നക്ഷത്ര ദീപങ്ങള്‍ അണഞ്ഞു : ബിച്ചു തിരുമല അന്തരിച്ചു
മലയാള ചലച്ചിത്ര ആസ്വാദകര്‍ക്ക് എന്നും ഓര്‍മ്മിക്കാവുന്ന ഒട്ടനവധി ഗാനങ്ങള്‍ സമ്മാനിച്ച ഗാനരചയിതാവ് ബിച്ചു തിരുമല (ബി.ശിവശങ്കരന്‍ നായര്‍- 80 വയസ്സ്) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകീട്ട് 4.30 നു ശാന്തികവാടത്തില്‍.
സിനിമയുടെ കഥാസന്ദര്‍ഭത്തിന് അനുസൃതമായി വളരെ അനായാസത്തോടെ പാട്ടുകള്‍ രചിക്കുന്നതില്‍ പ്രഗത്ഭനായിരുന്നു അദ്ദേഹം. നാനൂറിലധികം സിനിമകളിലും ആല്‍ബങ്ങളിലുമായി അയ്യായിരത്തോളം ഗാനങ്ങള്‍ക്ക് അദ്ദേഹം തൂലിക ചലിപ്പിച്ചു. എഴുപതുകളിലും എണ്‍പതുകളിലും ശ്യാം, എ.ടി. ഉമ്മര്‍, രവീന്ദ്രന്‍, ജി. ദേവരാജന്‍, ഇളയരാജ എന്നീ സംഗീതസംവിധായകരുമായി ചേര്‍ന്ന് നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചു. എ.ആര്‍. റഹ്മാന്‍ സംഗീതസംവിധാനം നിര്‍വഹിച്ച ഒരേയൊരു മലയാളസിനിമയായ യോദ്ധയ്ക്ക് വേണ്ടി പാട്ടുകളെഴുതിയതും അദ്ദേഹം തന്നെയാണ്.
മൈനാകം കടലില്‍ നിന്നുയരുന്നുവോ… വെള്ളിച്ചില്ലും വിതറി…. ആളൊരങ്ങി അരങ്ങൊരുങ്ങി….
മിഴിയോരം നനഞ്ഞൊഴുകും…… ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ… നക്ഷത്രദീപങ്ങള്‍ തിളങ്ങി, നവരാത്രി മണ്ഡപമൊരുങ്ങി… വാകപ്പൂമരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളില്‍…
ആയിരം കണ്ണുമായ്… പൂങ്കാറ്റിനോടും കിളികളോടും… ആലാപനം തേടും തായ്മനം…
ഒരു മധുരക്കിനാവിന്‍ ലഹരിയിലേതോ… ഒളിക്കുന്നുവോ മിഴിക്കുമ്പിളില്‍… കണ്ണാംതുമ്പീ പോരാമോ…
കണ്ണീര്‍ക്കായലിലേതോ കടലാസിന്റെ തോണി… തുടങ്ങി മലയാളികളുടെ നാവിന്‍ തുമ്പിലെ വരികള്‍ എല്ലാം അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് പിറന്നുവീണവയാണ്.
രണ്ടുതവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു (തൃഷ്ണ ശ്രുതിയില്‍ നിന്നുയരും, തേനും വയമ്പും, ഒറ്റക്കമ്പി നാദം മാത്രം മൂളും). സ്വാതി പി. ഭാസ്‌കരന്‍ ഗാന സാഹിത്യ പുരസ്‌കാരം, സുകുമാര്‍ അഴീക്കോട് തത്വമസി പുരസ്‌കാരം കേരള ഫിലിം ക്രിട്ടിക്‌സ് അസ്സോസിയേഷന്‍ ചലച്ചിത്രരത്‌ന പുരസ്‌കാരം തുടങ്ങിയ മറ്റ് പുരസ്‌കാരങ്ങളും ലഭിക്കുകയുണ്ടായി.
Comments are closed.