DCBOOKS
Malayalam News Literature Website

രാഷ്ട്രീയശരി ഇടത്തിലെ മലയാളസിനിമ

ജൂലൈ ലക്കം പച്ചക്കുതിരയില്‍

രാജേഷ് കെ. എരുമേലി

ദലിതരും ആദിവാസികളും അഭിനയരംഗത്തേക്ക് വരികയും അവരുടെ കര്‍തൃത്വത്തെ പ്രഖ്യാപിക്കുകയും ചെയ്യുന്നു എന്നതാണ് പുതുസിനിമയുടെ മാറ്റങ്ങളില്‍ പ്രധാനം. അടിത്തട്ട് സമൂഹങ്ങളുടെ മുഖ്യധാരാ പ്രവേശനത്തെയും ജ്ഞാനനിര്‍മ്മിതിയെയും തിരിച്ചറിയുന്ന രീതിയിലുള്ള ആവിഷ്‌കാരങ്ങള്‍ക്ക് തുടക്കമാകാന്‍ ‘പുഴു’ പോലുള്ള സിനിമകള്‍ക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ കേരളത്തിന്റെ പൊതു മണ്ഡലം ജാതിമുക്തമായോ എന്ന ചോദ്യവും ഇത്തരം സിനിമകള്‍ ഉയര്‍ത്തുന്നു എന്നത് മലയാള സിനിമയുടെ മാറുന്ന മുഖത്തെയാണ് അടയാളപ്പെടുത്തുന്നത്.

രാഷ്ട്രീയശരി (Political Correctness) എന്ന സംജ്ഞ ഉത്തരാധുനിക കാലത്ത് രൂപപ്പെട്ട ഒന്നാണ്. ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലുമെന്ന പോലെ സിനിമയിലും രാഷ്ട്രീയ ശരിയെ മുന്‍നിര്‍ത്തിയുള്ള വിശകലനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ശാസ്ത്രം, രാഷ്ട്രീയം, സാമൂഹികം, സാഹിത്യം, സംസ്‌കാരം, പരിസ്ഥിതി തുടങ്ങിയ വിവിധ Pachakuthiraമണ്ഡലങ്ങളില്‍ ഈ കാഴ്ചപ്പാടിന്റെ സാന്നിധ്യം സജീവമായിരിക്കുകയാണ്. ഒരു വാക്ക് പ്രയോഗിക്കുമ്പോള്‍ പോലും അത് രാഷ്ട്രീയശരിയാല്‍ പരിശോധിക്കപ്പെടുന്നുണ്ട്. ദലിത്, ആദിവാസി സമൂഹങ്ങളുടെ ജീവിതവും അവരുടെ അനുഭവങ്ങളെ ആവിഷ്‌കരിക്കുന്ന സിനിമകളും രാഷ്ട്രീയ കൃത്യതയാല്‍ വിമര്‍ശനത്തിന് വിധേയമാകുന്ന സന്ദര്‍ഭമാണിത്. അതിനാല്‍ ആദ്യകാല സിനിമകള്‍പോലും ഈ ആശയത്താല്‍ ഇപ്പോള്‍ വിചാരണ ചെയ്യപ്പെടുന്നുണ്ട്.

ഈ ലേഖനം പുതിയ കാലത്തിറങ്ങിയ ദലിത്, ആദിവാസി ജീവിതാവിഷ്‌കാരങ്ങളുടെ തുറസുകളെ എങ്ങനെയാണ് സിനിമയില്‍ ആവിഷ്‌കരിക്കുന്നത് എന്ന് പരിശോധിക്കുകയാണ്. രണ്ടായിരത്തിന് ശേഷം സിനിമയിലുണ്ടായ മാറ്റം ദലിത്, ആദിവാസി കര്‍തൃത്വത്തെ നാളിതുവരെയുള്ള കാഴ്ചപ്പാടില്‍നിന്നും വ്യത്യസ്തമായി അടയാളപ്പെടുത്തിത്തുടങ്ങി എന്നതാണ്. എന്താണ് ഇത്തരം സമൂഹങ്ങളുടെ കര്‍തൃത്വം എന്നചോദ്യമാണ് ഈ വ്യത്യസ്തതയെ അടയാളപ്പെടുത്തിയത്. എല്ലാ സിനിമകളുടെയും ഓരോ ദൃശ്യങ്ങളും ഡയലോഗുകളും ഇന്ന് രാഷ്ട്രീയശരികളെ മുന്‍നിര്‍ത്തി മാത്രമേ വിലയിരുത്താനാകു. സമൂഹത്തില്‍ എല്ലാവര്‍ക്കും അവരവരുടേതായ സ്വാതന്ത്ര്യമുണ്ട്, അഭിപ്രായമുണ്ട് എന്ന ബോധ്യം അസ്വാതന്ത്ര്യത്തില്‍ ജീവിക്കുന്ന സമൂഹം തിരിച്ചറിഞ്ഞതോടെ ആര്‍ക്കും മറ്റൊരാളുടെ മുകളില്‍ ആധിപത്യം സ്ഥാപിക്കാനാകില്ല എന്നതിലേക്കുള്ള മാറ്റത്തിന് തുടക്കമായി. മലയാള സിനിമയിലും അതിന്റെ പ്രതിഫലനങ്ങളാണ് ഇന്ന് കാണാനാകുന്നത്.

ആരുടെ പ്രതിനിധാനം

പ്രതിനിധാനം എന്നത് (Representation) ചരിത്രപരതയോട് ചേര്‍ന്നു നില്‍ക്കുന്ന സംജ്ഞയാണ്. രാഷ്ട്രീയ ശരിയുടെ കാലത്ത് പ്രതിനിധാനം പ്രധാനമാണ്. ഈ പദം യാഥാര്‍ത്ഥ്യത്തെ/സത്യത്തെ/ ജീവിതത്തെ കലയിലൂടെ ആവിഷ്‌കരിക്കാനുള്ള മാനുഷിക ശ്രമങ്ങളെ അടയാളപ്പെടുത്തുന്നു. ഈ അര്‍ത്ഥത്തില്‍ മലയാള സിനിമയില്‍ നാളിതുവരെ അടയാളപ്പെട്ട പ്രതിനിധാനങ്ങള്‍ ആരുടെതായിരുന്നു എന്ന ചോദ്യമാണ് ഇവിടെ പ്രസക്തം. കീളാള സമൂഹങ്ങള്‍, ആദിവാസികള്‍, സ്ത്രീകള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍, മറ്റ് പാര്‍ശ്വവത്കൃത സമൂഹങ്ങള്‍ എല്ലാം പ്രതിനിധാനപരമായി അടയാളപ്പെട്ടിട്ടുണ്ടോ, ഉണ്ടെങ്കില്‍ എങ്ങനെ എന്ന ചോദ്യം ഉത്തരാധുനികതയിലാണ് ഉയര്‍ന്നു വന്നത്. ഇത് കീഴാള സ്വത്വപരതയോട് ചേര്‍ന്നു നില്‍ക്കുന്നുണ്ടോ എന്ന അന്വേഷണവും പ്രസക്തമാകുന്നത് അടുത്ത കാലത്താണ്. സ്ത്രീ/പുരുഷന്‍ എന്ന ദ്വന്ദ്വവിശകലനത്തിന് അപ്പുറം സ്ത്രീ/പുരുഷന്‍/ട്രാന്‍സ്‌ജെന്റേഴ്‌സ് (ട്രാന്‍സ്‌ജെന്റര്‍, ട്രാന്‍സ്മാന്‍, ട്രാന്‍സ് വുമണ്‍, ബൈസെക്ഷ്വല്‍, ഇന്റര്‍ സെക്‌സ്) എന്നിങ്ങനെ പ്രതിനിധാനങ്ങള്‍ മാറുന്ന സവിശേഷ സന്ദര്‍ഭമാണിത്.

പൂര്‍ണ്ണരൂപം 2023 ജൂലൈ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ ലക്കം ലഭ്യമാണ്‌

 

 

 

 

Comments are closed.