മലയായിലെ മലയാളികള്‍
ഡിസംബർ ലക്കം പച്ചക്കുതിരയിൽ
ഒരു കാലത്ത് മലയാളികളുടെ ഭാഗ്യാന്വേഷണ നാടായിരുന്നു മലയ. അവിടെയെത്തിയവര്‍ തിരിച്ച് നാടിനെയും പലരീതിയില്‍ സമ്പന്നമാക്കി. ‘പച്ചക്കുതിര’യുടെ മുന്‍ ലക്കങ്ങളില്‍ എഴുതിയ’ മലയാളിയുടെ കപ്പല്‍ യാത്രകള്‍’, ‘ഫിജിയിലെ കൂലിയടിമകള്‍’, ‘സിലോണ്‍ എന്ന സ്വപ്നതുരുത്ത് ‘, ‘പഗോഡ മരങ്ങള്‍ തേടിയ മനുഷ്യര്‍’ എന്നീ ലേഖനങ്ങളുടെ തുടര്‍ച്ചയായി, മലയാളിയുടെ ‘മലയന്‍’ പുറംവാസചരിത്രം അന്വേഷിക്കുകയാണ് ലേഖകന്‍.
ആയിരക്കണക്കിന് റബ്ബര്‍ എസ്റ്റേറ്റുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, ഖനികള്‍, സിംഗപ്പൂരില്‍ സിലേത്താര്‍ എന്ന സ്ഥലത്തെ തുറമുഖവികസന പദ്ധതികള്‍ തുടങ്ങി പലതുകൊണ്ടും സമ്പല്‍സമൃദ്ധമാണ് മലയാ. അവിടെ എല്ലാംതന്നെ, ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥന്മാരും മലയാളികളാണ്. ഉദ്യോഗമേതായാലും അസൂയാര്‍ഹമായ ശമ്പളവും തുച്ഛമായ ജീവിതച്ചെലവും. എല്ലാവിധ സുഖഭോഗങ്ങളുടേയും നാടാണ് മലയാ. ചുരുക്കത്തില്‍ ഒരു
ചെറിയ ‘യുട്ടോപ്പിയ’. ബുദ്ധിയും കാര്യശേഷിയുമുള്ള ഏതൊരാള്‍ക്കും പരീക്ഷായോഗ്യതകള്‍ പരിഗണിക്കാതെതന്നെ, മലയായില്‍ ഉപജീവനമാര്‍ഗ്ഗം കണ്ടെത്താന്‍ എളുപ്പമാണെന്ന് കുറുപ്പുചേട്ടന്‍ ഉറപ്പിച്ചുപറഞ്ഞു. അതോടുകൂടി മലയാ രാജ്യത്തിന്റെ അതിര്‍ത്തി എന്റെയും ശിവരാമപിള്ളയുടെയും മനസ്സിലേക്കു വ്യാപിച്ചു. മനുഷ്യന്റെ എല്ലാ ജീവിതവ്യാപാരങ്ങളുടെയും പരാധീനതകളുടെയും ആദിമൂലം പണമാണ്. അതുണ്ടാക്കാന്‍ പറ്റിയ സ്ഥലമാണ് മലയാ. പല പല ഉദ്യോഗസൗകര്യങ്ങളും തുറന്നുവച്ചുകൊണ്ട് മലയാ അങ്ങനെ മലര്‍ന്നുകിടക്കുന്നു. അവിടെ എത്തിപ്പെട്ടാല്‍ ജയിച്ചു, പിറ്റേദിവസം ഉദ്യോഗമാണ്. ആറുമാസത്തിനുള്ളില്‍ ചിന്നമ്മയെ മലയായിലേക്കു കൊണ്ടുപോകാം.” എന്‍.എന്‍.പിള്ള (ആത്മകഥ: ഞാന്‍) എന്‍.എന്‍.പിള്ള ഒളിച്ചോട്ടം ഭംഗിയായി നിര്‍വഹിച്ചു. പക്ഷേ, കാര്യങ്ങള്‍ മറ്റൊരു വഴിക്കാണ് നീങ്ങിയത്. അവിടെ എത്തി അധികം വൈകാതെ എന്‍.എന്‍.പിള്ളയ്ക്ക് ‘യുട്ടോപ്പിയ’യില്‍നിന്ന് സ്വപ്നങ്ങള്‍ തകര്‍ന്നുപോയ നാടായി മലയ മാറി എന്നത് പിന്നത്തെ കഥ. പക്ഷേ, അരനൂറ്റാണ്ടുകാലം മലയാളികളുടെ സ്വപ്നഭൂമിയായിരുന്നു മലയ. 1890കള്‍ മുതല്‍ 1940 വരെ നീണ്ടു നിന്ന ആ പുറംവാസ പുഷ്‌കലകാലം പല നിലയ്ക്ക് മലയായെയും മറ്റ് പല രീതിയില്‍ മലയാളത്തെയും സമ്പുഷ്ടമാക്കി. മലയായിലെ മലയാളി ചരിത്രം ഇനിയും വേണ്ടത്ര അന്വേഷിക്കപ്പെടാത്ത അധ്യായമാണ്. ലിഖിതരേഖകള്‍ പ്രകാരം 1511-ല്‍ മലയാളത്തില്‍ നിന്ന് ആളുകള്‍ അവിടെയെത്തി. 1511 മെയ് രണ്ടിന് പോര്‍ച്ച്ഗീസുകാര്‍ അല്‍ഫാണ്‍സോ ഡി അല്‍ബുക്കര്‍ക്കിന്റെ നേതൃത്വത്തില്‍ മലാക്ക പിടിച്ചെടുത്തു. അതിനായി കൊച്ചിയില്‍നിന്ന് പുറപ്പെട്ട 19 കപ്പലുകളില്‍ സഹായത്തിനായി 600 മലയാളികള്‍ ഉണ്ടായിരുന്നു എന്നാണ് രേഖ. അവരില്‍ ചിലരാണ് മലയായിലെ ആദ്യത്തെ മലയാളി പുറംവാസികള്‍. 1806-ല്‍ പഴശ്ശിയുടെ കലാപം
അടിച്ചമര്‍ത്തിയപ്പോള്‍ പള്ളൂര്‍ എമ്മന്‍ നായരെയും മറ്റ് നിരവധിപേരെയും പെനാഗിലേക്കാണ് നാടുകടത്തിയിരുന്നത്. 3 ഇവരും അവിടുത്തെ
ആദ്യ മലയാളി തലമുറയില്‍ പെടുന്നു.
ഇന്ത്യന്‍ കുടിയേറ്റം, മലയാളികളുടെ പ്രവാഹം
പോര്‍ച്ച്ഗീസ് അധിനിവേശത്തിനുശേഷം മലയാ ഉപദ്വീപ് ബ്രിട്ടന്റെ കീഴിലായി. 1867 ഏപ്രില്‍ ഒന്നുവരെ ഇന്ത്യയിലെ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കീഴിലായിരുന്നു മലയ. അതിനുശേഷം ബ്രിട്ടീഷ് ക്രൗണ്‍ കോളനിയായി ‘സ്ട്രൈറ്റ്‌സ് സെറ്റില്‍മെന്റ്’ മാറി. 1887 വരെ മലയായിലെ മുഖ്യതോട്ടകൃഷി കരിമ്പായിരുന്നു. കരിമ്പിന്‍ തോട്ടങ്ങളില്‍ പണിയെടുക്കാനാണ് ആദ്യകാലത്ത് ഇന്ത്യക്കാരെ മലയായിലേക്കുകൊണ്ടുപോയത്. 1877-ലെ ആക്റ്റ് V ആയിരുന്നു ഇന്ത്യക്കാരെ അങ്ങോട്ടേക്കു കൊണ്ടുപോകാനുള്ള വ്യവസ്ഥകള്‍ നിശ്ചയിച്ചത്. 1884- ല്‍ ഇന്ത്യന്‍ ഇമിഗ്രേഷന്‍ ഓര്‍ഡിനന്‍സ്
പാസാക്കി. അടുത്ത വര്‍ഷം 1877-ലെ ആക്ട് V റദ്ദാക്കി. സ് ട്രൈറ്റ്‌സ് ഇമിഗ്രേഷന്‍ ഏജന്റുകള്‍ ലൈസന്‍സ് നല്‍കുകയും അവിടെ രജിസ്റ്റര്‍ നടത്തുകയും ചെയ്താലേ ഇന്ത്യക്കാരെ അങ്ങോട്ട് തൊഴിലാളികളായി കൊണ്ടുപോകാന്‍ കഴിയൂ എന്നായി കാര്യങ്ങള്‍. ഓര്‍ഡിനന്‍സ് പ്രകാരം സ്ട്രൈറ്റ്‌സില്‍ എത്തിയാല്‍ തങ്ങള്‍ മേടിച്ച അഡ്വാൻസ് തുകയ്ക്കും ‘സ്മാര്‍ട്ട് മണി’ക്കും പകരമായി മൂന്നു വര്‍ഷം തൊഴിലാളികള്‍ കരാറില്‍ ഏര്‍പ്പെടണം. റിക്രൂട്ടര്‍മാര്‍ തൊഴിലാളികളില്‍നിന്ന് കമ്മീഷൻ പറ്റരുതെന്ന് വ്യവസ്ഥയുണ്ടായിരുന്നെങ്കിലും അതായിരുന്നില്ല അവസ്ഥ. 1900-ത്തിനുശേഷം കരിമ്പിനെയും കാപ്പിയെയും മറികടന്ന് മലയായില്‍ റബ്ബര്‍ കൃഷിവ്യാപിച്ചു.
പൂര്‍ണ്ണരൂപം 2024 ഡിസംബർ ലക്കം പച്ചക്കുതിരയില്‍
ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍
ഡി സി / കറന്റ് പുസ്തകശാലകളിലും ഡിസംബർ ലക്കം ലഭ്യമാണ്