DCBOOKS
Malayalam News Literature Website

ഒരു പ്രതിസന്ധി വരുമ്പോള്‍ നമ്മളെല്ലാം സോഷ്യലിസ്റ്റുകളാണ്

സ്ലാവോയ് സിസെക്കിന്റെ ‘‘PANDEMIC!: Covid-19 Shakes the World’ മലയാള പരിഭാഷ മഹാമാരി ഡിസി ബുക്‌സ് ഡിജിറ്റൽ രൂപത്തിൽ പുറത്തിറക്കിയിട്ടുണ്ട്. ലോകത്തെ ഏറ്റവും അപകടകാരിയായ തത്ത്വചിന്തകൻ എന്നറിയെപ്പടുന്ന സ്ലാവോയ് സിസെക്കിന്റെ കോവിഡ്കാല ചിന്തകളുടെ പുസ്തകമാണിത്. ലോകം കോവിഡ് മഹാമാരിയിൽ തൂത്തുവാരപ്പെടുമ്പോൾ അതിന്റെ ആന്തരാർത്ഥങ്ങളും വിരോധാഭാസങ്ങളും വൈരുധ്യങ്ങളും പരിശോധിക്കുകയാണ് അതിവേഗചിന്തകനായ സിസെക്. ശുചിമുറിക്കടലാസുകൾ രത്‌നങ്ങളെക്കാൾ വിലപിടിപ്പുള്ളതാകുമ്പോൾ ലോകമാസകലമുള്ള പ്രാകൃതത്വത്തിനും ഭരണ കൂടാധിനിവേശത്തിനും എതിരേ ഒരു പുതുരൂപ കമ്യൂണിസം ഉണ്ടാകേണ്ടതുണ്ടെന്ന് തന്റെ കുതിക്കുന്ന ചിന്തകളിലൂടെ വിവരിക്കുന്നു. വിവർത്തനം: സലീം ഷെരീഫ്, സജീവ് എൻ.യു.

പുസ്തകം ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

സ്ലാവോയ് സിസെക്കിന്റെ  ”PANDEMIC!: Covid-19 Shakes the World’ എന്ന കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗ്രന്ഥത്തെ ആസ്പദമാക്കി ലിഷ.കെ.കെ തയ്യാറാക്കിയ ട്രൂ കോപ്പി തിങ്ക് മീഡിയയിൽ പ്രസിദ്ധീകരിച്ചത് 

മാരക രോഗങ്ങള്‍ വരുമ്പോള്‍ നാം എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് എലിസബത്ത് കുബ്ലര്‍ റോസ് ‘On Death and Dying’ എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. പ്രതികരണം അഞ്ച് രീതിയില്‍ അഞ്ച് ഘട്ടങ്ങളായാണ് ഉണ്ടാവുക എന്ന് അവര്‍ എഴുതുന്നു. ആദ്യഘട്ടം നിഷേധമാണ്. തനിക്ക് ഇത് സംഭവിക്കുക അസംഭവ്യമാണെന്ന വിചാരമാണത്. രോഷത്തിന്റേതാണ് അടുത്തഘട്ടം. സംഗതി യാഥാര്‍ത്ഥ്യമാണെന്നത് അനിഷേധ്യമാവുകയും; എങ്കിലും തനിക്കിത് എങ്ങനെ വന്നു എന്ന് ദേഷ്യപ്പെടുകയും ചെയ്യുന്ന ഘട്ടമാണിത്. മൂന്നാംഘട്ടം വിലപേശലിന്റേതാണ്. അസുഖം നീട്ടിക്കൊണ്ടുപോകാന്‍ പറ്റുമെന്ന പ്രത്യാശയുടെ ഘട്ടം. തന്റെ കുട്ടികളുടെ വിവാഹമൊക്കെ കഴിയുന്നതുവരെ താന്‍ ജീവിച്ചു പോവും എന്ന പ്രതീക്ഷാ മനോനില. വിഷാദമാണ് നാലാം ഘട്ടം. താന്‍ മരിക്കാന്‍ പോവുകയാണ്; ഇനി എന്തിനെയെങ്കിലും കുറിച്ച് ആലോചിച്ച് തലപുണ്ണാക്കിയിട്ടെന്തു കാര്യം എന്ന മനോഭാവം. സമ്മതിക്കലാണ് അഞ്ചാം ഘട്ടം. തനിക്ക് ഇതിനെതിരെ പൊരുതാന്‍ കഴിയില്ല; എന്നാലും താനതിന് ഒരുങ്ങിയിരിക്കണം എന്ന സന്നദ്ധത.

കുബ്ലര്‍ റോസ് ഈ ഘട്ടങ്ങളെ വ്യക്തിജീവിതത്തില്‍ ഉണ്ടാകുന്ന ദുരന്തങ്ങള്‍ക്കും പ്രയോഗിക്കുകയുണ്ടായി (തൊഴില്‍നഷ്ടം, ഉറ്റവരുടെ വിയോഗം വിവാഹമോചനം, മയക്കുമരുന്ന് ദാസ്യം ). ഇത്തരം ദുരന്തങ്ങളില്‍ മേല്‍പറഞ്ഞ അഞ്ച് ഘട്ടങ്ങള്‍ അതേ ക്രമത്തില്‍ സംഭവിക്കണമെന്നില്ലെന്നും ചിലപ്പോള്‍ അഞ്ച് ഘട്ടങ്ങള്‍ തന്നെ ഉണ്ടായിക്കൊള്ളണമെന്നില്ലെന്നും കുബ്ലര്‍ റോസ് എഴുതുന്നു.

കാലാവസ്ഥാ വ്യതിയാനം പോലുള്ള പാരിസ്ഥിതിക ദുരന്തത്തെ സമൂഹം അഭിമുഖീകരിക്കുമ്പോള്‍ നമുക്ക് ഈ അഞ്ച് ഘട്ടങ്ങള്‍ വേര്‍തിരിച്ച് കാണാനാവും. ആദ്യത്തേത് നിഷേധമാണ്- അത് വെറും പാരെനോയ ആണെന്നും കാലാവസ്ഥാക്രമത്തില്‍ പൊതുവെ സംഭവിക്കുന്ന വ്യതിചലനമാണെന്നും പറഞ്ഞ് യാഥാര്‍ഥ്യത്തെ നിഷേധിക്കും. പിന്നെ അമര്‍ഷമായി. ഈ ഘട്ടത്തില്‍ യാഥാര്‍ഥ്യം അംഗീകരിക്കുന്നു. പക്ഷേ, ദേഷ്യം മുഴുവന്‍ പ്രകൃതിയെ മലിനമാക്കുന്ന വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും അപകടം ഗൗരവത്തിലെടുക്കാതിരുന്ന സര്‍ക്കാറുകള്‍ക്കും നേരെയാണ്. മൂന്നാം ഘട്ടത്തില്‍ വിലപേശലാണ്- മാലിന്യം പുന:ചംക്രമണം ചെയ്യാം, താപനില ഉയരുമ്പോള്‍ ഗ്രീന്‍ലാന്റില്‍ പച്ചക്കറികൃഷി ചെയ്യാം, സെബീരിയയിലെ മഞ്ഞ് ഉരുകിത്തീര്‍ന്നാല്‍ ഫലഭൂയിഷ്ഠമായ ലക്ഷക്കണക്കിന് ഹെക്ടറില്‍ കൃഷിയിറക്കാം…

വിഷാദഘട്ടം വരുമ്പോള്‍ വളരെ വൈകിയിരിക്കുന്നു, ഇനിയൊന്നും ചെയ്യാനില്ല എന്ന മനോനില വരും. അടുത്തത് സമ്മതഘട്ടമാണ്. നാം വളരെ ഗുരുതരമായ പ്രശ്നത്തെയാണ് നേരിടുന്നതെന്നും ഇത് മറികടക്കാന്‍ നമ്മുടെ ജീവിതരീതി അടിമുടി മാറ്റേണ്ടതുണ്ടെന്നും അംഗീകരിക്കുന്നു.

കൊറോണ വൈറസിന്റെ കാര്യത്തിലും സമാനഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ആദ്യം നിഷേധമായിരുന്നു- ഗുരുതരമായ ഒരു പ്രശ്നവുമില്ല; ചില വ്യക്തികള്‍ വീണ്ടുവിചാരമില്ലാതെ പരിഭ്രാന്തി പരത്തുകയാണ്. പിന്നെ രോഷം- ചൈനക്കാരാണ് കുറ്റക്കാര്‍; നമ്മുടെ സര്‍ക്കാരിന് കാര്യപ്രാപ്തിയില്ല. അടുത്തത് വിലപേശി അനുകൂല കാര്യങ്ങള്‍ കണ്ടെത്തുക എന്നതാണ്- കുറച്ച് ആളുകള്‍ മരിച്ചു, എന്നാലും സാര്‍സിന്റെ അത്ര സാരമുള്ളതല്ല. അതുകൊണ്ട് ഇതുമൂലമുള്ള ചേതം പരിമിതപ്പെടുത്താം. പിന്നെ വിഷാദത്തിന്റെ ഊഴമായി- സ്വയം കബളിപ്പിക്കുന്നത് നിര്‍ത്താം; നമ്മുടെ കാര്യം ‘കട്ടപ്പുക’ യാണ്.
എങ്ങനെയായിരിക്കും ദുരന്തസമ്മതത്തിന്റെ അഞ്ചാം ഘട്ടം? ഹോങ്കോംഗിലും ഫ്രാന്‍സിലും അടുത്തിടെ നടന്ന സമൂഹ പ്രതിഷേധങ്ങളുമായി ഈ മഹാമാരിക്ക് ഒരു കാര്യത്തില്‍ സാദൃശ്യമുണ്ട്. അവിടെ അരങ്ങേറിയ പ്രതിഷേധങ്ങള്‍ പൊട്ടിത്തെറിച്ച് പൊടുന്നനെ ഒടുങ്ങിയില്ല. അവ നിന്ന നിലയില്‍ വാശിയോടെ നില്‍ക്കുകയാണ്; നമ്മുടെ ജീവിതങ്ങളിലേക്ക് സ്ഥായിയായ ഭയവും ദൗര്‍ബല്യവും കെട്ടഴിച്ചുവിട്ടുകൊണ്ട്.

കൊറോണ വൈറസിന്റെ കാര്യത്തില്‍ നാം നമ്മോടു തന്നെ സമ്മതിക്കേണ്ടതും പൊരുത്തപ്പെടേണ്ടതുമായ ചില തിക്തയാഥാര്‍ഥ്യങ്ങളുണ്ട്. അതായത്, ജീവന്റെ കീഴടരില്‍ മരണമോ നാശമോ സംഭവിക്കാത്ത, വിവേകശൂന്യമാം വിധം ആവര്‍ത്തന സ്വഭാവമുള്ള വൈറസുകളുടെ ലോകമുണ്ട്. അവ എക്കാലത്തും നമ്മോട് ഒപ്പമുണ്ടായിരുന്നു. ഇനി എല്ലായ്പ്പോഴും ഒരു ഇരുണ്ട നിഴലായി നമ്മോടൊപ്പം ഉണ്ടാവുകയും ചെയ്യും. നമ്മുടെ അതിജീവനത്തിനുനേരെ അവ ഭീഷണിയായി തുടരും. നാം ഒട്ടും പ്രതീക്ഷിക്കാത്ത സമയങ്ങളില്‍ പൊട്ടിപ്പടരും. സമാന്യ തലത്തില്‍ വൈറസ് മഹാമാരികള്‍ മനുഷ്യരെ മറ്റൊരു മര്‍മപ്രധാനകാര്യം ഓര്‍മപ്പെടുത്തുന്നുണ്ട്. മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ നിരര്‍ഥകത്വവും യാദൃശ്ചികത്വവുമാണത്. നമ്മള്‍ എത്രതന്നെ ഉജ്ജ്വലമായ ആത്മീയ സൗധം നിര്‍മ്മിച്ചാലും പ്രകൃത്യാ ഉള്ള ആകസ്മികത്വങ്ങളായ ഒരു വൈറസോ ഒരു ആസ്റ്റൈറോയ്ഡോ മതി എല്ലാം അവസാനിപ്പിക്കാന്‍.

പുസ്തകം ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

ചരിത്രത്തില്‍ നിന്ന് നാം ഒരു പാഠവും പഠിക്കുന്നില്ല എന്നതാണ് ചരിത്രത്തില്‍ നിന്ന് നാം പഠിക്കുന്ന ഏകപാഠമെന്ന് ഹെഗല്‍ എഴുതിയിട്ടുണ്ട്. ഈ മഹാമാരി നമ്മെ വിവേകമതികളാക്കി തീര്‍ക്കുമെന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. ഒരു കാര്യം വ്യക്തമാണ്. ഇത് നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനങ്ങളെ കശക്കിയെറിയും. വലിയ ദുരന്തങ്ങളുണ്ടാവും. ഒരു നൂറ്റാണ്ട് മുമ്പുണ്ടായ മഹാസാമ്പത്തികമാന്ദ്യത്തേക്കാള്‍ വഷളായിത്തീരും കാര്യങ്ങള്‍. സാധാരണ അവസ്ഥയിലേക്ക് (Normal) ഇനി തിരിച്ചുപോക്കില്ല. പഴയ ജീവിതങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്ന് പുതിയ നോര്‍മല്‍ നമുക്ക് സൃഷ്ടിക്കേണ്ടിവരും. അല്ലെങ്കില്‍ പുതിയൊരു ബാര്‍ബറിസത്തില്‍ (barbarism-അനാഗരികത്വത്തില്‍) അകപ്പെടും. അതിന്റെ അടയാളങ്ങള്‍ ഇപ്പോള്‍ തന്നെ കാണാം.

ഈ മഹാമാരിയെ നിര്‍ഭാഗ്യകരമായ ഒരു അപകടമായോ ഇതിന്റെ പ്രത്യാഘാതങ്ങളെ ആരോഗ്യരംഗത്തെ ചില ക്രമീകരണങ്ങളിലൂടെ മറികടക്കാമെന്ന ചിന്തയോ ആയി ചുരുക്കി ക്കണ്ടാല്‍ മതിയാകില്ല. കാതലായ ഒരു ചോദ്യം നാം ഉയര്‍ത്തേണ്ടതുണ്ട്. വര്‍ഷങ്ങളായി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഈ ദുരന്തത്തെ ഒരു തയ്യാറെടുപ്പുമില്ലാതെ നമുക്ക് അഭിമുഖീകരിക്കേണ്ടി വന്നത് എന്തുകൊണ്ടാണ്? എന്താണ് നമ്മുടെ വ്യവസ്ഥയുടെ പ്രശ്നം?

സാങ്കേതിക വിദ്യകളിലുണ്ടായ വികാസം മനുഷ്യരെ പ്രകൃതിയില്‍ നിന്ന് കൂടുതല്‍ സ്വതന്ത്രരാക്കിയതോടൊപ്പം മറ്റൊരു തലത്തില്‍ പ്രകൃതി ചാപല്യങ്ങള്‍ക്ക് കൂടുതല്‍ ആശ്രിതരാക്കുകയും ചെയ്തിരിക്കുന്നു. ഒരു കാര്യം ഉറപ്പാണ്. അകലം പാലിക്കുന്നതും കൂടുതല്‍ ക്വാറന്റൈന്‍ നിഷ്‌കര്‍ഷിക്കുന്നതും പുതിയ മതിലുകള്‍ ഉണ്ടാകുന്നതും കൊണ്ടുമാത്രം കൊറോണ വ്യാധിക്ക് ശമനമുണ്ടാവില്ല. ആഗോള തലത്തില്‍ നിരുപാധികമായ ഐക്യദാര്‍ഢ്യവും ഏകോപിച്ചുള്ള ഫലപ്രദമായ പ്രവര്‍ത്തനവും വേണം. മുമ്പ് കമ്മ്യൂണിസമെന്ന് വിളിക്കപ്പെട്ടിരുന്ന സംഗതിയുടെ പുതിയൊരു രൂപം ഉണ്ടാകണം. ആ വഴിക്ക് നാം പ്രയത്നിച്ചില്ലെങ്കില്‍ ഇന്നത്തെ വുഹാന്‍ നാളത്തെ ഏത് ലോകനഗരത്തിലും ആവര്‍ത്തിക്കാം.

കോവിഡ് മഹാമാരി കമ്മ്യൂണിസത്തിന് പുതുജീവന്‍ നല്‍കുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ പ്രതീക്ഷിച്ചതുപോലെ അപഹസിക്കപ്പെട്ടു. അപ്പോള്‍ ചൈനയില്‍ അധികാരത്തിലുള്ള കമ്മ്യൂണിസ്റ്റുകാരുടെ അധികാര പ്രമത്ത/ആധിപത്യയുക്തിയല്ല എന്റെ മനസിലുണ്ടായിരുന്നത്. ചൈന ഈ വൈറസിനെപ്പറ്റിയുള്ള വിവരം പുറത്തുവിട്ടവരെ അറസ്റ്റു ചെയ്തു. കൊറോണ

വൈറസ് ആദ്യം തിരിച്ചറിഞ്ഞ ലി വെന്‍ ലിയങ് എന്ന ചൈനീസ് ഡോക്ടറുടെ കഥ നമുക്കറിയാം. നമ്മുടെ കാലഘട്ടത്തിലെ യഥാര്‍ഥ നായകനാണ് അദ്ദേഹം. ചൈനീസ് എഡ്വേഡ് സ്നോഡനോ ചൈനീസ് ചെല്‍സിയ മാനിങോ ആണ് ലി വെന്‍ ലിയങ്. ഹോങ്കോംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജേണലിസ്റ്റായ വെര്‍ന യു പറഞ്ഞതുപോലെ ‘ചൈന അഭിപ്രായ സ്വാതന്ത്ര്യം വിലമതിച്ചിരുന്നുവെങ്കില്‍ കൊറോണ വൈറസ് പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല’. മാവോയുടെ പ്രമാണവാക്യങ്ങളിലൊന്നാണ് ഇവിടെ ചേര്‍ത്തുവായിക്കേണ്ടത് ‘ജനങ്ങളെ വിശ്വസിക്കുക’ . ഇന്നത്തെ ചൈനീസ് സര്‍ക്കാര്‍ ജനങ്ങളെ വിശ്വസിക്കുന്നില്ല. ജനങ്ങള്‍ സ്നേഹിക്കപ്പെടണം, സംരക്ഷിക്കപ്പെടണം, നിയന്ത്രിക്കപ്പെടണം… പക്ഷേ, അവരെ വിശ്വസിക്കരുത്! മരിക്കുന്നതിനു തൊട്ടുമുമ്പ് ലി വെന്‍ ലിയാങ് പറഞ്ഞത് ‘ ആരോഗ്യമുള്ള സമൂഹത്തില്‍ ഒന്നിലധികം ശബ്ദം വേണ’ മെന്നാണ്. ഭരണാധികാരികളും ജനങ്ങളും തമ്മില്‍ നല്ല വിശ്വാസമുണ്ടാകണം.

മഹാമാരി ലോകമാകെ പടരുമ്പോള്‍ നാം മനസിലാക്കേണ്ട കാര്യം, അവ്യവസ്ഥയും പട്ടിണിയും തടയാന്‍ കമ്പോളത്തിന്റെ പ്രവര്‍ത്തനവിധം മതിയാകില്ല എന്നതാണ്. ഇന്ന് നമുക്ക് ‘കമ്മ്യൂണിസ്റ്റ്’ എന്ന് തോന്നുന്ന പല നടപടികളും ഉപാധികളും ആഗോളതലത്തില്‍ പരിഗണിക്കേണ്ടിവരും. ഉല്‍പാദനത്തിന്റെയും വിതരണത്തിന്റെയും ഏകോപനം കമ്പോളത്തിന്റെ പരിധിക്കു പുറത്തുനിന്ന് നടത്തേണ്ടിവരും. ഞാന്‍ ഉദ്ദേശിക്കുന്ന കമ്മ്യൂണിസം എന്താണെന്ന് തിരിയാന്‍ ലോകാരോഗ്യ സംഘടനയുടെ പൊതുപ്രഖ്യാപനങ്ങള്‍ വായിച്ചാല്‍ മതി. അവയിലൊന്ന് നോക്കൂ:

‘ ലോകാരോഗ്യ സംഘടനയുടെ മേധാവിയായ ഡോ. ടെഡ്രോസ് ഗെബ്രിയെസുസ് (Tedros Adhanom Ghebreyesus) ലോകമാകെയുള്ള പൊതുജനാരോഗ്യ അധികൃതരോട് പറയുന്നു: ചില രാജ്യങ്ങളില്‍ വൈറസ് ഉയര്‍ത്തുന്ന ഭീഷണിക്ക് അനുസൃതമായ അളവില്‍ രാഷ്ട്രീയ പ്രതിബദ്ധതയില്ല. ഇതൊരു ഡ്രില്‍ അല്ല. ഇത് ഇട്ടെറിഞ്ഞു പോകാനുള്ള സമയമല്ല. ഇത് ഒഴികഴിവ് പറയാനുള്ള സമയമല്ല. തീവ്രയത്നപരിപാടിയാണിത്. ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ നേരിടാന്‍ പതിറ്റാണ്ടുകളായി രാഷ്ട്രങ്ങള്‍ തയ്യാറെടുത്തുവരികയായിരുന്നു. ഇപ്പോള്‍ പ്രവര്‍ത്തിക്കേണ്ട സമയമാണ്. ഈ മഹാമാരിയെ നമുക്ക് തുരത്താന്‍ സാധിക്കും. സര്‍ക്കാറുകളുടെ മുഴുവന്‍ മെഷിനറിയും വ്യാപൃതമാവുന്ന കൂട്ടായ, ഏകോപനത്തിലധിഷ്ഠിതമായ, സമഗ്ര സമീപനമാണ് വേണ്ടത്’.

ഇത്തരം സമഗ്ര സമീപനം ഒരു സര്‍ക്കാറിന്റെ മെഷിനറിയുടെ അപ്പുറത്തേക്കും കടന്നുചെല്ലണം. സര്‍ക്കാര്‍ നിയന്ത്രണത്തിലല്ലാതെയുള്ള ജനങ്ങളുടെ പ്രാദേശിക സംഘാടനവും ശക്തവും ഫലപ്രദവുമായ അന്താരാഷ്ട്ര സഹകരണവും ഏകോപനവും ഉണ്ടാകണം. ശ്വാസതടസ്സത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ ആശുപത്രിയില്‍ ആയാല്‍ ആയിരക്കണക്കിന് വെന്റിലേറ്ററുകള്‍ വേണ്ടിവരും. യുദ്ധകാലഘട്ടത്തില്‍ സൈനികര്‍ക്ക് ആവശ്യമായ തോക്കുകളും പടക്കോപ്പുകളും Slavoj Zizek-Mahamariലഭ്യമാക്കുന്നതുപോലെ ഭരണകൂടം അപ്പോള്‍ പ്രവര്‍ത്തിക്കണം. മറ്റു രാഷ്ട്രങ്ങളുടെ സഹായം തേടണം. സൈനിക നടപടികളുടെ സമയത്തുണ്ടാകുന്നതുപോലെ പരസ്പരം വിവരങ്ങള്‍ കൈമാറണം, പദ്ധതികളുടെ ഏകോപനമുണ്ടാകണം. ഇതിനെയെല്ലാമാണ് ഇപ്പോള്‍ നമുക്ക് ആവശ്യമുള്ള ‘കമ്മ്യൂണിസം’ എന്ന് ഞാന്‍ ഉദ്ദേശിച്ചത്. വില്‍ഹട്ടണ്‍ ചൂണ്ടിക്കാണിച്ചതുപോലെ ‘നിയന്ത്രിക്കപ്പെടാത്തതും സ്വതന്ത്രവിപണിയിലധിഷ്ഠിതവുമായ ആഗോളീകരണത്തിന്റെ രൂപം തീര്‍ച്ചയായും അസ്തപ്രാണമായിരിക്കുന്നു. ഈ ആഗോളീകരണരൂപത്തിന് മഹാമാരികളും സാമ്പത്തിക പ്രതിസന്ധികളും ഉണ്ടാക്കാനുള്ള പ്രവണതയുണ്ട്. പിറന്നുകൊണ്ടിരിക്കുന്ന മറ്റൊരു ആഗോളീകരണ രൂപം പരസ്പരാശ്രിതത്വവും കൂട്ടായ്മകളിലൂന്നിയ പ്രവര്‍ത്തനവും അടിസ്ഥാനമാക്കിയുള്ളതാണ്’

കൊറോണ വൈറസ് മഹാമാരി കമ്പോള-ആഗോളീകരണത്തിന് മാത്രമല്ല അതിരിട്ടിരിക്കുന്നത്. സമ്പൂര്‍ണ രാഷ്ട്രീയ പരമാധികാര ശാഠ്യമുള്ള നാഷണലിസ്റ്റ് പോപ്പുലിസത്തിനും മര്‍മഭേദകമായ തടയിട്ടിരിക്കുന്നു അത്. ‘ ആദ്യം അമേരിക്ക’ എന്ന ആക്രോശം ഇനിയുണ്ടാവില്ല. കാരണം, ആഗോളമായ സഹകരണവും ഏകോപനവും ഉണ്ടെങ്കിലേ അമേരിക്കയെ പോലും രക്ഷപ്പെടുത്താന്‍ കഴിയുകയുള്ളൂ. ഞാനിവിടെ യുട്ടോപ്യനാവുകയല്ല, ജനങ്ങള്‍ തമ്മിലുള്ള ആദര്‍ശാത്മകമായ ഒരു ഐക്യദാര്‍ഢ്യത്തിനുവേണ്ടി അപേക്ഷിക്കുകയല്ല. നേരെ മറിച്ച്, നമ്മള്‍ എല്ലാവരുടേയും അതിജീവനത്തിന് ആഗോളമായ ഐക്യവും സഹകരണവും വേണമെന്നാണ് പറയുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി അത് അനിവാര്യമാക്കിയിരിക്കുന്നു. ഓരോരുത്തരുടേയും യുക്ത്യധിഷ്ഠിതമായ സ്വാര്‍ഥബുദ്ധി ഈ വഴിക്കാണ് നീങ്ങുക.

പുസ്തകം ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

മഹാമാരി ബ്രിട്ടനില്‍ മൃത്യുതാണ്ഡവം തുടങ്ങിയാല്‍ (കാലാവസ്ഥാ പ്രതിസന്ധി കൊറോണയേക്കാള്‍ ലോകമെമ്പാടും മനുഷ്യരെ കൊന്നൊടുക്കുന്നുണ്ട്. പക്ഷേ എവിടെയും പരിഭ്രാന്തിയില്ല.) ‘ മൂന്ന് വിവേകമതികളായ മനുഷ്യരുടെ പ്രോട്ടോകോള്‍’ ആശുപത്രികളില്‍ നിലവില്‍ വരുമെന്നാണ് കേള്‍ക്കുന്നത്. ആശുപത്രികള്‍ മഹാമാരി പിടിപെട്ടവരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞാല്‍ ഓരോ ആശുപത്രിയിലെയും മൂന്ന് സീനിയര്‍ ഡോക്ടര്‍മാരായിരിക്കും ഏത് രോഗിക്ക് വെന്റിലേറ്റര്‍ കൊടുക്കണം, ഏത് രോഗിക്ക് കിടക്ക കൊടുക്കണം എന്നൊക്കെ തീരുമാനിക്കുക. വിവേകമതികളുടെ പ്രോട്ടോകോള്‍ ‘ക്ഷമതയുള്ളവരുടെ അതിജീവനം’ എന്ന നിഷ്ഠുരയുക്തിയല്ലേ നടപ്പാക്കുക? അപ്പോള്‍ നമുക്ക് മുമ്പിലുള്ളത് രണ്ട് ചോയ്സ് ആണ്. ബാര്‍ബറിസം അല്ലെങ്കില്‍ അടിമുടി അഴിച്ചുപണിത ഒരു തരം കമ്മ്യൂണിസം.

എന്റെ അഭിപ്രായത്തില്‍ പച്ച അപരിഷ്‌കൃതത്വമല്ല ഉണ്ടാവുക. മാനവിക മുന്‍തൂക്കമുള്ള ഒരു അപരിഷ്‌കൃതത്വമാണ് ഉയര്‍ന്നുവരിക. ദാക്ഷിണ്യമില്ലാത്ത നിരീക്ഷണ സംവിധാനങ്ങള്‍ നിലവില്‍ വരും. അവ നടപ്പിലാക്കുക പശ്ചാത്താപം പ്രകടിപ്പിച്ചും സഹാനുഭൂതി പ്രദര്‍ശിപ്പിച്ചുമാവും. ഒപ്പം അവയെ വിദഗ്ധര്‍ സാധൂകരിക്കുകയും ചെയ്യും. സാമൂഹിക നൈതികതയുടെ മൂലക്കല്ലുകളെല്ലാം വെട്ടിനുറുക്കപ്പെടും. വയോധികരെയും ദുര്‍ബലരെയും മരണത്തിനു വിട്ടുനല്‍കും. ഇറ്റലിയില്‍ നാം ഇത് കാണുന്നു.

ഈ അപരിഷ്‌കൃതത്വം മറ്റിടങ്ങളിലേക്കും പടരും. ക്ഷമതയുള്ളവരുടെ അതിജീവനം എന്നത് സൈനിക നൈതികതയുടെ അടിസ്ഥാന തത്ത്വങ്ങളെപ്പോലും അതിലംഘിക്കുന്നതാണ്. യുദ്ധശേഷം ആദ്യവും ഏറ്റവുമധികവും ശ്രദ്ധിക്കേണ്ടതും പരിചരിക്കേണ്ടതും കൂടുതല്‍ മുറിവ് പറ്റിയവരെയാണെന്നാണ് സൈനിക പ്രോട്ടോക്കോള്‍ പറയുന്നത്; ഇവര്‍ക്ക് അതിജീവന സാധ്യത വളരെ കുറവാണെങ്കില്‍ പോലും.

ഈ അഭൂതപൂര്‍വമായ പ്രതിസന്ധിയില്‍ നിന്ന് പുറത്തുകടക്കാനുള്ള വഴി ഒരു പുതിയ തരം കമ്മ്യൂണിസമാണെന്ന് ഞാന്‍ നിര്‍ദേശിച്ചപ്പോള്‍ എന്നെ പലരും പല ദിക്കില്‍ നിന്ന് കളിയാക്കി. അതേ സമയം നാം ഇപ്പോള്‍ വായിക്കുന്നു: ‘സ്വകാര്യ മേഖല ഏറ്റെടുക്കുകയാണെന്ന നിര്‍ദേശം ട്രംപ് പ്രഖ്യാപിക്കുന്നു’ ഇത്തരത്തിലുള്ള ഒരുപാട് നടപടികള്‍ വേണ്ടിവരും, സമുദായങ്ങളുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള സ്വയം സംഘാടനമുള്‍പ്പെടെ. ഇതൊരു യുട്ടോപ്യന്‍ കമ്മ്യൂണിസ്റ്റ് ദര്‍ശനമല്ല. കേവലമായ അതിജീവനത്തിന്റെ ആവശ്യകത മുന്‍നിര്‍ത്തി നിര്‍ബന്ധ ബുദ്ധിയോടെ കൊണ്ടുവരുന്ന കമ്മ്യൂണിസമാണ്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, 1918ല്‍ സോവിയറ്റ് യൂണിയനില്‍ നടപ്പാക്കിയ യുദ്ധകമ്മ്യൂണിസത്തിന്റെ ഒരു വകഭേദമാണ് ഇത്.
ഇത്തരം പുരോഗമനപരമായ കാര്യങ്ങള്‍ (സ്വകാര്യ മേഖല ഏറ്റെടുക്കല്‍ തുടങ്ങിയവ) ചെയ്യാന്‍ യാഥാസ്ഥിതികരും ‘ദേശസ്നേഹയോഗ്യതാ പത്ര’വുമുള്ള ട്രംപിനെപ്പോലുള്ള ഭരണാധികാരികള്‍ക്കേ കഴിയൂ. പുരോഗമന നിലപാടുള്ള ഒരു ഭരണാധികാരി ഇതെല്ലാം ചെയ്താല്‍ ദേശീയ താല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്ന വിമര്‍ശനം ഉയരും. ഫ്രഞ്ച് പ്രസിഡന്റ് ഡിഗോളിന് അര്‍ജീരിയക്ക് സ്വാതന്ത്ര്യം നല്‍കാന്‍ കഴിഞ്ഞു. ചൈനയുമായി ബന്ധം സ്ഥാപിച്ചത് മേല്‍ ഗണത്തില്‍പ്പെട്ട അമേരിക്കന്‍ പ്രസിഡന്റായ നിക്സനാണ്. ഒരു പ്രതിസന്ധിവരുമ്പോള്‍ നമ്മളെല്ലാം സോഷ്യലിസ്റ്റുകളാണ്.

കൊറോണ വൈറസ് തികഞ്ഞ മതനിരപേക്ഷ- ജനാധിപത്യവാദിയത്രെ. മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ പറഞ്ഞതുപോലെ ‘നാം പല കപ്പലുകളില്‍ വന്നവരായിരിക്കാം; പക്ഷേ ഇപ്പോള്‍ നാമെല്ലാം ഒരു ബോട്ടിലാണ്’. ട്രംപ് എല്ലാ അമേരിക്കക്കാരനും സാര്‍വത്രിക അടിസ്ഥാന വരുമാനമായി ആയിരം ഡോളറിന്റെ ചെക്ക് നല്‍കും എന്നൊക്കെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഈ ‘സോഷ്യലിസം’, 2008ലെ സാമ്പത്തിക മാന്ദ്യകാലത്തേതുപോലെ ബാങ്കുകളെ രക്ഷിക്കാന്‍ വേണ്ടി നോട്ടുകെട്ടുകളുടെ സമുദ്രം തീര്‍ത്ത സമ്പന്നര്‍ക്കുവേണ്ടിയുള്ള സോഷ്യലിസമായിരിക്കുമോ എന്നത് കാണാനിരിക്കുന്നതേയുള്ളൂ.

നവോമി ക്ലെയ്ന്‍ വിശേഷിപ്പിച്ചതുപോലെ ഈ മഹാമാരി പണ്ടത്തെപ്പോലെ ‘ഡിസാസ്റ്റര്‍ ക്യാപിറ്റലിസം’ത്തിന് വഴിവെട്ടുമോ? അതോ കൂടുതല്‍ മെച്ചപ്പെട്ടതും സന്തുലിതവും മിത സ്വാഭാവമുള്ളതുമായ ഒരു ലോകക്രമത്തിന്റെ ഉദയത്തിലേക്ക് നയിക്കുമോ? എല്ലാവരും ഇപ്പോള്‍ പറയുന്നത് നമ്മുടെ സാമൂഹിക- സാമ്പത്തിക വ്യവസ്ഥ മാറ്റണമെന്നാണ്. എന്നാല്‍ തോമസ് പിക്കറ്റി ചൂണ്ടിക്കാണിച്ചതുപോലെ പ്രധാനപ്പെട്ട കാര്യം, എങ്ങനെ മാറ്റുന്നു, ഏത് ദിശയില്‍ മാറ്റുന്നു, മാറ്റത്തിനായി സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെ എന്നിവയാണ്. ഈ പ്രതിസന്ധിയില്‍ നാമെല്ലാം ഒരുപോലെ അകപ്പെട്ടതിനാല്‍ നമ്മെ രക്ഷിക്കാന്‍ രാഷ്ട്രീയം മറന്ന് നാം ഒരുമിച്ച് പ്രവര്‍ത്തിക്കണം എന്നാണ് വ്യാപകമായി കേള്‍ക്കുന്ന നിര്‍ദേശം. ഇത് തെറ്റായ ധാരണയാണ്. യഥാര്‍ഥ രാഷ്ട്രീയമാണ് ഇപ്പോള്‍ ആവശ്യം. ഐക്യത്തെപ്പറ്റിയുള്ള തീരുമാനങ്ങള്‍ പരമമായി രാഷ്ട്രീയം തന്നെയാണ്.
ഡിസാസ്റ്റര്‍ ക്യാപിറ്റലിസമല്ല, ഡിസാസ്റ്റര്‍ കമ്മ്യൂണിസമാണ് വേണ്ടത്. ഡിസാസ്റ്റര്‍ ക്യാപിറ്റലിസത്തിനുള്ള മറുമരുന്നാണത്. സ്റ്റേറ്റ് വളരെ സക്രിയമായ പങ്ക് വഹിക്കണ്ട സമയമാണിത്. മാസ്‌കും ടെസ്റ്റ് കിറ്റും വെന്റിലേറ്ററും ഉല്പാദിപ്പിക്കുന്നതിന് ശുഷ്‌കാന്തിയോടെയുള്ള സംഘാടനം, ഐസലേഷനുവേണ്ടി ഹോട്ടലുകളും റിസോട്ടുകളും ഒരുക്കിയെടുക്കല്‍, പുതുതായി തൊഴില്‍ രഹിതരായവര്‍ക്ക് അതിജീവനത്തിനായുള്ള സഹായം തുടങ്ങിയവയെല്ലാം മാര്‍ക്കറ്റ് മെക്കാനിസത്തെ മാറ്റി നിര്‍ത്തിക്കൊണ്ട് സ്റ്റേറ്റ് ചെയ്യേണ്ടതാണ്. സ്ഥാപനവല്‍കൃതമായ ആരോഗ്യവ്യവസ്ഥ വയോജനങ്ങളുടേയും ദുര്‍ബലരുടേയും പരിചരണത്തിന് പ്രാദേശിക സമൂഹങ്ങളുടെ സഹായം തേടണം. വിഭവങ്ങള്‍ ഉല്‍പാദിപ്പിക്കാനും വിതരണം ചെയ്യാനും ഫലപ്രദമായ തരത്തിലുള്ള അന്താരാഷ്ട്ര സഹകരണം ഉരുത്തിരിക്കണം.

രാഷ്ട്രങ്ങള്‍ ഒറ്റപ്പെടലിന്റെ ഭാഗമായി ഒറ്റതിരിഞ്ഞ് മാത്രം നിന്നാല്‍ യുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെടും. അതുകൊണ്ടാണ് സഹകരണവും ഐക്യവും ആവശ്യമാകുന്നത്. ഈ മട്ടിലുള്ള വികാസപരിണാമങ്ങളെയാണ് ഞാന്‍ ‘കമ്മ്യൂണിസം’ എന്നു ഇപ്പോള്‍ വിളിക്കുന്നത്. ഇതിന് മറ്റൊരു ബദല്‍ ഇല്ല. ഉള്ളത് അപരിഷ്‌കൃതത്വം (barbarsim) മാത്രമാണ്. ഒരു തരത്തിലും കമ്മ്യൂണിസ്റ്റല്ലാത്ത ബ്രിട്ടീഷ് പ്രാധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പോലും ഇത്തരം നടപടികള്‍ എടുക്കാന്‍ ഒരുങ്ങുന്നു (സ്വകാര്യ ആശുപത്രികള്‍ താല്‍ക്കാലികമായി

ദേശസാത്കരിക്കും എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം) എന്ന കാര്യം ശ്രദ്ധിക്കുക. ഇതെല്ലാം എത്രകണ്ട് വളരും എന്ന് പറയാന്‍ കഴിയില്ല. ഇപ്പോള്‍ മനുഷ്യരാശിയെ തുറിച്ചുനോക്കുന്ന മഹാപ്രതിസന്ധി മറ്റ് ചില ധനാത്മകമായ അവബോധങ്ങളിലേക്ക് മാനവനാഗരികതയെ നയിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. ലോകത്തിന്റെ പലഭാഗങ്ങളിലും നടക്കുന്ന യുദ്ധങ്ങള്‍ ഭ്രാന്തവും നിരര്‍ഥകവുമാണെന്ന ബോധ്യം; മറ്റ് ജനസമൂഹങ്ങളോടും സംസ്‌കാരങ്ങളോടും ലൈംഗിക ന്യൂനപക്ഷങ്ങളോടും നാം പുലര്‍ത്തുന്ന അസഹിഷ്ണുത, ഈ പ്രതിസന്ധിക്ക് മുമ്പില്‍ വ്യര്‍ഥവും തുച്ഛവുമാണെന്ന തിരിച്ചറിവ്.
ഈ വൈറസിനെതിരെയുള്ള സമരത്തിന് ‘യുദ്ധം’ എന്ന സംജ്ഞ ഉപയോഗിക്കുന്നത് ശരിയല്ല എന്ന് ഞാന്‍ കരുതുന്നു. നമ്മെ നശിപ്പിക്കാനുള്ള പ്രത്യേക പദ്ധതിയും തന്ത്രവുമായി ഇറങ്ങിത്തിരിച്ച ശത്രുക്കളല്ല വൈറസുകള്‍, അവ സ്വയം തനിപ്പകകര്‍പ്പുണ്ടാക്കുന്ന നിര്‍ഥക മെക്കാനിസമാണ്. അവ ജീവനുള്ള കോശങ്ങളിലേ പുനരുല്‍പ്പാദിപ്പിക്കപ്പെടൂ. വൈറസുകളെ ജീവനില്ലാത്ത (non-living) രാസയൂണിറ്റുകളായും ചിലപ്പോള്‍ ജീവനുള്ള ജീവികളായും പരിഗണിക്കപ്പെടാറുണ്ട്. ജീവനും മരണത്തിനുമിടയിലുളള വൈറസിന്റെ ഈ ചാഞ്ചാട്ടം നിര്‍ണായകമത്രേ. അങ്ങനെ നോക്കുമ്പോള്‍ വൈറസിന് ജീവനില്ല, നിര്‍ജീവവുമല്ല എന്ന അവസ്ഥയാണുള്ളത്. അവ ഒരുതരം ജീവനുള്ള നിര്‍ജീവ വസ്തുവാണ്. അവ മനുഷ്യകോശത്തില്‍ പ്രവേശിക്കുമ്പോള്‍ മനുഷ്യര്‍ വൈറസിന് പകര്‍പ്പുയന്ത്രങ്ങളായി വര്‍ത്തിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ നോക്കുമ്പോള്‍ വൈറസ് ഇത്തിക്കണ്ണിപോലെ പരോപജീവിയാണ്. ശീതയുദ്ധകാലത്ത് പരസ്പരം ഉറപ്പുവരുത്തിയ നാശത്തെക്കുറിച്ചാണ് (MAD- Mutually assured destruction) സംസാരിച്ചിരുന്നത്. കോവിഡ് കാലത്തും MAD തന്നെയാണുള്ളത്. പക്ഷേ പരസ്പരം ഉറപ്പുവരുത്തിയ അകലം (Mutually assured distance) ആണെന്നുമാത്രം.

പുസ്തകം ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

എന്റെ മക്കള്‍ ഇപ്പോള്‍ എന്റെയടുത്ത് വരാറില്ല. എനിക്ക് കൊറോണ കിട്ടിയാല്‍, പ്രായം അറുപത് കഴിഞ്ഞതിനാല്‍, പ്രശ്നമാണെന്ന് അവര്‍ക്കറിയാം. അവര്‍ക്ക് കിട്ടിയാല്‍ മിക്കവാറും ഒരു തുമ്മലും ചീറ്റലുമായി കടന്നുപോയേക്കാമെന്നും അവര്‍ക്കറിയാം. ശാരീരികമായ അകലം ബന്ധത്തിന്റെ തീവ്രത കൂട്ടുമെന്നാണ് എന്റെ അനുഭവം. ഇപ്പോള്‍, വളരെ അടുപ്പമുള്ളവരുമായി അകലം പാലിക്കേണ്ടി വരുമ്പോഴാണ് അവരുടെ സാന്നിധ്യവും പ്രാധാന്യവും ഞാന്‍ ശരിക്ക് അനുഭവിക്കുന്നത്. ഇങ്ങനെ പറയുമ്പോള്‍ അപ്പുറത്ത് ഒരു സിനിക്കിന്റെ പൊട്ടിച്ചിരി എനിക്ക് കേള്‍ക്കാം.

കൊറോണ വൈറസ് മഹാമാരി സമൂഹത്തില്‍ നിഷ്‌ക്രിയമായി കിടന്നിരുന്ന ധാരാളം പ്രത്യയശാസ്ത്ര വൈറസുകളെ കെട്ടഴിച്ചുവിട്ടിട്ടുണ്ട്. വ്യാജവാര്‍ത്തകള്‍, സംശയജന്യ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍, വംശീയ മനക്കൂട്ടിന്റെ പടര്‍ച്ച, ക്വാറന്റൈന്‍ രാഷ്ട്രാതിര്‍ത്തികളിലും സ്വതന്മയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന ശത്രുക്കളിലും പ്രാവര്‍ത്തികമാക്കണമെന്ന വാദം എന്നിവയെല്ലാം ഇക്കൂട്ടത്തില്‍ പെടുന്നു. അതേസമയം ഉപകാരപ്രദമായ മറ്റൊരു പ്രത്യയശാസ്ത്ര വൈറസും പടര്‍ന്നിട്ടുണ്ട്. മറ്റൊരു തരത്തിലുള്ള സമൂഹസൃഷ്ടിയെക്കുറിച്ച് ചിന്തിപ്പിക്കുന്ന വൈറസാണത്. ദേശരാഷ്ട്രങ്ങള്‍ക്ക് അതീതമായി ആഗോള സഹകരണവും ഐക്യവും സാക്ഷാത്കരിക്കപ്പെടുന്ന പുതിയ സമൂഹത്തെക്കുറിച്ചുള്ള ആലോചനയാണ് ഇത്.

കൊറോണ വൈറസ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കുമെന്ന ഊഹാപോഹങ്ങള്‍ ഉണ്ട്. ചെര്‍ണോബില്‍ ആണവദുരന്തമാണ് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടതെന്ന് ഗോര്‍ബച്ചേവ് പറയുകയുണ്ടായല്ലോ. എന്നാല്‍ ഇവിടെയൊരു വിരോധാഭാസമുണ്ട്. ജനങ്ങളിലും ശാസ്ത്രത്തിലുമുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ കമ്മ്യൂണിസത്തെ അടിമുടി പുതുക്കി തിരികെ കൊണ്ടുവരേണ്ടതിന്റെ ആവശ്യത്തിലേക്കും കൊറോണ വൈറസ് നമ്മെ നിര്‍ബന്ധിക്കുന്നുണ്ട്.

 

വര്‍ഷങ്ങള്‍ക്കു മുമ്പ് ഫ്രഡറിക് ജയിംസണ്‍, ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചാലോ ഒരു വൈറസ് മനുഷ്യരാശിയെ ഉന്മൂലം ചെയ്യുന്ന വിധത്തില്‍ മാരകശേഷി കൈവരിക്കുമ്പോഴോ ഉണ്ടായേക്കാവുന്ന യുട്ട്യോപ്യന്‍ ശക്തിയിലേക്ക് നമ്മുടെ ശ്രദ്ധക്ഷണിക്കുകയുണ്ടായി. അത്തരമൊരു ആഗോള ഭീഷണി ആഗോളതലത്തില്‍ ഐക്യദാര്‍ഢ്യം ഉണ്ടാക്കും. ചെറിയ വ്യത്യാസങ്ങള്‍ അപ്രധാനങ്ങളായിത്തീരും. പരിഹാരത്തിനുവേണ്ടി മനുഷ്യരെല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കും. ഇപ്പോള്‍ നാം അത്തരമൊരു ഭീഷണിയുടെ മുന്‍പിലാണുള്ളത്.

നമ്മുടെ ഉദ്ദേശ്യത്തെ സഹായിക്കുന്ന ഒന്നായി കൊറോണ വൈറസ് ഉണ്ടാക്കിയ വ്യാപകമായ ദുരിതങ്ങളെ ആസ്വദിക്കുകയല്ല ഞാന്‍. നാം ജീവിക്കുന്ന ലോകത്തിന്റെ അടിസ്ഥാന പ്രത്യേകതകളെക്കുറിച്ച് പുനര്‍വിചിന്തനം ചെയ്യാന്‍ ഇത്തരമൊരു മഹാമാരി ആവശ്യമായി വന്നല്ലോ എന്ന ദു:ഖകരമായ വസ്തുത പ്രക്ഷേപിക്കുകയായിരുന്നു. കൊറോണ വൈറസിന്റെ കാലത്ത് പ്രതീതി യാഥാര്‍ഥ്യമാണ് ഏറ്റവും സുരക്ഷിതമെന്ന് വന്നിരിക്കുന്നു. പഴയപോലെ ജീവിക്കാനാഗ്രഹിക്കുന്നവര്‍ ദ്വീപുകളില്‍ സ്വകാര്യസ്ഥലസൗകര്യങ്ങളുള്ള അതിസമ്പന്നരായിരിക്കണം. ഇവിടെയും ശ്രദ്ധേയമായ ഒരു വസ്തുതയുണ്ട്. കഴിഞ്ഞ പതിറ്റാണ്ടില്‍ ‘വൈറസ്’ , ‘വൈറല്‍’ എന്നീ പദങ്ങള്‍ ഡിജിറ്റല്‍ വൈറസിനെ സൂചിപ്പിക്കാനായിരുന്നു മിക്കവാറും ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ നാം കാണുന്ന ഒരു സവിശേഷ പ്രതിഭാസം, വൈറല്‍ പകര്‍ച്ചകള്‍, യഥാര്‍ഥ ലോകത്തും പ്രതീതി ലോകത്തും കൈകോര്‍ത്ത് ഇരുമാനങ്ങളിലും പ്രവര്‍ത്തിക്കുന്നു എന്നതാണ്….

പുസ്തകം ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

കടപ്പാട് ട്രൂ കോപ്പി തിങ്ക് മീഡിയ

Comments are closed.