കുട്ടികള്‍ക്കായി ‘മാലി ഭാഗവതം’; ഒരു പുനരാഖ്യാനം
“ഭാഗവതം കഥ പറയാനൊരുങ്ങി, ശുകമഹര്‍ഷി. അവിടേക്കു ചെന്നു ദേവന്മാരില്‍ ചിലര്‍. അമൃതം നിറച്ച കലശവും എടുത്തിരുന്നു.
അവര്‍.
‘മഹര്‍ഷേ, അമൃതം സ്വീകരിച്ചിട്ട് ഭാഗവതം നിങ്ങള്‍ക്കു തരണം. പരീക്ഷിത്ത് അമൃതം കുടിച്ചു മരണത്തില്‍ നിന്നു രക്ഷപ്പെടട്ടേ. ഞങ്ങള്‍ ഭാഗവതം ആസ്വദിക്കയും ചെയ്യാം. ഈ കൈമാറ്റം കൊണ്ട് ഇരുകൂട്ടര്‍ക്കും ഗുണമുണ്ടാവും.’ ദേവന്മാര്‍ പറഞ്ഞു.
മരണത്തെ മാറ്റിനിര്‍ത്താന്‍ കഴിവുണ്ട് അമൃതത്തിന്. അമൃതത്തേക്കാള്‍ മാഹാത്മ്യമുണ്ട് ഭാഗവതത്തിന്. വ്യത്യാസമില്ലേ, കുരുട്ടുകല്ലിനും രത്‌നത്തിനും തമ്മില്‍? അതുപോലെയാണ് അമൃതത്തിനും ഭാഗവതത്തിനും തമ്മിലും. ശുകമഹര്‍ഷി ദേവന്മാരുടെ അപേക്ഷ തള്ളിക്കളഞ്ഞു.
ഭാഗവതത്തിന്റെ മഹിമയൊന്നു മനസ്സിലാക്കണ്ടേ? ബ്രഹ്മാവ് ത്രാസ് ശരിപ്പെടുത്തി. ശാസ്ത്രങ്ങളെയെല്ലാം ഒരു തട്ടില്‍ വെച്ചു തൂക്കി. ഭാഗവതത്തെ മറ്റേത്തട്ടിലും. താഴ്ന്നു കിടന്നതു ഭാഗവതം വെച്ച തട്ടായിരുന്നു.
ഒരിക്കല്‍ സനകാദിമഹര്‍ഷിമാര്‍ നാരദമഹര്‍ഷിയോടു ചില കാര്യങ്ങള്‍ പറഞ്ഞു. ഭാഗവതം വായിച്ചുകേട്ടാല്‍ ഏതു ജീവനും മോക്ഷം ലഭിക്കും. ഭാഗവതം കേള്‍ക്കാത്തിടത്തോളം മോക്ഷം ലഭിക്കയുമില്ല. നിത്യവും ഭാഗവതം വായനയുള്ള വീട് പുണ്യതീര്‍ത്ഥം പോലെയാകും. ഗയയോ പ്രയാഗയോ കാശിയോ ഭാഗവതത്തിനു സമാനമല്ല. യാഗങ്ങള്‍ക്കു ഭാഗവതത്തിന്റെ പതിനാറിലൊരു ഭാഗത്തിന്റെ ഫലവുമില്ല!
ഭഗവാന്റെ മറ്റൊരു രൂപമാണ് ഭാഗവതം!…”
ഭാരതത്തിലെ പൗരാണിക തത്വജ്ഞാന ഗ്രന്ഥങ്ങളിലൊന്നായ മഹാഭാഗവതം കഥകളുടെ ഒരു മഹാസാഗരമാണ്. വിഷ്ണുവിന്റെ വിവിധ അവതാരകഥകളിലൂടെയും ഭക്തന്മാരുടെ കഥകളിലൂടെയും ഭാഗവതം ലളിതമായി തത്വജ്ഞാനം പകര്‍ന്നു നല്‍കുന്നു. ഉണ്ണിക്കണ്ണന്റെ ബാലലീലകള്‍ മുതല്‍ ശ്രീകൃഷ്ണന്റെ മായാജാലങ്ങള്‍ വരെ വര്‍ണ്ണിക്കുന്ന ഭക്തിമയവും രസകരവുമായ കഥകള്‍ ഭക്തരെ ആനന്ദത്തിലാഴ്ത്തുന്നു.
കേരളത്തിലെ പ്രശസ്തനായ ബാലിസാഹിത്യകാരനായിരുന്ന മാലി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന വി.മാധവന്‍ നായര്‍ മഹാഭാഗവതത്തെ ആസ്പദമാക്കി കുട്ടികള്‍ക്കായി രചിച്ച കൃതിയാണ് മാലിഭാഗവതം. കുട്ടികള്‍ക്ക് വായനക്ക് ആയാസകരമല്ലാത്ത രീതിയില്‍ ലളിത മലയാളത്തില്‍ ഗദ്യരൂപത്തിലാണ് ഈ കൃതി രചിച്ചിരിക്കുന്നത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന മാലി ഭാഗവതത്തിന്റെ ഇരുപതാമത് പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.
Comments are closed.