DCBOOKS
Malayalam News Literature Website

‘മലയാള നോവല്‍ സാഹിത്യമാല’; മലയാള നോവല്‍ സാഹിത്യത്തിലേക്ക് ഒരു കിളിവാതില്‍!

എന്‍.പി. ഹാഫിസ് മുഹമ്മദ്

കടപ്പാട്- ഉപദ്ധ്വനി

സാഹിത്യശാഖകളില് കഥാസാഹിത്യത്തിന് വായനക്കാരെ വായിപ്പിക്കാനുള്ള മാന്ത്രികഭാവമുണ്ട്. നല്ല നോവലുകൾ ഒരിടത്തിരുത്തി വായിപ്പിക്കും. വായിക്കുന്നവർ ആസ്വദിക്കും, ചിന്തി ക്കും, പലതും ഓർമ്മയിൽ കാത്തു സൂക്ഷിക്കും. എന്നാൽ ആർക്കാണ് കഥയായോ നോവലായോ വന്ന രചനകളെല്ലാം വായിക്കാനാവുക? മറ്റ് ഭാഷകളെ താരതമ്യപ്പെടുത്തി നോക്കുമ്പോൾ വളരെയധികം പേരൊന്നും വായന നടത്താത്ത മലയാള ഭാഷയിലിറങ്ങിയ സകല കഥകളും നോവലുകളും വായിച്ച ഒരാൾ പോലുമുണ്ടാകാനിടയില്ല. മലയാള നോവലുകൾ മറ്റേത് ശാഖയേക്കാളേറെയും നന്നായി വായിക്കപ്പെടുന്നു. പരക്കെ വായനയുള്ള ഒരാൾക്ക് പോലും ഒരു വർഷമിറങ്ങുന്ന എല്ലാ നോവലുകളും വായിക്കുകയെന്നത് അസാധാരണമായ സാഹസികതയായിരിക്കും. 2001-2010 കാലത്തിനിടയ്ക്ക് 2050 നോവലുകളാണ് മലയാളത്തിൽ പ്രസിദ്ധീകരിച്ചത് എന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഒരു ദശകത്തിന്റെ നോവലുകൾ പോലും ഒരായുസ്കൊണ്ട് വായിച്ചുതീർക്കാനാവില്ല. 1871 മുതൽ 2018 വരെ അപൂർണമാണെങ്കിലും, 11153 നോവലുകൾ പ്രസിദ്ധീകരിച്ചുകഴിഞ്ഞിരിക്കുന്നു. സാഹിത്യം പഠിക്കുന്നവരോ പഠിപ്പിക്കുന്നവരോ ആസ്വദിക്കുന്നവരോ ഇതൊക്കെയും വായിക്കേണ്ടതുമില്ല. പ്രസിദ്ധീകരിച്ച സകലതും വായിക്കുകയല്ല അധ്യാപകരോ വിദ്യാർത്ഥിക ളോ ആസ്വാദകരോ ചെയ്യേണ്ടതും. അപ്പോൾ സ്വാഭാവികമായും ഒരു തെരഞ്ഞെടുപ്പ് വരുന്നു.

ചിലതെങ്കിലും വായിക്കേണ്ടതുണ്ടെന്നു വരുന്നു. അപ്പോൾ, മറ്റൊരു പ്രശ്നം വന്നെത്തുന്നു.  എങ്ങിനെ തെരഞ്ഞെടുക്കണം, ഏത് മാനദണ്ഡങ്ങൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണം എന്നത് അത്രയെളുപ്പം പരിഹരിക്കാവുന്ന പ്രശ്നമല്ല. തെരഞ്ഞെടുപ്പില് പഠിപ്പിക്കുന്നവരായാലും സഹൃദയരായാലും അവരവരുടെ സംവേദന താല്പര്യങ്ങളും അഭിരുചിയും, പലപ്പോഴും പക്ഷപാതിത്വങ്ങളും സ്വാധീനിക്കാതെ പോവില്ല. ഇവയെയെല്ലാം മറികടന്ന് ചില നോവലുകളെങ്കിലും വായിപ്പിക്കുക, അവയെക്കുറിച്ച് എഴുതിയത് വായിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരാൾ ഒരു പദ്ധതിയുമായി മുന്നോട്ടു വന്നതിനെ അത്ഭുതരേഖയാണ് ഡിസി ബുക്സ് പ്രസിദ്ധീകരിച്ച (സെപ്റ്റംബർ 2020) മലയാള നോവൽ സാഹിത്യമാല. സാഹിത്യാസ്വാദകർക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും വായിക്കാനും കാത്തുസൂക്ഷിക്കാനും, ആവശ്യമുള്ള സന്ദർഭങ്ങളിൽ പരിശോധിക്കാനും ഉതകുന്ന 3005ഓളം പേജുകളുള്ള ഒരു ഗ്രന്ഥമാണ് “മലയാള നോവൽ സാഹിത്യമാല’. പലതല ളിൽ അധ്യാപനം നടത്തിയിട്ടുള്ള നിരൂപകനും ഗവേഷകനുമായ ഡോ. എം.എം.ബഷീറിന് മാത്രം  നടപ്പിലാക്കാൻ കഴിയുന്ന ഒരു ബൃഹത് പദ്ധതിയുടെ സാക്ഷിപത്രമാണ് ഈ ഗ്രന്ഥം.  ഈ കഴിഞ്ഞ ദശകത്തിൽ മലയാള സാഹിത്യത്തിന് ലഭിച്ച വിലപ്പെട്ട പഠനരേഖയാണ് മലയാള നോവൽ സാഹിത്യമാല’,

തെരഞ്ഞെടുപ്പിന്റെ സവിശേഷതകൾ

മലയാള നോവല് സാഹിത്യമാലയുടെ ഏറ്റവും സവിശേഷമായ കാര്യം ഈ സമാഹാരത്തിൽ ഉൾപ്പെടുത്താൻ ഏതെല്ലാം നോവലുകൾ വേണമെന്ന തെരഞ്ഞെടുപ്പ് തന്നെയാണ്. മുൻവി ധികളാലും സംവേദന വൈജാത്യതത്പരതയായലും ഇത്തരം തെരഞ്ഞെടുപ്പിൽ പ്രശ്നങ്ങളുണ്ടാകാറുണ്ട്. ആമുഖത്തില് ഡോ. എം.എം ബഷീർ പറയുന്നുണ്ട്; ” മലയാളത്തിലെ 200 നോവലുകൾ തെരഞ്ഞെടുക്കുമ്പോൾ എന്തെങ്കിലും മാനാദണ്ഡങ്ങള് ഉണ്ടായിരുന്നോ? മലയാളത്തിലെ ഏറ്റവും മികച്ച നോവലുകളാണോ തെരഞ്ഞെടുത്തത്?. ഇതിനേക്കാൾ മികച്ച നോവലുകൾ ഇല്ലേ? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം അന്വേഷിക്കുന്നവരുണ്ടാവാം. അപ്പു നെടുങ്ങാടിയുടെ ‘കുന്ദലത’ (1887) മുതല് എന്. പി. ഹാഫിസ് മുഹമ്മദിന്റെ ‘എസ്പതിനായിരം’ (2018) വരെ 133  വര്ഷത്തെ മലയാള നോവല് ചരിത്രം ഈ നോവലുകളിലൂടെ കടന്നുപോകുന്നുണ്ട്.

ആ ചരിത്രം പറയും : ”മലയാളത്തിലെ വായിച്ചിരിക്കേണ്ട ശ്രദ്ധേയമായ നോവലുകളാണ് ഈ ആസ്വാദന പഠന സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്”  ഈ പറഞ്ഞത് തെറ്റാണെന്ന് പറയാനുമാവില്ല. ഏതു വീക്ഷണകോണിൽ നോക്കിയാലും ഒരാൾ തെരഞ്ഞെടുക്കുന്ന മേന്മയുറ്റ നോവലുകള് ഇതിലുണ്ടാവും. ഏതു തരത്തിൽ സംവേദനക്ഷമത വെച്ചു പുലർത്തുന്ന,  വായനയെ ഗൗരവപൂർവ്വം കണക്കാക്കുന്ന ഒരാളിന്റെ താല്പര്യത്തെ ഈ തെരഞ്ഞെടുപ്പിൽ പരിഗണിക്കാതിരുന്നിട്ടുമില്ല. നിഷ്പക്ഷമായ വായന നടത്തുന്ന, രചനയുടെ മൂല്യത്താൽ തെരഞ്ഞെടുപ്പ് നടത്തുന്ന എഡിറ്ററുടെ നൈപുണ്യം ഈ പഠന ആസ്വാദന ഗ്രന്ഥത്തിന്റെ നിർമ്മിതിയിൽ നിറഞ്ഞുകാണാനാവും.

ആദ്യനോട്ടത്തിൽ എന്തിനാണ് ഒരെഴുത്തുകാരന്റെ  ഒന്നിലധികം നോവലുകൾ തെരഞ്ഞെടുന്ന സംശയം തോന്നിയിരുന്നു. എന്നാൽ പുസ്തകങ്ങളുടെ പേരറിഞ്ഞപ്പോൾ തന്നെ ആ സംശയം അസ്ഥാനത്താണെന്ന് ബോദ്ധ്യമായി. വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസ ലിയില്ലാതെ ഇത്തരമൊരു ഗ്രന്ഥം ഒരുക്കൂട്ടാനാവില്ല. മലയാള നോവലിന്റെ വ്യാകരണത്തെ മാറ്റിയെഴുതിയ രചനയാണത്. എന്നാൽ ശബ്ദങ്ങളോ, ന്റുപ്പൂപ്പാക്കൊരാനേണ്ടാര്ന്നോ, പാത്തുമ്മയുടെ ആടോ മതിലുകളോ ഇല്ലാതെയും ഈ ഗ്രന്ഥം സമ്പൂർണ്ണമാകുന്നില്ല. ഓരോന്നും മലയാള നോവൽ സാഹിത്യത്തിലെ നിർണ്ണായക മണ്ഡപങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ രചനകളാണ്. എംടിയുടെ നാലുകെട്ടും അസുരവിത്തും മഞ്ഞും കാലവും രണ്ടാംമൂഴവും ഇത്തരം ഒരു സമാഹാരത്തിൽ നിന്ന് ഒഴിവാക്കാനുമാവില്ല ഒ. വി.വിജയന്റെയും ആനന്ദിന്റെയും മറ്റ് പലരുടെയും നോവലുകളുടെ കാര്യത്തിലും മാറ്റ നോവലിലൊതുക്കി മലയാള നോവലിന്റെ ചരിത്രം കുറിക്കാനുമാവില്ല. അത് നോവലിസ്റ്റിന്റെ വളർച്ചയുടെയോ പരിണാമത്തിന്റെയോ അടയാളപ്പെടുത്തലുകൾ മാത്രമല്ല, മലയാള നോവലിന്റെ വികാസ ചരിത്രത്തിലെ ഒഴിവാക്കാനാവാത്ത സംഭാവന കൂടിയാണ്.

വായിച്ചാൽ നന്ന് വായിച്ചില്ലെങ്കിൽ നഷ്ടം എന്നിവ ഈ 200 നോവലുകളുടെ കണ്ടെത്തലില് അടയിരുപ്പുണ്ട്. വായിക്കാതെ പൊയ്ടാക്കൂട എന്ന അറിയിപ്പുകള് ഈ തെരഞ്ഞെടുപ്പ് വെളിപ്പെടുത്തു ന്നു. എന്നാൽ എഡിറ്ററുടെ ത്യാജ്യഗ്രഹ്മായ മനോഭാവത്തിന്റെ നിദര്ശനമായി കണ്ടെത്താവുന്ന സവിശേഷതയാണ് ഒഴിവാക്കപ്പെട്ട കൃതികളുടെ പട്ടിക. പ്രതിഭാസ്ഫുരണംകൊണ്ട് പ്രകാശം ഒളി മിന്നുന്ന ഒരു കൃതിയും തിരസ്കരിക്കപ്പെടാതിരുന്നിട്ടില്ല. എന്നാൽ വായിക്കേണ്ടതില്ലാത്ത ഒരു നോവലും ഉൾപ്പെടുത്തിയിട്ടുമില്ല. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളിൽ നിന്നുള്ള മുക്തിയും പക്ഷം ചേരാത്ത  മനോഭാവവും ഈ 200 നോ വലുകളുടെ പട്ടിക സംശയലേശമന്യേ  വെളിപ്പെടുത്തുന്നുണ്ട്.

ഗ്രന്ഥരചനയുടെ മേന്മകൾ

ഒരു നോവലിനെ പരിചയപ്പെടുകയില്ല, അതിന്റെ മേന്മ കുറിക്കുകയാണ് ഡോ. എം.എം.ബഷീർ ചെയ്യുന്നത്. നോവലിസ്റ്റിനെക്കുറിച്ചുള്ള ജീവചരിത്രസൂചനകൾ, മലയാള സാഹിത്യത്തിൽ ഗ്രന്ഥകാരനുള്ള സ്ഥാനം, പ്രധാനപ്പെട്ട കൃതികൾ, നോവലിലെ പ്രധാന കഥാപാത്രങ്ങൾ, പ്രമേയം, ഇതിവൃത്തം, സംഭവങ്ങൾ എന്നിവയെ സംക്ഷിപ്തമായറിയുന്ന കഥാസംഗ്രഹം ഓരോ ലേഖനത്തിലും നൽകിയിട്ടുണ്ട്. നോവലിന്റെ ആഖ്യാന വിശേഷങ്ങളും ആവശ്യമെങ്കിൽ ക്രിയാത്മകമായ വിമർശനവും നല്കാൻ ലേഖകരോട് എഡിറ്റർ ആവശ്യപ്പെട്ടിരുന്നു. ഇത്തര മൊരു പഠനഗ്രന്ഥത്തിൽ വെച്ചുപുലർത്തേണ്ട നിബന്ധനകളെക്കുറിച്ച് ഡോ. എം.എം.ബഷീറിന് നല്ല ധാരണയുമുണ്ടായിരുന്നു. പല എഴുത്തുകാരില്  നിന്നും ലേഖനങ്ങൾ ആവശ്യപ്പെട്ട് എഴുതുമ്പോൾ ഈ ഗ്രന്ഥത്തിൽ വെച്ചുപുലർത്തേണ്ട രചനാരീതി ഏതു തരത്തിലായിരിക്കണമെന്നത് ഉറപ്പുവരുത്താൻ ഒരു മാതൃകയും അയച്ചുകൊടുത്തിരുന്നു. ചിലേടങ്ങളിലെങ്കിലും ഐക്യരൂപം നഷ്ടപ്പെടുത്തിയിട്ടുണ്ടെങ്കിൽ, തിരുത്തലുകൾ വരുത്തിയിട്ടും മാറ്റാനായില്ലെങ്കിൽ, അതിന്റെ ഉത്തരവാദിത്വം ലേഖകരുടേതാണ്. ഇത്തരമൊരു ഗ്രന്ഥം എഴുതിത്തീർക്കുന്നതിനെക്കാൾ പ്രയാസമാണ്,  മറ്റുള്ളവരുടെ രചനകളാൽ ഒരുക്കൂട്ടുകയെന്നത് എന്നും വായനക്കാർക്കും മനസിലാക്കാനാവും.

പൊതുവെ ലളിതമായ ഭാഷയിൽ ദുർഗ്രാഹ്യതയില്ലാതെ, കടുത്ത നിരൂപണമോ അന്ധമായ പ്രശംസയോ ആകാതെ, ഒരു റഫറൻസ് ഗ്രന്ഥമായിരിക്കാൻ ഡോ. എം.എം.ബഷീർ ശ്രദ്ധിച്ചിട്ടുണ്ട്. ആർക്കും വായിച്ചാൽ ഗ്രഹിക്കാനും, ഒപ്പം ഓരോ നോവലിന്റെയും മേന്മ തിരിച്ചറിയാൻ കഴിയു ന്നവിധം ഗ്രന്ഥത്തിന്റെ ഒരുകൂട്ടൽ നടത്താനും എഡിറ്റർ ശ്രമിച്ചിരിക്കുന്നു. പലവിധേന എളുപ്പം ഒരു നോവലിലേക്കെത്തിച്ചേരാനുള്ള രീതിശാസത്രവും ഡോ. എം.എം.ബഷീർ പിന്തുടർന്നിട്ടുണ്ട്. കാലപരിഗണന നൽകി, പ്രസിദ്ധീകരിച്ച വർഷത്തിന്റെ അടിസ്ഥാനത്തിൽ ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നു. അനുബന്ധമായി 200 നോവലുകളുടെ പേരും ഗ്രന്ഥകർത്താവിന്റെ പേരോടെ പേജ് നമ്പർ രേഖപ്പെടുത്തി പട്ടിക തയാറാക്കി നൽകിയിട്ടുണ്ട്. നോവലിന്റെ പേരിൽ നിന്ന് എളുപ്പം നോവൽ രേഖയിലെത്താം. കഥാപാത സൂചിക അനുബന്ധത്തിൽ നൽകിയിട്ടുണ്ട്. കഥാപാത്രത്തെ അറിയുന്നവർക്ക് നോവൽ പ്രവേശം എളുപ്പമാക്കുന്നു. ഒരേ പേരിൽ എത്ര കഥാപാത്രങ്ങൾ നമ്മുടെ നോവൽ സാഹിത്യത്തിലുണ്ട് എന്നതറിയാനും വിദ്യാർത്ഥികൾക്കും ആസ്വാദകർക്കും കഴിയുന്നു. ലേഖകരെക്കുറിച്ചുള്ള കുറിപ്പുകൾ ഈ ഗ്രന്ഥത്തിന്റെ ആഴം വ്യക്തമാക്കുകയും ചെയ്യുന്നു.

മേന്മയുറ്റ ഒരു റഫറൻസ് ഗ്രന്ഥം

‘മലയാള നോവൽ സാഹിത്യമാല’ യുടെ ഏറ്റവും വിശേഷപ്പെട്ട കാര്യം അനുബന്ധമായി ഡോ. എം.എം.ബഷീർ രചിച്ച ‘മലയാള നോവൽ സാഹിത്യം – ഒരവലോകനം’ എന്ന പഠനമാണ്. ഒൻപതു ഭാഗങ്ങളിലായി, തൊണ്ണൂറ്റിയൊന്ന് പേജുകളിൽ, ഈ പഠനം മലയാള നോവൽ സാഹിത്യത്തിന്റെ ഉത്ഭവവികാസ പരിണാമം അപഗ്രഥിക്കുന്നു. മലയാള നോവൽ രചനകളെ ഇത്രത്തോളം പിന്തുടർന്ന ഒരു നിരൂപകൻ നമുക്കുണ്ടോ എന്ന സംശയം വായനക്കാർക്കുണ്ടാകും. നോവൽ വളർച്ചയുടെ ഓരോ കാലഘട്ടത്തെയും അടിസ്ഥാനമാക്കിയാണ് എഴുത്തുകാരെക്കുറിച്ചും അവരുടെ നോവലുകളെക്കുറിച്ചും ഡോ. എം.എം.ബഷീർ വിശദീകരിക്കുന്നത്. അത് രചനയെ എങ്ങിനെ താൻ അടയാളപ്പെടുത്തുന്നു എന്ന എഡിറ്ററുടെ വിളംബരം കൂടിയാണ്. മലയാള നോവൽ സാഹിത്യത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകൾ രേഖപ്പെടുത്തുന്നു. അവ നോവൽ സാഹിത്യത്തിന് നൽകിയ സംഭാവന എന്താണെന്ന് വായനക്കാരെ അറിയിക്കുന്നു.

നോവൽ വായിക്കുന്നവർക്കും പഠിക്കുന്നവർക്കും തങ്ങളുടെ നോവൽ വായന ഏതു ദിശകളിലേക്കാണ് സഞ്ചരിക്കുന്നത്, എങ്ങോട്ടാണത് നിങ്ങേണ്ടത് എന്ന മാർഗദർശനവും ഈ പഠനം നല്കുന്നുണ്ട്. സത്യത്തിൽ ഈ 91 പേജുകൾ മലയാള നോവലിനെക്കുറിച്ചുള്ള പഠനമായി ഒരൊറ്റ ഗ്രന്ഥത്തിലാക്കി പ്രസിദ്ധീകരിക്കാവുന്നതുമാണ്. എന്താണ് ഈ നോവൽ സാഹിത്യ അവലോകനത്തിലൂടെ താൻ ആഗ്രഹിച്ചതെന്ന് ഡോ. എം.എം ബഷീര് അവസാനം എഴുതിയിട്ടുണ്ട്. ‘മലയാള നോവലുകളുടെ ചരിത്ര വഴികളിലൂടെ സഞ്ചരിക്കുക -കാലത്തെ അതിജീവിച്ച നോവലുകൾ എടുത്തു കാട്ടുക , വിസ്മൃതിയിലാണ്ടുപോയ മികച്ച നോവലുകൾ കണ്ടെത്തുക, നിനച്ചിരിക്കാതെ ശ്രദ്ധയിൽ വരുന്ന ചില നോവലുകൾ പരിചയപ്പെടുത്തുക, വായനക്കാരെ എക്കാലത്തും ആകർഷിക്കുന്ന നോവലുകളുടെ അതിജീവനഹസ്യം അന്വേഷിക്കുക – ഇവയാണ് മലയാള നോവൽ സാഹിത്യത്തിന്റെ അവലോകനത്തിലൂടെ ലക്ഷ്യമാക്കിയിട്ടുള്ളത്. ഈ ശ്രമം തന്നെയാണ് ഈ ഗ്രന്ഥത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ സഫലീകരിക്കുന്നത്. മലയാള നോവൽ സാഹിത്യമാലയുടെ സാംഗത്യവും, അവതരണ രീതയുടെ ന്യായീകരണവും അനുബന്ധമായി നൽകിയ ഈ പഠനം വെളിപ്പെടുത്തുന്നുണ്ട്.

സാങ്കേതിക വിദ്യകളെക്കുറിച്ച് ഒരു ലേഖനം നോവലിന്റെ അനുബന്ധമായി നല്കുന്നുണ്ട്. നോവൽ രചനയിലെ വീക്ഷണകേന്ദ്രം, ചിത്രീകരണം, ബോധധാര തുടങ്ങിയ ചില ഘടകങ്ങളെ ഈ ലേഖനത്തിൽ വിശദീകരിക്കുന്നു. നോവലിന്റെ സാങ്കേതികവിദ്യയുടെ രചനാ കൗശലത്തെക്കുറിച്ചും ഭാഷാ വൈചിത്യത്തെക്കുറിച്ചും ശൈലീ വിശേഷങ്ങളെക്കുറിച്ചും ഈ ലേഖനത്തിൽ ചേര്ക്കാമായിരുന്നു എന്ന് ചിലർക്കെങ്കിലും തോന്നാനിടയുണ്ട്. ഒരേ എഴുത്തുകാരന്റെ/ എഴുത്തുകാരിയുടെ വ്യത്യസ്ത നോവലുകൾ ഏതുവിധം വേറിട്ടു നിൽക്കുന്നുവെന്നതറിയാനും ഇതുകൊണ്ട് സാധിച്ചേക്കും. പല നോവലുകളേയും ശ്രദ്ധേയമാക്കുന്നതും, അതെഴുതിയയാളിന്റെ മറ്റൊരു നോവലിൽ നിന്നും വേറിട്ടു നിർത്തുന്നതുമായ രചനാകൗശല വൈജാത്യം അറിയിക്കാന് ഇതുകൊണ്ട് സാധിക്കുന്നു.

ഡോ. എം.എം.ബഷീർ ആത്യന്തികമായി ഒരധ്യാപകനാണ്. അതുകൊണ്ടുതന്നെ മയാള നോവൽ സാഹിത്യമാലയിൽ ‘നോവൽ എങ്ങനെ പഠിപ്പിക്കാം?’ എന്ന മാർഗനിർദേശ ലേഖനവും അനുബന്ധമായി നല്കുന്നു. അദ്ധ്യാപകർ പിന്തുടരേണ്ട പൊതുതത്വങ്ങളെക്കുറിച്ച് എഡിറ്റർ ലേഖനത്തിൽ പറയുന്നുണ്ട്. ഈ  നിർദേശങ്ങൾ വഴി ഏത് അധ്യാപകർക്കും അദ്ധ്യാപനം രസകരമാക്കാനും ഫലവത്താക്കാനും സാധിക്കും. ഭാഷയും സാഹിത്യപഠനവും വിദ്യാർത്ഥികൾക്ക് ആസ്വാദകരമനാക്കാനും ഡോ. ചില നിർദേശങ്ങൾ നല്കുന്നുണ്ട്. ‘നോവൽ  പലതും  കുത്തിത്തിരുകുന്ന  പീറച്വചാക്കാണ് എന്ന നിര്വചനം വായനക്കാരുടെ മുന്നിലുണ്ട്. എന്നാല് അത്തരം ഒരു ചേരുവയിൽ നിന്ന് ചില ഉൾക്കാഴ്ചകൾ നല്കുന്നുണ്ട്. അത് ജീവിതത്തിന്റെ അത്യന്തികമായ സത്യത്തിലേയ്ക്കും ധര്മ്മത്തിലേയ്ക്കും നയിക്കുമെന്ന് ഗ്രന്ഥകര്ത്താവ് കരുതുന്നു. അത്തരം ‘അഭിവീക്ഷണങ്ങള് ,  നിരീക്ഷണങ്ങള്, വിലയിരുത്തലുകള് എന്നവ കണ്ടെത്തുവാന് വായനക്കാരെ പ്രേരിപ്പിക്കേണ്ടതും അധ്യാപകരുടെ ദൗത്യമായി എം.എം.ബഷീർ വ്യക്തമാക്കുന്നു. അത് സ്വയം കണ്ടെത്താനാവാത്ത വിദ്യാർത്ഥികൾക്കൊപ്പം അരുനിൽക്കേണ്ടതിനുള്ള മാർഗവും എഡിറ്റര് ചൂണ്ടിക്കാണിക്കുന്നുണ്ട്. സി വി രാമന് പിള്ളയുടെ ‘ധര്മരാജ’,  ഉറൂബിന്റെ ‘ഉമ്മാച്ചു’ എന്നീ രണ്ടു ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി പ്രായോഗിക പരിശീലനവും ഈ അനുബന്ധത്തിൽ ചേർത്തിട്ടുണ്ട്. ഒരു നോവൽ പഠിപ്പിക്കുമ്പോൾ തുടർച്ചയായി അത് നടത്തുന്ന ദിവസങ്ങളിൽ എന്തൊക്കെ അവതരിപ്പിക്കാം,  ഏതു വിധത്തിലുള്ള അസൈൻമെന്റുകൾ നൽകാം, ഏതുവിധം ചർച്ച നടത്താം എന്നും, ‘നോവല്  എങ്ങനെ പഠിപ്പിക്കാം?’ എന്ന ഭാഗത്ത് ഡോ എം എം ബഷീര് അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. ഈ അനുബന്ധങ്ങളിൽ നിന്ന് കൂടിയാണ് ‘ മലയാള നോവൽ സാഹിത്യമാല’  വിശേഷപ്പെട്ട ആസ്വാദനഗ്രന്ഥവും പഠനഗ്രന്ഥവുമായി ഒരേ സമയം മാറുന്നത്.

അദ്ധ്യാപന ഗവേഷണാനുഭവങ്ങളുടെ രചന

‘മലയാള നോവൽ സാഹിത്യമാല’ ഒരു വെളിപാടിൽ മാത്രം ഉണ്ടാക്കപ്പെട്ട ഗ്രന്ഥപരമ്പര യല്ല. മൂന്നു വാല്യങ്ങളിലായുള്ള ഈ ഗ്രന്ഥം ഏറെക്കാലത്തെ വായനയുടെയും അത്രയും കാലത്തെ അദ്ധ്യാപനത്തിന്റെയും നിർമിതിയാണ്. ഗവേഷണ തൽപരനായ ഒരു അധ്യാപകന് മാത്രമേ ഈ ഗ്രന്ഥം രചിക്കാൻ പറ്റൂ. ബിരുദത്തിനു വേണ്ടിയുള്ള ഗവേഷണമല്ല, അദ്ധ്യാപനത്തിന്റെ  അനിവാര്യതയായ ഗവേഷണ താൽപര്യത്തിന്റെ അവസാനമില്ലാത്ത അന്വേഷണമാണ് ” മലയാള നോവൽ സാഹിത്യമാല’യെ വിലപ്പെട്ട ഒരു ഗ്രന്ഥരചനയാക്കി മാറ്റുന്നത്. സാമ്പത്തികമായി വലിയ നേട്ടമൊന്നുമില്ലാതെ ഡോ. എം.എം.ബ ഷീർ വർഷങ്ങളോളം അദ്ധ്വാനിച്ചതിൽ നിന്നാണ് ഈ സഫല രചന സാദ്ധ്യമായത്. ഇക്കാലം വരെയുള്ള വായനാന്വേഷണങ്ങൾ വിലപ്പെട്ട ഒരു ഗ്രന്ഥമാക്കി മാറ്റാൻ രണ്ടു കൊല്ലക്കാലത്തിന്റെ ഈ പരിശ്രമവും വേണ്ടി വന്നുവെന്നു മനസ്സിലാക്കുന്നു. സാഹിത്യത്തിന്റേതായാലും സമൂഹത്തിന്റെതായാലും വസ്തുനിഷ്ഠമായ ചരിത്രവും സൂക്ഷ് മമായ അപഗ്രഥനവും നടത്താൻ എല്ലാവർക്കും കഴിയണമെന്നില്ല. മലയാള ചെറുകഥാചരിത്രം രചിച്ച നോവൽ ചരിത്രത്തിന്റെ അന്വേഷണം നടത്തിയ ഡോ. എം.എം.ബഷീറിന് ഈ ഗ്രന്ഥ യൊരുക്കൂട്ടലും മലയാള ഭാഷയോടും സാഹിത്യത്തോടും ചെയ്യുന്ന സേവനം കൂടിയാണ്. എമ്പാടും ആളുകൾക്ക് സാധിക്കാത്ത ഒരു കർമമായതുകൊണ്ടാണ് ഡോ. എം.എം.ബഷീർ വ്ത്യയസ്തനായ ഒരു അദ്ധ്യാപകനും നിരൂപകനുമാകുന്നത്. അതിനുള്ള ആദരം മലയാളദേശം ഇന്നല്ലെങ്കിൽ നാളെ അദ്ദേഹത്തിന് നൽകാതിരിക്കില്ല. തീർച്ച

മലയാള നോവല്‍ സാഹിത്യമാല വാങ്ങാന് ക്ലിക്ക് ചെയ്യൂ

Comments are closed.