DCBOOKS
Malayalam News Literature Website

മലയാളിയുടെ ആന്തരികലോകത്തെ സാന്ത്വനിപ്പിക്കാനും പരിപാലിക്കാനുമുള്ള മാര്‍ഗങ്ങള്‍!

റ്റിസി മറിയം തോമസിന്റെ ‘മലയാളിയുടെ മനോലോകം’ എന്ന പുസ്തകത്തിന് കബനി സി എഴുതിയ വായനാനുഭവം

തികച്ചും യാദൃശ്ചികമായാണ് റ്റിസി മറിയം തോമസ് എഴുതിയ ‘മലയാളിയുടെ മനോലോകം’ വായിക്കാനിടയായത്. ഇക്കഴിഞ്ഞ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഈ പുസ്തകത്തെ ആസ്പദമാക്കി എഴുത്തുകാരിയുമായി മുഖാമുഖം നടത്തിയിരുന്നു. അതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ‘മലയാളിയുടെ മനോലോകം’ കയ്യിലെടുക്കുന്നത് .

അശാന്തവും ദു:ഖപൂരിതവുമായ ആന്തരിക ലോകത്തെ പേറി നടക്കുന്നവരാണ് മലയാളികളെന്ന നിരീക്ഷണത്തോടെയാണ് റ്റിസി മറിയം തോമസ് മലയാളിയുടെ മനോലോകം എന്ന പുസ്തത്തിലേക്ക് വായനക്കാരെ ക്ഷണിക്കുന്നത്. മലയാളിയുടെ ആന്തരികലോകത്തെ സാന്ത്വനിപ്പിക്കാനും പരിപാലിക്കാനുമുള്ള മാര്‍ഗങ്ങള്‍ റ്റിസി പലതരത്തില്‍ ഈ പുസ്തകത്തില്‍ അന്വേഷിക്കുന്നു. മനശ്ശാസ്ത്രത്തെ ചികിത്സാപരമായ ഇടപെടലുകള്‍ക്കപ്പുറം സമൂഹത്തെ വിശകലനം ചെയ്യുന്നതിലും അതിന്റെ മുറിവുകള്‍ ഉണക്കുന്നതിലും പ്രയോജനപ്പെടുത്തേണ്ടതുണ്ട്.

മൂന്നു ഭാഗങ്ങളായി തിരിച്ച പുസ്തകത്തില്‍ മനസ്സ് , സമൂഹം , ലിംഗനീതി എന്ന ഭാഗത്തില്‍ പതിമൂന്നു ലേഖനങ്ങളും ചലച്ചിത്ര മനസ്സ് എന്ന ഭാഗത്തില്‍ രണ്ട് ലേഖനങ്ങളും എന്റെ മനോയാത്രകളില്‍ മൂന്നു കുറിപ്പുകളുമുണ്ട്.  ക്വിയര്‍ ലോകത്തെ കുറിച്ച് ആഴത്തിലുള്ള കാഴ്ചകളും ഉള്‍ക്കാഴ്ചകളും റ്റിസിയുടെ എഴുത്തിലുണ്ട്. കര്‍ണ്ണാടകയിലെ ഖരാനകളിലെ ഹിജഡകളുടെ സാമൂഹിക ജീവിതത്തെയും ലിംഗപദവിയെയും കുറിച്ച് ഗവേഷണം നടത്തിയ റ്റിസി ‘ഇനിയെങ്കിലും ഉടലിന്റെ നഗ്നകാഴ്ചകളെ കുറിച്ച്’ എന്ന ലേഖനത്തില്‍ പൊള്ളിക്കുന്ന ജീവിതങ്ങളെ കാട്ടിത്തരുന്നു. ബാംഗളൂരുവിലെ തെരുവുകളില്‍ വെച്ച് ലേഖിക കണ്ടവര്‍, സ്ത്രീസൗന്ദര്യത്തെ, ശരീരവടിവുകളെ പൂര്‍ണ്ണമായും ആഘോഷിക്കുന്ന,അലസതയോടെയും എന്നാല്‍ സൂക്ഷ്മതയോടെയും വസ്ത്രം ധരിച്ച് ട്രാഫിക് സിഗ്നലുകളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടികളുടെ ജനല്‍പ്പാളികളില്‍ തട്ടി ഭിക്ഷ യാചിക്കുന്ന അതീവ സുന്ദരികളായ ട്രാന്‍സ്‌ജെന്‍ഡറുകള്‍! പെണ്‍ശരീരം മൊത്തം മൂടിപ്പൊതിഞ്ഞുനടക്കണമെന്ന പൊതുസമൂഹകാര്‍ക്കശ്യത്തെ വെല്ലു വിളിക്കുന്നതു പോലെയുള്ള നനുത്ത,ആകര്‍ഷണീയമായ വസ്ത്രധാരണ രീതി. ഇതാ ഞാന്‍! ഇതാ ഞാന്‍ തിരഞ്ഞെടുത്ത ശരീരം. ബാംഗ്ലൂരിലെ ട്രാന്‍സ്ജന്‍ഡറുകളുടെ ഖരാനകളെ കുറിച്ച് നടത്തിയ ഗവേഷണത്തില്‍ അവരുടെ ശരീരവും മനസ്സും സ്വപ്‌നങ്ങളും പ്രണയവും സഹനപരിധിക്കപ്പുറം പോകുന്ന അവരുടെ യാതനകളും റ്റിസി അടുത്തറിഞ്ഞിട്ടുണ്ട്.  സുഹൃത്ത് അക്കായ് പ്ദമശാലിയുടെ ജന്‍ഡര്‍ അഫര്‍മേഷന്‍ സര്‍ജറിയ്ക്ക് കൂട്ടു പോയപ്പോള്‍ പടം പൊഴിച്ച് പുതുശരീരം സ്വീകരിക്കുന്ന അവരുടെ പ്രതീക്ഷ നേരില്‍ കണ്ട കാര്യം റ്റിസി ഈ പുസ്തകത്തില്‍ വിവരിക്കുന്നത് ഹൃദയഭാരത്തോടെ മാത്രമേ വിവരിക്കാനാവൂ. ട്രാന്‍സ്ജന്‍ഡറുകള്‍ എന്തുകൊണ്ടാണ്  സ്വപ്നം കാണുന്ന ശരീരം സ്വായത്തമാക്കാനും അവയെ ആഘോമാക്കാനും എന്തും ചെയ്യുന്നത്? പലപ്പോഴും പൊതുസമൂഹത്തിന്റെ പരിഹാസവും നിന്ദയും ഇപ്പോഴും ഏറ്റുവാങ്ങുന്നുണ്ടല്ലോ ആ അണിഞ്ഞൊരുങ്ങലുകള്‍. റ്റിസി എഴുതുന്നു:ഇഷ്ടമുള്ള ശരീരം അന്വേഷിച്ചു പോയതിന്റെ പേരില്‍ പൊലീസും പൊതുസമൂഹവും നിന്ദിച്ചും അവഹേളിച്ചും കാറിത്തുപ്പിയും ലാത്തി കുത്തിക്കയറ്റിയും സിഗററ്റു വെച്ച് പൊള്ളിച്ചും ബലാത്സംഗം ചെയ്തും പരസ്യമാക്കി നഗ്നരാക്കുകയും ചെയ്ത ചരിത്രമുള്ളവരാണ് ട്രാന്‍സ്ജന്‍ഡറുകള്‍. ആ ശരീരങ്ങള്‍ അല്ലാതെ മറ്റേതു ശരീരമാണ് സമൂഹത്തിനു മുമ്പില്‍ തുണിയുരിഞ്ഞു നില്‍ക്കേണ്ടത്? നിങ്ങള്‍ അവഹേളിച്ച ശരീരമാണിതെന്ന് ഉറക്കെ പറയേണ്ടത്? ആ ശരീരങ്ങളോടല്ലാതെ മറ്റാരോടാണ് പൊതുസമൂഹം മാപ്പു പറയേണ്ടത്?

കോവിഡുകാലത്തെ ഇന്റര്‍നെറ്റിന്റെ ഉപഭോഗത്തില്‍ വന്ന മാറ്റങ്ങളും അതിനോടു ചേര്‍ന്നു വന്ന സമൂഹമനസ്സിന്റെ പരിണാമവേഗങ്ങളും ആഴത്തില്‍ വിലയിരുത്തപ്പെടുന്നുണ്ട് ഈ പുസ്തകത്തില്‍. തിരിച്ചറിയാനാകാത്ത വിധത്തില്‍ മാറിപ്പോയല്ലോ കോവിഡാന്തരലോകം. ഇപ്പോള്‍ പഠനവും ജോലിയും ഓണ്‍ലൈനിലും ഓഫ്‌ലൈനിലും നമ്മള്‍ അനായാസം കൈകാര്യം ചെയ്യുന്നു. പ്രതീതിയാഥാര്‍ത്ഥ്യം, അതു വരെ സാദ്ധ്യമാണെന്നു തോന്നിയിട്ടില്ലാത്ത,പരിചിതമല്ലാത്ത ,വ്യത്യസ്തമായ സ്വത്വാവിഷ്‌ക്കാരത്തിലേക്ക് നമ്മളെ എത്തിച്ചു.  ഓഫ്‌ലൈന്‍ വ്യക്തിത്വവും  ്രഓണ്‍ലൈന്‍ വ്യക്തിത്വവും  സംഘര്‍ഷഭരിതമായി മാറി. മനുഷ്യന് അവന്റെ/അവളുടെ വ്യക്തിത്വത്തിന് വെളിപ്പെടാനുള്ള സാങ്കല്പിക വേദികള്‍ കൂടുന്നതോടൊപ്പം,സാമൂഹികമായ തട്ടുകള്‍ തകരുന്നതോടൊപ്പം സമൂഹജീവിയെന്ന നിലയില്‍ ഒറ്റപ്പെടലും നിരാശയും കൂടി,അത്മഹത്യകള്‍ വരെയുണ്ടായി.  അത്തരം ആത്മഹത്യകള്‍ ഓണ്‍ലൈന്‍ ടെലികാസ്റ്റുകള്‍ പോലുമായി! എല്ലാവരും കണ്ടന്‌റ് ക്രിയേറ്റേഴ്‌സും അതേ സമയം തന്നെ ഓഡിയന്‍സുമായി മാറി. ഒരേ സമയം ജനാധിപത്യത്തിലധിഷ്ഠിതമെന്ന് തോന്നിപ്പിക്കുന്നതും തുറവികളുള്ളതും ആരെല്ലാമോ നിയന്ത്രിക്കുന്നതുമായ ഒരു ലോകം!

ആധുനിക സാങ്കേതിക വിദ്യ നമ്മുടെ ചിന്തകളെയും ആന്തരികലോകത്തെയും എങ്ങനെയാണ് ബാധിച്ചിട്ടുള്ളത്? വ്യത്യസ്ത തലമുറകളെ വ്യത്യസ്ത രീതിയിലാണ് അതു ബാധിച്ചിട്ടുള്ളത്. ഇന്റര്‍നെറ്റും ആധുനിക സാങ്കേതികവിദ്യയും പുതുതലമുറയ്ക്ക് സ്വതസിദ്ധവും ജന്മസിദ്ധം പോലുമാണ്. കുട്ടികളെ   ഈ മാറ്റങ്ങള്‍ ബാധിച്ചതെങ്ങിനെയെന്നതിനെ കുറിച്ച് ഒന്നില്‍ കൂടുതല്‍ ലേഖനങ്ങള്‍ ഇതിലുണ്ട്. കാല്‍നൂറ്റാണ്ടിനു മുമ്പ് പുറത്തിറങ്ങിയ ജെറി മാന്‍ഡറുടെ ആന്റി ടി വി ക്ലാസിക്കായ ‘ഫോര്‍ ആര്‍ഗ്യുമെന്റസ് ഫോര്‍ ദി എലിമിനേഷന്‍ ഓഫ് ടെലിവിഷനി’ല്‍ ടി വിയെ ചവറ്റു കുട്ടയിലിടേണ്ടതിന് പറയുന്ന കാരണങ്ങളിലൊന്ന് കുട്ടികളുടെ (മുതിര്‍ന്നവരുടെയും) ഭാവനയും സഹാനുഭൂതിയും നഷ്ടപ്പെടുത്തുമെന്നതാണ്. നാഷണല്‍ ജോഗ്രാഫിക് ചാനലില്‍ നല്ല കടുംപച്ച ഫില്‍റ്ററുകളിലൂടെ കടന്നു വരുന്ന കാടുള്ളപ്പോള്‍,അത് സ്വന്തം വീടിന്റെ സുഖസുരക്ഷിതത്വങ്ങളില്‍ ഇരുന്ന് അത്  കാണാമെന്നിരിക്കേ കുട്ടികളെന്തിന് നേരായ കാടു കാണണം? അന്യന്റെ ദു:ഖങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും മുമ്പില്‍ മനുഷ്യര്‍ നിസ്സംഗരായി നില്‍ക്കും. നിരന്തരം ടിവിയില്‍ കാണുന്ന ദൃശ്യങ്ങള്‍ ദുരന്തങ്ങളെയും ദു:ഖങ്ങളെയും നോര്‍മലൈസ് ചെയ്യും. സ്ഥിരമായി ശ്രദ്ധ ആവശ്യമില്ലാത്തതും ഭാവന ആവശ്യമില്ലാത്തതും Textഓര്‍മ്മ തടസ്സപ്പെട്ടതുമായ ലോകമാണ് ഇന്റര്‍നെറ്റ് തുറന്നു വെക്കുന്നത്.

ഇതിന്റെ കൂടിയ രൂപമാണ് ഇന്റര്‍നെറ്റിലൂടെ സംഭവിക്കുന്നത്. റ്റിസി എഴുതുന്നു : കാണുന്നതെല്ലാം  രൂപങ്ങളും നിറങ്ങളും ചലനങ്ങളുമായി,ശ്രവണമന്ന അനുഭവങ്ങള്‍ക്കു മേലേ പ്രബലമാകുന്നു. മഹാമാരിക്കാലം വീടിനു പുറത്തെ കാഴ്ചാനുഭവങ്ങളെ നിഷേധിച്ചപ്പോള്‍ ഇന്റര്‍നെറ്റിന്റെ വൈവിദ്ധ്യങ്ങളായ കാഴ്ചകളിലേക്ക് നമ്മള്‍ എത്തപ്പെട്ടു. പല നാടുകളിലെ ജീവിതഭാഷാ സംസ്‌ക്കാരങ്ങളിലേക്ക് നമ്മള്‍ പരകായ പ്രവേശം ചെയ്തു. കുട്ടികളാകട്ടെ അദ്ധ്യാപകരെയും സ്‌ക്കൂളിനെയും കാണാതെ അക്ഷരങ്ങള്‍ പഠിച്ചു.

പുസ്തകത്തിലെ ഏറ്റവും പ്രഹരശേഷിയുള്ള ലേഖനങ്ങളിലൊന്ന് ലൈംഗികാതിക്രമങ്ങളിലെ അപരാധിയും ആണത്തബോധനിര്‍മ്മിതിയും:ഒരാമുഖം എന്ന ലേഖനമാണ്. ലൈംഗികാതിക്രമങ്ങളില്‍ കുറ്റം ചുമത്തപ്പെട്ടവരെ സാധാരണയായി വിളിക്കാറുള്ള ‘കുറ്റവാളി’ എന്ന വിശേഷപദത്തിനു പകരം ‘അപരാധി’ എന്നാണ് ഈ ലേഖനത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. അപരാധക്രിയയുടെ അദൃശ്യമായ കാരണങ്ങളിലേക്ക് കൂടി ശ്രദ്ധ ക്ഷണിക്കുന്നതിനു വേണ്ടിയാണതെന്ന് ലേഖിക പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് മൂന്നു പ്രധാന ചോദ്യങ്ങളാണ് പുസ്തകം മുന്നോട്ടു വെക്കുന്നത്. ഒന്ന്,അധികാര അസമത്വം നിലനില്‍ക്കുന്ന സാമൂഹ്യഘടനയില്‍ ഏതു സ്ത്രീപുരുഷ ബന്ധത്തിലും അക്രമസാദ്ധ്യതയുണ്ടോ? രണ്ട്,ലിംഗഭേദത്തിനുപരിയായ് മനുഷ്യബന്ധങ്ങളെ നിര്‍വ്വചിക്കുന്നതിനും മാതൃക കാണിക്കുന്നതിനും കുടുംബഘടന,വിദ്യാഭ്യാസ രീതികള്‍,മതം,ജാതി,ഭാഷ,മാധ്യമങ്ങള്‍,നിയമം എന്തൊക്കെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് മുമ്പോട്ടു വെക്കുന്നത്? ബന്ധങ്ങളെ കുറിച്ചുള്ള കാലഹരണപ്പെട്ട മാതൃകളെ പുനരന്വേഷിക്കാന്‍ കഴിയാത്തതെന്തുകൊണ്ടാണ്?

ഇരകളാകാന്‍ സ്ത്രീകളെ ജനനം മുതല്‍ തയ്യാറാക്കുന്ന പഠനരീതികള്‍ പുരുഷന്മാരെ അപരാധികളാകാനും മനുഷ്യബന്ധങ്ങളില്‍ അധികാരകേന്ദ്രങ്ങളാകാനും  സജ്ജരാക്കുന്നു. ഒരു പെണ്‍കുട്ടിയെ പരുവപ്പെടുത്തിയെടുക്കാനുള്ള അശ്രാന്തപരിശ്രമം പോലെ ആണ്‍കുട്ടിയെ വളര്‍ത്തുന്നതില്‍ അങ്കലാപ്പോ  തയ്യാറെടുപ്പോ ജാഗ്രതയോ ഗാര്‍ഹികാന്തരീക്ഷത്തിലില്ല. ജന്‍ഡര്‍ റോള്‍ പുരുഷന്മാരിലും കടുത്ത സംഘര്‍ഷങ്ങളുണ്ടാക്കുന്നുണ്ട്. ആന്തരികവല്ക്കരിക്കപ്പെട്ട പുരുഷമൂല്യങ്ങള്‍ക്കൊത്ത് ജീവിക്കാനാകാതെ വരുമ്പോള്‍ പ്രതിസന്ധികളുണ്ടാകുന്നു. അവ അഭികാമ്യമല്ലെന്നു കണ്ടെത്തുന്ന ആധുനിക,ലിബറല്‍ പുരുഷന്മാര്‍ അനുഭവിക്കുന്ന പിരിമുറുക്കം വലുതാണ്. അമ്മാത്തു നിന്നു പോരുകയും ഇല്ലത്ത് എത്താതിരിക്കുകയും ചെയ്യുന്നവര്‍.

ഫെമിനിസ്റ്റു പാരന്റിംഗിനെ കുറിച്ചുള്ള ഒരു ലേഖനമുണ്ടിതില്‍. ‘അമ്മേടെയീ ലിംഗമെഴുത്തൊന്നു നിര്‍ത്താമോ’ എന്ന ലേഖികയുടെ മകന്റെ ചോദ്യത്തില്‍ നിന്നാണിത് തുടങ്ങുന്നത്. പെണ്‍കുട്ടികളെ വളര്‍ത്താന്‍ നൂറു നിയമങ്ങളുള്ള സമൂഹത്തില്‍ ആണ്‍കുട്ടിയെ  വളര്‍ത്താന്‍ ഒരു രീതിയുമില്ല. ആണായി പിറന്നതിന്റെ എല്ലാ പ്രിവിലേജുകളും പേറി ചുമ്മാ അങ്ങു വളരുന്നു അവര്‍. തീര്‍ച്ചയായും ഇതിനൊരു മാറ്റമുണ്ടാകേണ്‍തുണ്ട്.

ഈ ലേഖനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരിക്കുന്ന വാക്ക് ‘ആത്മനിഷ്ഠം’ എന്നാണ്. അക്കാദമിക ജാര്‍ഗണുകള്‍ വിരളമായി മാത്രം ഉപയോഗിച്ചിട്ടുള്ള,എന്നാല്‍ മെത്തഡോളജികളും ടൂളുകളും യുക്തിപൂര്‍വ്വം ഉപയോഗിച്ചിട്ടുള്ള ആത്മനിഷ്ഠമായ വിലയിരുത്തലുകളാണ് ഇവയിലുള്ളത്. കുട്ടികളെ കുറിച്ചായാലും പുരുഷന്മാരെ കുറിച്ചായാലും കടുത്ത വിമര്‍ശനങ്ങളല്ല ഇവയിലുള്ളത്. എംപതെറ്റിക്കായ,കരുണയൂറുന്ന,മനുഷ്യപ്പറ്റുള്ള നിരീക്ഷണങ്ങളാണ്. എല്ലാത്തിനെയും സവിശേഷമായ സാമൂഹ്യ ക്രമങ്ങളുടെ ഉല്പന്നങ്ങളായും ഉപോല്പന്നങ്ങളുമായാണ് ലേഖിക വിലയിരുത്തുന്നത്. ഈ ഹ്യൂമനിസ്റ്റ് ചിന്ത പുസ്തകത്തിലുടനീളമുണ്ട്്.

അക്കാദമിക പുസ്തകങ്ങള്‍ പൊതുവേ വായനക്കാരെ ആട്ടിയകറ്റാറോ പേടിപ്പിക്കാറോ ഉണ്ട്. പ്രസ്തുത വിഷയത്തെ കുറിച്ചും ജാര്‍ഗണെ കുറിച്ചും ടൂളുകളെ കുറിച്ചും മുന്‍കൂട്ടിയുള്ള വിവരം  വായനക്കാരനില്‍/വായനക്കാരിയില്‍ (പ്രീ ഇന്‍ഫോംഡ് റീഡര്‍) നിന്ന് അതു പ്രതീക്ഷിക്കുന്നുണ്ട്. ഇതിനെയും മറികടന്ന് വായിക്കാന്‍ തുടങ്ങിയാല്‍ തന്നെ സാധാരണ വായനക്കാരനത് വരണ്ടതും വിരസവുമായി തോന്നും. വൈജ്ഞാനിക കൃതികള്‍ പദ്യരൂപത്തില്‍ എഴുതപ്പെട്ട കാലം മലയാളത്തിലുണ്ടായിരുന്നു എന്നതും ഇതിനോട് ചേര്‍ത്തു വെച്ചു വായിക്കേണ്ടതുണ്ട്. പിന്നീടാണ് സാഹിത്യവും വൈജ്ഞാനികസാഹിത്യവും തമ്മിലുള്ള അകലം കൂടിക്കൂടി വന്നത്.
ഈ പുസ്തകത്തില്‍ അങ്ങിനെയൊരു പ്രശ്‌നമേയില്ല. ഇതിലെ രസകരമായ തലക്കെട്ടുകള്‍ നോക്കൂ-മല്ലൂസിന്റെ മെട്രോ മനസ്സ്, തൊപ്പിയുടെ തൊപ്പി ഊരിക്കാത്തവര്‍,അമ്മേടെയീ ലിംഗമെഴുത്തൊന്നു നിര്‍ത്താവോ, ഇവിടെ (ഈ ലേഖനത്തില്‍) മൂത്രമൊഴിക്കരുത്…സാമൂഹ്യശാസ്ത്രത്തിന്റെ അംഗീകൃത തത്വങ്ങള്‍ അടിത്തറയാക്കിത്തന്നെ നടത്തുന്ന ഈ വിശകലനങ്ങള്‍ പക്ഷേ എല്ലാവരെയും അഭിസംബോധന ചെയ്യുന്നു. ഇതില്‍ പ്രണയവും സിനിമയും പാട്ടും അരളിച്ചെടികളുമുണ്ട് നിശ്ചയമായും നിങ്ങള്‍ക്കിത് ഇഷ്ടപ്പെടും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.