പ്രണയത്തിന്റെ താക്കോൽ കൊണ്ട് മാത്രം തുറക്കാൻ കഴിയുന്നൊരു പൂട്ട് സ്ത്രീ ഹൃദയത്തിനുണ്ട്!
ടി.ഡി. രാമകൃഷ്ണന്റെ ‘മാമ ആഫ്രിക്ക‘ എന്ന നോവലിന് സരിത റെജി എഴുതിയ വായനാനുഭവം. (ഡി സി ബുക്‌സ് ബുക്ക് റിവ്യൂ മത്സരത്തില്‍ സമ്മാനാര്‍ഹമായ റിവ്യൂ)
ഒരിക്കൽ പോലും കേരളം കാണാത്ത മലയാളം സംസാരിക്കുന്ന മലയാളത്തിൽ എഴുതുന്ന മലയാളിയായ ആഫ്രിക്കക്കാരി ….. അതാണ് താരാ വിശ്വനാഥ് . താര എന്ന എഴുത്തുകാരിയെ കേന്ദ്ര കഥാപാത്രമാക്കി ആഫ്രിക്കയുടെ പശ്ചാത്തലത്തിൽ ടി.ഡി.രാമകൃഷ്ണൻ എഴുതിയ നോവൽ ആണ് മാമ ആഫ്രിക്ക.
ജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങളിൽ താര എഴുതിയ ആത്മകഥാംശമുള്ള കവിതകൾ , കഥകൾ എന്നിവയുടെ സമാഹാരമായിട്ടാണ് നോവലിന് രൂപകല്പന നൽകിയിട്ടുള്ളത്. താരയുടെ മരണശേഷം മകൾ സോഫിയയുടെ ആവശ്യപ്രകാരം പുറത്തിറക്കുന്ന സമാഹാരത്തിൻ്റെ എഡിറ്ററുടെ വേഷമാണ് നോവലിൽ സ്വയം ഒരു കഥാപാത്രമായി മാറുന്ന എഴുത്തുകാരൻ സ്വീകരിക്കുന്നത്.
ആഫ്രിക്കൻ രാജ്യമായ യുഗാണ്ടയുടെ ചരിത്രവും രാഷ്ട്രീയവും വർഗ്ഗീയതയും ഗോത്ര വംശങ്ങളുടെ കുടിപ്പകയുമെല്ലാമാണ് നോവലിൻ്റെ പശ്ചാത്തലമെങ്കിലും ഒരു ഫിക്ഷൻ നോവൽ പോലെ രസകരമായി വായിക്കാവുന്ന ഒന്നാണ് മാമ ആഫ്രിക്ക. ഭൂമിയുടെ ഉല്പത്തി , മനുഷ്യനിലേക്കുള്ള പരിണാമം , ദേശങ്ങളുടെയും ഗോത്രങ്ങളുടെയും വംശങ്ങളുടെയും മതങ്ങളുടെയും രൂപീകരണം എന്നിവയെ കുറിച്ചുള്ള ശാസ്ത്രീയ വാദങ്ങളും മതപരമായ വാദങ്ങളും ഇടകലർത്തി ഒരു മനോഹരമായ കഥ മാമ എന്ന പുതിയ ദേവിയെ സൃഷ്ടിച്ച് താരയിലൂടെ ജനിപ്പിച്ചിരിക്കയാണ് കഥാകാരൻ.
ഭാരതീയ സങ്കല്പങ്ങളായ ലക്ഷ്മിയും ദുർഗ്ഗയും, ഡാർവിൻ്റെ പരിണാമവും , സാത്താനും ഹവ്വയും ആദവും പറുദീസയും വ്യത്യസ്ത രൂപങ്ങളിൽ ഈ കഥയിൽ കാണാം. ഭൂമിയുടെ മാതാവായ മാമ, ക്വാൻസ കുസലീവ , മലായിക, മബാക്ക, മറൂള പഴം എന്നിവ അതിന് ഉദാഹരങ്ങൾ മാത്രം. ലളിത സഹസ്രനാമവും രാമായണവും മുഴുവൻ കാണാതെ ചൊല്ലുന്ന എഴുത്തുകാരിയുടെ ദൈവസങ്കല്പം എന്നത് സാമ്പ്രദായിക മത ചിന്തകളുടെ വേലി കെട്ടുകളിൽ നിൽക്കുന്ന ഒന്നായിരുന്നില്ല. അതൊരു വെളിച്ചമായിരുന്നു …. മനസ്സിനകത്തെ പ്രകാശം.
പ്രപഞ്ചത്തിൻ്റെയും സകല സൃഷ്ടികളുടെയും കാരണമായ വിശുദ്ധ ചൈതന്യം. രൂപമോ ഭാവമോ കൃത്യമായി നിർവ്വചിക്കാനാവാത്ത ദൈവിക പ്രകാശം. ദൈവം തൻ്റെ വിശുദ്ധ ചൈതന്യത്തിൻ്റെ ഒരംശം – ചിന്തകളുടെയും ഭാവനയുടെയും അനന്തവും അപാരവുമായ സാധ്യതകളുടെ ആവിഷ്കാരം – ബുദ്ധി എന്ന അത്ഭുതം അഥവാ മനസ്സിനകത്തെ പ്രകാശം തൻ്റെ വിശിഷ്ട സൃഷ്ടിയായ മനുഷ്യന് പകർന്ന് നൽകി. ഏകാധിപതിയുടെ കയ്യിൽ അകപ്പെട്ട താരയുടെ വ്യത്യസ്ത മാനസികാവസ്ഥയും ആഫ്രിക്കൻ ഗോത്രങ്ങളിലെ നീചമായ ദുരാചാരങ്ങളെയും അതിൽ നിന്നുള്ള സാഹസികമായ രക്ഷപ്പെടലിൻ്റെയും കഥ പറയുന്ന താരയുടെ മാമ ആഫ്രിക്ക എന്ന നോവലൈറ്റ് തുടങ്ങുന്നത് ഭൂമിയുടെ മാതാവായ മാമയെ കുറിച്ചും ലോകത്തിലാദ്യമായി ജനിച്ച മനുഷ്യനെ കുറിച്ചും പറഞ്ഞു കൊണ്ടാണ്.
മനുഷ്യൻ്റെ രക്തത്തിൽ കലർന്ന ആർത്തിയും സ്വാർത്ഥതയും മനുഷ്യൻ്റെ മാത്രം കുറ്റമല്ല , പ്രലോഭനങ്ങളെ നേരിടാനുള്ള തന്ത്രങ്ങൾ മനുഷ്യബുദ്ധിയിൽ ചേർക്കാൻ വിട്ടുപോയതിൽ സുഷ്ടി മാതാവിന് സംഭവിച്ചു പോയ പാകപിഴവും കൂടിയാണെന്ന് കാണിച്ച് കൊണ്ടാണ് രാജ്യത്തിലെ ഭരണാധികാരിയുടെ ക്രൂരതകളുടെ കഥകൾ പറഞ്ഞു തുടങ്ങുന്നത്. ലൈംഗികതയും രതിയും ദൈവീക അനുഭവങ്ങളായും അനുഷ്ടാനങ്ങളിലൂടെ അനുവർത്തിക്കേണ്ട വിശുദ്ധ പ്രവർത്തിയായും പ്രണയത്തിൻ്റെ അനിവാര്യമായ പ്രകടനമായും ചിത്രീകരിക്കുന്ന എഴുത്തുകാരൻ്റെ സ്ഥിരം ശൈലി മറ്റു നോവലിലുകളെ പോലെ ഈ നോവലിലും കാണാം.
കയ്പേറിയ ജീവിതാനുഭവങ്ങളിലൂടെയും ദുരന്തങ്ങളിലൂടെയും യാതനകളിലൂടെയും പിന്നിട്ട താരയുടെ കഥ പിന്നീട് എഴുത്തിൻ്റെയും വിപ്ലവത്തിൻ്റെയും പ്രണയത്തിൻ്റെയും അനുഭവങ്ങളിലൂടെ പുരോഗമിക്കുന്നു . പ്രണയത്തിൻ്റെ താക്കോൽ കൊണ്ട് മാത്രം തുറക്കാൻ കഴിയുന്നൊരു പൂട്ട് സ്ത്രീ ഹൃദയത്തിനുണ്ട് എന്നും പ്രണയം എന്നത് കിളിമഞ്ജാരോ കയറ്റമാണെന്നും താര പറഞ്ഞു തരുന്നു . മലകയറ്റം എന്നത് മലയെ കീഴടക്കൽ അല്ല , മലയെ അറിയലാണ് …. പ്രണയത്തിലും അങ്ങിനെ തന്നെ . ” പോലെ പോലെ ” എന്ന മുദ്രാവാക്യം മലകയറ്റത്തിൽ എന്ന പോലെ പ്രണയത്തിലും അനിവാര്യമാണ് . തിരക്ക് കൂട്ടിയാൽ പിന്മാറേണ്ടിവരും . കൊടുമുടിയുടെ മുകളിലേക്ക് കയറും തോറും പ്രാണവായുവിൻ്റെ അളവ് കുറേശ്ശെ കുറയും പ്രണയത്തിൽ മുന്നോട്ട് പോകുംന്തോറും പ്രാണവായു പോലെ പ്രണയത്തെ മുറുകെ പിടിക്കും പോലെ ….മല കയറ്റത്തിൻ്റെ , പ്രണയത്തിൻ്റെ കുത്തനെയുള്ള കയറ്റത്തിൽ ഒരടി പിഴച്ചാൽ കൂട്ടികൊണ്ടു പോകാനായി മരണം കാത്തു നിൽക്കും .കൊടുമുടിയിൽ കയറി വിനയാന്വിതയായി പ്രപഞ്ചമെന്ന അത്ഭുതത്തിന് മുന്നിൽ കീഴടങ്ങുന്നതുപോലെ നാക്കുപെണ്ട സന എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് പ്രണയത്തിന് മുന്നിൽ വിനയാന്വിതരായി പ്രണയത്താൽ വിശുദ്ധ രാക്കപ്പെട്ടവർ നിൽക്കുന്നു .പ്രണയത്തിൻ്റെയും കരുതലിൻ്റെയും ഉയരങ്ങളിലെത്തിയ താരയുടെ ജീവിതം യുഗാണ്ടൻ ചരിത്രത്തിനൊപ്പം വായനക്കാർക്ക് വായിച്ചെടുക്കാനാകും . എഴുത്തുകാർ ലോകത്തിലെവിടെയും സെൻസർ ചെയ്യപ്പെടും … സ്വർഗ്ഗത്തിലും …. എന്ന് പറഞ്ഞ് കൊണ്ടാണ് ടി.ഡി ഈ നോവൽ അവസാനിപ്പിക്കുന്നത്.
Comments are closed.