്‍ഗ്ഗീസ് ജോസഫ്, പയസ് മേലേക്കത്തില്‍ എന്നിവരുടെ സംഭാവന നിസ്തുലമാണ്. അവരുടെ പഠനങ്ങളോട് ഞാന്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നു. പേരെടുത്ത് പറയാനാവാത്തത്രയും അനവധി ചരിത്രകാരന്മാരും ഗവേഷകരും പിന്നെയും ഉണ്ട്. ഇപ്പറഞ്ഞവരുടെയൊക്കെ പഠനങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഇങ്ങനെ ഒരു പുസ്തകംതന്നെ ഉണ്ടാകുമായിരുന്നില്ല…

പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

 

Comments are closed.