DCBOOKS
Malayalam News Literature Website

പ്രതികരിക്കുന്ന മൂടുപടങ്ങള്‍

നവംബർ ലക്കം പച്ചക്കുതിരയില്‍

റാഷിദ നസ്രിയ

2022 സെപ്റ്റംബര്‍ 12ന് ഇറാനിലെ ടെഹ്‌റനില്‍ 22 വയസ്സുകാരിയായ മഹ്‌സ അമിനി യാഥാസ്ഥിതിക വസ്ത്രധാരണ രീതി ലംഘിച്ചതിന് സദാചാര പോലീസിനാല്‍ തടവിലാക്കപ്പെടുകയും, തുടര്‍ന്ന് കൊല്ലപ്പെടുകയും ചെയ്തു. അമിനിയുടെ മരണത്തിനുശേഷം ‘സ്ത്രീകള്‍, ജീവിതം സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യവുമായി ഇറാനിലെ ടെഹ്‌റാനില്‍ പതിനായിരക്കണക്കിന് സ്ത്രീകള്‍ സമരവുമായി രംഗത്തെത്തി. മഹ്‌സയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും സദാചാര പോലീസിനെ പൊളിച്ചു മാറ്റണമെന്നുമുള്ള ആവശ്യവുമായി അവര്‍ തെരുവുകളില്‍ അണിനിരന്നു. അമിനിയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ ഉണ്ടായ ആഭ്യന്തര കലാപം വര്‍ഷങ്ങളായി ഇറാനില്‍ ഉണ്ടായ മറ്റു കലാപങ്ങളേക്കാള്‍ വലുതാണ്. പ്രതിഷേധക്കാര്‍ അമിനിക്ക് നീതി നല്‍കണമെന്നാവശ്യവുമായി മുന്നോട്ട് വന്നു കൊണ്ടിരിക്കുന്നു.

1979 മുതലാണ് ഇറാനിലെ സ്ത്രീകള്‍ക്ക് ഹിജാബ് നിര്‍ബന്ധമാക്കുന്നത്. തലയും മുടിയും കഴുത്തും മറയ്ക്കുന്നത് ഇറാനിലെ സ്ത്രീകള്‍ക്ക് നിര്‍ബന്ധമാണ്. ഹിജാബ് ധരിക്കാനോ ധരിക്കാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യത്തിനു മേലുള്ള ഭരണകൂട നിയമങ്ങള്‍ക്കെതിരേ ആ രാജ്യത്തിലെ സ്ത്രീകള്‍ പലപ്പോഴായി പ്രതിഷേധിച്ചത് ചരിത്രത്തില്‍
രേഖപ്പെടുത്തിയിട്ടുണ്ട്. ഇറാനില്‍ പര്‍ദ്ദ നിര്‍ബന്ധമാക്കിയതിനെതിരെയും സ്ത്രീകളുടെ അടിസ്ഥാന അ
വകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയും ഉള്ള സമരത്തിന് 43 വര്‍ഷത്തെ ചരിത്രമുണ്ട്.

1941 മുതല്‍ 1979 വരെ ഇറാന്‍ ഭരിച്ചത് ഷാ രാജാവായ മുഹമ്മദ് റെസ ഷാ പഹലവിയായിരുന്നു. അദ്ദേഹത്തിന്റെ സ്വേച്ഛാധിപത്യം വിയോജിപ്പുകളെ അടിച്ചമര്‍ത്തുകയും രാഷ്ട്രീയ സ്വാതന്ത്ര്യങ്ങള്‍ നിയന്ത്രിക്കുകയും ചെയ്തു. pachakuthiraഎന്നാല്‍ ഒരു പരിധിവരെ സാംസ്‌കാരിക സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് പാശ്ചാത്യാധിഷ്ഠിത മതേതര നവീകരണം സ്വീകരിക്കാന്‍ അദ്ദേഹം രാജ്യത്തെ പ്രേരിപ്പിച്ചു. റെസ ഷാ പഹലവിയുടെ ഭരണത്തിന് കീഴില്‍ ഇറാന്റെ സമ്പദ്‌വ്യവസ്ഥയും വിദ്യാഭ്യാസ അവസരങ്ങളും വികസിച്ചു. എന്നിരുന്നാലും 1930 കളില്‍ അദ്ദേഹം മൂടുപടം നിരോധിക്കുകയും ശിരോവസ്ത്രം ബലമായി നീക്കംചെയ്യാന്‍ പോലീസിനോട് ഉത്തരവിടുകയും ചെയ്തു. ഹിജാബ് പിന്നോക്കവസ്ഥയുടെ അടയാളമായി റെസ ഷാ പഹലവി കണക്കാക്കിയിരുന്നു. അതിനാല്‍ പാശ്ചാത്യവസ്ത്രങ്ങള്‍ ധരിക്കുന്നതിന് ഷാ ജനങ്ങളെ പ്രേരിപ്പിച്ചു. ആ കാലഘട്ടത്തില്‍ പല സ്ത്രീകളും വര്‍ഷങ്ങളോളം പുറത്തിറങ്ങാതെ അവരുടെ വീടുകളില്‍ കഴിയുകയോ രാത്രി മാത്രം പുറത്തിറങ്ങുകയോ ഉണ്ടായി. പിന്നീട് നിരോധനം നടപ്പിലാക്കുന്നത് ലഘൂകരിക്കപ്പെട്ടു. എന്നാല്‍ റെസ ഷാ പഹലവിയുടെ വര്‍ദ്ധിച്ചു വന്ന സേച്ഛാധിപത്യ നടപടികള്‍ വിപ്ലവത്തിന് കളമൊരുക്കി.

1979 ഫെബ്രുവരി 11ന് ഇസ്ലാമിക് വിപ്ലവത്തിനുശേഷം ഗവണ്‍മെന്റിന് പകരം ഒരു ഇസ്ലാമിക് റിപ്പബ്ലിക് നിലവില്‍ വന്നു. അത് ഇന്നും തുടരുന്നു. 1979 ലെ ഇസ്ലാമികവിപ്ലവം ഇറാനില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവന്നു. സ്ത്രീകളുടെ വസ്ത്രധാരണരീതി സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. 1980കളുടെ തുടക്കത്തില്‍ പുതിയ ഇസ്ലാമിക് അധികാരികള്‍ എല്ലാ സ്ത്രീകളും ഹിജാബ് ധരിക്കണം എന്ന നിബന്ധന ഏര്‍പ്പെടുത്തി. അക്കാലത്ത് ഇറാന്‍ ഭരിച്ചിരുന്നത് ആയത്തുള്ള റുഹേല്ല ഖൊമേനി ആയിരുന്നു. ഇറാനില്‍ എല്ലാ സ്ത്രീകളും പര്‍ദ്ദ ധരിക്കണമെന്ന് അദ്ദേഹം ഉത്തരവിട്ടു. ഈ കാര്യത്തില്‍ മതം ഏതെന്ന് പോലും പരിഗണിച്ചിരുന്നില്ല. 1979 മാര്‍ച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ ഈ നിയമത്തിനെതിരെ പ്രതിഷേധിച്ചു. സ്ത്രീകളുടെ മൂടുപടം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ആയത്തുള്ള ഖൊമേനിയുടെ ഉത്തരവിനെതിരെ സ്ത്രീകള്‍ അണിനിരന്നു. സ്ത്രീകള്‍ തുടര്‍ച്ചയായി തെരുവിലിറങ്ങി. സമരത്തില്‍ പങ്കെടുത്ത സ്ത്രീകളെ രാജ്യദ്രോഹികളായും വേശ്യകളായും സാമ്രാജ്യത്വ അനുകൂലികളായും മുദ്രകുത്തി. സ്ത്രീകള്‍ തെരുവില്‍ ആക്രമിക്കപ്പെട്ടു. ഇറാനിയന്‍ ഭരണാധികാരികളെ എതിര്‍ക്കുക എന്നതിലേക്ക് സ്ത്രീകള്‍ എത്തിയത് അവര്‍തന്നെ മുന്നോട്ട്‌വെച്ച തിരഞ്ഞെടുപ്പ്‌സ്വാതന്ത്ര്യം എന്ന ആശയത്തിന് വേണ്ടിയുള്ള ചെറുത്തുനില്‍പ്പായിരുന്നു. ഇസ്ലാമിക വിപ്ലവം എന്നറിയപ്പെടുന്ന 1979 ഇറാനിയന്‍ വിപ്ലവം ഇറാന്റെ ചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചിരുന്നെങ്കിലും റെസ ഷാ പഹലവിയുടെ സ്വേച്ഛാധിപത്യ രാജവാഴ്ചയ്ക്ക് പകരം ആയത്തുള്ള ഖൊമേനി എന്ന മറ്റൊരു സേച്ഛാധിപതി അധികാരത്തില്‍ വന്നതോടെ സ്ത്രീകളുടെ ദുരന്തം ഇരട്ടിച്ചു എന്നതാണ് വാസ്തവം. സ്ത്രീകളുടെ തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തിനു മേലുള്ള കൈകടത്തല്‍ രണ്ട് ഭരണകാലത്തും ഉണ്ടായി. ആയത്തുള്ള ഖൊമേനിയുടെ ഭരണകാലത്ത് പര്‍ദ്ദ ധരിക്കല്‍ നിര്‍ബന്ധമായിരുന്നെങ്കില്‍ റെസ ഷാ പഹലവിയുടെ ഭരണകാലത്ത് ശിരോവസ്ത്രം ഉപേക്ഷിക്കാന്‍ സ്ത്രീകള്‍ക്ക് നിര്‍ബന്ധിതരായി. ഹിജാബ് ധരിക്കാനും ധരിക്കാതിരിക്കാനുമള്ള സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം ഇറാനിലെ സ്ത്രീകള്‍ എക്കാലത്തും അനുഭവിച്ചു. അതിനെതിരെ അവര്‍ വളരെ ശക്തമായി ഇപ്പോഴും പ്രതികരിക്കുന്നുണ്ട്.

പൂര്‍ണ്ണരൂപം നവംബർ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്‌

 

Comments are closed.