DCBOOKS
Malayalam News Literature Website

വരുംകാലത്തിന്റെ എഴുത്തുകള്‍

ഡോ.ടി.കെ. അനില്‍കുമാര്‍

ചരിത്രത്തെ പുതുക്കിപ്പണിയുകയും വര്‍ത്തമാനത്തെ വിചാരണ ചെയ്യുകയും ചെയ്യുന്ന വരുംകാലത്തിന്റെ ആഖ്യാനങ്ങളാണ് നോവല്‍. പൊള്ളിപ്പിടയുന്ന ലോകത്തെ സൂക്ഷ്മധ്യാനങ്ങളിലൂടെ പിന്തുടരാനും മുറവിളികള്‍ കൊണ്ട് തുറന്നിടാനും നോവലിലൂടെ സാധ്യമാവുന്നു. നിരന്തര നവീകരണത്തിന് വിധേയമാവുന്ന ജാഗ്രതയുള്ള പ്രമേയവും ബഹുസ്വരതകളിലേക്ക് പടര്‍ന്നു കയറുന്ന ആഖ്യാനവും പുതുകാല നോവലുകളെ വേറിട്ടതാക്കുന്നു. ഒരേ സമയം പാരമ്പര്യത്തെ വിച്ഛേദിക്കുകയും നവീകരിക്കുകയും ചെയ്യുന്ന വിചിത്രമായ നടവഴികളാണ് നോവലിന്റേത്. നിരന്തര സംവാദങ്ങളിലൂടെ വായനക്കാരെ അസ്വസ്ഥരാക്കുകയും ഭ്രമിപ്പിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഘാതകന്‍ മുതല്‍ ചട്ടമ്പി ശാസ്ത്രം വരെയുള്ള ഓരോ നോവലും ഭാവനയുടെയും യാഥാര്‍ത്ഥ്യത്തിന്റെയും കടുംനിറങ്ങള്‍ കൊണ്ട് പണിത കലാശില്പമായി മാറുന്നത്. വൈവിധ്യങ്ങളുടെ ഭൂമികയില്‍ നിലയുറപ്പിക്കുമ്പോഴും പുതുകാല നോവലുകളില്‍ സമാനത കണ്ടെത്താന്‍ സാധ്യമാവും. 2021 ലെ നോവലുകള്‍, അധികാരത്തെ വിചാരണ ചെയ്യാനും ഭാഷ കൊണ്ട് അസാധാരണത്വം നല്‍കാനും പരിചിതമായ ഘടനയെ തകര്‍ക്കാനും പ്രമേയത്തെ നൂതനമാക്കാനും കീഴാള സംസ്‌കാരത്തിന്റെ വൈവിധ്യങ്ങളെ രേഖപ്പെടുത്താനും പെണ്ണനുഭവങ്ങളുടെ സ്വതന്ത്ര ലോകത്തെ വിനിമയം ചെയ്യാനും നോവലിനകത്ത് നോവല്‍ കൊരുത്തിടാനും ശ്രമിക്കുന്നതിലൂടെ സമാന്തരമായിരിക്കുമ്പോഴും ദൂരക്കാഴ്ചയില്‍ കൂടിച്ചേരലുകള്‍ പങ്കു വെക്കുന്നുണ്ട്. സത്യാനന്തര കാലത്ത് നുണകളും കെട്ടുകഥകളും സത്യമെന്നത് പോലെ നാം അറിഞ്ഞനുഭവിക്കുമ്പോള്‍ ഫിക്ഷന്‍ സത്യത്തെ കല്പിത കഥയാക്കി തീര്‍ക്കുന്നു. ഏകമുഖമായ സത്യങ്ങള്‍ക്കപ്പുറത്ത്, ‘സത്തിയം പലത് ‘ എന്ന് ബോദ്ധ്യപ്പെടുത്തുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ വിചിത്ര പുസ്തകങ്ങളാണ് സമകാലിക മലയാള നോവലുകള്‍.

സത്യം അവിശ്വസനീയമാണെന്ന് സമകാലിക ഇന്ത്യന്‍ സാഹചര്യത്തിനകത്ത് നിന്നുകൊണ്ട് ഘാതകനിലൂടെ കെ.ആര്‍.മീര നമ്മെ ഓര്‍മ്മിപ്പിക്കുന്നു.നമ്മുടെ യാഥാസ്ഥിതികമായ വായനാനുഭവങ്ങളെ തിരസ്‌കരിച്ചു കൊണ്ടാണ് ആരാച്ചാര്‍ പോലെ ഘാതകനും വായനക്കാരെ Textവേട്ടയാടുന്നത്. സത്യപ്രിയയുടെ പിന്നാലെയുള്ള ഘാതകന്‍ നമുക്ക് പിന്നിലും ഉണ്ടെന്ന ബോധ്യമാണ് അവസാനിക്കാത്ത പിടച്ചിലിലേക്ക് നമ്മെ തള്ളിയിടുന്നത്. അതുകൊണ്ട് തന്നെയാണ്, 2016 നവംബര്‍ 8 ന് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിക്കപ്പെട്ടതിന്റെ എട്ടാം ദിവസം വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട സത്യപ്രിയയുടെ ജീവിതാഖ്യാനം മാത്രമല്ലാതായി ഘാതകന്‍ മാറുന്നത്. ഗോഡ്‌സെ വ്യക്തിയല്ലെന്നും അതൊരാള്‍ക്കൂട്ടമാണെന്നും അയാള്‍ ഗാന്ധിക്ക് പിന്നില്‍ മാത്രമല്ല, സത്യത്തെ സ്വാംശീകരിക്കുന്ന എല്ലാ സത്യപ്രിയമാര്‍ക്ക് പിന്നാലെയുമുണ്ടെന്നും നോവലിസ്റ്റ് പറയുന്നു. അപസര്‍പ്പകാഖ്യാനത്തിന്റെ കള്ളികള്‍ക്കകത്ത് നിന്ന് തൊടുത്തു വിടുന്ന അസ്ത്രങ്ങള്‍ രാഷ്ട്രീയ ബോധ്യങ്ങളായാണ് തറക്കുന്നത്. മതം ബീഫായി പടരുന്ന, ജാതി സ്വാഭിമാനക്കൊലയായി മാറുന്ന, പെണ്ണ് ആണഹന്തകള്‍ക്കകത്ത് കുരുങ്ങുന്ന ഇന്ത്യനവസ്ഥയാണ് ഘാതകന്റെ യാത്രാപഥങ്ങള്‍. ഓരോ വ്യക്തിയും നമുക്കറിയാവുന്ന മാനസിക ഘടനയ്ക്കപ്പുറത്താണ് സഞ്ചരിക്കുന്നതെന്ന് സത്യ പ്രിയ വിളിച്ചു പറയുന്നു. ആള്‍ദൈവങ്ങള്‍ മുതല്‍ രാഷ്ട്രീയഭിക്ഷാടകര്‍ വരെ നോവലില്‍ മുറിവേറ്റ് വീഴുന്നുണ്ട്. യാഥാസ്ഥിതികമായ സകല ബോധ്യങ്ങളേയും നിര്‍ദാക്ഷിണ്യം നോവല്‍ അരിഞ്ഞു വീഴ്ത്തുന്നു. ഗാന്ധിയെയല്ല, ഗോഡ്‌സയെ തേടി സത്യപ്രിയ യാത്ര നടത്തുമ്പോള്‍ ഒരിക്കലും അവസാനിക്കാത്ത ഇന്ത്യന്‍ നോവലായി ഘാതകന്‍ മാറുന്നു.

പരസ്പരപൂരകമായി ഇന്ത്യന്‍ ജീവിതത്തെ ചേര്‍ത്ത് നിര്‍ത്തുന്ന തീവണ്ടിയാത്ര, നമ്മെ വരിഞ്ഞു മുറുക്കുന്ന വിചിത്രാനുഭവങ്ങളാക്കി മാറ്റുന്ന നോവലാണ് ടി.ഡി.രാമകൃഷ്ണന്റെ പച്ച മഞ്ഞ ചുവപ്പ്. സേലത്തിനടുത്ത് ലോക്കൂര്‍ – ഡാനിഷ് പേട്ട് സെക്ഷനില്‍ യാത്രാ വണ്ടിയും ഗുഡ്‌സ് വണ്ടിയുംText കൂട്ടിയിടിച്ച അപകടത്തെ പിന്തുടര്‍ന്ന് കണ്ടെത്തുന്ന റെയില്‍വേയുടെ അപരിചിതയാത്രകളാണ് ഈ നോവല്‍. ആല്‍ഫ മുതല്‍ മാമആഫ്രിക്ക വരെ ടി.ഡി.രാമകൃഷ്ണന്‍ നടത്തിയ വേറിട്ട അന്വേഷണങ്ങളില്‍ നിന്ന് വ്യത്യസ്തമായി പരിചിതലോകത്തിന്റെ അപരിചിതത്വമാണ് ഈ നോവലിനെ ശ്രമേയമാക്കുന്നത്. അപകടത്തിന് കാരണക്കാരനെന്ന് വിശേഷിപ്പിക്കുന്ന രാമചന്ദ്രന്‍ എന്ന സ്റ്റേഷന്‍ മാസ്റ്ററുടെ മകന്‍ അരവിന്ദും അപകടത്തില്‍ കൊല്ലപ്പെട്ട ടി.ടി.ആര്‍ തോമസിന്റെ മകള്‍ ജ്വാലയും നടത്തുന്ന അന്വേഷണം ഇന്ത്യന്‍ റെയില്‍വേയുടെ ഹിംസാത്മകമായ ലോകത്തെ കണ്ടെടുക്കുന്നു. നിസ്സഹായരായ മനുഷ്യരുടെ മേല്‍ അധികാരം നടത്തുന്ന കടന്നുകയറ്റമാണ് വ്യതിരിക്തമായ ഈ നോവല്‍ ആഖ്യാനം. റെയില്‍വേയുടെ ഉപജാപകങ്ങളില്‍ നിന്ന് കോവിഡ് കാലത്തേക്കുള്ള ദീര്‍ഘദൂര യാത്രാവണ്ടിയായി , മുന്നോട്ടേക്ക് ചീറി പായുന്ന അന്വേഷണാത്മക നോവലായി പച്ച മഞ്ഞ ചുവപ്പ് മാറുന്നു.

സച്ചിദാനന്ദന്‍ എന്ന മധ്യവര്‍ഗ മലയാളി പുരുഷന്‍ ഒരിക്കലും Textഅനുഭവിക്കാന്‍ സാധ്യതയില്ലാത്ത ഗന്ധ വിസ്മയങ്ങളുടെ ലോകമാണ് പി.എഫ്. മാത്യൂസിന്റെ കടലിന്റെ മണം. അതിപ്രാചീനമായ, ഗര്‍ഭപാത്രത്തോളം ചെന്നു മുട്ടുന്ന ഗന്ധം ആസ്വദിക്കാന്‍ പറ്റാതെ പോവുന്ന മനുഷ്യരിലൂടെ, കടലില്ലാതെ, കടലിന്റെ മണം നോവലില്‍ ചൂഴ്ന്ന് നില്‍ക്കുന്നു. ഒരു ബര്‍ഗ്മാന്‍ ചിത്രം പോലെ കടല്‍ നിറഞ്ഞു നില്‍ക്കുന്നത് സഫിയയിലും മായയിലും മറ്റനേകം കഥാപാത്രങ്ങളിലുമാണന്ന് വായനക്കാര്‍ തിരിച്ചറിയുന്നു. സൂക്ഷ്മാഖ്യാനത്തിന്റെ കരുത്തും യാഥാര്‍ത്ഥ്യത്തെ പുറന്തള്ളുന്ന മാന്ത്രികാനുഭവങ്ങളും മന:ശാസ്ത്ര അടരുകളും നോവലിനെ വേറിട്ടതാക്കുന്നു. ജീവിക്കാതെ പോയ ജീവിതത്തെ കണ്ടെത്തുന്ന കലാത്മകഗന്ധമാണ് കടലിന്റെ മണം. സച്ചിദാനന്ദന്റെ വിപരീതധ്രുവങ്ങളിലേക്ക് സഞ്ചരിക്കുന്ന സഫിയയയും മായയും ജീവിതത്തെ ചലനാത്മകമാക്കുന്നുണ്ട്. ജീവിക്കണമെന്നാഗ്രഹിച്ചിട്ടും ജീവിക്കാതെ പോയതിന്റെ പൊരുള്‍ തേടുന്ന, അറിയണമെന്നാഗ്രഹിച്ചിട്ടും അറിയാതെ പോകുന്ന , പുറം ലോകത്തിന്റെ വലിച്ചെടുക്കുന്ന ഗന്ധമാണ് കടലിന്റെ മണം.

നോവലിനകത്ത് നോവല്‍ കണ്ടെടുക്കുന്ന കലാപരതയാണ് കിംഗ് ജോണ്‍സിന്റെ ചട്ടമ്പി ശാസ്ത്രം. ഡി.സി ബുക്‌സിന്റെ ഖസാക്കിന്റെ ഇതിഹാസം സുവര്‍ണജൂബിലി പുരസ്‌കാരംText നേടിയ കൃതിയാണ് ചട്ടമ്പി ശാസ്ത്രം. ആനറാഞ്ചി പബ്ലിക്കേഷന്‍സ് പ്രസാധനം ചെയ്ത പിന്റോ ഗീവര്‍ഗീസിന്റെ ഉഗ്രനരസിംഹം എന്ന ഉരു എന്ന നോവലില്‍ നിന്ന് ചിത്രകാരനായ പിന്റോ ഗീവര്‍ഗീസിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും എന്നാല്‍ ആഖ്യാനത്തിന്റെ സവിശേഷ പരിചരണത്തിലൂടെ അത് തെരേസയിലേക്ക് കൊണ്ട് പോകുകയും ചെയ്യുന്നു. ആഖ്യാനത്തിന്റെ വേറിട്ട ലോകത്തോടൊപ്പം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം, അധികാര ഘടന, ജാതീയത തുടങ്ങിയവയിലേക്കും നോവല്‍ സഞ്ചരിക്കുന്നു. പട്ടാണി അസീസ് കേന്ദ്ര സ്ഥാനത്ത് വരികയും കൃഷ്ണപ്പിള്ള നോവലിനൊപ്പം സഞ്ചരിക്കുകയും ചെയ്യുന്നു. നോവല്‍ വായനയുടെ പൊതുരീതിയെ തകിടം മറിച്ചു കൊണ്ട് , നമുക്കിനിയും പിടികിട്ടാത്ത മനുഷ്യ ജീവിതങ്ങളെ മറനീക്കി കാണിച്ചുതരുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. നമുക്കിടയില്‍ ജീവിക്കുന്ന മനുഷ്യര്‍ നയിക്കുന്നത് നിരവധി ജീവിതങ്ങളാണെന്ന് നോവലിന്റെ ഓരോ ഘട്ടത്തിലും വായനക്കാര്‍ തിരിച്ചറിയും.

Textഫിക്ഷനും ജീവിതവും വിഭിന്നമല്ലെന്ന് പറയുന്ന വി.ഷിനിലാലിന്റെ നോവലാണ് 124.ആശങ്കകള്‍ വിതയ്ക്കുന്ന സമകാലിക ജീവിതപരിസരത്ത് നിന്നുകൊണ്ട് ഫിക്ഷനെ ജീവിതമാക്കി തീര്‍ക്കുന്ന കലാതന്ത്രമാണ് നോവലിസ്റ്റിന്റേത്. എഴുത്തുകാരന്‍ കര്‍ത്തൃസ്ഥാനത്ത് വരികയും വായനക്കാരന്‍ എഴുത്തുകാരനായി തീരുകയും ചെയ്യുന്ന നോവലാണ് 124 എന്ന് പറയാം. രാജ്യദ്രോഹക്കുറ്റം ചെയ്യുന്ന പൗരന്മാരെ വിചാരണ ചെയ്യാന്‍ വേണ്ടി നിര്‍മ്മിച്ച 124 A എന്ന വകുപ്പ് എങ്ങനെ മനുഷ്യദ്രോഹകരമാകുന്നുവെന്ന് ക്രാഫ്റ്റിനെ പരീക്ഷണ വിധേയമാക്കി നോവലിസ്റ്റ് പറയുന്നു. ഭരണകൂടത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുന്ന പൗരന്മാരെ എങ്ങനെ നിശ്ശബ്ദരാക്കാം എന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്ന നിരവധി സാക്ഷ്യങ്ങള്‍ വര്‍ത്തമാനകാല ജീവിതത്തിലുണ്ട്. അതുകൊണ്ട് തന്നെ നോവലെഴുത്ത് കൃത്യമായ രാഷ്ട്രീയ പ്രവര്‍ത്തനമായി മാറുന്നു. ഫാസിസം തൊട്ടടുത്തല്ല, അതിന്റെ വലയ്ക്കകത്താണ് നിങ്ങള്‍ എന്ന് ഉറക്കെ പറയുന്ന നോവലാണിത്. ഭീതിദമായ ഒരു രാഷ്ട്രീയാന്തരീക്ഷം എഴുത്തിനെ, വായനയെ കുറ്റകൃത്യമായി കാണുമ്പോള്‍ ഇതാ ഈ നോവലിനെ സ്പര്‍ശിക്കൂ എന്ന ആഹ്വാനമാണ് 124.

രാഷ്ട്രീയബോധ്യങ്ങളെ, അധികാരഘടനയെ, ചരിത്ര വായനയെ കുറെക്കൂടിText സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കുന്ന നോവലാണ് ദേവദാസ്.വി.എമ്മിന്റെ ഏറ്. കാലന്‍ ശ്രീധരനെന്ന റിട്ടയേഡ് പോലീസുകാരന്‍ ഏറ്റുവാങ്ങുന്ന ഏറ്, ഏറ്റവും സുഖകരമായ ജീവിതത്തിനകത്തേക്ക് പാഞ്ഞുകയറുന്ന ഏറ് തന്നെയാണ്. ചാത്തനേറ് മുതല്‍ ഇബ് ലീസിനെ കല്ലെറിയുന്നത് വരെയുള്ള എല്ലാ ഏറിനു പിന്നിലും ഒരു ജീവിത പരിസരമുണ്ട്. രാജന്‍ കേസായും കാശ്മീര്‍ ജനതയുടെ പട്ടാളക്കാര്‍ക്കെതിരെയുള്ള ചെറുത്തു നില്പായും അത് നമുക്ക് മുന്നിലുണ്ട്. മിത്തും യാഥാര്‍ത്ഥ്യവും ഇഴുകിച്ചേരുന്ന പ്രശ്‌ന പരിസരത്ത്, നമ്മുടേതെന്ന് നമ്മള്‍ കൊണ്ടാടുന്ന ജീവിതത്തിന് കൈപ്പാടകലെ ലക്ഷ്യവേധിയായ ഒരു ഏറുണ്ട്. എത്ര കരുതിയിരുന്നാലും അത് കടന്നുവരിക തന്നെ ചെയ്യുമെന്ന് നോവലിസ്റ്റ് ഓര്‍മ്മിപ്പിക്കുന്നു. സമകാലിക ജീവിതത്തില്‍ വേട്ടക്കാര്‍ക്കൊപ്പം നിന്ന് എറിയാനും ഇരയ്‌ക്കൊപ്പം നിന്ന് ഏറ് ഏറ്റുവാങ്ങാനും നമ്മുടെ ഇരട്ട വ്യക്തിത്വത്തിന്റെ സാധ്യതകള്‍ അവശേഷിപ്പിക്കുന്നുണ്ട്.

Textചരിത്രത്തേയും വര്‍ത്തമാനത്തേയും വിളക്കി ചേര്‍ക്കുന്ന, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിയും മറവ സമുദായത്തിന്റെ കളവും സര്‍ഗാത്മകമായി ദീപുവിന്റെ മുകിലനും മറവായനവും ആയി മാറുന്നു. ചരിത്രത്തെ ഭാവന കൊണ്ട് പൂരിപ്പിക്കുന്ന അക്ഷീണ യത്‌നമാണ് ദീപുവിന്റെ നോവലുകള്‍. ചരിത്രത്തെ സ്വപ്നം കാണുന്ന സിദ്ധാര്‍ത്ഥന്‍, ബി നിലവറയിലെ നിധി തേടി ചരിത്ര സഞ്ചാരം നടത്തുമ്പോള്‍ മുകിലന്‍ എന്ന നോവല്‍ മാര്‍ത്താണ്ഡവര്‍മ്മയിലേക്കും മുകിലപ്പടയിലേക്കും ഭാവന വിളക്കിച്ചേര്‍ത്ത ചരിത്രText സന്ദര്‍ഭങ്ങളിലേക്കും കടന്നുകയറുന്നു. വസ്തുനിഷ്ഠ ചരിത്രാന്വേഷണങ്ങള്‍ ഭാവനയുമായി സന്ധിചെയ്യുമ്പോള്‍ രൂപപ്പെട്ട ഫിക്ഷനാണ് മുകിലന്‍. തിരുവിതാംകൂറിന്റെ ചരിത്രത്തെ സംവാദാത്മകമാക്കുകയാണ് നോവല്‍. ചരിത്രാന്വേഷകന്റെ കണ്ണുകള്‍ കൊണ്ട് സംഭവ്യമായി തീരേണ്ടുന്ന കാലത്തെ പുന:സൃഷ്ടിക്കുന്ന നോവലാണ് മുകിലന്‍. ഇതേ അര്‍ത്ഥത്തില്‍ മിത്തിനെ പുനര്‍നിര്‍മ്മിച്ച് വര്‍ത്തമാനകാലത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന സാര്‍ഥകമായ ശ്രമമാണ് മറവായനം. സിദ്ധാര്‍ത്ഥനെ പോലെ ശിവരഞ്ജിത്തും ഒരു യാത്ര നടത്തുകയാണ്. തമിഴ് നാട്ടിലെ മറവ സമുദായത്തിന്റെ കഥയും കല്പിതകഥയും ഉള്‍ച്ചേര്‍ന്ന മറവരുടെ വീര ത്തോറ്റങ്ങളിലേക്ക് സഞ്ചരിക്കുകയാണ് നോവല്‍. ശിവരഞ്ജിത്തിന്റെയും വരലക്ഷ്മിയുടെയും കഥ, സംഘ സംസ്‌കൃതിയിലെ കതിര്‍വേലിന്റെയും വെണ്ണിലാവിന്റെയും കഥയാക്കി തീര്‍ക്കുന്ന ആഖ്യാനപാടവം മറവായനയില്‍ ഉണ്ട്. എരിക്കിന്‍ പൂക്കളുടെ ഗന്ധവും പോര്‍വീര്യംനിറഞ്ഞ ശേഷിപ്പുകളും നോവലില്‍ ഇടകലര്‍ന്ന് വരുന്നു. തിരുടര്‍കളിന്‍ അരുവിയല്‍ എന്ന ചോര ശാസ്ത്രത്തിലൂടെ നോവലിസ്റ്റ് സഞ്ചരിക്കുന്നു. മലയാളിയുടെ പൊതുവായനയെ ഉല്ലംഘിക്കുന്ന അസാധാരണത്വം നിറഞ്ഞ നോവല്‍ യാത്രകളാണ് ദീപുവിന്റേത്.

എഴുത്തില്‍ മാത്രമല്ല, ജീവിതത്തിന്റെ പൊതു ഇടങ്ങള്‍ എന്ന് പറയപ്പെടുന്ന ദിക്കുകളിലൊക്കെയും അദൃശ്യരായി നില്‍ക്കേണ്ടി വന്ന ജനസമൂഹങ്ങളുണ്ട്. Textപാരമ്പര്യബദ്ധിതമായ എഴുത്തുവഴികളോട് കലഹിച്ചുകൊണ്ട് മാത്രമേ പ്രാന്തവത്ക്കരിക്കപ്പെട്ട ജനതയ്ക്ക് മുഖ്യധാരയെ അഭിസംബോധന ചെയ്യാന്‍ സാധ്യമാകുകയുള്ളൂ.പുഷ്പമ്മയുടെ കൊളുക്കന്‍ എന്ന നോവല്‍ പൊതു ഇടങ്ങളോട് ചോദ്യങ്ങളുന്നയിക്കുന്നു. തനിക്ക് പരിചിതമായ, തന്റെ ഗോത്രജീവിതത്തെ പുഷ്പമ്മ അവതരിപ്പിക്കുമ്പോള്‍ നോവല്‍ചരിത്രത്തെ വിച്ഛേദിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഊരാളി ഗോത്രജീവിതത്തിലൂടെ, കൊളുക്കന്‍ എന്ന നനഞ്ഞ മണ്ണിലൂടെ സഞ്ചരിക്കുമ്പോള്‍ പുഷ്പമ്മയുടെ എഴുത്ത് സത്യസന്ധതയുടെ ആവിഷ്‌കാരമായി മാറുന്നു. നിരന്തരം പറിച്ചുനടാന്‍ വിധിക്കപ്പെട്ട ഊരാളിഗോത്ര ജീവിതത്തിനകത്തും പുറത്തും ഊരാളി സ്ത്രീജീവിതമാണ് പുഷ്പമ്മ കണ്ടെടുക്കുന്നത്. നാരായനുശേഷം പുഷ്പമ്മയിലൂടെ മലയാള നോവല്‍ കണ്ടെത്തുന്ന പുതുഇടമാണ് കൊളുക്കന്‍. ഭാവനയുടെ തുറന്നു വിടലല്ല കൊളുക്കന്‍ ; സ്വാഭാവികമായ ഒഴുക്കാണ്. പുഷ്പമ്മ തന്നെ പറയുന്നത് പോലെ കഥയേയല്ല, അനുഭവിച്ച ജീവിതാഖ്യാനം തന്നെയാണത്. ആദ്യ നോവലിലൂടെ ആദിവാസി ജനതയെ ചരിത്രപരമായി അടയാളപ്പെടുത്തുകയാണ് നോവലിസ്റ്റ്.

ചാവുതുള്ളലിലൂടെ കീഴാള ജീവിതത്തെ എഴുത്തധികാര വ്യവസ്ഥയ്ക്ക് പുറത്ത് കൊണ്ടുവന്നText രാജു കെ വാസുവിന്റെ സര്‍ഗാത്മകമായ മറ്റൊരു കലാപമാണ് പോളപ്പതം. ദുര്‍ഭൂതത്തെ ആവാഹിച്ചു കുടിയിരുത്തുന്നതിനായി മരക്കഷണങ്ങള്‍ക്ക് മുകളില്‍ വാഴപ്പോളയുടെ കഷണങ്ങള്‍ വെച്ചുണ്ടാക്കുന്ന പീഠമാണ് പോളപ്പതം. ദലിത് സമുദായത്തിനകത്തുള്ള രണ്ട് ജീവിതപരിസരങ്ങള്‍, വാമൊഴികള്‍ കൂട്ടിയിണക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. അണിമയും മൈലിയും കളിക്കൂട്ടുകാരാകുന്ന ജീവിത പരിസരത്ത് നിന്ന് തുടങ്ങുന്ന നോവല്‍ മൈലിയും കടുത്തയും തമ്മിലുള്ള വിവാഹത്തോടെയാണ് അവസാനിക്കുന്നത്. ദലിത് അനുഭവലോകത്തെ ചരിത്രവത്ക്കരിക്കുന്നതോടൊപ്പം, നോവലിന്നകത്ത് സാംസ്‌കാരികവും രാഷ്ട്രീയവുമായ ഇടങ്ങള്‍ വായനക്കാര്‍ക്ക് കണ്ടെടുക്കാന്‍ സാധിക്കും. ഡോ. ഒ.കെ.സന്തോഷ് ആമുഖപഠനത്തില്‍ പറയുന്നത് പോലെ, ആധുനിക പൂര്‍വ്വ കേരളത്തിന്റെ പശ്ചാത്തലത്തില്‍ വികസിക്കുന്ന നോവലിലെ സംഭവങ്ങള്‍ സവിശേഷമായ കാലത്തെയും ചരിത്രത്തെയും വീണ്ടെടുക്കുക കൂടിയാണ് ചെയ്യുന്നത്.

മനുഷ്യാവസ്ഥയെ അതിന്റെ തീവ്രതയോടെ ആവിഷ്‌കരിക്കുമ്പോള്‍ ഫിക്ഷന്‍ പൊള്ളിയടര്‍ന്ന Textജീവിതത്തിന്റെ കഷണങ്ങളായി തീരുന്നു. പി.പി. പ്രകാശന്റെ ദൈവം എന്ന ദുരന്തനായകന്‍ മനുഷ്യനും ദൈവവും തമ്മിലുള്ള സംഘര്‍ഷാത്മക ദ്വന്ദ്വത്തെ ആവിഷ്‌കരിക്കുന്നു. തോറ്റങ്ങളില്‍ നിറയുന്ന ചേതോഹരമായ ഭാഷയില്‍ ഒരു ദുരന്തകഥ പറയുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. ദൈവവും മനുഷ്യനും ഒന്നായി തീരുന്ന അപൂര്‍വജീവിത സന്ദര്‍ഭങ്ങളാണ് തെയ്യക്കാവുകള്‍ സാധ്യമാക്കുന്നത്. തെയ്യത്തിന്റെ മനസ്സും ഭാഷയും സൗന്ദര്യ സങ്കല്പങ്ങളും നോവലിന്റെ മിഴിവു വര്‍ദ്ധിപ്പിക്കുന്നു.തെയ്യം കലാകാരനായ രാമന്റെ സംഘര്‍ഷങ്ങള്‍ ജീവിതത്തിന്റെ സകല തീവ്രതയോടെയും നോവലില്‍ കടന്നുവരുന്നു. പ്രശാന്തന്റെ അച്ഛന്‍ രാമന്‍ കടന്നുപോകുന്ന കനല്‍പ്പാതകള്‍ ആചാരം കൊണ്ട് മാത്രമല്ല, ജാതി കൊണ്ട് കൂടിയാണ്. വേഷമഴിക്കുമ്പോള്‍ കീഴാളസ്വത്വത്തിനകത്ത് കുരുങ്ങി കിടക്കേണ്ടി വരുന്ന സാമൂഹികാവസ്ഥ കൂടി നോവലിലുണ്ട്. പൊള്ളിയടര്‍ന്ന ശരീരമായി , തിരസ്‌കാരത്തിന് വിധേയമാവുന്ന നൂറുകണക്കിന് തെയ്യം കലാകാരന്മാരുടെ മുഖം രാമനിലുണ്ട്. മുറിവേറ്റ ദൈവം വഹിക്കേണ്ടി വരുന്ന ദുരന്തകഥയാണ് ഈ ദുരന്ത നായകന്‍.

എസ്.ഗിരീഷ് കുമാറിന്റെ തോട്ടിച്ചമരി എന്ന നോവല്‍ പറയരു കുന്നില്‍ നിന്ന് തുടങ്ങുന്നText കഥയിലൂടെ കീഴാളജീവിതത്തിന്റെ അനേകഭൂഖണ്ഡങ്ങളിലൂടെ സഞ്ചരിക്കുന്നു. ജീവിച്ചിരിക്കുമ്പോള്‍ തുറക്കാന്‍ സാധ്യമാവാതെ പോയ പ്രണയത്തിന്റെ താക്കോലുമായി മണ്ണടരുകളില്‍ പാര്‍ക്കുന്ന പ്രേതമാണ് തോട്ടിച്ചമരി എന്ന എസ്തപ്പാന്‍. എസ്ത പ്പാനിലൂടെ പൊട്ടരച്ചന്‍ കേള്‍ക്കുന്ന നാട്ടുകഥകള്‍, മണ്ണിന്റെ മണമുള്ള മനുഷ്യരുടെ പുതിയ ‘മാവാരത ജുദ്ദ’ കഥകളാണ്. ഒരര്‍ത്ഥത്തില്‍ മണ്‍മറഞ്ഞ പ്രേതങ്ങളുടെ ഭാഷ പിടികിട്ടാത്ത മനുഷ്യ കഥകളാണ് തോട്ടിച്ചമരി. പ്രണയവും രതിയും സന്തോഷവും വേദനയും പ്രതികാരവും കൂടിക്കുഴഞ്ഞ ഗ്രാമീണ ജീവിതത്തിന്റെ ഉള്ളകങ്ങളെയാണ് നോവലിസ്റ്റ് സ്പര്‍ശിക്കുന്നത്. അസാധാരണമായ ആഖ്യാനതന്ത്രമാണ് ഈ മണ്ണിന്റെ കഥയെ വേറിട്ടതാക്കുന്നത്. എല്ലാം തരിശാവുന്ന ഒരു കാലത്ത് നോവലിന്റെ അന്ത്യത്തില്‍ വെണ്‍കൊട്ട വിത്തുകള്‍ മുള പൊട്ടി, തളിരിട്ട് , തലയുയര്‍ത്തി നില്‍ക്കുന്നതു പോലെ എഴുത്തിന്റെ സര്‍വമാനകരുത്തോടെ നോവല്‍ തലനീട്ടി നില്‍ക്കുന്നു.

Textഅരികുവത്ക്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതാഖ്യാനമാണ് മധുശങ്കര്‍ മീനാക്ഷിയുടെ പുള്ളിക്കറുപ്പന്‍. അപരിചിതമായ ഭൂമികയില്‍ നിന്ന് , അഘോരിയുടെ കനവുകളില്‍ തുടങ്ങി കഥകളും ഉപകഥകളും കൊണ്ട് സൃഷ്ടിക്കുന്ന വിസ്തൃത ലോകമാണത്. മിത്തുകളും കടങ്കഥകളും ഒപ്പം പക്ഷിമൃഗാദികളും അവയോട് ചേര്‍ന്നു നില്‍ക്കുന്ന മനുഷ്യരും അടങ്ങുന്ന നല്ലുഗൊണ്ട, മസിനബെള്ളി, ഉമയാള്‍ പുരം ഊരുകളുടെ കഥയാണ് ഈ നോവല്‍. അഘോരി, വാറുണ്ണി തുടങ്ങിയ പുരുഷന്മാരും അതില്‍ നിന്ന് വേറിട്ട സിവഗംഗ, കനിമൊഴി, മാര്‍ഗഴി, സിന്ദൂരി തുടങ്ങിയ സ്ത്രീകളും ഉള്‍പ്പെടുന്ന വൈചിത്ര്യം നിറഞ്ഞ ലോകമാണ് പുള്ളിക്കറുപ്പനിലേത്. വാക്കുകളെ ചെത്തിമിനുക്കിക്കൊണ്ട് ജീവിത കഥകളുടെ നൈരന്തര്യമായി ഈ നോവല്‍ മാറുന്നു. അങ്കക്കോഴികളുടെ പോര് പോലെ മനുഷ്യരുടെ പോരിന്റെയും ദൃശ്യാഖ്യാനമായി നോവല്‍ മാറുന്നു. രാഗദ്വേഷങ്ങളുടെ സംഘര്‍ഷാത്മകാവിഷ്‌കാരമാണ് പുള്ളിക്കറുപ്പന്‍.

അരികുവല്‍ക്കരിക്കപ്പെട്ട ജനത മാത്രമല്ല, കൃതിയും വര്‍ഷങ്ങള്‍ക്ക് ശേഷം വായനക്കാരുടെ മുമ്പിലെത്തുന്നു. മുപ്പത് വര്‍ഷം മുമ്പ് ട്രയല്‍ മാസികയുടെ എഡിറ്ററായിരുന്ന എം.പി.നാരായണപ്പിള്ള , ബി.കെ. സരോജിനിദേവിയുടേതായി പ്രസിദ്ധീകരിച്ച നോവലാണ് കിനാവുകളുടെ തീരത്ത്. യഥാര്‍ത്ഥ എഴുത്തുകാരി ചന്ദ്രമതി കാണാമറയത്തായി അവശേഷിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പിടി പെണ്‍കുട്ടികള്‍ എന്ന പേരില്‍ നോവല്‍ വായനക്കാരിലേക്കെത്തുകയാണ്. എഴുപതുകളിലെ ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ രൂപം കൊണ്ട ഈ നോവല്‍ പെണ്‍ജീവിതങ്ങളെ അവതരിപ്പിക്കുന്നു. നോവലിന്റെ ഒടുവില്‍ വിമല പറയുന്നുണ്ട് , ‘എന്തൊരു പൈങ്കിളിയായിരുന്നു എന്റെ പ്രണയകഥ എന്നോര്‍ത്ത് ഞാന്‍ ലജ്ജിച്ച് പോകുന്നു. ഒരു പക്ഷേ പൈങ്കിളികളിലൂടെ കടന്നാവണം ക്ലാസിക്കുകള്‍ പിറക്കുക.’ പെണ്ണനുഭവങ്ങളുടെ ലോകമാണ് ഈ നോവല്‍. പ്രതികൂലസാഹചര്യങ്ങള്‍ക്കെതിരെ പൊരുതി കടന്നുവന്ന കൃതി പുതിയ കാലത്തോട് സംവദിക്കാന്‍ വായനക്കാരെ ക്ഷണിക്കുന്നു.

1950 കളിലെ എമിറാത്തി സ്ത്രീ ജീവിതം പറയുന്ന സോണിയ റഫീക്കിന്റെ നോവലാണ്Text പെണ്‍കുട്ടികളുടെ വീട്. വിമന്‍സ് മ്യൂസിയത്തില്‍ എത്തിപ്പെടുന്ന, മൂന്ന് അറബി പെണ്ണുങ്ങളുടെ കഥ പറയുന്ന നാസിയ ഹസ്സന്റെ ബൈത് അല്‍ ബനാത് എന്ന നോവല്‍ കൂടിയാണിത്. എഴുത്തുകാരിയല്ലാത്ത, വായന കുറഞ്ഞ നാസ്സിയ ഹസ്സന്റെ കൈകളില്‍ എത്തിപ്പെടുന്ന നോവലാണ് ബൈത് അല്‍ ബനാത്ത് അഥവാ പെണ്‍കുട്ടികളുടെ വീട്. മരിയം , സൊരയ്യ, ഷംസ എന്നീ അവിവാഹിതരായ സ്ത്രീകളുടെ കഥ പറയുന്ന നോവല്‍,അപരിചിത ദേശങ്ങള്‍ തീര്‍ക്കുന്ന സാംസ്‌കാരിക പരിസരത്തെയും മനുഷ്യാവസ്ഥയെയും നമ്മുടെ മുമ്പിലേക്ക് കൊണ്ടുവരുന്നു. ദേശാതിര്‍ത്തികള്‍ക്കപ്പുറത്ത് നിന്നുകൊണ്ട്, പെണ്‍ജീവിതങ്ങള്‍ക്ക് ഒരേ മുഖം തന്നെയാണെന്ന് നോവലിസ്റ്റ് വിളിച്ചു പറയുന്നു. മലയാളിയുടെ ദേശഭൂപടങ്ങള്‍ക്ക് പരിധികള്‍ തീര്‍ത്തിട്ടില്ലെന്ന് നോവലിനകത്തെ നോവല്‍ പുസ്തകം വ്യക്തമാക്കുന്നു.

Textരാജീവ് ശിവശങ്കറിന്റെ റബേക്ക എന്ന നോവല്‍ ജീവിതത്തെ പക കൊണ്ട് നയിക്കുന്ന പെണ്‍ജീവിതത്തിന്റെ തീര്‍ത്തും വ്യതിരിക്തമായ, കഥയാണ്. വാര്‍ത്താപ്രാധാന്യം നേടിയ സമകാലിക ജീവിതത്തില്‍ നിന്നാണ് നോവലിസ്റ്റ് റബേക്കയെ രൂപപ്പെടുത്തുന്നത്. തമോവേദത്തിലും മറപൊരുളിലും കുഞ്ഞാലിത്തിരയിലും എന്ന പോലെ റബേക്കയിലും രാജീവ് ശിവശങ്കര്‍ അനായാസമായി കഥ പറഞ്ഞു പോകുന്നു. പത്തേക്കര്‍ വീട്ടിലെ താമസക്കാരി റബേക്കയുടെ ജീവിതകഥ മോഹനന്‍ പകര്‍ത്തിയെഴുതുന്ന ആത്മകഥയായും മോഹനന്‍ പുഞ്ചക്കുറുഞ്ചി എഴുതുന്ന ഗോപ്യം എന്ന നോവലായും ആഖ്യാനത്തെ വിചിത്ര വഴികളില്‍ നിര്‍ത്തിയാണ് റബേക്കയുടെ ജീവിതം സന്ധിക്കുന്നത്. പാപ്പി എന്ന തന്തയുടെ തനിപ്പകര്‍പ്പാണ് റബേക്ക എന്ന് അമ്മയായ ഏലിയാമ്മ പറയുന്നുണ്ട്. ജയിക്കാനായി പൊരുതി കളിക്കുന്ന കളിയാണ് റബേക്കയ്ക്ക് ജീവിതം. നിരന്തരം വിജയിക്കണമെന്ന് പറയുന്ന റബേക്ക, നാം അറിഞ്ഞ മനുഷ്യര്‍ക്കപ്പുറത്ത്, മനുഷ്യനനുഭവിക്കുന്ന നിലനില്‍പ്പിനായുള്ള കുതറിത്തെറിക്കലിന്റെ കഥയായി മാറുന്നു. വേട്ടക്കാരും ഇരയും ഒരാളായി തീരുന്ന നോവല്‍ വഴിയാണ് റബേക്ക.

പുരുഷന്‍ സൃഷ്ടിച്ച നീതിശാസ്ത്രങ്ങളെ, സ്മൃതികളെ, കുല മഹിമകളെ ചരിത്രം കൊണ്ട്Text വിചാരണ ചെയ്യുന്ന നോവലാണ് വി.ജി.ഉണ്ണിയുടെ ഭ്രഷ്ടിന്റെ പുസ്തകം. ഇരുണ്ട കാലത്ത് നിന്ന് സ്ത്രീയെ വിമോചിപ്പിക്കാനുള്ള പ്രതിരോധത്തിന്റെ പുസ്തകം തന്നെയാണ് ഭ്രഷ്ടിന്റെ കഥ. പുരുഷനിലും സവര്‍ണനിലും കേന്ദ്രീകരിച്ച വ്യവസ്ഥയ്ക്കകത്ത് സ്ത്രീ രണ്ടാംതരക്കാരിയായി തീര്‍ന്നതെങ്ങനെയെന്ന് ഈ നോവല്‍ അന്വേഷിക്കുന്നു. ഫ്യൂഡലിസ്റ്റ് വ്യവസ്ഥയില്‍ നിരന്തരം അപമാനിതയാക്കപ്പെടുന്ന പെണ്‍കുട്ടി നടത്തുന്ന ചെറുത്തുനില്പായി നോവല്‍ മാറുന്നു. ആറങ്ങോട്ടുകരയിലെ ആവണിശ്ശേരി ഇല്ലത്ത് പിറന്ന തേതി നിലനില്‍ക്കുന്ന വ്യവസ്ഥയോടാണ് പോരടിച്ചത്. അച്ഛനും സഹോദരനും അമ്മാവനും ഉള്‍പ്പെടെ ഒരു സാമൂഹികാന്തരീക്ഷം മുഴുവന്‍ ഒരു പെണ്‍കുട്ടിയെ ലൈംഗികാതിക്രമണത്തിന് വിധേയമാക്കിയത് ഭൂതകാല ചരിത്രത്തിന്റെ കണ്ടെടുക്കലല്ല, വര്‍ത്തമാന കാലത്തോടുള്ള മുറവിളിയായാണ് നോവലില്‍ മുഴങ്ങുന്നത്.

Textപുതുകാലത്തെ അഭിസംബോധന ചെയ്യുന്നത് കുറിയേടത്ത് താത്രി മാത്രമല്ല. ക്രിസ്തുവും ബുദ്ധനും വര്‍ത്തമാനകാല നോവലിലേക്ക് ഇറങ്ങി വരുന്നു. റോസി തമ്പിയുടെ റബ്ബോനി ക്രിസ്തുവിന്റെ ജീവിതത്തിനൊപ്പം സഞ്ചരിച്ച്, പാപികളെന്ന് മുദ്രകുത്തപ്പെട്ട , മാറ്റി നിര്‍ത്തപ്പെട്ട യൂദാസിനെയും മഗ്ദലന മറിയത്തേയും പുനരെഴുത്തിന് വിധേയമാക്കുന്നു. റോസി തമ്പിയുടെ നോവലില്‍ ഒറ്റുകാരനല്ലാത്ത യൂദാസിനെ, യേശുവിന്റെ സുവിശേഷങ്ങള്‍ പാടി നടന്ന മറിയയെ വീണ്ടെടുക്കുന്നു. ഭാഷ കൊണ്ട് റോസി തമ്പി സൃഷ്ടിക്കുന്ന ചൈതന്യവത്തായ ലോകമാണ് റബ്ബോനി. ആത്മാവിന്റെ ഇരുട്ടകറ്റുന്ന ഗുരുനാഥനാണ് റബ്ബോനി. ഗുരുവിനെ പ്രണയിക്കുന്നവളാണ് മറിയ. മറിയയും യൂദായും തമ്മിലുള്ള സംഭാഷണങ്ങളില്‍ നിന്നാണ് ക്രിസ്തുവിന്റെ വിചിത്ര വഴികള്‍ നോവലില്‍ കടന്നുവരുന്നത്. ക്രിസ്തുവിന്റെ വിശുദ്ധ പാതകള്‍ക്കപ്പുറത്ത്, അപഹസിക്കപ്പെട്ടവര്‍, ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളില്‍ നിന്ന് സമകാലിക ലോകത്തെ കണ്ടെടുക്കുന്നു. അതാണ് റബ്ബോനി എന്ന നോവല്‍.

ചരിത്രമുന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് അത്രയെളുപ്പം മറുപടി പറയുക സാധ്യമല്ലെന്ന് ഗോപയുടെText ജീവിതം പഠിപ്പിക്കുന്നു. കെ.അരവിന്ദാക്ഷന്റെ ഗോപ തഥാഗഥനോട് ഉന്നയിക്കുന്ന ചോദ്യങ്ങള്‍ നാം അഭിമുഖീകരിക്കേണ്ടി വരുന്നു. ഓര്‍മ്മ പോലും ആസക്തിയുടെ തീപ്പൊരിയായി കാണുന്ന സിദ്ധാര്‍ത്ഥനെ തന്റെ എഴുപത്തിയെട്ടാം ജന്മദിനത്തില്‍ ഓര്‍മ്മകള്‍ കൊണ്ട് തിരിച്ചുവിളിക്കുന്നു. തന്നോടൊരക്ഷരം ഉരിയാടാതെ ഇറങ്ങി പോയ മറുപാതിയാണ് ഗോപയ്ക്ക് സിദ്ധാര്‍ത്ഥന്‍. ഗോപയില്ലെങ്കില്‍ ബുദ്ധ ത്തം പൂര്‍ണമാകില്ലെന്നും പ്രപഞ്ചത്തിലെ സ്‌ത്രൈണതയുടെ ചോദ്യത്തില്‍ നിന്ന് ആര്‍ക്കും പുറത്തുകടക്കാനാവില്ലെന്നും പറയുന്ന ഗോപ യിലൂടെ നിശ്ശബ്ദതയ്ക്ക് നോവലിസ്റ്റ് ശബ്ദം നല്‍കുന്നു. സ്ത്രീപക്ഷത്ത് നിന്ന് ബുദ്ധവായന നടത്തുകയും ജീവകലയിലൂടെ പുതുലോകം സൃഷ്ടിക്കുകയും ചെയ്യുന്ന ഗോപ ബുദ്ധന്റെ വെറും പാതിയല്ല; സ്വതന്ത വ്യക്തിത്വത്തിന്റെ പര്യായമാണ്.

സാമ്പ്രദായിക രചനകളില്‍ നിന്നുള്ള വഴി മാറി നടപ്പാണ് സമകാലിക നോവലിന്റെത്. വായനക്കാരെ വരികളോടൊപ്പം ചേര്‍ത്ത് നിര്‍ത്തുന്ന രചനാതന്ത്രം ഓരോ എഴുത്തുകാരും സമര്‍ത്ഥമായി നിര്‍വ്വഹിക്കുന്നു. നോവല്‍ എന്ന സാഹിത്യരൂപം വരുംകാലത്തിന്റെ എഴുത്താണെന്ന് സധൈര്യം പറയുന്ന രചനകളാണ് ഡി.സി. ബുക്‌സ് 2021 ന്റെ മുഖമുദ്രകളായി അവതരിപ്പിച്ചത്. മനുഷ്യ ജീവിതത്തെ അഭിസംബോധന ചെയ്യാന്‍ നോവല്‍ പോലെ സാധ്യമായ മറ്റൊരു സാഹിത്യരൂപം ഇല്ലെന്ന് ഇവയോരോന്നും വിളിച്ചു പറയുന്നു. കാലത്തെ അതിവര്‍ത്തിക്കുന്ന ജീവിത പുസ്തകത്തിന്റെ പേരാണ് നോവല്‍.

കൂടുതല്‍ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.