DCBOOKS
Malayalam News Literature Website

ഭാവനയും സ്‌നേഹവും കരുതലും നിറഞ്ഞ അമ്മരുചികള്‍

ഭാവനയും സ്‌നേഹവും കരുതലും നിറഞ്ഞ അമ്മരുചികള്‍
സി.എസ്.ചന്ദ്രിക

കെ.എ ബീന, അമ്മരുചികളുടെ പാചക പുസ്തകം തയ്യാറാക്കുന്നു എന്നറിയിച്ചപ്പോൾ ഇതിങ്ങനെ ഇവിടെ പങ്കുവെക്കാം എന്നു തോന്നി.

അമ്മയുടെ പാചകം വിശേഷമാണ്. സാമ്പാറ്, അവിയൽ, എരിശ്ശേരി, കാളൻ, ഓലൻ – മാമ്പഴം, വെള്ളരിക്ക, ചേമ്പ് എന്നിവ കൊണ്ടുള്ള പല തരം പുളിശ്ശേരി, ഉരുളക്കിഴങ്ങും സവാളയും വറുത്തരച്ച കറി, കടച്ചക്ക വറുത്തരച്ച കറി, പരിപ്പ് കുത്തിക്കാച്ചിയത്, പയറ് കുത്തിക്കാച്ചിയത്, പല തരം മെഴുക്കുപുരട്ടികൾ, പുഴുക്കുകൾ, തോരനുകൾ, മീൻകറി, ഉരുളക്കിഴങ്ങും കുമ്പളങ്ങയുമിട്ട് വറുത്തരച്ച് വെയ്‍ക്കുന്ന കോഴിയിറച്ചിക്കറി, കുരുമുളകിട്ട് ഉലർത്തിയെടുക്കുന്ന പോത്തിറച്ചി, ഇളം മഞ്ഞ നിറമുള്ള ആട്ടിറച്ചിക്കറി, മുട്ടക്കറി, മുട്ട കൊത്തിപ്പൊരിച്ചത്, ഓംലെറ്റ്, സൂപ്പുകൾ, പല തരം പലഹാരങ്ങൾ? ഓരോന്നിലുമുള്ള അമ്മയുടെ കൈപ്പുണ്യത്തിൽ ഞാൻ അത്യന്തം ആകൃഷ്ടയായി.

അമ്മയുണ്ടാക്കുന്ന മോരുവെള്ളം പോലും എന്നെ കീഴടക്കും. ഉപ്പിട്ട്, ഇഞ്ചിയും കുഞ്ഞുള്ളിയും, പച്ചമുളകും അരിഞ്ഞ് കറിവേപ്പിലയും കൂട്ടി തിരുമ്മുന്നതാണ് മോരുവെള്ളം. മീനും ഇറച്ചിയുമൊന്നും കഴിക്കാത്ത അമ്മ ഞങ്ങൾക്കു വേണ്ടി അതൊക്കെ ഉണ്ടാക്കുമ്പോൾ അതിലെ എരിവും ഉപ്പും പുളിയും മണവും രുചിയും ഇത്ര കൃത്യമാവുന്നതെങ്ങനെ എന്ന അത്ഭുതമാണെനിക്ക്. ഇപ്പോൾ ആ അത്ഭുതമില്ല. അമ്മയുടെ കൈപ്പുണ്യവും കൃത്യതയും എനിക്കും പകർന്നു കിട്ടിയിട്ടുണ്ട്.

ഭക്ഷണമുണ്ടാക്കൽ ഒരു കല തന്നെയാണ്. ഭക്ഷണമുണ്ടാക്കുമ്പോൾ നല്ല ശ്രദ്ധയും ഭാവനയും സ്നേഹവും കരുതലുമുണ്ടെങ്കിൽ ആ ഭക്ഷണത്തിന്റെ രുചി, കഴിക്കുന്നവരുടെ മനസ്സിൽ എന്നെന്നേക്കുമായി നിറഞ്ഞു നിൽക്കുക തന്നെ ചെയ്‌യും. ഒരു നല്ല കഥ വായിക്കുമ്പോൾ, കവിത വായിക്കുമ്പോൾ, പാട്ടു കേൾക്കുമ്പോൾ, നാടകം കാണുമ്പോൾ, സിനിമ കാണുമ്പോൾ, ചിത്രം കാണുമ്പോൾ, ശില്പം കാണുമ്പോൾ അറിയുന്ന ആനന്ദം പോലെ.

കുഞ്ഞായിരിക്കുമ്പോൾ, ഒരോണക്കാലത്ത് പനി പിടിച്ച് കിടപ്പിലായിപ്പോയ ഞാൻ കുറേശ്ശെ കഞ്ഞിയും ചുട്ട പപ്പടവും മാത്രം കഴിച്ച് ഒരാഴ്ചയോളം കടന്നു പോയി. അമ്മ തന്നെയാണ് ചികിത്സിക്കുക. ചുക്കും കുരുമുളകും തുളസിയും ഇട്ട കാപ്പി കുടിപ്പിച്ചും, കൽക്കണ്ടമിട്ട് കൂവ കുറുക്കിത്തന്നും അങ്ങനെയങ്ങനെ അസുഖം മാറി തിരുവോണ ദിവസം എഴുന്നേറ്റപ്പോൾ ചോറുണ്ണാനുള്ള കൊതിയും വിശപ്പുണ്ടായിരുന്നു. പക്ഷേ എനിക്ക് ഓണസദ്യയല്ല വേണ്ടത്. പരിപ്പ് കുത്തിക്കാച്ചിയത് മാത്രം കൂട്ടി കുറേ ചോറുണ്ണാൻ ആർത്തി തോന്നുകയാണ്. പരിപ്പ് വേവിച്ച്, അതിൽ ആവശ്യത്തിന് വാളൻപുളി പിഴിഞ്ഞൊഴിച്ച് തിളപ്പിച്ച് പാകത്തിന് ഉപ്പിട്ട് കുറുകുമ്പോൾ, ചെറിയ ചുവന്നുള്ളിയും ഉണക്കമുളകും കുത്തിച്ചതച്ചത് വെളിച്ചണ്ണയിൽ മൂപ്പിച്ച് മുറ്റത്ത് നിന്ന് പറിച്ചെടുക്കുന്ന കറിവേപ്പിലയും കൂടിയിട്ട് കൃത്യം മണം വരുമ്പോൾ വേവിച്ച പരിപ്പ് ആ ചീനച്ചട്ടിയിലേക്കൊഴിക്കും. എന്നിട്ടിളക്കി വാങ്ങി വെക്കും. അതാണമ്മയുടെ പരിപ്പു കുത്തിക്കാച്ചിയത്. അന്ന് ഞാനാണ് എല്ലാവരേക്കാളും കൂടുതൽ ചോറുണ്ടിട്ടുണ്ടാവുക. ആ ഓണസദ്യയുടെ രുചി എന്റെ മനസ്സിൽ നിന്ന് എങ്ങനെയാണ് മാഞ്ഞുപോവുക!

അമ്മ വിളമ്പുന്ന കറികളുടെ കൂട്ടത്തിൽ അതിവിശേഷപ്പെട്ട ഒരിനം, വീട്ടിൽ ഉണ്ടാവുന്ന നേന്ത്രക്കായയും പച്ചപ്പയറും ചേർന്നുള്ള മെഴുക്കുപുരട്ടിയായിരുന്നു. പറമ്പിൽ നിന്ന് പറിച്ചെടുക്കുന്ന ചുവന്ന ഒടിച്ചെള്ളിപ്പയറും അതിന്റെ മണികളും കായയും വേവിച്ച്, അമ്മിക്കല്ലിൽ കുത്തിപ്പൊടിച്ച മുളകും ഉള്ളിയും വെളിച്ചെണ്ണയിൽ മൂപ്പിച്ച് കറിവേപ്പിലയിട്ട് വഴറ്റിയെടുത്തുണ്ടാക്കുന്ന മെഴുക്കുപുരട്ടിയുടെ അന്നത്തെ സ്വാദ് ഞാനെങ്ങനെ സൃഷ്ടിക്കും?

2012 ആഗസ്റ്റ് 26 ന് അമ്മ മരിച്ചു. അമ്മയെ എന്റെ വായനക്കാരിൽ കുറേപ്പേർക്ക് പരിചയമുണ്ടാകും. എന്റെ നോവൽ ‘പിറ’ യിലെ ലക്ഷ്മി, അതിസുന്ദരിയും സ്നേഹത്തിന്റെ അവതാരവുമായ എന്റെ അമ്മ.

കടപ്പാട് ; മാതൃഭൂമി ഓൺലൈൻ

 

Comments are closed.