ക്രിസ്തുവിനെക്കുറിച്ച് മഹാത്മാ ഗാന്ധി എഴുതിയ കത്ത് വില്‍പ്പനയ്ക്ക്
വാഷിങ്ടണ്‍: ക്രിസ്തുവിന്റെ നിലനില്‍പ്പിനെക്കുറിച്ച് മഹാത്മാ ഗാന്ധി എഴുതിയ കത്ത് വില്‍പ്പനയ്ക്ക് വയ്ക്കുന്നു. 50,000 അമേരിക്കന്‍ ഡോളറാണ് കത്തിന്റെ വില. ഇന്ത്യന്‍ തുക അനുസരിച്ച് 32 ലക്ഷത്തോളം വിലവരും ഈ കത്തിന്. സബര്‍മതി ആശ്രമത്തില്‍ നിന്നും 1926 ഏപ്രില്‍ ആറിനാണ് ഗാന്ധി കത്ത് എഴുതിയിരിക്കുന്നത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. മങ്ങിയ മഷിയില്‍ ടൈപ്പ് ചെയ്ത കത്തില്‍ പേന ഉപയോഗിച്ച് ഒപ്പും ഇട്ടത് കാണാന്‍ സാധിക്കും. നിരവധി പതിറ്റാണ്ടുകളായി സ്വകാര്യ വ്യക്തിയുടെ കൈവശം ഇരിക്കുകയായിരുന്നു ഈ കത്ത്. പെന്‍സില്‍വാനിയായയിലെ റാബ് ശേഖരത്തിലാണ് ഇത് പതിറ്റാണ്ടുകളായി ഉണ്ടായിരുന്നത്.
ക്രിസ്തു മനുഷ്യവര്‍ഗ്ഗത്തിന്റെ വലിയ ഒരു അധ്യാപകനായിരുന്നുവെന്ന് അദ്ദേഹം കത്തില്‍ കുറിക്കുന്നു. അമേരിക്കയിലെ ക്രിസ്ത്യന്‍ മതവിശ്വാസിയായ ന്യൂസ്ബറി ഫ്രാന്‍സിനാണ് ഗാന്ധി ഈ കത്ത് അയച്ചത്. മതങ്ങളോടുള്ള ഗാന്ധിയുടെ കാഴ്ചപ്പാടാണ് കത്തില്‍ പ്രതിനിധാനം ചെയ്യുന്നതെന്ന് റാബ് കളക്ഷന്‍സ് പ്രിന്‍സിപ്പാള്‍ നതാന്‍ റാബ് പറഞ്ഞു. ഗാന്ധി എഴുതിയ മതപരമായ കത്തുകളില്‍ ഏറ്റവും മഹത്തരമായത് ഈ കത്താണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
Comments are closed.