കേരള രാജ്യാന്തര ചലച്ചിത്രമേള: മജീദ് മജീദി ജൂറി ചെയര്‍മാനാകും
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള(I.F.F.K)യുടെ അന്താരാഷ്ട്ര മത്സരവിഭാഗം ജൂറി ചെയര്‍മാനായി വിഖ്യാത ഇറാനിയന്‍ സംവിധായകനായ മജീദ് മജീദി എത്തും. മജീദിയുടെ മുഹമ്മദ്: ദി മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2015-ല്‍ നിര്‍മ്മിച്ച ഈ ചിത്രം പ്രവാചകനായ മുഹമ്മദ് നബിയുടെ ബാല്യകാലമാണ് ആവിഷ്‌കരിക്കുന്നത്. ഇറാനിയന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ചെലവേറിയ ഈ ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് എ.ആര്‍ റഹ്മാനാണ്.
തമിഴ് സംവിധായകനായ വെട്രിമാരന്‍, മറാത്തി സംവിധായകനായ ഉമേഷ് കുല്‍ക്കര്‍ണി, ഫിലിപ്പിനോ സംവിധായകരായ അഡോല്‍ഫോ അലിക്‌സ് ജൂനിയര്‍ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍. വെട്രിമാരന്റെ വടചെന്നൈ, ഉമേഷ് കുല്‍ക്കര്‍ണിയുടെ ഹൈവേ, അഡോല്‍ഫോ അലിക്‌സ് ജൂനിയറിന്റെ ഡാര്‍ക്ക് ഈസ് ദി നൈറ്റ് എന്നീ ചിത്രങ്ങള്‍ ജൂറി ഫിലിംസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
ഡിസംബര്‍ ഏഴ് മുതല്‍ 13 വരെയാണ് ഐ.എഫ്.എഫ്.കെ സംഘടിപ്പിച്ചിരിക്കുന്നത്. ചലച്ചിത്രമേളയില്‍ ഇത്തവണ മത്സരവിഭാഗത്തില്‍ മലയാളത്തില്‍നിന്ന് രണ്ട് ചിത്രങ്ങളും മലയാള സിനിമ എന്ന വിഭാഗത്തിലേക്ക് 12 ചിത്രങ്ങളുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ എന്നീ ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്.
Comments are closed.