ഒരുപാട് മലാലാ ടാക്കീസുകള്‍ക്ക് സാധ്യതയുള്ള നാടാണ് കേരളം
ടോംസിന്റെ ബോബനും മോളിയും കണ്ടും വായിച്ചും വളര്‍ന്നു വന്ന ഒരു തലമുറയുടെ പ്രതിനിധിതന്നെയാണ് ഞാനും
വി എച്ച് നിഷാദ്/സുനില്‍ സി ഇ
കേരളം പോലൊരു സംസ്ഥാനത്ത് ‘മലാലാ ടാക്കീസി’ന് ഇന്ന് സാധ്യതയുണ്ടോ?
ഹസനെളാപ്പ എന്ന കഥാപാത്രത്തിന്റെ സര്‍ഗാത്മക ഭ്രാന്തുകളെപ്പറ്റി പറയുന്ന കഥയാണ് മലാല ടാക്കീസ്. ഒരു മുസ്‌ലിം കുടുംബത്തിലെ പെണ്ണുങ്ങളെ മുഴുവന്‍ ഇംഗ്ലിഷ് അക്ഷരങ്ങളുടെയും പുസ്തകങ്ങളുടെയും സിനിമകളുടെയും ലോകത്തേക്ക് കൈ പിടിച്ചു നടത്തിക്കുന്നത് ഈ ഹസന്‍ എളേപ്പയാണ്. അങ്ങനെ സത്യത്തില്‍ ഇയാളുടെ ഭ്രാന്ത് മറ്റുള്ളവരുടെ ആവിഷ്‌കാര മുഹൂര്‍ത്തങ്ങളായി മാറുന്നു. കേരളത്തിലെ മുസ്‌ലിം സമുദായത്തിനകത്ത് ഇപ്പോഴും തുടരുന്ന ചില അടച്ചുപൂട്ടലുകളെ തുറക്കാനാണ് ഈ കഥയിലൂടെ ശ്രമിച്ചത്. ആധുനി കതയുടെയും പുസ്തകങ്ങളുടെയും വിദ്യാഭ്യാസത്തിന്റെയും അവസാന ബസില്‍ ചാടിക്കയറി സീറ്റു തിരഞ്ഞു നടന്ന ഒരു കമ്മ്യൂണിറ്റി എന്ന നിലയില്‍ കേരളത്തിലെ മുസ്‌ലിങ്ങള്‍ക്ക് ഇപ്പോളും പല കാര്യങ്ങളിലും പോക്കെടമുറപ്പായിട്ടില്ല. അതിന്റെ ഏറ്റവും വലിയ ബലിയാടുകള്‍ മറ്റേതു സമുദായത്തിലും എന്നപോലെ ഇവിടെയും സ്ത്രീകള്‍ തന്നെയാണ്. മലാലാ ടാക്കീസ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചുവന്ന കാലത്ത് സമാന അനുഭവങ്ങളിലൂടെ ഇപ്പോഴും കടന്നു പോകുന്ന, അതിനോട് പൊരുതുന്ന നിരവധി പെണ്‍കുട്ടികളെ ഞങ്ങള്‍ക്കറിയാമെന്നു പറഞ്ഞ് ധാരാളം അധ്യാപക സുഹൃത്തുക്കള്‍ ഫെയ്സ്ബുക്കില്‍ കമന്റുകളിട്ടിരുന്നു. സാക്ഷരതയും പൊതുജനാരോഗ്യവും വികസ മോഡലുമടക്കം നിരവധി കാര്യങ്ങളില്‍ ഊറ്റം കൊള്ളുന്ന നമ്മുടെ കേരളത്തില്‍ ചില കോര്‍ണറുകള്‍-കഥയില്‍ സൂചിപ്പിച്ചതു പോലെ-ഡാര്‍ക് ഷേഡില്‍
തന്നെയാണ് എന്നാണ് ഇതിന്റെയെല്ലാം സൂചന. ഒരൊറ്റ ടാക്കീസി നല്ല, ഒരുപാടു മലാലാ ടാക്കീസുകള്‍ക്കാണ് ഇവിടെ സാധ്യതയുള്ളത് എന്നല്ലേ അടുത്ത കാലത്ത് മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയപാര്‍ട്ടിക്ക് അകത്തുണ്ടായ ഹരിതവിവാദമടക്കമുള്ള കാര്യങ്ങള്‍ കാണിച്ചു തരുന്നത്? ഹസന്‍ എളേപ്പയുടെ റോള്‍ എഫ് ബിയും വാട്സ് ആപ്പും യു ട്യൂബും ഇന്‍സ്റ്റഗ്രാമും ഏറ്റെടുക്കുന്ന കാലമാണിത്.
‘ബോബനും മോളിയും’ മലയാളികളെ സംബന്ധിച്ച് സറ്റയറിന്റെ ജനകീയ കാര്‍ട്ടൂണ്‍ രൂപമാണ്. എന്നാല്‍ നിഷാദിന്റെ ഇതേ പേരിലുള്ള കഥ ഗൗരവകരമായ ഉള്‍പ്പിരിവുകളിലേക്ക് പോകുന്നു. ടോംസിന്റെ ബോബനും മോളിയും എന്ന കാര്‍ട്ടൂണ്‍ പരമ്പരയില്‍ നിന്ന് നിഷാദിന്റെ ബോബനും മോളിയും വന്നതെങ്ങനെ?
ടോംസിന്റെ ബോബനും മോളിയും കണ്ടും വായിച്ചും വളര്‍ന്നു വന്ന ഒരു തലമുറയുടെ പ്രതിനിധിതന്നെയാണ് ഞാനും. ബോബനും മോളിയിലെ കുഞ്ഞുപട്ടിയെ പോലെ ഏത് സീനിലും ഉണ്ടാകേണ്ടവരാണ് അഥവാ സമൂഹത്തിലെ ഏത് കാഴ്ചകള്‍ക്കും ദൃക്‌സാക്ഷിയാകേണ്ടവരാണ് എഴുത്തുകാര്‍. ഈ കാര്‍ട്ടൂണ്‍ സ്ട്രിപ്പുകളുടെ വര്‍ഷങ്ങളായുള്ള വായനക്കാരന്‍ എന്ന നിലയില്‍ എനിക്കാപേരിനോട് വല്ലാത്ത നൊസ്റ്റാള്‍ജിയയുണ്ട്. ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്ത്(എണ്‍പതുകളുടെ അവസാനത്തില്‍)ഒരുമിച്ചു നടക്കുന്ന ആണ്‍-പെണ്‍ കൂട്ടുകാരെ ബോബനും മോളിയുമെന്ന് വിളിക്കുമായിരുന്നു. എന്റെ ഒരു കസിനെയും അവന്റെ കൂടെ നിഴല്‍പോലെ എപ്പോഴും കാണുമായിരുന്ന അയല്‍പക്കത്തെ കൂട്ടുകാരി മോളിയെയും ചേര്‍ത്ത് ഞങ്ങള്‍ ‘ബോബനും മോളിയും വരുന്നു..’ എന്നു എപ്പോഴും പറഞ്ഞിരുന്നു.
ഞാന്‍ എഴുതിയ കഥയിലെ ബോബനും മോളിയും ഭാര്യാഭര്‍ത്താക്കന്മാരാണ്. ബോബന്‍ മണവാളനും മോളി മണവാട്ടിയും. ഒരേ പുസ്തകത്തിന്റെ രണ്ടു കോപ്പികള്‍ വാങ്ങി ഒരേ സമയം വായന പൂര്‍ത്തിയാക്കുന്ന അപൂര്‍വ വായനക്കാര്‍കൂടിയാണവര്‍. വര്‍ഷങ്ങളായി ഞാന്‍ കാണുന്ന, അറിയുന്ന കുറേ നല്ല പുസ്തകവായനക്കാരുണ്ട്. അവരുടെ വിചിത്ര സ്വഭാവങ്ങളുണ്ട്. വായനാരീതികളുണ്ട്. ഇവരെയെല്ലാം പണ്ട് എം പി നാരായണപിള്ള
പറഞ്ഞതുപോലെ പൂവിട്ടു തൊഴുകതന്നെ വേണം. കാരണം അവരാണ് എഴുത്തുകാരെയും പുസ്തകങ്ങളെയും നിലനിര്‍ത്തുന്നത്. സത്യത്തില്‍ അവര്‍ക്കുള്ള ആദരവുകൂടിയാണ് ബോബനും മോളിയും എന്ന ചെറുകഥ.
പെണ്‍കഥാപാത്രങ്ങളും അവരുടെ ജീവിതപരിസരങ്ങളും സ്വത്വപ്രതിസന്ധികളുമൊക്കെ നിഷാദിന്റെ കഥകളില്‍ സുലഭമാണ്. ആതിരാ സൈക്കിള്‍ എന്ന മുന്‍ കഥാസമാഹാരം അതിന് മികച്ച ഉദാഹരണവും. ആണെഴുതുന്ന ഫെമിനിസത്തിനു മുന്നിലുളള പ്രതിസന്ധികള്‍ എന്തൊക്കെയാണ്?
പെണ്‍ നിലകളും നിലപാടുകളും കഥകളില്‍ കടന്നു വരുന്നതുകൊണ്ടാവാം ഫെമിനിസ്റ്റ് കഥകളെന്നോ ആണെഴുതുന്ന ഫെമിനിസമെന്നോ ഒക്കെ പറയുന്നത്. ഈ സിദ്ധാന്തങ്ങളെക്കുറിച്ചൊന്നും ഞാന്‍ എഴുതുമ്പോള്‍ ചിന്തിക്കുന്നില്ല. ഒരു കാര്യം പറയാം, ആണ് പെണ്ണിന്റെ ലോകത്തെക്കുറിച്ച് എഴുതുമ്പോള്‍ അവരെ നന്നായി മനസ്സിലാക്കിയിട്ടും പഠിച്ചിട്ടും വേണം അത് ചെയ്യാന്‍. അതുതന്നെയാണ് അവിടത്തെ പ്രതിസന്ധിയും. എഴുത്തില്‍ ആത്മാര്‍ത്ഥത പാലിച്ചാല്‍ ആ പ്രതിസന്ധിയെ മറികടക്കാവുന്നതേയുള്ളൂ.
പുസ്തകം വാങ്ങാന് ക്ലിക്ക് ചെയ്യൂ
Comments are closed.