കൊറോണക്ക് ശേഷമുള്ള ലോകം
‘മഹാമാരിയില്‍ മാറുന്ന കേരളം’ എന്ന പുസ്തകത്തില്‍ മുരളി തുമ്മാരുകുടി എഴുതിയ ലേഖനത്തില്‍ നിന്നും
കൊറോണക്ക് ശേഷമുള്ള ലോകം എങ്ങനെയായിരിക്കും? രാജ്യങ്ങള്‍ അതിര്‍ത്തികള്‍ നേര്‍ത്തു വന്നിരുന്ന ഒരു ലോകമായിരുന്നു കൊറോണക്ക് മുന്‍പ്. പരസ്പരം യുദ്ധം ചെയ്തിരുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ കടക്കുന്നത് നമ്മള്‍ അറിയാത്ത സ്ഥിതിയായി. പക്ഷെ കൊറോണ പെട്ടെന്ന് പഴയ അതിര്‍ത്തികള്‍ തിരിച്ചു കൊണ്ട് വന്നു. ഒരു മാസം കഴിഞ്ഞാണെങ്കിലും ഒരു വര്‍ഷം കഴിഞ്ഞാണെങ്കിലും ഈ കാലവും കടന്നുപോകും, കൊറോണാനന്തര കാലഘട്ടം കേരളത്തിനും ലോകത്തിനും ഉണ്ടാകും. അപ്പോള്‍ ഈ കൊറോണകാലത്ത് പഠിച്ച ഏതൊക്കെ പാഠങ്ങളാണ് നമ്മള്‍ നമ്മുടെ പുതിയ സംസ്‌ക്കാരമായി മുന്നോട്ട് കൊണ്ടുപോകേണ്ടതെന്ന് നോക്കാം.
വ്യക്തിപരമായും സാമൂഹികമായും ശുചിത്വത്തിന്റെ കുറച്ചുകൂടി ഉയര്‍ന്ന ഒരു സംസ്‌ക്കാരം നമ്മള്‍ ആര്‍ജ്ജിക്കണം. ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനവും, മലിന ജലത്തിന്റെ ഉറവിടത്തില്‍ തന്നെ അളവുകുറച്ച്, വേണ്ടവിധത്തില്‍ ശുചീകരിച്ച് വീണ്ടും ഉപയോഗിക്കുന്നതും നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗമാകണം.
കൊറോണ മരണങ്ങള്‍ വലിയ തോതിലുണ്ടായ നാടുകളിലെ അനുഭവം നമ്മെ പഠിപ്പിക്കുന്നത് പ്രായമാകുമ്പോള്‍ രോഗം വഷളാവാനുള്ള സാധ്യത കൂടുമെന്ന് മാത്രമല്ല, ജീവിതശൈലീരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള രോഗാവസ്ഥകള്‍ ഇല്ലാതെ ആരോഗ്യമായിരിക്കുന്നവര്‍ക്ക് പ്രായമായാലും രോഗം പിടിപെടാം എന്ന വസ്തുതയാണ്. സര്‍ക്കാര്‍ സ്വകാര്യ ആരോഗ്യ സംവിധാനങ്ങളും, ചികിത്സയും, പൊതുജനാരോഗ്യ പ്രവര്‍ത്തനവും ഒരുമിച്ചാണ് ഈ യുദ്ധത്തെ നേരിട്ടത്. ഈ നില തുടരണം, മെച്ചപ്പെടുത്തണം, ഒപ്പം അവരെ അംഗീകരിക്കുകയും വേണം. ന്യായമായ ശമ്പളത്തിന് വേണ്ടി നമ്മുടെ നേഴ്‌സുമാര്‍ തെരുവിലിറങ്ങി സമരം ചെയ്യുന്ന ഒരു സാഹചര്യം ഇനിയെങ്കിലും ഉണ്ടാകരുത്.
സമൂഹത്തില്‍ ശാസ്ത്രബോധം വര്‍ദ്ധിപ്പിക്കാനും ശാസ്ത്രത്തില്‍ പഠനത്തിനും ഗവേഷണത്തിനുമുള്ള സാധ്യതകള്‍ കൂട്ടാനും ശാസ്ത്രത്തിലുള്ള നിക്ഷേപം തീര്‍ച്ചയായും വര്‍ദ്ധിപ്പിക്കണം. കേരളത്തിന് കൂടുതല്‍ ഭക്ഷ്യ സുരക്ഷ വേണമെന്നതില്‍ സംശയമില്ല. പക്ഷെ അത് ഇവിടെ ലാഭകരമല്ലാത്ത ഭക്ഷണ സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിലല്ല, മറിച്ച് ഇവിടെയും മറ്റിടങ്ങളിലും ഉല്‍പാദിപ്പിക്കുന്ന വസ്തുക്കള്‍ നമ്മുടെ ആവശ്യങ്ങള്‍ക്ക്, വേണ്ടിവന്നാല്‍ ഒരു വര്‍ഷത്തെ സപ്ലൈ ചെയിനില്‍ വരുന്ന തടസം പോലും മുന്നില്‍കണ്ട്, സംഭരിക്കാന്‍ പറ്റുന്ന സംവിധാനം നമുക്കുണ്ടാക്കണം.
കേരളത്തില്‍ ലോക്ക്ഡൗണ്‍ പട്ടിണിയിലേക്കും ക്രമസമാധാന പ്രശ്‌നങ്ങളിലേക്കും നീങ്ങാത്തതിന്റെ പ്രധാന കാരണം സര്‍ക്കാര്‍ നടത്തിയ കമ്മ്യൂണിറ്റി കിച്ചന്‍ തന്നെയാണ്. ആവശ്യമുള്ളവര്‍ക്കെല്ലാം ഇതുപോലെ സൗജന്യമായോ തുച്ഛമായ പണം കൊടുത്തോ ഭക്ഷണം ലഭ്യമാക്കാനുള്ള സാഹചര്യം തീര്‍ച്ചയായും നമുക്ക് തുടരണം. ഒരു സംസ്‌കൃത സമൂഹത്തില്‍ പട്ടിണി ഉണ്ടാകരുത്, കൊറോണക്കാലത്തും അതിന് ശേഷവും.
ലക്ഷക്കണക്കിന് മലയാളികള്‍ ഐ ടി മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും കേരളത്തിലെ സര്‍ക്കാര്‍ സംവിധാനത്തിന്റെ താഴേത്തട്ടിലെ തൊഴില്‍ രീതികള്‍ ഇപ്പോഴും കഴിഞ്ഞ നൂറ്റാണ്ടിന്റേതാണ്. നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തിലെ തൊഴില്‍ രീതികള്‍ അഴിച്ചു പണിത്, പരമാവധി ഡിജിറ്റല്‍ ആക്കി, ഓഫീസുകള്‍ അടച്ചിടേണ്ടി വന്നാല്‍ പോലും ജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കാനുതകുന്ന തരത്തിലാക്കണം. ഇനിയുള്ള ലോകത്ത് ക്ലാസ് റൂം പഠനത്തിന് തുല്യമായി വരും ഓണ്‍ലൈന്‍ പഠനവും മാറിയേക്കും. ലോകത്തെവിടെ നിന്നും, എവിടെവിടെയുമുള്ള ക്ലാസുകളിലും പഠിക്കാം എന്ന കാലം വരും. ഇതൊക്കെയാവണം ഇനി നമ്മുടെ ചിന്ത.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
മഹാമാരിയില്‍ മാറുന്ന കേരളം എന്ന പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.