‘മലബാറിലെ ശിക്കാറ്’ മലബാര്‍ നായാട്ടിന്റെ കഥകളും ഓര്‍മ്മക്കുറിപ്പുകളും
മലയാള ശിക്കാര്‍സാഹിത്യത്തിനു വലിയൊരു മുതല്‍ക്കൂട്ടാണ് എം. പി. ശിവദാസമേനോന്‍. മലബാര്‍ നായാട്ടിന്റെ കഥകളും ഓര്‍മ്മക്കുറിപ്പുകളും ഉള്‍പ്പെടുത്തി അദ്ദേഹം രചിച്ച പുസ്തകമാണ് മലബാറിലെ ശിക്കാറ്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകം ഡിസി ബുക്സ് ഓണ്‍ലൈന്‍ സറ്റോറിലൂടെ ഇപ്പോള്‍ പ്രിയവായനക്കാര്‍ക്ക് ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.
പുസ്തകത്തെക്കുറിച്ച് 2021 ഫെബ്രുവരി ലക്കം പച്ചക്കുതിര മാസികയില്‍ വി. മുസഫര്‍ അഹമ്മദ് എഴുതിയ ലേഖനത്തില്‍ നിന്നും , പുനഃപ്രസിദ്ധീകരണം
മലബാര്‍ കലാപകാലത്ത് മലയാളിയായ ഒരു നായാട്ടുകാരന്‍ (ബ്രിട്ടീഷ് നായാട്ടുകാരനല്ല, കൊളോണിയല്‍ പട്ടാളത്തിലോ പോലീസിലോ അംഗവുമായിരുന്നില്ലാത്ത ഒരാള്‍) ‘ഒരാക്രമി സംഘത്തെ’ വെടിവെച്ചുവീഴ്ത്തുകയും (ഏറ്റുമുട്ടല്‍ എന്ന പദം തന്നെ ഇതിനെ കുറിക്കാന്‍ കൃത്യമായി ഉപയോഗിച്ചിരിക്കുന്നു) അതിനുള്ള പാരിതോഷികമായി എം. എസ്പിയില്‍ (മലപ്പുറം/മലബാര്‍സ്‌പെഷ്യല്‍ പോലീസ്-മലബാര്‍ കലാപത്തിന്റെ അതേ പ്രായമുള്ള പോലീസ് സേന ഇന്നും അതേ പേരോടെ തുടുരുന്നു) ഉയര്‍ന്ന ഉദ്യോഗസ്ഥനാവുകയും ചെയ്ത സാഹചര്യത്തെക്കുറിച്ച് നായാട്ടുകഥകളെക്കുറിച്ചുള്ള ഒരു പുസ്തകത്തില്‍ പമരാര്‍ശിക്കുന്നു.
ഒരു പക്ഷെ ഈ പരാമര്‍ശം മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷിക വേളയിലും അക്കാദമിക്കുകളോ ചരിത്രകാരന്‍മാരോ പൊതുസമൂഹമോ (കലാപത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും) ശ്രദ്ധിക്കുകയോ ചര്‍ച്ചക്കെടുക്കുയോ ചെയ്തിട്ടില്ല. ബ്രിട്ടീഷ് കൊളോണിയല്‍ രേഖകളെ മാത്രം ആസ്പദമാക്കി മലബാര്‍ കലാപത്തെ സമീപിക്കുന്ന പൊതുരീതി ശക്തമായതിനാല്‍ തദ്ദേശീയമായ രേഖപ്പെടുത്തലുകളെ, അതില്‍ നിന്നും പുറത്തു വരുന്ന വിവിധ വിവരങ്ങളേയും ആഖ്യാനങ്ങളേയും ശ്രദ്ധിക്കാന്‍ ചരിത്രകാരന്‍മാര്‍ പൊതുവില്‍ താല്‍പര്യം കാണിച്ചിട്ടില്ലെന്ന് കാണാം. അതിനാല്‍ മലബാര്‍ കലാപ പഠനങ്ങള്‍ (അംഗീകരിക്കുന്നതാണെങ്കിലും എതിര്‍ക്കുന്നതാണെങ്കിലും) ആവര്‍ത്തനങ്ങളായി മാറുക പതിവാണ്. ഈ സാഹചര്യം കൂടി കണക്കിലെടുക്കുമ്പോള്‍ എം.പി. ശിവദാസ മേനോന്റെ ‘മലബാറിലെ ശിക്കാറ്’ എന്ന വേട്ടക്കഥകളുടെ പുസ്തകത്തില്‍ കലാപത്തെക്കുറിച്ച് പറയുന്ന രണ്ടു കാര്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതും അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പിക്കുന്നതുമാണ്. മാപ്പിളമാരെ ബ്രിട്ടീഷ് അനുകൂലികളായ തദ്ദേശവാസികള്‍ എങ്ങിനെ കൈകാര്യം ചെയ്തുവെന്നതിന്റെ അതിശക്തമായ സത്യവാങ്മായി ഇതു മാറുന്നു.
മലബാറില്‍ ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നും ഖാന്‍ ബഹദൂര്‍ പട്ടം കിട്ടിയവരും ഇതു തന്നെയാണ് എന്നതിന് വാമൊഴി ആഖ്യാനങ്ങളില്‍ നിരവധി തെളിവുകളുണ്ട്. അതോടൊപ്പം ഇത്തരം ‘ഏറ്റുമുട്ടല്‍’ കൊലകളെ ഒരു വീരകൃത്യമായി ആധുനിക വിദ്യാഭ്യാസം അക്കാലത്ത് ലഭിച്ച ഒരാള്‍ രേഖപ്പെടുത്തിയതിന്റെ രേഖകൂടിയായി മലബാറിലെ ശിക്കാര്‍ മാറുന്നു. നരിനായാട്ടില്‍ ആരംഭിച്ച് നരനായാട്ടിലെത്തുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന നായാട്ടുപുസ്തകമായാണ് ഇപ്പോള്‍ ആ കൃതി വായിക്കാന്‍ കഴിയുക.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
പൂര്‍ണ്ണരൂപം വായിക്കാന്‍ ഫെബ്രുവരി ലക്കം പച്ചക്കുതിര ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
Comments are closed.