DCBOOKS
Malayalam News Literature Website

മഹാവ്യാധിയുടെ ഈ കാലത്ത് ആശ്വാസമായി ഞങ്ങള്‍ക്കു കിട്ടിയ മകള്‍; അശോകന്‍ ചരുവിലിന്റെ കുറിപ്പ്

Image may contain: 2 people, sky, outdoor and close-up

ഈ പെണ്‍കുട്ടി ഇല്ലായിരുന്നെങ്കില്‍ വീട്ടിലിരുന്ന് ശീലമില്ലാത്ത എനിക്ക് ഈ കൊറോണക്കാലം വലിയ ദുര്‍ഘടമായേനെയെന്ന് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. അശോകന്‍ ചരുവിലിന്റെ മകന്‍ രാജയുടെ സുഹൃത്തും പ്രതിശ്രുത വധുവുമായ നാദിയയെക്കുറിച്ചാണ് കുറിപ്പ്. കഴിഞ്ഞ മാസം അഞ്ചിനാണ് ജര്‍മ്മനിയില്‍ നിന്ന് നാദിയ നാട്ടിലെത്തിയത്. മാര്‍ച്ചില്‍ മടങ്ങിപ്പോകേണ്ടതായിരുന്നു. എന്നാല്‍ കോവിഡ് 19ന്റെ വ്യാപനത്തില്‍ യാത്രമാറ്റിവെക്കുകയായിരുന്നെന്ന് അശോകന്‍ ചരുവില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അശോകന്‍ ചരുവിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഇവള്‍ നാദിയ (Nadja Bouteldja). മഹാവ്യാധിയുടെ ഈ കാലത്ത് ആശ്വാസമായി ഞങ്ങള്‍ക്കു കിട്ടിയ മകള്‍. മകന്‍ രാജയുടെ പെണ്‍ സുഹൃത്തും പ്രതിശ്രുത വധുവുമാണ്. നിയമ വിദ്യാര്‍ത്ഥിനി. പ്രിയപ്പെട്ടവന്റെ നാടും വീടും മാതാപിതാക്കളേയും കാണാനായി അവന്റെ കൂടെ കഴിഞ്ഞ മാസം 5ന് വന്നതാണ്. ജര്‍മനിയില്‍ നിന്ന്. കഴിഞ്ഞ 29ന് തിരിച്ചു പോകാന്‍ ടിക്കറ്റെടുത്തിരുന്നു. ഇപ്പോള്‍ യാത്ര അനിശ്ചിതത്വത്തില്‍. കേരളത്തിലെ ജര്‍മന്‍ പൗരന്മാരെ തിരിച്ചു കൊണ്ടുപോകാന്‍ എമ്പസി ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് ഏര്‍പ്പാടാക്കിയിരുന്നു. ഇവള്‍ പോയില്ല. അന്തരീക്ഷം ശരിയായിട്ട് രാജയുടെ ഒപ്പം പോയാല്‍ മതിയെന്നാണ് തീരുമാനം. ഇപ്പോള്‍ കേരളമാണ് കൂടുതല്‍ സുരക്ഷ എന്ന് അവള്‍ പറയുന്നു.

ഇപ്പോള്‍ വീട്ടില്‍ എല്ലായിടത്തും അവളുടെ പൊട്ടിച്ചിരിയും ഉച്ചത്തിലുള്ള വര്‍ത്തമാനവും മുഴങ്ങുന്നു. (നന്നായി ഇംഗ്ലീഷ് സംസാരിക്കും) ഒരു മകള്‍ എത്രമാത്രം വലിയ സ്‌നേഹമാണെന്ന് ഞങ്ങള്‍ ഇപ്പോള്‍ ശരിക്കും മനസ്സിലാക്കുന്നുണ്ട്. സ്‌നേഹത്തിന് വര്‍ണ്ണ വംശ ഭേദങ്ങളില്ല എന്നും. അവള്‍ വരുമ്പോള്‍ യൂറോപ്യന്‍ ഭക്ഷണത്തിലേക്ക് മാറണമെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. (എനിക്ക് അവരുടെ ഭക്ഷണം ഇഷ്ടമാണ്) പക്ഷേ അവള്‍ക്ക് പ്രിയം ഇഡ്ഡലിയും പുട്ടും ഇലയടയും വിഷുക്കട്ടയുമാണ്. എരിവ് ഒഴികെ മറ്റെന്തും കക്ഷി സഹിക്കും. അടുക്കളയില്‍ അവളുടെ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്.

മാര്‍ച്ച് 5ന് വന്ന ദിവസം കേരളം ഇത്രമാത്രം കൊറോണ പരിഭ്രാന്തിയില്‍ പെട്ടിരുന്നില്ല. അതുകൊണ്ട് അയല്‍ വീട്ടുകാരോട് വലിയ ചങ്ങാത്തത്തിലായി. പക്ഷേ പിന്നീട് പുറത്തേക്കിറക്കം ഉണ്ടായിട്ടില്ല. (പോലീസും ആരോഗ്യ പ്രവര്‍ത്തകരും എല്ലാ ദിവസവും വിളിച്ച് സുഖാന്വേഷണങ്ങള്‍ നടത്തും) വീടിനുള്ളിലെ തടങ്കല്‍ അവള്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാക്കുന്നില്ല. വീടിനകത്തും പറമ്പിലും കാണുന്നതു മുഴുവന്‍ കൗതുകമാണെങ്കില്‍ പിന്നെ എങ്ങനെ മടുപ്പുണ്ടാവും?

ഈ പെണ്‍കുട്ടി ഇല്ലായിരുന്നെങ്കില്‍ വീട്ടിലിരുന്ന് ശീലമില്ലാത്ത എനിക്ക് ഈ കൊറോണക്കാലം വലിയ ദുര്‍ഘടമായേനെ.

അശോകന്‍ ചരുവില്‍
06 04 2020

ഇവൾ നാദിയ (Nadja Bouteldja). മഹാവ്യാധിയുടെ ഈ കാലത്ത് ആശ്വാസമായി ഞങ്ങൾക്കു കിട്ടിയ മകൾ. മകൻ രാജയുടെ പെൺ സുഹൃത്തും…

Posted by Asokan Charuvil on Monday, April 6, 2020

Comments are closed.