ആഖ്യാനവും എഴുത്തിന്റെ നിയമങ്ങളും വെച്ചല്ല തന്റെ രചനകളെ സൃഷ്ടിക്കുന്നത്: സേതു
ഗസല്‍ ഒഴുക്കുന്ന മലബാറില്‍, നോവലും കഥയും എത്തിനോക്കിയപ്പോള്‍ ആസ്വാദകഹൃദയത്തില്‍ അത് പുതിയ ഒരനുഭവമായി. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പില്‍, രണ്ടാം ദിവസം വേദി നാലില്‍ നടന്ന മലയാള നോവലിലെ ആഖ്യാന പരിണാമങ്ങള്‍ എന്ന സെഷന്‍ വേറിട്ട് നിന്ന ഒന്നാണ്.
മലയാള നോവലുകളില്‍ ഏറ്റവും മികച്ചത് ശബ്ദങ്ങള്‍ ആണെന്ന് അംബികാസുതന്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. വലുപ്പത്തില്‍ അല്ല അതിന്റെ ആഖ്യാനരീതിയില്‍ ആണ് അത് മികവ് തെളിയിക്കുന്നത്. നോവലിലെ കഥാപാത്രം ഒറ്റക്കാണ് എന്നു പറയുമ്പോള്‍ ആഖ്യാതാവു പറയുന്ന മറുപടി താങ്കള്‍ക്ക് പൊക്കിളുണ്ടോ എന്നാണ്. പൊക്കിള്‍ ഉണ്ടാവുമ്പോള്‍ ഒരു അമ്മയും, അച്ഛനും അങ്ങിനെ എല്ലാവരും ഉണ്ടാകുന്നു എന്നും പറയുന്നു. പൗരത്വം ചര്‍ച്ച ചെയ്യുന്ന കാലത്ത് ഈ സന്ദര്‍ഭം ഏറെ പ്രസക്തമാണ് എന്നും മാങ്ങാട് പറഞ്ഞു. വാസനാവികൃതിയുടെ പിതൃത്വം വേങ്ങയില്‍ കുഞ്ഞിരാമന്‍ നായര്‍ക്ക് മാത്രം അല്ല എന്നും അതിനൊപ്പം തന്നെ സി.പി. അച്യുത മേനോനും അതിന്റെ രചയിതാവാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഖ്യാനവും എഴുത്തിന്റെ നിയമങ്ങളും വെച്ചല്ല തന്റെ രചനകളെ സൃഷ്ടിക്കുന്നത് എന്ന് സേതു വ്യക്തമാക്കി. കുന്ദലതയില്‍ തുടങ്ങി രാജശ്രീയുടെ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത വരെ എത്തിനില്‍ക്കുമ്പോള്‍ വളരെയേറെ മാറ്റങ്ങള്‍ ഉണ്ടായി എന്നും സേതു പറഞ്ഞു. എങ്കിലും ഏറ്റവും കൂടുതല്‍ മാറ്റം വന്നത് കഥ-കവിത മേഖലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആധുനികാനന്തര നോവലില്‍ മാറ്റി നിര്‍ത്തപ്പെട്ടവരെക്കുറിച്ച് കൂടുതലായി എഴുത്തുകള്‍ ഉണ്ടാകുന്നുവെന്നും ഇത് ഏറെ ആശാവഹമാണെന്നും ഡോ.ഖദീജ മുംതാസ് പറഞ്ഞു. ഒരു കാലത്ത് ശക്തമായ മിത്തിക്കല്‍ നോവല്‍ തിരിച്ചു വരുന്നു എന്ന് ബുദ്ധനും ഞാനും, എരി മുതലായ രചനകളെ ചൂണ്ടികാട്ടി അവര്‍ പറഞ്ഞു.
നോവല്‍ ആരംഭകാലത്ത് തന്നെ ഏറെ ശക്തമായ ഇടം നേടിയിരുന്നു എന്ന് നിരൂപകന്‍ എം.എം. ബഷീര്‍ പറഞ്ഞു. തുടക്കത്തില്‍ തന്നെ ജീവിതത്തെ കുറിച്ച് മനോഹരമായി എഴുതാന്‍ അവര്‍ക്ക് സാധിച്ചുവെന്നും ഇന്ദുലേഖയെ മുന്‍ നിര്‍ത്തി കൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാള നോവല്‍ കഥാ സാഹിത്യത്തിന്റെ ആഖ്യാന രീതിയെ ഇഴ കീറിയുള്ള ഈ ചര്‍ച്ച ഏറെ ഹൃദ്യമായിരുന്നു.
Comments are closed.