DCBOOKS
Malayalam News Literature Website

ഫിജിയിലെ മലയാളി കൂലി അടിമകള്‍: ആര്‍.കെ.ബിജുരാജ് എഴുതുന്നു

മെയ് ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച  ലേഖനത്തില്‍ നിന്നും

ചത്തുകൊണ്ട് ജീവിച്ച മനുഷ്യരുടെ പുറംവാസ ചരിത്രവായന. മനുഷ്യൻ മനുഷ്യനെ അതിക്രൂരമായി ചൂഷണംചെയ്ത ചരിത്രഗാഥകൾ പിൻതലമുറ അറിയാതെയും ശ്രദ്ധിക്കാതെയും പോയത് എത്രയോ ഉണ്ട്. ഭരണകൂടങ്ങളുടെ വർത്തമാനകാല ക്രൂരതകൾപോലും, വിവരസാങ്കേതിക ഉപകരണങ്ങൾ വ്യാപകമായ ഈ കാലത്തും, നമ്മൾ അറിയാതെപോകുന്നുണ്ടല്ലോ. പസഫിക്ക് മഹാസമുദ്രത്തിലെ ഫിജി ദ്വീപുകളിലേക്ക് ബ്രിട്ടീഷ് സാമ്രാജ്യത്വഭരണകൂടം മലയാളികളടക്കമുള്ള സാധാരണ മനുഷ്യരെ കടത്തിക്കൊണ്ടുപോയി കൂലി അടിമകളാക്കി ചൂഷണം ചെയ്ത ഒന്നര നൂറ്റാണ്ടു പഴക്കമുള്ള ചരിത്രമാണ് പത്രപ്രവർത്തകനും ചരിത്രകാരനുമായ ആർ. കെ. ബിജുരാജ് പച്ചക്കുതിരയുടെ മെയ് ലക്കത്തിൽ എഴുതിയിരിക്കുന്നത്. മലയാളിയുടെ പുറംവാസ ചരിത്രത്തിന്റെ തുടർച്ചയെഴുത്താണ് ഇത്.

ഫിജി ഇന്ന് മോഹിപ്പിക്കുന്ന നാടല്ല. ഗള്‍ഫ് പോലെയോ യൂറോപ്പ് പോലെയോ ഫിജി ആരെയും മാടിവിളിക്കുന്നുമില്ല. മുമ്പും അങ്ങനെതന്നെയായിരുന്നു. എന്നിട്ടും ഫിജിയിലേക്കു മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ വലിയകൂട്ടം നയിക്കപ്പെട്ടു. ഇങ്ങനെ ‘എത്തിക്കപ്പെട്ടവര്‍’ ആ രാജ്യത്തിന്റെ ഭാഗധേയം പലവിധത്തില്‍ മാറ്റിയെഴുതി.

നമ്മുടെ നാട്ടില്‍നിന്ന് 11600 കിലോമീറ്റര്‍ അപ്പുറമാണ് ഫിജി. വിമാനത്തിലാണെങ്കില്‍ 12 മുതല്‍ 16 മണിക്കൂര്‍വരെ ദൂരം. കപ്പലിലാണെങ്കില്‍ 8116 നോട്ടിക് മൈല്‍ അപ്പുറം. 1800 കളില്‍ പായക്കപ്പലില്‍ 60-70 ദിവസവും ആവിക്കപ്പലില്‍ മുപ്പതുദിവസംകൊണ്ടും മാത്രം എത്താനാവുന്ന രാജ്യം. എന്നിട്ടും കൊളോണിയല്‍ ഭരണകൂടം മലബാറില്‍നിന്നടക്കമുള്ള കൂലി അടിമകളെ വിലപറഞ്ഞുറപ്പിച്ച് ഫിജിയിലെ തോട്ടങ്ങളിലേക്ക് ആട്ടിത്തെളിച്ചു. അനീതിയുടെയും അന്യായത്തിന്റെയും വലിയ കഥയാണ് ഫിജിയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ അടിമത്തത്തിനു പറയാനുള്ളത്. 1834 ആഗസ്റ്റ് ഒന്നുമുതല്‍ നിയമംമൂലം ബ്രിട്ടന്‍ അടിമത്തം നിരോധിച്ചിരുന്നു. പക്ഷേ, അടിമത്തത്തിന്റെ പുതിയ രൂപമായിരുന്നു ഫിജിയില്‍ നടപ്പാക്കിയ ‘കൂലിഅടിമത്തം’ അഥവാ ഇന്‍ഡെന്‍ജെര്‍ (Indenture) തൊഴില്‍ക്രമം.

പസഫിക് മഹാസമുദ്രത്തില്‍ 330 ദ്വീപുകളായാണ് ഫിജി സ്ഥിതി ചെയ്യുന്നത്. അതില്‍ മൂന്നില്‍ ഒന്ന് ദ്വീപുകളില്‍മാത്രമാണ് ആള്‍ താമസം. തലസ്ഥാനമായ സുവ സ്ഥിതി ചെയ്യുന്ന വെറ്റി ലെവു (Viti Levu) യിലാണ് ഫിജിജനസംഖ്യയില്‍ മൂന്നില്‍ ഒന്ന് താമസിക്കുന്നത്.(1) അവിടെയാണ് ഇന്ത്യക്കാരില്‍ നല്ല പങ്കും എത്തപ്പെട്ടത്.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  മെയ്  ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മെയ്  ലക്കം ലഭ്യമാണ്‌

 

Comments are closed.