DCBOOKS
Malayalam News Literature Website

മാമ ആഫ്രിക്ക; എഴുത്തനുഭവം പങ്കുവെച്ച് ടി.ഡി രാമകൃഷ്ണന്‍

ടി.ഡി രാമകൃഷ്ണന്റെ  നോവല്‍ മാമ ആഫ്രിക്കയില്‍നിന്ന്

“പട്ടാളക്കാര്‍ പറമ്പിന്റെ തെക്കേയറ്റത്ത് വേഗത്തില്‍ ഒരു കുഴിയെടുത്തു. കുറച്ചു മുമ്പ് മഴ പെയ്തതിനാല്‍ അവര്‍ക്കത് എളുപ്പത്തില്‍ കഴിഞ്ഞു. അമ്മയെ പിടിച്ചുമാറ്റി പെട്രോമാക്‌സിന്റെ വെളിച്ചത്തില്‍ അവര്‍ അച്ഛനെയും എടുത്ത് നടന്നു. ഞാന്‍ കൂടെച്ചെല്ലാന്‍ തുടങ്ങിയപ്പോള്‍ തടഞ്ഞു.അമ്മ ദയനീയമായി അവരെ നോക്കി. പിന്നെ വിതുമ്പിക്കൊണ്ട് നിസ്സഹായയായി കെഞ്ചി:

‘ഞങ്ങള്‍ക്ക് ഒരു സഹായം ചെയ്തുതരാമോ?’
‘എന്താ?’
‘ഞങ്ങളെ മൂന്നുപേരെയും കൂടി ആ കുഴിയിലിട്ട് മൂടാമോ?’
അവര്‍ ഒന്നും മിണ്ടാതെ നീങ്ങി. അകലെ പെട്രോമാക്‌സിന്റെ വെളിച്ചത്തില്‍ അച്ഛനെ കുഴിയിലേക്ക് ഇറക്കുന്നതും മണ്ണിട്ട് മൂടുന്നതും ഞങ്ങള്‍ അവ്യക്തമായി കണ്ടു. അപ്പോഴേക്കും സൂര്യന്‍ ഉദിക്കാന്‍ തുടങ്ങിയിരുന്നു. എല്ലാം കഴിഞ്ഞ് പട്ടാളക്കാര്‍ മടങ്ങാന്‍ തുടങ്ങുമ്പോള്‍ മനു അടുത്തുചെന്ന് ‘എന്നെ ഒന്ന് ഈ വണ്ടിയില്‍ കയറ്റാമോ?’ എന്നു ചോദിച്ചു.

ക്യാപ്റ്റന്‍ മനുവിനെ വണ്ടിയില്‍ കയറ്റി അല്പദൂരം ഓടിച്ചു. പിന്നീട് അവനെയെടുത്ത് എന്റെ കൈയിലേക്കു തരുമ്പോള്‍ അയാളുടെ കണ്ണുനിറഞ്ഞിരുന്നു.

‘ അങ്കിള്‍ ഈ ഉഹുറു എന്ന വാക്കിന് എന്താ അര്‍ത്ഥം?’
ഞാന്‍ അവന്റെ ചോദ്യം കേട്ട് ഭയന്ന് തല താഴ്ത്തി. ക്യാപ്റ്റന്‍ ഞെട്ടി. അയാള്‍ എന്തു മറുപടി പറയണമെന്നറിയാതെ അവന്റെ നെറുകയില്‍ തലോടി.

‘അങ്ങനെയൊരു വാക്ക് സ്വഹിലി ഭാഷയിലിപ്പോള്‍ ഇല്ല മോനേ…’
‘ പിന്നെ നിങ്ങളെന്തിനാ എന്റെ അച്ഛനെ കൊന്നത്?’

അവന്‍ ഉറക്കെ വാവിട്ടുകരഞ്ഞു. രണ്ട് കുഞ്ഞിക്കൈകള്‍ കൊണ്ടും അയാളുടെ മുഖത്ത് ആഞ്ഞാഞ്ഞടിച്ചു. ക്യാപ്റ്റന്‍ ഒരുവിധത്തില്‍ അവന്റെ പിടിവിടുവിച്ചുകൊണ്ട് വണ്ടി സ്റ്റാര്‍ട്ടു ചെയ്ത് പോയി. അപ്പോള്‍ അവന്റെ ചോദ്യം എന്റെ നേരെയായി.

‘ചേച്ചീ ചേച്ചീ, പറ ‘ഉഹുറു’ എന്ന വാക്കിന് എന്താ അര്‍ത്ഥം…’

എഴുത്തനുഭവത്തെക്കുറിച്ച് ടി.ഡി രാമകൃഷ്ണന്‍

ഈ നോവലിന്റെ ആദ്യ അധ്യായം ‘ഉഹുറു’ എന്ന് പേരിട്ടിരിക്കുന്ന കഥയില്‍നിന്നാണ് ആരംഭിക്കുന്നത്. ഉഹുറു എന്നാല്‍ സ്വഹിലി ഭാഷയില്‍ സ്വാതന്ത്ര്യം എന്നര്‍ത്ഥം. നോവലിലെ പ്രധാന കഥാപാത്രമായ താരാ വിശ്വനാഥിന്റെ അച്ഛനെ പട്ടാളക്കാര്‍ പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തി അവളുടെ കുടുംബത്തിന് മുന്നില്‍ വെച്ചു സംസ്‌കരിക്കുന്ന ഒരു കാഴ്ചയുണ്ട്. വിപ്ലവ പ്രവര്‍ത്തനങ്ങളിലൂടെ അട്ടിമറി നടത്താന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചായിരുന്നു അവളുടെ അച്ഛനെ പട്ടാളക്കാര്‍ പിടിച്ചുകൊണ്ടുപോയത്. ലോകത്ത് ആദ്യമായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍വന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിങ്ങളുടെ രാജ്യത്തല്ലേ എന്നവര്‍ പരിഹസിക്കുന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന പട്ടില്‍ പൊതിഞ്ഞ രാമായണം ചുവന്ന പുസ്തകങ്ങളെന്നാരോപിച്ച് പട്ടാളക്കാര്‍ പിടിച്ചെടുക്കുന്നുമുണ്ട്.

ഒടുവില്‍ അദ്ദേഹത്തിന്റെ മൃതദേഹം അവരുടെ വീട്ടുവളപ്പില്‍ തന്നെ സംസ്‌കരിക്കുന്നു. താരയുടെ കുഞ്ഞനിയന്‍ മനു അപ്പോള്‍ ഉറക്കെ കരയുകയാണ്. നിങ്ങളെന്തിനാണ് എന്റെ അച്ഛനെ കൊന്നത്, എന്താണ് ഉഹ്‌റു? അവന്റെ ചോദ്യത്തിനു മുന്നില്‍ ആ പട്ടാള ക്യാപ്റ്റനു മറുപടിയില്ലായിരുന്നു. ആ കൊച്ചുകുഞ്ഞ് ഉയര്‍ത്തിയ ചോദ്യം നോവലിലുടനീളം മുഴങ്ങിക്കേള്‍ക്കാം.

Comments are closed.