DCBOOKS
Malayalam News Literature Website

‘മലയാളത്തമിഴന്‍’ കുരീപ്പുഴ ശ്രീകുമാര്‍ എഴുതിയ കവിത

സുബ്രഹ്മണ്യ ഭാരതിയോ
സുപ്രഭാത മാധുരിയോ
മധുരത്തേന്‍ തുമ്പികളില്‍
കവിതയ്ക്കു തീ കൊളുത്തി

കൊളുത്തില്ലാ ജാലകത്തില്‍
കൊളുന്തിന്റെ മണപ്പച്ച
പച്ചപ്പാടം കാത്തു വച്ച
കാവേരിപ്പൂമ്പട്ടണത്തില്‍

പട്ടണപ്പോര്‍വെയിലല്ലോ
പടിയെല്ലാം കെട്ടിയത്
കെട്ടുപടി കേറിക്കേറി
മധുരയ്ക്കു പോയൊരുത്തന്‍

പോയ കോലം കോവലനായ്
ചിലമ്പില്ലാക്കള്ളനുമായ്
മായക്കാലം കണ്ടുനില്‍ക്കേ തലയില്ലാച്ചെമ്മരമായ്

മരം കണ്ടു പെണ്ണൊരുത്തി
മുലത്തീയില്‍ പുരം കത്തി
കത്തി കൊണ്ടു കാവ്യമൊന്നു
വരഞ്ഞിട്ടു മലയാളി

മലയാളത്തമിഴന്റെ
മലയില്ലാത്തിണ കേട്ടു
കേട്ടുകേള്‍വിക്കപ്പുറത്തെ
വഴിനടത്ത പ്പോരാട്ടം

പോരാട്ടപ്പൊരുള്‍ ചൊല്ലു
പനനൊങ്കേ നല്ല തങ്കേ
തങ്കപ്പെട്ട മണിയമ്മേ
പെരിയോറിന്‍ കഥ ചൊല്ല്

ചൊല്ലുറങ്ങും കഥ കേള്‍ക്കാന്‍
കണ്ണടച്ചു ചെല്ലക്കണ്ണ്

കണ്ണിലൊരു കാവലിന്റെ
കുന്തമുന നീളുന്നുണ്ട്

ഉണ്ടായില്ലാ വെടി കേട്ട
കപ്പലോട്ടക്കാലമാണ്
കാലക്കോട്ടയുലയ്ക്കുന്നു
രാവണന്റെ ദശചിന്ത

ചിന്തച്ചന്ദ്രന്‍ ദ്രാവിഡന്റെ
ചന്തമുള്ള മുഖം കണ്ടു
കണ്ട മുടി മേഘമായി
രാത്രിക്കാട്ടിലിടിവെട്ടി

വെട്ടിയ വാള്‍ത്തുമ്പിലൊരു
കോസലന്റെ കോപം കണ്ടു
കണ്ട കടല്‍ ആര്‍ത്തലയ്‌ക്കേ
കിഴക്കിന്റെ മിഴി ചോന്നു

ചോന്നമിഴി വെളുത്തപ്പോള്‍
മണ്ണടരില്‍ കൈകള്‍ കുത്തി
കുത്തിവച്ച കാര്‍ക്കൊടിയില്‍
ഉദയത്തിന്നഴകേറി

ഏറിയൊരു സ്വാഭിമാന
ക്കൊടിക്കമ്പിന്‍ ചോട്ടിലല്ലോ
ചോടുറച്ച തങ്കപ്പെണ്ണും
ചെല്ലക്കണ്ണും തളിര്‍ക്കുന്നു

തളിര്‍ക്കുന്നു കൃഷ്ണമരം
മുളയ്ക്കുന്നു വംശച്ചെടി
ചെടിച്ചുണ്ടില്‍ ചെണ്ടുമല്ലി
കൊണ്ടിളകീ പുളിമരങ്ങള്‍

പുളിമരമേ പുന്നാരീ
ചിണുങ്ങുന്നു ചിങ്ങത്തെങ്ങ് തെങ്ങോലത്തുമ്പിലുണ്ടൊരു
മലയാളത്തമിഴ് ചിന്ത്.

ആഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ചത്.

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ആഗസ്റ്റ്  ലക്കം ലഭ്യമാണ്‌

Comments are closed.