DCBOOKS
Malayalam News Literature Website

‘മഹാത്മാവിനെ കാത്ത്’; ആര്‍ കെ നാരായണന്റെ ശ്രദ്ധേയമായ നോവലിന്റെ പരിഭാഷ

ഇന്തോ-ആംഗ്ലിയന്‍ എഴുത്തുകാരില്‍ സവിശേഷസ്ഥാനം അലങ്കരിക്കുന്ന വ്യക്തിയാണ് ആര്‍.കെ.നാരായണ്‍. ‘സ്വാമി ആന്റ് ഫ്രണ്ട്‌സ്’ എന്ന തന്റെ ആദ്യനോവല്‍ മുതല്‍ ആര്‍.കെ. നാരായണന്റെ മിക്ക നോവലുകളും തനതായ വ്യക്തിത്വം നിലനിര്‍ത്തുമ്പോള്‍തന്നെ പല ഇന്ത്യന്‍ സ്വഭാവസവിശേഷതകളും പ്രകടിപ്പിക്കുന്നു. പരക്കെ വായിക്കപ്പെട്ടിട്ടുള്ള കൃതികളുടെ കര്‍ത്താവായ ആര്‍.കെ. നാരായണന്റെ സംവേദനക്ഷമവും മനോഹരമായി ചിത്രീകരിച്ചതുമായ പല കഥകളുടെയും പശ്ചാത്തലം തെക്കേ ഇന്ത്യയിലെ സാങ്കല്പിക പട്ടണമായ മാല്‍ഗുഡിയാണ്. മാല്‍ഗുഡിയെയും അവിടുത്തെ ജനങ്ങളെയും മുന്‍നിര്‍ത്തി പതിനാല് നോവലുകളും നിരവധി ചെറുകഥകളുമാണ് അദ്ദേഹം രചിച്ചിട്ടുള്ളത്.

മാല്‍ഗുഡി ഡെയ്‌സിലൂടെ ലക്ഷക്കണക്കിന് വായനക്കാരെ രസിപ്പിച്ച ആര്‍.കെ.നാരായണന്റെ ശ്രദ്ധേയമായ നോവലാണ് വെയിറ്റിങ് ഫോര്‍ ദി മഹാത്മാ. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ മാല്‍ഗുഡിയിലെ സാമൂഹിക പരിസ്ഥിതിയില്‍ എഴുതിയ നോവലാണിത്. തികച്ചും യാഥാസ്ഥിതികനായ ശ്രീറാമിന്റെ മുത്തശ്ശിയോടൊത്തുള്ള ജീവിതവും, ധീരയും സുന്ദരിയുമായ ഭാരതിയോടു തോന്നുന്ന പ്രണയവും ഈ നോവല്‍ തുറന്നു കാണിക്കുന്നു. ഇവരുടെ കണ്ണുകളിലൂടെ ഇന്ത്യന്‍ ദേശീയതയുടെ ഉയര്‍ച്ചയെക്കുറിച്ച് ശ്രദ്ധേയമായ ഉള്‍ക്കാഴ്ചയാണ് ആര്‍.കെ നാരായണന്‍ വരച്ചുകാട്ടുന്നത്.

മാധ്യമപ്രവര്‍ത്തകനായ പി. പ്രകാശാണ് ഈ കൃതി മഹാത്മാവിനെ കാത്ത് എന്ന പേരില്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ നോവലിന്റെ കോപ്പികള്‍ ഇപ്പോള്‍ വായനക്കാര്‍ക്കു ലഭ്യമാണ്.

Comments are closed.