മഹേഷ് ഭട്ട് കെ എല്‍ എഫിന്റെ മൂന്നാം പതിപ്പില്‍ എത്തിച്ചേരും
ഇന്ത്യന്‍ സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ മഹേഷ് ഭട്ട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പില്‍ എത്തിച്ചേരും. 1984 ല്‍ പുറത്തിറങ്ങിയ മഹേഷ് ഭട്ടിന്റെ സാരന്‍ഷ് പതിനാലാമത് മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു. ഈ ചിത്രം ആ വര്‍ഷത്തെ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി പുരസ്‌കാരത്തിനായി ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. 1986 ല്‍ പുറത്തിറങ്ങിയ ‘നാം’ എന്ന സിനിമയാണ് ആദ്യത്തെ വാണിജ്യ സിനിമ. 1987 ല്‍ സഹോദരന്‍ മുകേഷ് ഭട്ടിനൊപ്പം ‘വിശേഷ് ഫിലിംസ്’ ന്റെ ബാനറില്‍ കബ്‌സാ എന്ന ചിത്രത്തിന്റെ നിര്‍മാതാവായി. 1990 കളില്‍ നിരൂപക പ്രശംസ പിടിച്ചുപറ്റിയ സാര്‍ (1993), ഗുംറാഹ് (1993), ക്രിമിനല്‍ (1994) തുടങ്ങിയ ഹിറ്റുകള്‍ സമ്മാനിച്ചു. 1993 ല്‍ പുറത്തിറങ്ങിയ ഹം ഹെയിന്‍ രഹി പ്യാര്‍ കെയിലെ സംവിധാനത്തിന് 1994ലെ നാഷണല്‍ അവാര്‍ഡില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടി. ഇന്ത്യന്‍ സിനിമാ വ്യവസായത്തിലെ അംഗീകൃത ഡയറക്ടര്‍മാരിലൊരാളായ മഹേഷ് ഭട്ട് നിരവധി മികച്ച സിനിമകള്‍ സംഭാവനചെയ്തു.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനാധിപത്യ സംവാദങ്ങളുടെ പുതിയ തുറസ്സുകള്‍ സൃഷ്ടിച്ചുകൊണ്ട് വൈവിധ്യമാര്‍ന്ന വിഷയങ്ങളുമായി മൗലിക ചിന്തകള്‍ക്കുള്ള ഇടമായി വികസിക്കുകയാണ്. വിശ്വപ്രസിദ്ധ എഴുത്തുകാരും ചിന്തകരും ചരിത്രകാരന്മാരും ചലച്ചിത്രപ്രവര്‍ത്തകരും പങ്കെടുക്കുന്ന കെ എല്‍ എഫ് ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ സാഹിത്യോത്സവമാണ്.
Comments are closed.