DCBOOKS
Malayalam News Literature Website

സംസ്‌കാരത്തിന്റെ ജനിതകപാഠങ്ങൾ

“When scientific conversations cease, then dogma rather than knowledge begins to rule the day” Jaak Panksepp. ‘Brain is the most incredible thing in the Universe’ എന്ന Oliver Wolf Sacksന്റെ നിരീക്ഷണം ഇതു രണ്ടാം തവണയാണ് ഈ പംക്തി എടുത്തെഴുതുന്നത്. വിഖ്യാത നാഡീശാസ്ത്രഗവേഷകനായ വിളയന്നൂർ രാമചന്ദ്രന്റെ Tell Tale Brain എന്ന പുസ്തകത്തിന്റെ വിവർത്തനം നിരൂപണം ചെയ്തപ്പോഴായിരുന്നു മുൻപ് (2016 ഓഗസ്റ്റ് 20) ഈ വാക്യം ഉദ്ധരിച്ചത്. ഇത്തവണ നിരൂപണം ചെയ്യുന്നത് മലയാളിയും അമേരിക്കയിലെ ഷിക്കാഗോ സർവകലാശാലയിൽ സീനിയർ സയന്റിസ്റ്റുമായ എതിരൻ കതിരവൻ എഴുതിയ ‘മലയാളിയുടെ ജനിതകം’ എന്ന പുസ്തകമാണ്. വിഷയം സമാനമാണെന്നും അല്ലെന്നും പറയാം. രാമചന്ദ്രന്റേത് നാഡീശാസ്ത്ര (Neuroscience) ഗവേഷണങ്ങൾ വഴിതുറന്ന രോഗഭാവനകളുടെയും സാംസ്‌കാരികാനുഭൂതികളുടെയും വിശകലനമായിരുന്നുവെങ്കിൽ എതിരന്റേത് ജനിതകശാസ്ത്രം (Genetics) മുന്നോട്ടുവയ്ക്കുന്ന പാരമ്പര്യസ്വഭാവങ്ങളുടെയും ജൈവപ്രകൃതങ്ങളുടെയും വിശകലനപാഠങ്ങളാണ്. രണ്ടു വിജ്ഞാനവിഷയങ്ങളും തമ്മിൽ ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. നാഡീജനിതകം (Neuro Genetics), പെരുമാറ്റജനിതകം (Behavioural Genetics) എന്നീ മണ്ഡലങ്ങളിൽ നടക്കുന്ന ഗവേഷണങ്ങളാണ് എതിരന് ആശ്രയം. തന്മാത്രാജീവശാസ്ത്രം (Molecular Biology), സാമൂഹ്യജീവശാസ്ത്രം (Socio Biology). കോശജീവശാസ്ത്രം (Cell Biology) തുടങ്ങിയവയിൽനിന്നുള്ള മുന്നോട്ടുപോക്കിലാണ് എതിരൻ ഈ മണ്ഡലത്തിൽ ചെന്നെത്തിയത്. മലയാളിയുടെ സവിശേഷ ജീവിതസന്ദർഭങ്ങളെ ജനിതകവിജ്ഞാനത്തിന്റെ കാഴ്ചപ്പാടിൽ വ്യാഖ്യാനിക്കുന്ന ശ്രദ്ധേയമായൊരു വിചാരപദ്ധതിക്കു തുടക്കം കുറിക്കാൻ അതുവഴി എതിരനു കഴിഞ്ഞിരിക്കുന്നു. മദ്യപാനത്തിന്റെ സാമൂഹ്യശാസ്ത്രം മുതൽ വികസനത്തിന്റെയും വിഭവചൂഷണത്തിന്റെയും പാരിസ്ഥിതിക രാഷ്ട്രീയം വരെ; ആചാരങ്ങളുടെ സാമുദായികശാസ്ത്രം മുതൽ ബ്രാഹ്മണ്യത്തിന്റെ തത്വശാസ്ത്രം വരെ; ഓട്ടിസത്തിന്റെ നാഡീ-ജനിതകശാസ്ത്രം മുതൽ തെരുവുനായകളുടെ ജീവശാസ്ത്രം വരെ; ക്ലാസിക്കൽ കലകളുടെ ലാവണ്യശാസ്ത്രം മുതൽ സദാചാരപൊലീസിംഗിന്റെ അധീശരാഷ്ട്രീയം വരെ; ജനപ്രിയസിനിമയുടെ ലിംഗരാഷ്ട്രീയം മുതൽ സാഹിത്യത്തിന്റെ സൗന്ദര്യശാസ്ത്രം വരെ; ശാസ്ത്രീയസംഗീതത്തിന്റെ പ്രതിലോമപരവും വിപ്ലവകരവുമായ ജാതിരാഷ്ട്രീയം മുതൽ ചലച്ചിത്രഗാനങ്ങളുടെയും തിരക്കഥയുടെയും വാണിജ്യരാഷ്ട്രീയം വരെ; രോഗങ്ങളുടെ വൈദ്യശാസ്ത്രം മുതൽ ആർത്തവരക്തത്തിന്റെ കോശശാസ്ത്രം വരെ; ദേശീയതയുടെ രാഷ്ട്രീയം മുതൽ ജാതീയതയുടെ നരവംശശാസ്ത്രം വരെ; കേൾവിയുടെ ശരീരശാസ്ത്രം മുതൽ മദപ്പാടിന്റെ കാമശാസ്ത്രം വരെ-എത്രയെങ്കിലും സാമൂഹ്യ-സാംസ്‌കാരിക ജീവിതമണ്ഡലങ്ങളിലേക്കു വിരൽ ചൂണ്ടുന്ന ശാസ്ത്രീയ വിശകലനങ്ങളുടെ ഒരു ബൗദ്ധികവ്യവഹാരലോകംതന്നെ രൂപപ്പെടുത്തിയിരിക്കുന്നു, തന്റെ ബ്ലോഗ് രചനകളിലും അച്ചടിരചനകളിലും കൂടി എതിരൻ കതിരവൻ. വിശാലാർഥത്തിൽ, സംസ്‌കാരവും പെരുമാറ്റ ജനിതകശാസ്ത്രവും തമ്മിലുള്ള ബന്ധം മുൻനിർത്തി മലയാളത്തിൽ മുന്മാതൃകകളില്ലാത്ത ഒരു വിജ്ഞാന/വിശകലന ശാഖക്ക് അടിത്തറയൊരുക്കുകയാണ് എതിരൻ ചെയ്തത് എന്നും പറയാം. ജീനുകൾ ((genes) സസ്യങ്ങളുടെയും ജന്തുക്കളുടെയും സ്വഭാവസവിശേഷതകളെ നിയന്ത്രിക്കുന്നതെങ്ങനെ എന്നു പഠിക്കുന്ന ശാസ്ത്രശാഖയാണല്ലോ ജനറ്റിക്‌സ്. മനുഷ്യരും ഇതര ജന്തുക്കളും പാരമ്പര്യമായി ആർജ്ജിക്കുന്ന പെരുമാറ്റ സ്വഭാവരീതികളെക്കുറിച്ചുള്ള പഠനം. ജീനുകൾ സംസ്‌കാരത്തെയും സംസ്‌കാരം ജീനുകളെയും സ്വാധീനിക്കുന്നുവെന്ന നിരീക്ഷണം മുൻനിർത്തി ‘ഭാവനയുടെ ജീവശാസ്ത്രം’ (Biology of Imagination) പോലുള്ള വിഷയങ്ങൾ/ചർച്ചകൾ ഇന്നു സജീവമാണ്. ടൈം വാരിക, നാഷണൽ ജിയോഗ്രഫിക് മാസിക തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ ജനകീയമാക്കിയ ശാസ്ത്രഗവേഷണങ്ങളുടെ വലിയൊരു പരമ്പരതന്നെ നമുക്കു മുന്നിലുണ്ട്. തന്റെ ചിന്തകളെയും പഠനങ്ങളെയും ഏറെ സ്വാധീനിച്ച രണ്ടു പുസ്തകങ്ങളെക്കുറിച്ച് എതിരൻ ഒരു സംഭാഷണത്തിൽ സൂചിപ്പിക്കുകയുണ്ടായി. Douglas Fieldssâ Why we Snap: Undestranding the Rage circuit in your brain; Jack Panksepp, Lucy Biuen എന്നിവർ ചേർന്നെഴുതിയ The Archeology of Mind: Neuroevolutionary origins of human emotions എന്നിവയാണ് ആ പുസ്തകങ്ങൾ. നാഡീശാസ്ത്രം, മനഃശാസ്ത്രം, ജനിതകശാസ്ത്രം തുടങ്ങിയവയെ ജീവജാലങ്ങളുടെ പെരുമാറ്റസംസ്‌കാരത്തിന്റെ വ്യാഖ്യാനത്തിനുപയോഗപ്പെടുത്തുന്ന എതിരന്റെ ലേഖനങ്ങൾ മുഖ്യമായും മൂന്നു മണ്ഡലങ്ങളെയാണ് അഭിസംബോധന ചെയ്യുന്നത്. ഒന്ന്, ഭാഷ, സാഹിത്യം, കലകൾ തുടങ്ങിയ ഭാവനാത്മകസിദ്ധികളെ. രണ്ട്, രോഗങ്ങൾ, ലൈംഗികത, കുറ്റവാസന, പെരുമാറ്റരീതികൾ തുടങ്ങിയ ജൈവപ്രകൃതങ്ങളെ. മൂന്ന്, പാരമ്പര്യം, കുടുംബം, ആചാരങ്ങൾ, മൂല്യങ്ങൾ, വംശം-ജാതി-മതം തുടങ്ങിയ സാമൂഹ്യശാസ്ത്ര-നരവംശശാസ്ത്രതലങ്ങളെ. ഒട്ടാകെ പന്ത്രണ്ടു ലേഖനങ്ങളുള്ള ‘മലയാളിയുടെ ജനിതക’ത്തിലെ ഏഴു രചനകൾ മേല്പറഞ്ഞവയിൽ രണ്ടാമത്തെ മണ്ഡലത്തെക്കുറിച്ചുള്ളവയാണ്. അഞ്ചെണ്ണം മൂന്നാമത്തെ മണ്ഡലത്തെക്കുറിച്ചും. ചിരിയുടെ ജനിതകസ്വരൂപം വിശകലനം ചെയ്യുന്ന ‘ചിരിയുടെ ഡി.എൻ.എ’, കുറ്റവാസനകൾ സാമൂഹികമല്ല, ജനിതകമാണ് എന്നു സ്ഥാപിക്കുന്ന ‘പാരമ്പര്യമഹത്വം അഥവാ ഗുണ്ടകൾ ഉണ്ടാകുന്നത്’, സ്വവർഗരതിയുടെ ജനിതകശാസ്ത്രാപഗ്രഥനം നടത്തുന്ന ലേഖനം, ഇരട്ടവാലന്റെ ദ്വിലിംഗജീവിതം ചർച്ചചെയ്യുന്ന രചന, മദ്യപാനാസക്തിയുടെ പാരമ്പര്യസ്വഭാവവും കരൾരോഗത്തിന്റെ സാധ്യതകളും വിശദീകരിക്കുന്ന ലേഖനം, ആർത്തവരക്തത്തിലെ വിത്തുകോശസമൃദ്ധിയെക്കുറിച്ചുള്ള പഠനം, ആനയുടെ മദപ്പാടിന്റെ കാമ-ജീവശാസ്ത്രങ്ങൾ അവലോകനം ചെയ്യുന്ന രചന എന്നിവയാണ് ജൈവപ്രകൃതങ്ങളെക്കുറിച്ചുള്ള ജനിതകപാഠങ്ങൾ.

മലയാളിയുടെ ജാതിമതഘടനകളെ തന്മാത്രാ ജനിതകശാസ്ത്രത്തിന്റെ വെളിച്ചത്തിൽ വിശദീകരിക്കുന്ന ലേഖനം, അന്യഗ്രഹങ്ങളിലെ ജീവിതസാധ്യതകളെക്കുറിച്ചുള്ള രചന, ന്യൂട്രിനോ നിരീക്ഷണശാലയെക്കുറിച്ചുള്ള സംവാദം, പാരിസ്ഥിതികസന്തുലനവും വികസനവും സമീകരിക്കുന്ന രചന, ഉലുവയുടെയും മഞ്ഞളിന്റെയും ജീവ-വൈദ്യശാസ്ത്രമൂല്യങ്ങൾ വിശകലനം ചെയ്യുന്ന ലേഖനം എന്നിവ ജനിതകവിജ്ഞാനം മുൻനിർത്തിയുള്ള നരവംശശാസ്ത്ര-സാമൂഹ്യശാസ്ത്രപഠനങ്ങളും. സിനിമയും സംഗീതവുമുൾപ്പെടെയുള്ള കലകളും സാഹിത്യവും നിരന്തരം രൂപകാർഥത്തിൽ സന്നിഹിതമാകുന്നു, എതിരന്റെ ശാസ്ത്രലേഖനങ്ങളിൽ. ആലങ്കാരികവും ചമൽക്കാരപരവുമായ കേവലകൗതുകമല്ല എതിരന് ഈ സാംസ്‌കാരികബിംബങ്ങൾ. മറിച്ച് സംസ്‌കാരത്തിന്റെ ലാവണ്യാത്മകവും ജൈവികവുമായ അർഥസാധ്യതകളുടെ തുറന്നിടലാണ്. സാമൂഹ്യശാസ്ത്രപരവും നരവംശശാസ്ത്രപരവുമായ എതിരന്റെ ഒരു പഠനവും ജനായത്തപരവും ലിംഗനീതിപരവും മറ്റുമായ രാഷ്ട്രീയത്തിൽനിന്നു മുക്തമല്ല. ആവിഷ്‌ക്കാരത്തിലുടനീളം ഓളം തല്ലുന്ന പ്രസന്നമായ നർമബോധവും നിശിതമായ യുക്തിചിന്തയും എതിരന്റെ മുഖമുദ്രയാകുന്നു. കാവ്യാത്മകമായ ഭാഷയും സമകാലപ്രാധാന്യം ഏറെയുള്ള പ്രമേയങ്ങളുംവഴി എതിരൻ ഓരോ വിഷയത്തെയും ജനപ്രിയശാസ്ത്രത്തിന്റെ ആഖ്യാനകലയിലേക്കു വിവർത്തനം ചെയ്യുന്നു. സങ്കീർണമായ ശാസ്ത്രസംജ്ഞകളെയും പ്രക്രിയകളെയും ഏറെക്കുറെ ജനകീയവും ലളിതവുമായി വിവരിക്കാനും അങ്ങേയറ്റം പ്രശ്‌നഭരിതമായ സാംസ്‌കാരികസന്ദർഭങ്ങളെ സംവാദാത്മകമായി സമീപിക്കാനും എതിരനു കഴിയുന്നു. പ്രത്യയശാസ്ത്രങ്ങളുടെ പിടിവാശികളെപ്പോലും റദ്ദാക്കുന്ന ജനിതകയാഥാർഥ്യങ്ങൾ കൊണ്ട്, സാമൂഹ്യശാസ്ത്ര രീതിശാസ്ത്രങ്ങൾ ഏകപക്ഷീയമായി പിടിമുറുക്കിയ നമ്മുടെ പൊതുമണ്ഡലങ്ങളെ പുനർവായിക്കാനുള്ള വഴികൾ തുറന്നിടുകയാണ് മലയാളിക്കു മുന്നിൽ എതിരൻ കതിരവൻ. ഈ പുസ്തകത്തിലെ മുഴുവൻ രചനകളും ആധുനിക മലയാളി കെട്ടിപ്പൊക്കിയ ചില്ലുമേടകൾക്കു നേരെവരുന്ന കല്ലേറുകൾ തന്നെയാണ്. വർഗരാഷ്ട്രീയം മുതൽ ജാതിവാദംവരെ; ലിംഗബോധം മുതൽ സൗന്ദര്യശാസ്ത്രം വരെ – ഓരോന്നും ഈ പുതിയ വായനകൾക്കു മുന്നിൽ സ്വയം നവീകരിക്കാൻ മലയാളിയെ നിർബ്ബന്ധിതമാക്കുകതന്നെ ചെയ്യുന്നു.

ഭിന്നജാതികളിലും മതങ്ങളിലും വംശ, വർണ, വർഗങ്ങളിലുംപെട്ട മലയാളിയുടെ തന്മാത്രാ ജനിതകവിശ്ലേഷണം തെളിയിക്കുന്നതെന്താണ്? നാളിതുവരെ സാമൂഹ്യശാസ്ത്രപരമായി നാം കെട്ടിപ്പൊക്കിയ സിദ്ധാന്തങ്ങൾക്കും സങ്കല്പനങ്ങൾക്കും ഘടകവിരുദ്ധമായ പ്രകൃതിയാഥാർത്ഥ്യങ്ങൾ ജനിതകവിജ്ഞാനം വെളിപ്പെടുത്തുന്നു. ‘പറച്ചിപെറ്റ പന്തിരുകുലം’ തന്നെയാണ് മലയാളി എന്നത് വെറുമൊരു മിത്തല്ല, ജീവശാസ്ത്രപരമായ വസ്തുതയാണ് എന്നു തെളിയിക്കുന്നു, ഗവേഷണങ്ങൾ. “ജനസമൂഹങ്ങളുടെ വ്യാപനവും കുടിയേറ്റവും കലർപ്പും കൃത്യമായി വിശകലനം ചെയ്യാൻ ഇന്നുപയോഗിക്കുന്ന മറ്റു തന്ത്രങ്ങളിൽ y ക്രോമൊസോമിലെ ഹാപ്ലോ ഗ്രൂപ്പുകളും മൈറ്റോകോൺട്രിയൽ ഡി.എൻ.എ.യിലെ ഹാപ്ലോഗ്രൂപ്പുമാണ് പ്രധാനികൾ. Y ക്രോമൊസോം അച്ഛനിൽനിന്നും ലഭിക്കുന്നതാണ്. അതിലെ ഹാപ്ലോഗ്രൂപ്പിന്റെ വ്യാപനം അടയാളപ്പെടുത്തുന്നത് ആണുങ്ങൾവഴിയുള്ള കലർപ്പിന്റെ വഴികളാണ്. ഒരു സമൂഹത്തിലേക്ക് വേഴ്ചയുമായി എത്തുന്ന ആണുങ്ങൾ അവരുടെ മുദ്ര അവിടെ പതിപ്പിക്കുകയാണ്. മൈറ്റോകോൺട്രിയൽ ഡി.എൻ.എ. ആകട്ടെ, അമ്മയുടെ അണ്ഡംവഴി പകർന്നുവ്യാപിക്കുന്നതും അങ്ങനെ സ്ത്രീകളിൽനിന്നും പകർന്നുകിട്ടിയ ‘പൈതൃക’ത്തിന്റെ സൂക്ഷ്മകോഡുകളും തലമുറകൾ കഴിഞ്ഞും ഇത്തരം വ്യാപനങ്ങൾ കണ്ടുപിടിക്കപ്പെടാം എന്നത് ശാസ്ത്രം മനഃസാക്ഷിയുമായി ചെയ്യുന്ന ലീലാവിനോദം ഭാരതത്തിലെ ഗോത്രവർഗ്ഗക്കാരിലും ഹിന്ദുജാതികളിലും മാതൃ ജീൻ പൂൾ (മൈറ്റോകോൺട്രിയൽ ഡി.എൻ.എ. അടയാളപ്പെടുത്തുന്ന (maternal gene ) വൻശതമാനവും ഒരുപോലത്തവയാണ്. അവർ ദ്രാവിഡരാകട്ടെ, ഇൻഡോ-യൂറോപ്യൻ വംശാവലിയിലുള്ളവരാകട്ടെ, ‘ഏകാംബ പുത്രരാം കേരളീയർ’ എന്നു കവി പാടിയത് മൊത്തം ഭാരതീയർക്കും ബാധകമാക്കാം. എന്നാൽ y ക്രോമൊസോം പരമ്പര തെളിയിക്കുന്നത് വ്യത്യസ്തമായ വംശാവലികൾ വന്നുകയറിപ്പോയതിന്റെ കഥകളാണ്. കുടിയേറ്റത്തിനു വന്നവരിലെ ആണുങ്ങൾ നാടൻ പെണ്മണികളെ വശംവദരാക്കിയതിന്റെ ശേഷപത്രം. ദുഷ്യന്ത-ശകുന്തള മഹാകാവ്യങ്ങൾ. പാടത്തെ ഉഴവുചാലിൽനിന്നും കിട്ടിയ സുന്ദരിക്കുട്ടിയെ പട്ടമഹിഷിയാക്കുന്ന താൻപേരിമകൾ.

സാംസ്‌കാരിക അനുമാനങ്ങളുടെയോ ധൈഷണിക പര്യാലോചനകളുടെയോ പിന്താങ്ങൽ ഇല്ലാതെയാണ് ജനിതകശാസ്ത്രം വസ്തുനിഷ്ഠമായ ചരിത്രസത്യങ്ങൾ കുഴിമാന്തി പുറത്തിടുന്നത്. കേരളചരിത്രത്തിന്റെ പുതിയ പാഠങ്ങൾ ആയിരിക്കും പരീക്ഷണശാലയിൽനിന്നും പഠിച്ചെടുക്കേണ്ടിവരുന്നത്. മലയാളികളുടെ Y ക്രോമൊസോം പഠനങ്ങൾ കൊടുക്കൽവാങ്ങലുകളുടെയും കലർപ്പ് കൈമാറ്റത്തിന്റെയും നിജസത്യങ്ങൾക്കു വഴിതെളിച്ചേക്കും”. ചിരിയുടെ സാധ്യതകളും അസാധ്യതകളും സൃഷ്ടിക്കുന്ന ആരോഗ്യകരവും രോഗാതുരവുമായ മനുഷ്യാവസ്ഥകളുടെ മറനീക്കുന്നു, ജീനുകളാൽ നിയന്ത്രിക്കപ്പെടുന്ന ചിരിയുടെ ഘടനപഠിക്കുന്ന ലേഖനം. എതിരൻ എഴുതുന്നു:

“ചിരിക്കാത്ത മുഖം സമൂഹത്തിൽ നിശിതമായി ഒതുക്കപ്പെടുന്ന വ്യക്തിയെയാണ് സൃഷ്ടിച്ചെടുക്കുന്നത്. ചിരിക്കാത്ത കുഞ്ഞിന് അക്കാരണത്താൽതന്നെ മാതാപിതാക്കളുമായി ഉചിതബന്ധം നിഷേധിക്കപ്പെട്ടേക്കാം. നിർവ്വികാരമായ മുഖം ബുദ്ധിക്കുറവിനെയോ മാനസിക പ്രശ്‌നത്തെയോ ദ്യോതിപ്പിക്കുന്നതായി തെറ്റിദ്ധരിക്കപ്പെടാം. കളിയാക്കലുകൾ, ആളെ ചെറുതാക്കൽ ഇവയൊന്നും പോരഞ്ഞ് കൂട്ടത്തിൽ കൂട്ടാത്ത കുട്ടിയായി അവഗണിക്കപ്പെട്ടേക്കാം. ആത്മാഭിമാനത്തിന്റെയും സ്വത്വബോധത്തിന്റെയും സമസ്യകളിലേക്കു നയിക്കുന്ന മാനസികവൃഥകളാണ് ഇതിന്റെ പരിണതി. മനോഹരമായ പുഞ്ചിരി നിങ്ങൾക്കുണ്ടെങ്കിൽ ഒന്നാന്തരം ചിരിക്കുടുംബത്തിൽ പിറവിയെടുത്തെന്ന സാഫല്യത്തിനു നന്ദി പറയുക. ‘നിൻ മുഖത്തെന്നോ മറഞ്ഞൊരാ പുഞ്ചിരി എന്നിനി എന്നിനി കാണും’ എന്ന് വിസ്മയപ്പെടുമ്പോൾ ക്രോമൊസോം 3, 10, 13 ഇവിടങ്ങളിലെങ്ങോ ഉള്ള ഒന്നോ രണ്ടോ ജീനുകളുടെ പ്രവർത്തനം തകരാറിലായി എന്ന ആശങ്കയ്ക്കും വഴിയുണ്ട്”.

Ethiran Kathiravan-Malayaliyude Janithakamജൈവപരമല്ല, സാമൂഹികമാണ് കുറ്റവാസനകളെന്ന പ്രഖ്യാതമായ നിഗമനത്തിന്റെ അടിക്കല്ലിളക്കിമാറ്റുകയാണ് മറ്റൊരു ലേഖനം. ഡാർവിൻ ജനറ്റിക്‌സിൽ തീഷ്ണാതനായിരുന്നില്ലെങ്കിലും മറ്റു ജീവികളുടേതുപോലെ മനുഷ്യന്റെയും പെരുമാറ്റരീതികൾ ജനിതകപരമാണ്, സാംസ്‌കാരികമല്ല എന്നു തിരിച്ചറിഞ്ഞിരുന്നു. മോളിക്യൂളാർ ബയോളജിയിൽ നടക്കുന്ന ഗവേഷണങ്ങൾ ഈ തിരിച്ചറിവിനെ സമർഥമായി മുന്നോട്ടുകൊണ്ടുപോകുന്നു. പെരുമാറ്റ ജനിതകശാസ്ത്രത്തിന്റെ കണ്ടെത്തലുകൾ ജയിംസ് വാട്‌സൺന്റെ വാക്കുകളെ സാർഥകമാക്കുകയും ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: “…..ptsa eugenic horrors in no way jtsuify the “Not Our Genes’ politically correct outlook of many letfwing academics. Theyts ill spread the unwarranted message that only our bodies, not our minds, have genetic origins. Essentially protecting the ideology that all ourt rouvles have capitaltsiic exploitative origins, they are purticularly uncomfortable with the thought that genes have any influence on intellectual abilities or tha tunoscial criminal behaviour might owe sti origins to other than class or racially motivated oppression”. എതിരൻ വിശദീകരിക്കുന്നു: “ക്രിമിനൽ സ്വഭാവങ്ങളോ ഹിംസാത്മകചേഷ്ടകളോ ദാരിദ്ര്യത്തിൽനിന്നോ തൊഴിലില്ലായ്മയിൽനിന്നോ മാത്രം ഉയിർത്തെഴുന്നേൽക്കുന്നതല്ലെന്ന് ബ്രസീലിന്റെ രാഷ്ട്രീയ-സാമൂഹിക ചരിത്രം ചൂണ്ടിക്കാണിക്കുന്നു. സാമൂഹിക-സാമ്പത്തിക അസമാനതയും ദാരിദ്ര്യവും വളരെ പരിഹരിക്കപ്പെട്ടിട്ടും ബ്രസീലിലെ ക്രിമിനൽ കുറ്റങ്ങളുടെയും ക്രൂരവാസനകളുടെയും ഗ്രാഫ് കുത്തനെ ഉയരുകയാണ്”.

ചൊവ്വ ഉൾപ്പെടെയുള്ള അന്യഗ്രഹങ്ങളിൽ ജീവൻ നിലനിൽക്കുന്നുണ്ടോ എന്ന അന്വേഷണത്തിന്റെ സാധ്യതകൾ വിശദീകരിക്കുന്നു, ഇനിയൊരു രചന. ഈ പുസ്തകത്തിൽ ഏറ്റവും ശ്രദ്ധേയവും സംവാദങ്ങൾ തുറന്നിട്ടതുമായ രചന സ്വവർഗരതിയെക്കുറിച്ചുള്ളതാണ്. സ്വവർഗരതി ‘പ്രകൃതിവിരുദ്ധ’മല്ല എന്നു സ്ഥാപിക്കുകമാത്രമല്ല, ഭ്രൂണാവസ്ഥയിൽതന്നെ ഓരോ വ്യക്തിക്കും ജന്തുവിനും കൈവരുന്ന ജനികതസ്വഭാവമാണെന്നു വിശദീകരിക്കുകയും ചെയ്യുന്നു, നിരവധി പഠനങ്ങളുദ്ധരിച്ച് എതിരൻ. ആൺ-പെൺ ലിംഗ വേർതിരിവും ദ്വിലിംഗ, ഏകലിംഗ അവസ്ഥകളും സ്വ, ഭിന്ന, ഉഭയവർഗലൈംഗിക താൽപര്യങ്ങളുമൊക്കെ ജനികതവിജ്ഞാനം മുൻനിർത്തി ഒന്നൊന്നായി വിശദീകരിക്കുന്നു, ഈ ലേഖനം. എതിരൻ വിവരിക്കുന്നതു നോക്കുക:

“ലൈംഗികാഭിമുഖ്യത്തിന്റെ കാര്യത്തിൽ തലച്ചോർ ഇക്കാലത്ത് ചില തീരുമാനങ്ങൾ എടുക്കുകയാണെന്നതിന്റെ വ്യക്തമായ തെളിവ് CAH (Congenital Adrenal Hyperplasia) എന്ന അസുഖം ബാധിച്ചവരിൽനിന്നാണ് ലഭിച്ചിട്ടുള്ളത്. ഭ്രൂണാവസ്ഥയിലെ ഹോർമോണുകളുടെ സ്വാധീനം മൂലം ലൈംഗികാഭിമുഖ്യം മാറപ്പെടുന്നതിനെക്കുറിച്ച് വ്യക്തമായ അറിവുകളാണ് ഇഅഒ ബാധിച്ചവരിൽ നടത്തിയ പഠനങ്ങൾ ശാസ്ത്രലോകത്തിനു സമ്മാനിച്ചത്. തത ക്രോമൊസോമുകളുള്ള, പെണ്ണായിത്തീരേണ്ട കുഞ്ഞിന്റെ പെൺഹോർമോണുകളുടെ നിർമ്മാണരീതി പുരുഷഹോർമോൺ നിർമ്മാണരീതിയുമായി കൂടിക്കുഴയുന്ന സ്ഥിതിയാണിത്. ടെസ്റ്റോസ്റ്റിറോൺ എന്ന പുരുഷ ഹോർമോൺ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുകയാണ് ഈ ഭ്രൂണങ്ങളിൽ. ഈ സ്ഥിതിയിൽ ജനിക്കുന്ന പെൺകുഞ്ഞുങ്ങൾക്ക് ഏകദേശം ആൺകുഞ്ഞുങ്ങളുടെ ബാഹ്യരൂപം കാണപ്പെടും. ലിംഗവൃഷണങ്ങൾ സഹിതം. ഇത് ശസ്ത്രക്രിയവഴി ക്രമീകരിക്കാമെങ്കിലും ഇവർ സ്വവർഗ് ലൈംഗികാഭിമുഖ്യമുള്ളവർ (ലെസ്‌ബിയൻസ്) ആയിത്തീരുകയാണ് പതിവ്. തഥ ക്രോമൊസോമുകളുള്ള, ആണാകേണ്ട ഭ്രൂണം, ആൺഹോർമോണുകളുടെ സ്വീകരിണികളുടെ അഭാവം നിമിത്തം പെൺസ്വരൂപങ്ങളായി ജനിക്കാറുമുണ്ട് (androgen insensittÈys yndrome). ഇവരുടെ തലച്ചോറ് പെണ്ണത്തമാർന്നതിനാൽ പിൽക്കാലത്ത് ഇവർക്ക് ആണുങ്ങളോടുതന്നെയായിരിക്കും താത്പര്യം. തഥ ക്രോമൊസോമുള്ള, ആൺകുഞ്ഞാവേണ്ട ഭ്രൂണം ലിംഗവൃഷണങ്ങൾ വളർന്നുതുടങ്ങിയിട്ടും തലച്ചോറ് പൂർണ്ണമായും ആണായി മാറിയില്ലെങ്കിൽ അവർ ദ്വിലിംഗവ്യക്തി ആയിത്തീരും. മാനസികമായും സമൂഹപെരുമാറ്റപരമായും അവർ പെണ്ണുങ്ങളായിരിക്കും”.

രണ്ടു ലിംഗമുള്ള ഇരട്ടവാലൻ പ്രാണികളുടെയും മറ്റുചില ജീവികളുടെയും സവിശേഷമായ ലൈംഗികജീവിതം വിശകലനം ചെയ്യുന്നു, അടുത്ത രചന. മദ്യപാനത്തെക്കുറിച്ചു നിലനിൽക്കുന്ന രണ്ടു വലിയ ധാരണകൾ തിരുത്തുന്നു, തുടർന്നുള്ള ലേഖനം. ഒന്ന്, മദ്യപാനാസക്തി ജനിതകമല്ല എന്ന ധാരണ. രണ്ട്, മദ്യപർക്കുമാത്രമേ ലിവർസിറോസിസ് വരൂ എന്ന ധാരണ. യഥാർഥത്തിൽ ഇവ രണ്ടും വലിയതോതിൽ പാരമ്പര്യമായി കിട്ടുന്ന ജനിതക സ്വഭാവങ്ങളാണ്. സാമൂഹികമായും ജീവിതപരമായും ചില മാറ്റങ്ങൾ വരാം എന്നു മാത്രം.

ആർത്തവരക്തം ഏറെ അപഹസിക്കപ്പെട്ട സമീപകാലത്ത് എതിരൻ എഴുതിയ ലേഖനം, വിത്തുകോശങ്ങളുടെ അക്ഷയഖനിയായി ആർത്തവരക്തത്തിനുള്ള സാധ്യതകൾ മറനീക്കുന്നു. കാവ്യാത്മകമായ രൂപകങ്ങളിലൂടെ ആർത്തവവിവാദം സൃഷ്ടിച്ച പുകിലുകളുടെ അസംബന്ധം എതിരൻ തുറന്നുകാണിക്കുന്നു. “രക്തബാങ്കുപോലെ വിത്തുകോശബാങ്കും തുടങ്ങാൻ എളുപ്പവഴികളാണ് തുറക്കപ്പെടുന്നത്. കോശങ്ങളുടെ ചേർച്ചയനുസരിച്ച് സ്വീകാര്യത വിപുലപ്പെടാം. ഈ ബാങ്കുകളിൽ ശേഖരിക്കപ്പെടുന്ന വിത്തുകോശങ്ങളുടെ ബാഹുല്യവും വൈവിധ്യവും അനുസരിച്ച് സ്വീകരിക്കപ്പെടുന്നവരുടെ എണ്ണം അതിബൃഹത്തായിരിക്കും. ഹൃദയസംബന്ധിയായ പല അസുഖങ്ങൾക്കും വിത്തുകോശങ്ങൾ ഉപയോഗിക്കപ്പെടാം എന്ന പുതിയ അറിവ് വിപ്ലവാത്മകമായ മാറ്റങ്ങളാണ് വരുത്തിത്തീർക്കുന്നത്. ഹൃദയകല (tissue) പുനർനവീകരണത്തിനു വശംവദമാകുമെന്ന അറിവ് നൂതനമാണ്. ഹൃദയത്തിന്റെ വേണ്ട ഭാഗത്ത് നിക്ഷേപിക്കപ്പെട്ട വിത്തുകോശങ്ങൾ മരാമത്തിലും അറ്റകുറ്റപ്പണികളിലും പങ്കെടുക്കുമെന്ന അറിവ് പുതിയ പരീക്ഷണങ്ങൾക്ക് വഴിതെളിയിച്ചിരിക്കയാണ്. കാർഡിയോളജി ക്ലിനിക്കുകൾ വമ്പന്മാറ്റങ്ങൾക്കു വിധേയമാകുമെന്നാണു സൂചന. സാഹിത്യത്തിൽ ആർത്തവരക്തം ലൈംഗികതാസൂചനയാണെങ്കിൽ ഹൃദയം പ്രണയസംബന്ധിയുമാണെങ്കിൽ ഇവ രണ്ടും കൂട്ടിയോജിപ്പിക്കുന്നത് ക്ലിനിക്കുകളിൽ ആയിരിക്കും. പ്രണയിനിയുടെ വിത്തുകോശങ്ങൾകൊണ്ട് പ്രണേതാവിന്റെ ഹൃദയമുറിവുകൾ ഉണക്കിയെടുക്കുന്ന ഭാവുകത്വം സത്യമായിത്തീരാൻ സാദ്ധ്യത”. തമിഴ്‌നാട്ടിലെ തേനി, കേരളത്തിലെ മതികെട്ടാൻ മലനിരകളുടെ അടിയിൽ നിർമ്മാണം നടക്കുന്ന ന്യൂട്രിനൊ നിരീക്ഷണശാലക്കെതിരെ ഉയർന്നുവന്ന എതിർപ്പുകളുടെ നട്ടെല്ലൊടിക്കുകയാണ് അടുത്ത ലേഖനം. ന്യൂക്ലിയർ ഫിസിക്‌സിലും പാർട്ടിക്കിൾ ഫിസിക്‌സിലും നിരക്ഷരരായ ‘വിദദ്ധർ’ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ അസംബന്ധലേഖനത്തിലെ കുയുക്തികൾ ഒന്നൊന്നായി എതിരൻ റദ്ദാക്കുന്നു. സ്വവർഗരതി, ജാതിവ്യവസ്ഥ എന്നീ വിഷയങ്ങളെക്കുറിച്ചെന്നപോലെ ഏറെ സങ്കീർണവും വിപുലവുമായ ശാസ്ത്രസങ്കല്പനങ്ങളെ ആശ്രയിച്ചുകൊണ്ടാണ് ന്യൂട്രിനൊയെക്കുറിച്ചു എതിരൻ എഴുതുന്നത്. പരിസ്ഥിതിബദ്ധമായ ഊർജ്ജോല്പാദനത്തെക്കുറിച്ചും ഉലുവയുടെയും മഞ്ഞളിന്റെയും അസാമാന്യമായ രാസവിസ്മയങ്ങളെക്കുറിച്ചുമാണ് തുടർന്നുള്ള ലേഖനങ്ങൾ.

അവസാനലേഖനം ആനയുടെ മദപ്പാടിനു പിന്നിലെ ജീവശാസ്ത്രവും കാമസൂത്രവും ചർച്ചചെയ്യുന്നു. കേരളീയസന്ദർഭത്തിൽ ഏറെ പ്രസക്തവും ശാസ്ത്രീയവും അപൂർവവുമായ ഒരു ശ്രമമാണിത്. ആനകളെ പരിരക്ഷിക്കുന്നതിന് മലയാളി പുലർത്തിപ്പോരുന്ന സമീപനങ്ങളുടെ ‘പ്രകൃതിവിരുദ്ധത’ മുതൽ മദപ്പാടിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ വരെ എതിരൻ പൊളിച്ചടുക്കുന്നു. “ലൈംഗികോത്തേജനത്തിന്റെ പരിണതി മാത്രമാണ് മദംപൊട്ടൽ എന്ന് തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഇണയെ പ്രാപിക്കാനുള്ള ഉപാധികളുടെ ശരീരധർമ്മശാസ്ത്രമാണ് മദപ്പാടിന്റെ പ്രധാന പ്രകരണങ്ങൾ. സസ്തനികളിൽ ആനകൾക്കു മാത്രം പ്രകൃതി അനുവദിച്ചുകൊടുത്തിട്ടുള്ള ചില വിട്ടുവീഴ്ചകൾ. പരസ്പരസംവേദനത്തിന്റെ ഉൽക്കടമായ പ്രത്യക്ഷപ്പെടുത്തൽ. ബന്ധനത്തിലാക്കപ്പെട്ട ആനകൾ വിനിമയോപാധികൾ ഇല്ലാതെപോയോ അതിരുകടന്നുപോയോ സംഭ്രമത്തിൽ എത്തിച്ചേർന്നതിന്റെ ദൃഷ്ടാന്തം. ഏഷ്യൻ ആനകളുടെ സ്വാഭാവികജീവശാസ്ത്രത്തിന്റെ ഭാഗമാണ് മദപ്പാട്. ചരിത്രാതീതകാലത്ത് പ്രകൃതിയുമായി സമരസപ്പെടാൻ പരിണാമശാസനങ്ങൾ നിർദ്ദേശിച്ചുകൊടുത്ത പോംവഴികളുടെ ശേഷപത്രവുമാവാം ഇത്. സമൂഹജീവിയാണ് ആന. അതിസങ്കീർണ്ണമായ രാസവിദ്യകളാൽ പരസ്പരം സന്ദേശങ്ങളയച്ചും ഇണങ്ങിയും പിണങ്ങിയും കൂട്ടംചേർന്നും അവർ സമൂഹവ്യവസ്ഥകൾ നിർമ്മിച്ചെടുക്കുന്നു. കല്യാണപ്രായത്തിൽ പെണ്ണുങ്ങൾ ചൂടുന്ന കന്മദഗന്ധം തേടിനടക്കുന്ന കാമുകന്മാരും പ്രിയന്റെ കാമച്ചൂരിനാൽ വിജൃംഭിതയായവളും രാസവിദ്യാപ്രണയലേഖനം എങ്ങനെയെഴുതണം എന്ന് ചിന്താക്കുഴപ്പമില്ലാത്ത ഗജിനികളും ഈ വിസ്തൃതകുടുംബത്തിലെ അംഗങ്ങളാണ്. ഈ കൂട്ടായ്മയിൽനിന്നും ‘ഒറ്റ’യാക്കി മാറ്റപ്പെട്ടവരാണ് നമ്മുടെ നാട്ടാനകൾ. മദപ്പാട് സ്വയം നിയന്ത്രിക്കാൻ വയ്യാതാവുന്നത് കണക്കിലെടുക്കേണ്ടത് ഈ മാറ്റപ്പെട്ട സാഹചര്യങ്ങളിലാണ്”.

ചുരുക്കത്തിൽ, നാളിതുവരെ മലയാളിയുടെ പൊതുബോധം കാത്തുസൂക്ഷിച്ചിരുന്ന എത്രയെങ്കിലും സാമൂഹ്യധാരണകളെ, രാഷ്ട്രീയവിശ്വാസങ്ങളെ, പ്രകൃതിയാഥാർഥ്യങ്ങളെ, ജീവിതവിസ്മയങ്ങളെ, മാനുഷികസംസ്‌കാരങ്ങളെ, പെരുമാറ്റശീലങ്ങളെ, പ്രപഞ്ചവീക്ഷണങ്ങളെ ജനിതകവിജ്ഞാനത്തിന്റെ കാഴ്ചപ്പാടിൽ തിരുത്തിയെഴുതാനുള്ള വഴികളിലേക്കു വിരൽ ചൂണ്ടുകയാണ് എതിരൻ കതിരവൻ. ആധുനികത മലയാളിക്കു സൃഷ്ടിച്ചുനൽകിയ സാംസ്‌കാരികചിന്തകൾക്കുമേൽ അടിപടലേ നടക്കുന്ന ഒരു പൊളിച്ചെഴുത്താണിത്.   പുസ്തകത്തിൽ നിന്ന്       “1991-ലാണ് ആദ്യമായി സ്വവർഗ്ഗാഭിമുഖ്യം തലച്ചോറിന്റെ ഘടനാസ്വാധീനത്തിലാകാൻ സാദ്ധ്യതയുണ്ടെന്നും സാമൂഹികമോ സ്വയം തെരഞ്ഞെടുത്ത ജീവിതരീതി അടിസ്ഥാനപ്പെടുത്തിയ കാരണങ്ങളാലോ ആയിരിക്കില്ലെന്നുമുള്ള നിഗമനം ശാസ്ത്രലോകം സമ്മാനിച്ചത്. ഏറ്റവും പ്രബലമായ സയൻസ് ജേർണലിൽത്തന്നെയാണ് ലിവേ എന്ന ശാസ്ത്രജ്ഞന്റെ ഈ പഠനം പ്രസിദ്ധീകരിക്കപ്പെട്ടത്. ഹൈപ്പോതലാമസ്സിലെ ലൈംഗികാഭിമുഖ്യം നിയന്ത്രിക്കുന്ന ന്യൂക്ലിയസ് ഹോമോ ആണുങ്ങളിൽ എങ്ങനെ വ്യത്യസ്തമായിരിക്കുന്നു എന്നതായിരുന്നു പ്രധാന നിരീക്ഷണം. അതിനും ഒരു കൊല്ലം മുൻപ് തലച്ചോറിലെ ‘ക്ലോക്ക്’ ആയ SCN (Supra Chiasmatic Nucleus) നു ലൈംഗികപങ്കാളിയെ തെരഞ്ഞെടുക്കലിനു സ്വവർഗ്ഗപ്രേമികളിൽ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നൊരു വസ്തുതയും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ലോകമെമ്പാടുമുള്ള മതപിന്തിരിപ്പൻ സമൂഹസ്വാധീനങ്ങളാൽ ശാസ്ത്രജ്ഞന്മാർപോലും അറച്ചുനിന്നിരുന്ന ഈ ‘പ്രശ്‌നം’ പഠിക്കാൻ നിരവധി പരീക്ഷണശാലകൾ താമസിയാതെ മുന്നോട്ടിറങ്ങി. ടെസ്റ്റോസ്റ്റിറോണിന്റെ പ്രവർത്തനങ്ങളെ മാറ്റിമറിക്കുന്ന ഇടപെടൽ നടത്തിയ എലിയുടെ ഭ്രൂണാവസ്ഥയിൽ ഈ ടഇച-ന്റെ വലിപ്പം കൂടിയതായും പിറന്നശേഷം ഹോമോസെക്ഷ്വൽ സ്വഭാവരീതികൾ പ്രകടിപ്പിച്ചതായും കണ്ടെത്തിയത് ഇത്തരം പരീക്ഷണങ്ങളിലായിരുന്നു. തലച്ചോറിന്റെ മറ്റു ഭാഗങ്ങളൊക്കെ ആൺ/പെൺ നിജപ്പെടുത്തലുകൾ കൃത്യമായി അനുഷ്ഠിക്കപ്പെട്ടാലും ഹൈപ്പോതലാമസ്സിലെ ചില ഭാഗങ്ങളുടെ സൂക്ഷ്മവിന്യാസക്രമവൃതാസമാണ് പ്രധാനമായും ലൈംഗികാഭിനിവേശത്തെ നിയന്ത്രിക്കുന്നത് എന്ന നിഗമനത്തിന് ആക്കംകൂട്ടപ്പെടുകയായിരുന്നു ഇത്തരം പരീക്ഷണങ്ങളാൽ. ഹൈപ്പോതലാമസ് ലൈംഗികാഭിമുഖ്യത്തെ നിയന്ത്രിക്കുന്നു എന്ന അറിവ് നേരത്തേതന്നെ ആടുകളിലെ ലൈംഗികരീതികൾ പഠിച്ച ശാസ്ത്രജ്ഞന്മാർക്ക് അറിവുള്ളതായിരുന്നു. മുട്ടനാട് 10% സ്വവർഗ്ഗരതിക്കാരാണ്. ആടുവളർത്തൽകാർക്ക് ഇതു പണ്ടേ അറിയാം. ജന്തുക്കളിൽ ഏറ്റവും കൂടുതൽ സ്വവർഗ്ഗപ്രേമികളെ കാണുന്നത് ആടുകളിലാണ്. കാമവിജൃംഭിതകളായ പെണ്ണാടുകൾ ഇവരുടെ മുൻപിൽ വന്നുനിന്നു യാചിച്ചാലും ഈ ഗേ ആടുകളുടെ കണ്ണ് മറ്റേ സുന്ദരൻ മുട്ടനാടുകളിലാണ്. ഇവരുടെ തലച്ചോറ് പഠനങ്ങൾ മനുഷ്യരുടെ ലൈംഗിക മനോവ്യാപാരങ്ങൾ അറിയാൻ ഉതകിയിട്ടുണ്ട്. ഹൈപ്പോതലാമസ്സിലെ ന്യൂക്ലിയസ്  ovine SDN or oSDN (മൃഗങ്ങളിൽ ലൈംഗികപങ്കാളിയെ തെരഞ്ഞെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് ഈ ഭാഗമാണ്) ആണിനും പെണ്ണിനും രണ്ടു വലിപ്പത്തിലാണ്. പെണ്ണാടുകളെ ഇഷ്ടമുള്ള മുട്ടനാടിന് ഈ oSDN വലുതാണ്, ഗേ ആടുകളെക്കാൾ. പെണ്ണാടിനും ഇത് ചെറുതാണ്. ഭ്രൂണാവസ്ഥയിൽ 60 ദിവസം ആകുമ്പോൾതന്നെ ഈ ഭാഗം വ്യതിരിക്തമായിത്തുടങ്ങും; 135 ദിവസം ആകുമ്പോഴേക്കും ഈ വലിപ്പവ്യത്യാസം ദൃഢീകരിക്കപ്പെടുകയുമാണ്. പ്രധാനമായും ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിന്റെ പ്രാഭവമാണിത്. ഹൈപ്പോതലാമസ്സിന്റെ മുൻഭാഗത്തെ മൂന്നാമത്തെ ന്യൂക്ലിയസ് INAH3 എന്ന പേരിൽ അറിയപ്പെടുന്നു. മനുഷ്യരിൽ INAH3 (Intestritial Nucleus of the Anterior Hypothalamus3) ആടുകളുടെ oSDN നു സമമാണ്. റീസസ് കുരങ്ങുകളിലും എലികളിലും ഇതിനു സമാനമായ കചഅഒ ലൈംഗികപെരുമാറ്റത്തെ നിയന്ത്രിക്കുന്നു എന്നത് ദൃഢീകരിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യരിൽ, ആടുകളുടെ oSDN പോലെ INAH3യ്ക്ക് വലിപ്പവ്യത്യാസമുണ്ട്. ആണിനും പെണ്ണിനും. ആണുങ്ങൾക്ക് വലിപ്പക്കൂടുതലുണ്ട്. ഹോമോ ആണുങ്ങളുടെ INAH3 സ്ത്രീകളുടേതു മാതിരിയാണ്. ചെറുതാണ്. പെണ്ണ്/ആണ് ലിംഗമാറ്റം വേണ്ടിവന്നവരുടെ INAH3 ആണുങ്ങളുടേതുമാതിരിയാണ്. ഈ നിരീക്ഷണങ്ങൾ പിന്തുണയ്ക്കുന്നത് ഭ്രൂണാവസ്ഥയിൽ രൂപീകരിക്കപ്പെടുന്ന INAH3 യുടെ സ്വരൂപവ്യത്യാസം സ്വവർഗ്ഗ ലൈംഗികതയിലേക്കു നയിച്ചേക്കാം എന്ന നിഗമനത്തെയാണ്.”

എതിരൻ കതിരവൻ എഴുതിയ മലയാളിയുടെ ജനിതകം (ശാസ്ത്രലേഖനങ്ങൾ) വെറും 69 രൂപയ്ക്ക് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എഴുതിയത്; ഷാജി ജേക്കബ്
കടപ്പാട്; മറുനാടൻ മലയാളി ഓൺലൈൻ

Comments are closed.