DCBOOKS
Malayalam News Literature Website

ആധുനിക കേരള ചരിത്രത്തില്‍ ശ്രീനാരായണഗുരുവിന് നിര്‍ണ്ണായകസ്ഥാനം: സുനില്‍ പി.ഇളയിടം

ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ മറ്റേത് നിര്‍മ്മാതാവിനും ഉള്ളതിനേക്കാള്‍ കവിഞ്ഞ പ്രാധാന്യം ശ്രീനാരായണ ഗുരുവിനുണ്ടെന്ന് പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ  സുനില്‍ പി ഇളയിടം. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ആധുനിക കേരളത്തിന്റെ ശില്‍പികള്‍; സമൂഹത്തെയും മനസ്സിനെയും ഉഴുതുമറിച്ച നാരായണഗുരു എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ പി.വി സജീഷുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ നവോത്ഥാനത്തിന്റെയും സാമൂഹിക പരിഷ്‌കരണത്തിന്റെയും ആധുനികതയുടെയും ചരിത്രത്തില്‍ നിര്‍ണ്ണായകമായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ശ്രീനാരായണഗുരു. ഗുരു പിന്‍പറ്റിയ ധാരാളം പാരമ്പര്യങ്ങള്‍ ഉണ്ട്. ജെവപാരമ്പര്യം, ഇസ്ലാമുമായുള്ള വിനിമയം ഇവയെല്ലാം ഗുരുവിന്റെ പല അംശങ്ങളിലും കൂടി കലര്‍ന്നിട്ടുണ്ട്. ഒരു ജാതി ഒരു മതം, ഒരു ദൈവം എന്ന് പറഞ്ഞ ഗുരുവിന് സമമായ മറ്റൊരാളെ ഇന്നത്തെ സമൂഹത്തില്‍ കാണാന്‍ പ്രയാസമാണെന്ന് അദ്ദേഹം പറഞ്ഞു.

ഭൗതികവും, ആത്മീയവുമായ ബോധ്യങ്ങള്‍ നിലനില്ക്കുന്നു എന്ന് മനസിലാക്കിക്കൊണ്ട്, ഇവ കൂട്ടിയിണക്കുന്ന ഒരു സവിശേഷമായ അനുഭവ മണ്ഡലം രൂപപ്പെടുത്താന്‍ കഴിയുമോ? എന്നത് വലിയ ചോദ്യമായിരിക്കുന്നു എന്ന് അദ്ദേഹം ചൂണ്ടി കാണിച്ചു. പാരമ്പര്യങ്ങള്‍ സാംശീകരിച്ചാണ് ഗുരു അദ്വൈതത്തെ വികസിപ്പിച്ചെതെന്നും സുനില്‍ പി. ഇളയിടം  കൂട്ടിച്ചേര്‍ത്തു.

Comments are closed.