ടി ഡി രാമകൃഷ്ണന്റെ പുതിയ നോവല്‍ മാമ ആഫ്രിക്ക; പ്രീബുക്കിങ് തുടരുന്നു
വയലാര്‍ അവാര്‍ഡ് നേടിയ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിക്കു ശേഷം ടി.ഡി രാമകൃഷ്ണന്‍ രചിച്ച ഏറ്റവും പുതിയ നോവല്‍ മാമ ആഫ്രിക്ക ഉടന്‍ പുറത്തിറങ്ങുന്നു. പ്രവാസവും മലയാളഭാഷയും സാഹിത്യവും പ്രധാന വിഷയമാകുന്ന നോവല്‍ ഡി സി ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്. 120 കൊല്ലം മുമ്പ് കേരളം വിട്ടുപോയിട്ടും മലയാളത്തെ സ്‌നേഹത്തോടെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കി കൂടെക്കൊണ്ടുനടക്കുന്ന കുറച്ചുപേരുടെ കഥയാണ് മാമ ആഫ്രിക്കയിലൂടെ എഴുത്തുകാരന്‍ പറയാന്‍ ശ്രമിക്കുന്നത്.
1895 മുതല്‍ 1901 വരെ കിഴക്കന്‍ ആഫ്രിക്കയിലെ മൊബാസയില്‍നിന്ന് വിക്ടോറിയ തടാകം വരെയുള്ള റെയില്‍വേ നിര്‍മ്മാണത്തിന്റെ ഭാഗമായി മുപ്പതിനായിരത്തോളം ഇന്ത്യാക്കാരാണ് ആഫ്രിക്കയിലേക്ക് പോയത്. അതില്‍ ആറായിരത്തിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ബാക്കിയായവരില്‍ കുറച്ചുപേര്‍ക്ക് റെയില്‍വേയില്‍ ജോലി ലഭിച്ചു. കുറച്ചു പേര്‍ അവിടെ മറ്റ് ജോലികളിലേര്‍പ്പെട്ടു. അവരില്‍ പരപ്പനങ്ങാടിയില്‍നിന്നും കടലുണ്ടിയില്‍നിന്നും പോയ കുറച്ച് മാപ്പിള ഖലാസികളും അവരുടെ മേസ്തിരിയുമുണ്ടായിരുന്നു. ആഫ്രിക്കയില്‍ ഇപ്പോഴുമുള്ള അവരുടെ പിന്‍ തലമുറകളുടെ കഥയാണ് നോവലിന്റെ കഥാപശ്ചാത്തലം.
മലയാളത്തില്‍ എഴുതി ഇംഗ്ലീഷിലും സ്വഹിലിയിലും ഭാഷാന്തരം ചെയ്ത് പ്രസിദ്ധീകരിക്കുന്ന യുഗാണ്ടന്‍ എഴുത്തുകാരി താരാ വിശ്വനാഥിന്റെ രചനകളുടെ രൂപത്തിലാണ് ടി. ഡി രാമകൃഷ്ണന്‍ ഈ നോവല്‍ എഴുതുന്നത്. അധികാരശക്തികള്‍ക്കു മുമ്പില്‍ പൊരുതുകയും ഇരയാക്കപ്പെടുകയും ചെയ്യുന്നവരുടെ കഥ താരാ വിശ്വനാഥിലൂടെ ആവിഷ്‌ക്കരിക്കപ്പെടുന്നു. ഫ്രാന്‍സിസ് ഇട്ടിക്കോരയിലും സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയിലും ഫിക്ഷന്റെ അതിമനോഹരമായ സാധ്യതകള്‍ ഉപയോഗിച്ച ടി.ഡി രാമകൃഷ്ണന്റെ ക്രാഫ്റ്റ് ഈ നോവലിലും വായനക്കാര്‍ക്ക് ആസ്വദിക്കാനാകും.
ടി.ഡി രാമകൃഷ്ണന്റെ മാമ ആഫ്രിക്ക ഇപ്പോള്‍ വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാനുള്ള അവസരവും ഡി സി ബുക്സ് ഒരുക്കിയിട്ടുണ്ട്.
Comments are closed.