ഇതിഹാസത്തിന്റെ സാംസ്കാരിക വിവക്ഷകൾ
പുസ്തകങ്ങളിലൂടെ ഇടമുറിയാത്ത വായനയാണ് എനിക്ക് ശീലം. ഒരിരുപ്പിന് ഇരുന്നു വായിച്ചു തീർക്കലോ ഒരു ദിവസത്തിൽ ഇത്ര മണി തൊട്ട് ഇത്ര മണി വരെ വായിക്കണം എന്നോ യാതൊരു നിർബന്ധവുമില്ല. എന്നാൽ ഒരു പുസ്തകത്തിനോടൊപ്പമായാൽ പിന്നെ അത് വായിച്ചവസാനിപ്പിക്കുന്നതിനിടയിൽ മറ്റൊരു പുസ്തകം തുറക്കില്ല. ആ പുസ്തകം ആ വായനാ കാലത്ത് എന്റെ കൂടെത്തന്നെയുണ്ടാവും. ഏതു യാത്രയിലും സഞ്ചിയിൽ ആ പുസ്തകം കൂടെയുണ്ടാവും. കാറ് ഓടിക്കാൻ തുടങ്ങിയതിനു ശേഷം രാവിലെ കാറിലേക്കും കോളേജിലെത്തിയാൽ ഡിപ്പാർട്മെന്റിന്റെ മേശപ്പുറത്തേക്കും വൈകീട്ട് വീണ്ടും കാറിലേക്കും വീട്ടിലെ മേശപ്പുറത്തേയ്ക്കും ഇടമുറിയാതെ പുസ്തകം സഞ്ചരിക്കും. എപ്പൊ അരമണിക്കൂറിലധികം സമയം കിട്ടുന്നുവോ അപ്പോൾ പുസ്തകം തുറന്നിരിക്കും. പുസ്തകം തുറക്കുമ്പോൾ അതിനു മുൻപ് വായിച്ചു നിർത്തിയതു വരെ കൃത്യമായി മനസ്സിലെത്തും. പുസ്തകത്തിന്റെ കാര്യത്തിൽ മാത്രമാണിത് സംഭവിയ്ക്കുന്നത് ,ഖണ്ഡശ്ശകൾ ഒരിക്കലും ഒരു കാലത്തും ഇങ്ങനെ വായിക്കാനായിട്ടില്ല.
ലോക് ഡൗൺ വരുന്നതിന് രണ്ടു മൂന്നാഴ്ച മുൻപാണ് സുനിൽ പി ഇളയിടത്തിന്റെ ‘മഹാഭാരതം സാംസ്കാരിക ചരിത്രം എന്ന പുസ്തകം കൈയിൽ വന്നത്.തൊള്ളായിരത്തി എഴുപത്തിമൂന്നു പേജുള്ള വലിയ പുസ്തകമാണ്. ആ സമയത്ത് എഴുന്നൂറിലധികം പേജുള്ള എം ആർ അനിൽകുമാറിന്റെ നോവൽ മേശപ്പുറത്ത് വായന കാത്തിരിപ്പുണ്ട്. അത് ഞാൻ വായിക്കാനെടുക്കും മുൻപ് ഒരു സുഹൃത്തിന് വായിക്കാൻ നൽകി. അയാൾ വായിച്ചു തീരും മുമ്പ് , ‘ഗംഭീര പുസ്തകട്ടാ’ ,എന്ന് മറുപടി വരുന്നതിനു മുൻപേ ലോക്ഡൗണായിപ്പോയി. വലുപ്പം കൊണ്ട് രണ്ടാമത്തെ പുസ്തകം വെല്ലുവിളിക്കുന്നു എന്ന് തോന്നലിന്റെ കൂടെയാണ് മഹാഭാരതം സാംസ്കാരിക ചരിത്രം ഇടമുറിയാതെ വായനയിലെത്തിയത് . എന്നാൽ വായനയിലേക്ക് അതിതീവ്രമായി കൂപ്പുകുത്തുകയും ലോക് ഡൗൺ തുടങ്ങിയ ദിവസങ്ങളോടെ പുസ്തകം വായിച്ചെത്തിക്കാനാവുകയും ചെയ്തിരുന്നു
ഈ പുസ്തകം ഒരർത്ഥത്തിൽ മഹാഭാരത പഠനം എന്ന നിലയിൽ സുനിൽ ചെയ്ത മൂന്നാമത്തെ വേർഷനാണ്. ഒന്നാം വേർഷനിൽ അയാൾ കാലടി സംസ്കൃത സർവ്വകലാശാലയിൽ അയാളുടെ കുട്ടികളുടെ മുന്നിൽ നടത്തിയ ദീർഘസത്രമാണ്. അക്കാലത്ത് എന്റെ മക്കളിലൊരാൾ അവിടെ പഠിയ്ക്കുന്നുണ്ട്. അത്ഭുതകരമായ പ്രസന്റേഷൻ എന്നു പറഞ്ഞാണ് അവളതിന്റെ ഓഡിയോ എനിക്കു തന്നത്. പിന്നീട് പാലക്കാട് നിന്ന് ഷാജി മുള്ളൂർക്കാരന്റെ യൂ ടൂബ് അപ് ലോഡിംഗിലൂടെ ,അഞ്ചു ദിവസത്തെ സുനിലിന്റെ ദീർഘ പ്രഭാഷണങ്ങൾ ഒരു തവണ കൂടി കേൾക്കുകയുണ്ടായി. രണ്ടാം വേർഷനായ മാതൃഭൂമി സ്വാഭാവികമായും വായിച്ചില്ല. പക്ഷേ , മഹാഭാരത പ്രഭാഷണങ്ങളിൽ നിന്ന് പുസ്തകത്തിലേക്കുള്ള ദൂരമളക്കുമ്പോൾ ആഴ്ചപ്പതിപ്പിന്റെ വേർഷൻ ഒരു സർഗ്ഗാത്മകദൂരം സൃഷ്ടിക്കുന്നതിന്റെ നിർണ്ണായക പതനസ്ഥാനമായി മാറിയിട്ടുണ്ടാവാൻ ഇടയുണ്ടെന്ന് പുസ്തകത്തിലെ വെളിച്ചവും തെളിച്ചവും മുന്നോട്ടു വെക്കുന്നുണ്ട്.
മഹാഭാരതപ്രഭാഷണങ്ങളുടെ രണ്ടു വേദികളിൽ ഒന്ന് ഓഡിയോ ആയും മറ്റൊന്ന് മുഴുവനും വീഡിയോ ആയും ആണ് ഞാൻ കേൾക്കുകയും കാണുകയും ചെയ്തിട്ടുള്ളത്. ആ പ്രഭാഷണങ്ങളിൽ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം പ്രഭാഷകൻ നേരിട്ട് കേൾവിക്കാരനോടല്ല സംവദിക്കുന്നത് എന്നതാണ്. പ്രഭാഷണം തുടങ്ങുന്നതോടുകൂടി പ്രഭാഷകൻ അയാളോടു തന്നെയാണ് സംവാദമുന്നയിക്കുന്നത്. തന്റെയുള്ളിൽ മഹാഭാരത സംബന്ധിയായി താൻ ആർജ്ജിച്ച ജ്ഞാനത്തെ പൂർവ്വപക്ഷമായി നിലനിർത്തിക്കൊണ്ട് തന്റെയുള്ളിൽത്തന്നെ ഉയരുന്ന സന്ദേഹങ്ങളെ അഭിമുഖീകരിക്കുകയാണ് ആ പ്രഭാഷണങ്ങളിൽ സുനിൽ ചെയ്തത്. ഏതൊരു വിഷയവും പ്രഭാഷണത്തിന് കാരണമാവുമ്പോൾ പ്രഭാഷണശേഷം മനസ്സിൽ രൂപപ്പെടുന്ന ആ വിഷയത്തെ സംബന്ധിച്ച ഒരു ശാന്തതയും തെളിമയുമുണ്ട്. ആ ശാന്തതയും തെളിമയും കൃത്യമായി മഹാഭാരതം സാംസ്കാരിക ചരിത്രമെന്ന പുസ്തകത്തിന്റെ അടിസ്ഥാന പ്രമേയപരിചരണത്തിലുണ്ടെന്ന് പറയാതെ വയ്യ.
‘ലഭ്യമായ ഏതു മഹാഭാരത പാഠത്തിൽ നിന്നും യഥാർത്ഥ മഹാഭാരതത്തിലേക്ക് ഒരു ഇരുണ്ട ഇടനാഴിയുണ്ട് .ആരും ആ ഇടനാഴി താണ്ടുന്നില്ല’ എന്ന് നൂറ്റിയിരുപത്തിയൊന്നാമത്തെ പേജിൽ സുനിലിന്റെ മനോഹരമായ ഒരു പ്രസ്താവനയുണ്ട്. ഇന്ത്യയിൽ മഹാഭാരതത്തെ പഠിയ്ക്കാൻ ശ്രമിച്ച ചെറുതും വലുതുമായ മഹാഭാരതപഠിതാക്കളെ, അവരുടെ മുഴുവൻ വിശദാംശങ്ങളോടെയും സുനിൽ ഈ ഗ്രന്ഥത്തിൽ പരിചയപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. സി വി വൈദ്യയും അംബേദ്കറും സൂക്തങ്കാറും അരിന്ധം ചക്രവർത്തിയുമടങ്ങിയ വലിയൊരു നിരയാണത് .ഇവരെ കേവലമായി പരിചയപ്പെടുത്തിപ്പോവുകയല്ല കൃതി അനുഷ്ഠിയ്ക്കുന്നത്. കൃത്യമായും ആശയപരമായി വികാസം വേണ്ടിടത്ത് ഈ ഭാരത പഠിതാക്കൾ ഓരോരോ സന്ദർഭങ്ങളിലും എടുത്ത നിലപാടുകളിലൂന്നിക്കൊണ്ടും അതിൽ തനിക്കുള്ള കമന്റ് നിസ്സംശയം രേഖപ്പെടുത്തിയുമാണ് സുനിൽ കൃതിയുടെ ആദിമുതൽ പെരുമാറിപ്പോരുന്നത്. ഇത്രയും വിപുലമായ ആശയാവലികളുള്ള ഒരു പഠനഗ്രന്ഥത്തിന് സ്വാഭാവികമായും സംഭവിക്കുമായിരുന്ന ആശയങ്ങളുടെ ആവർത്തനം ഒരിടത്തും സംഭവിച്ചില്ല എന്നതാണ് വിസ്മയകരമായ ഒന്നാമത്തെ വസ്തുത. അത്തരമാവർത്തനങ്ങളുടെ എല്ലാ വഴികളും അടച്ചു കൊണ്ടാണ് കൃതി മുന്നോട്ടു പോകുന്നത്. രണ്ടാമത്തെ കാര്യം താനൊരു ഗ്രന്ഥ നിർമ്മാണത്തിലാണെന്ന അക്കാദമിക ബോധത്തിന്റെ അമിതഭാരം കർത്താവും കൃതിയും എവിടെയും പേറുന്നില്ല എന്നതാണ്. പകരം ഉള്ളിൽ വീണ് പൊടിച്ചു വലുതായ ഒരു ദൗത്യത്തെ അനായാസമായി ഏറ്റെടുത്ത് അവതരിപ്പിക്കുകയും അതിമനോഹരമായി സ്ഥാപിച്ചെടുക്കുകയുമാണ് സുനിൽ ചെയ്തത് .
മഹാഭാരതത്തെ ഉപജീവിച്ചുകൊണ്ട് മലയാളത്തിലുണ്ടായ കൃതികളിൽ രണ്ടെണ്ണമൊഴിച്ച് ബാക്കിയെല്ലാം പറച്ചിന്റെ ശില്പഘടന സ്വീകരിച്ചവയാണ്. ഭാരതപര്യടനം തുടങ്ങുന്നതുതന്നെ ‘ കാശിരാജാവിന്റെ മൂന്നു പുത്രിമാരിൽ മൂത്തവളാണ് അംബ’ എന്ന വാക്യത്തോടെയാണെന്ന് ഓർക്കുന്നു. ഇനി ഞാൻ ഉറങ്ങട്ടെ , രണ്ടാമൂഴം ,വിവർത്തന കൃതികളായ യയാതി , കർണ്ണൻ എന്നിവയെല്ലാം പറച്ചിലിന്റെ ശില്പഘടനയിൽ നിന്ന് ഒരടി മാറുന്നില്ല. എന്നാൽ വി ടി നന്ദകുമാറിന്റെ എന്റെ കർണ്ണൻ എന്ന നോവലും ഭാരതപര്യടനത്തെ അനുവർത്തിച്ചു വന്ന ത്രിവിക്രമൻ നമ്പൂതിരിപ്പാടിന്റെ വ്യാസ പ്രസാദവും ഈ ശില്പഘടനയിൽ നിന്ന് പിളർന്നു മാറിയിട്ടാണ്. അതു കൊണ്ടു തന്നെ അവയിന്നും അക്കാദമിക പഠിതാക്കളുടെ വായനാശേഖരത്തിൽ പോലും എളുപ്പത്തിൽ ലഭ്യമാവാനിടയില്ല. മഹാഭാരതത്തെ ഉപജീവിച്ചോ അഭിമുഖീകരിച്ചോ എഴുതുമ്പോൾ എഴുത്തുകാരന്റെ ബോധാബോധങ്ങളിൽ പ്രവർത്തിക്കേണ്ട ജീനിയസ് അതിന്റെ നരേഷനിലുള്ള ഈ അത്ഭുത വസ്തുതയാണെന്നു തോന്നുന്നു.
പത്താം ക്ലാസ്സിൽ അർജുനവിഷാദയോഗം പഠിച്ചു കഴിഞ്ഞിട്ടാണ് ,അച്ഛന്റെ അലമാരയിൽ നിന്ന് ഭാരതപര്യടനത്തിന്റെ മാരാരൊപ്പിട്ട കോപ്പി കണ്ടു പിടിക്കുന്നത്. അന്നുതൊട്ടിന്നോളം ഭാരതത്തെ മുൻനിർത്തി സംഭവിച്ച ഏതുതരം ആഖ്യാനത്തെയും ചെന്നു തൊടുമ്പോൾ മാരാർ ആഖ്യാനശില്പം മെടഞ്ഞതിന്റെ കൈക്കണക്കാണ് മാനദണ്ഡം. മുകളിൽ സൂചിപ്പിച്ച രണ്ട് കൃതികളൊഴികെ മറ്റെല്ലാം ആ മാനദണ്ഡത്തെ തൃപ്തിപ്പെടുത്തി. ‘കടലിന് അന്നും കറുപ്പു നിറമായിരുന്നു ‘എന്ന് എം ടി ആദ്യവാചകമെഴുതുമ്പോൾ മാരാരുടെ ആഖ്യാന പ്രഭാവത്തിന്റെ വെളിച്ചം എം ടിയുടെ ആഖ്യാന ഭാഷയുടെ ജീവനാഡിയിൽ സ്പന്ദിക്കുന്നതറിഞ്ഞു. ഇതേ മാനദണ്ഡം തന്നെയായിരുന്നു സുനിലിനെ വായിക്കാനെടുക്കുമ്പോൾ ,അതും ഒട്ടും ഹാന്റിയല്ലാത്ത ഈ പുസ്തകം കൈയ്യിലെടുക്കുമ്പോൾ മനസ്സിലുണ്ടായിരുന്നത്.പുസ്തകത്തിന്റെ പതിനൊന്നാമത്തെ പുറത്തിൽ ,കടപ്പാടുകൾ എഴുതുമ്പോൾ ,പുസ്തകത്തിന്റെ ആദ്യവാചകമായി ‘മനുഷ്യരെപ്പോലെത്തന്നെയാണ് പുസ്തകങ്ങളും .അവയും ഒറ്റക്കു നിൽക്കുന്നില്ല’ എന്ന അതി മനോഹരമായ പറച്ചിലിൽ ആണ് അയാളാരംഭിയ്ക്കുന്നത്. പിന്നീടങ്ങോട്ട് തൊള്ളായിരത്തി പത്തൊമ്പതാമത്തെ പേജിൽ ‘കാലപ്പെരുങ്കടൽ താണ്ടിയ കൃഷ്ണദ്വൈപായനന്, വ്യാസ പ്രഭാവത്തിന് ,നമസ്കാരം!’ എന്നവസാനിപ്പിക്കും വരെ വായനയുടെ സൂക്ഷ്മ ശ്രോതത്തിനു പിന്നിലിരുന്നു കൊണ്ട് ഒട്ടും അലോസരപ്പെടുത്താതെ എന്നാൽ പുറങ്ങളിൽ നിന്ന് പുറങ്ങളിലേക്ക് അനായാസേന കടന്നു പോകാനാവുന്നത് കൃതിയുടെ ആഖ്യാന സവിശേഷതകൊണ്ടു തന്നെയാണ്.
അസാമാന്യ പാരായണ ക്ഷമമാണ് പുസ്തകം. പാരായണ സുഖത്തെ അതിനകത്ത് ചർച്ച ചെയ്യുന്ന വിഷയത്തിന്റെ ഗൗരവവുമായിട്ടാണ് ചേർത്തു വെക്കേണ്ടത്. മാരാർ മുതൽ സൂക്തങ്കാർ വരെ , കൊസാംബിയും റോമിളാ ഥാപറും അനിതാ ഖന്നയും എസ് എം കുൽക്കർണ്ണിയും, മീനാ അറോറയും സംഘാലിയയും തുറവൂർ വിശ്വംഭരനും അരബിന്ദോയും കാമിൽ ബുൽക്കെയും ആനന്ദ് നീലകണ്ഠനും
അയ്യപ്പപണിക്കരുമടക്കം ആനന്ദ്കുമരസ്വാമിയും അടക്കം ഏകദേശം മുന്നൂറ്റിയിരുപതോളം പഠിതാക്കളെ സുനിൽ ഉപയുക്തമാക്കുന്നുണ്ട്. അതു വഴി ഭാരതത്തിന്റെ , മഹാഭാരതം എന്ന അർത്ഥത്തിലും ഇന്ത്യയുടെ ഇക്കാലമത്രയുമുള്ള ചരിത്രപഥരേഖകൾ എന്നയർത്ഥത്തിലും ഗ്രന്ഥങ്ങളെ സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കി പരസ്പര പൂരകങ്ങൾ എന്നതിനെക്കാൾ പലപ്പോഴും പരസ്പര വിരുദ്ധങ്ങളായ നിലപാടുകളെ പിൻതുടർന്ന് മഹാഭാരതത്തിന്റെ മതമുക്ത ചരിത്രത്തെ അനാവരണം ചെയ്യുക എന്ന കർമ്മമാണ് സുനിൽ എഴുത്തിലൂടെ നടപ്പിലാക്കിയത്. മഹാഭാരതം പോലെ ഒരു കൃതിയെ അത്തരത്തിൽ സമീപിച്ച് വിജയിക്കൽ ഒട്ടും എളുപ്പമല്ല. അത്തരമൊരു ശ്രമം തന്നെ പലതുകൊണ്ടും അപ്രായോഗികവും അസാധ്യവുമാണെന്ന വസ്തുത നിലനിൽക്കുന്നതു തന്നെയാണ് അതിന്റെ വിജയം അത്ഭുതകരമാകുന്നതിന്റെ കാരണം.
അടിസ്ഥാനപരമായി മഹാഭാരതത്തിന്റെ ലിഖിത പാഠം സംസ്കൃതം മൂലത്തിലാണ് എന്ന വസ്തുത കുട്ടികൃഷ്ണമാരാരെ എത്രകണ്ട് ആവേശഭരിതനാക്കിയോ അത്രകണ്ട് സുനിലിനെപ്പോലെ ഒരാളെ കഷ്ടപ്പെടുത്തിയിരിക്കണം. എന്നാൽ മഹാഭാരതമെന്നത് ഒരു സംസ്കൃത പാഠം മാത്രമല്ലെന്നും മഹാഭാരതത്തിന്റെ സംസ്കൃത പാഠം മറ്റൊരു ചരിത്ര സന്ധിയിൽ രൂപപ്പെട്ട ഒരു പാഠം മാത്രമാണെന്നും വലിയ ഒരു ഉപഭൂഖണ്ഡത്തിൽ അനേക പാഠങ്ങളായും അനേകാവിഷ്കാരങ്ങളായും ഭാരതം ചിതറി കിടക്കുന്നുവെന്നുമുള്ള ഒരു തെളിച്ചമാണ് കൃതിയുടെ ആദ്യഭാഗം മുന്നോട്ടുവെച്ചത്. മാരാരുടെ ഭാരതപര്യടനം പോലെയൊരു കൃതി സംസ്കൃതമടക്കമുള്ള ഭാഷകളിൽ അത്ര ആഴത്തിലറിവുള്ള ഒരാളോടേ പരിപൂർണ്ണമായും സംവദിക്കൂ .അതങ്ങനയേ സംവദിക്കേണ്ടതുള്ളു എന്ന് മാരാരും ഉറപ്പിച്ചിരിക്കണം. എന്നാൽ പിൽക്കാലത്ത് മാരാരുടെ മലയാളത്തിലേക്ക് , ഇരാവതി കാർവ്വേയുടെ ഭാഷാ സാന്നിധ്യത്തിലേക്ക് , സൂക്താങ്കാറിലേക്ക്, അരിന്ധം ചക്രവർത്തിയിലേയ്ക്ക് നാം വികസിക്കുകയാണുണ്ടായത്. സുനിലിലെത്തുമ്പോൾ അനേകശതങ്ങളായ ഇത്തരം ഇൻഫർമേഷൻസിന്റെ കൂടെ വായനയുടെ കൗതുകത്തിനോടൊപ്പം നാം സഞ്ചരിക്കുകയും എന്നാൽ അനേകങ്ങളായ ഇൻഫർമേഷനുകൾക്കൊപ്പമാണ് നമ്മൾ സഞ്ചരിക്കുന്നത് എന്ന തോന്നൽ ഒരിടത്തും നമ്മളിൽ സംഭവിക്കാതിരിക്കുകയും ചെയ്യുന്നു. ഈ കൃതിയുടെ ജൈത്രത്തിന്റെ കൊടി ഉയരുന്ന പ്രധാന സന്ദർഭങ്ങളിലൊന്നു കൂടിയാണിത്.
മഹാഭാരതത്തിന്റെ അനേക പാഠാന്തരങ്ങളെക്കുറിച്ചുള്ള ചർച്ചകൾ പിന്നിട്ട് മഹാഭാരതത്തിന്റെ പരിണാമചരിത്രത്തിലേക്കാണ് പുസ്തകം ശ്രദ്ധ തിരിക്കുന്നത്. ‘സഹസ്രാബ്ദങ്ങൾ കൈ കോർത്തു നിന്ന് പണിതെടുത്ത പാഠസ്വരൂപമാണ് അതിന്റേത്. അപ്പോൾത്തന്നെ, മഹാഭാരതം വ്യാസവിരചിതമാണ് എന്ന പൊതു വിശ്വാസവും പ്രബലമായി നിൽക്കുന്നു ‘ .ഈയൊരു അടിസ്ഥാന പ്രശ്നമാണ് മഹാഭാരതത്തെ മുൻനിർത്തി സുനിൽ നടത്തുന്ന പ്രാഥമിക ചർച്ചകളിൽ പ്രധാനമായിട്ടുള്ളത്. ഇരാവതി കാർവ്വെയെപ്പോലുള്ളവർ മഹാഭാരതത്തിന്റെ പരിണാമ ചരിത്രത്തെ സസൂക്ഷ്മം പിൻതുടരാൻ ശ്രമിച്ചതിന്റെ മുഴുവൻ വിശദീകരണങ്ങളും സുനിൽ ഈ അദ്ധ്യായത്തിൽ വിമർശനാത്മക സമീപനത്തോടെ മുന്നോട്ടു വെക്കുന്നുണ്ട് . മഹാഭാരതത്തിന്റെ ആദിപാഠത്തെ ജയം എന്നടയാളപ്പെടുത്തിയ ഇരാവതി കാർവെ മുതൽ വരിഷ്ഠാഖ്യാനമായി മഹാഭാരതത്തെ സങ്കല്പിച്ചെടുക്കുന്ന ദീർഘമായ പിൽക്കാല കാലയളവിനെപ്പറ്റിയും , ആ കാലയളവുകളെ സൂക്ഷ്മമായി വിലയിരുത്തിയവരെയും അവരുടെ നിഗമനങ്ങളെപ്പറ്റിയും സുനിൽ ഒരു ശില്പം പണിതുയർത്തും പോലെ വായനയുടെ മുന്നിൽ രൂപപ്പെടുത്തുന്നു.പാശ്ചാത്യവും പൗരസ്ത്യവുമായ ഭിന്ന നിലപാടുകളെക്കുറിച്ചും പ്രശസ്ത ഇന്തോളജിസ്റ്റ് ആയിരുന്ന ഓൾഡൻ ബർഗിനെപ്പോലുള്ളവർക്ക് മഹാഭാരതത്തോടുള്ള നിലപാടുകളെക്കുറിച്ചും ഈ ഭാഗത്ത് ചർച്ചയാവുന്നുണ്ട്. സൂക്താങ്കാറിനെ ക്വോട്ട് ചെയ്തു കൊണ്ട് സുനിൽ മഹാഭാരതത്തെക്കുറിച്ച് ഓൾഡൻ ബർഗിനുള്ള കമന്റ് ഇങ്ങനെയെഴുതും, ‘രാക്ഷസാകാരം പൂണ്ട അവ്യവസ്ഥ!’
ഭാരതത്തിന്റെ പരിണാമചരിത്രം ചർച്ച ചെയ്യുമ്പോൾ വ്യാസനെ തന്നെ ഒരു പ്രമേയമാക്കി മാറ്റി പുസ്തകം ചർച്ചയിലെത്തിക്കുന്നുണ്ട്. എഡിറ്റർ എന്നതിനപ്പുറത്ത് വ്യാസൻ എന്നൊരാളുണ്ടോ എന്ന ചോദ്യം സ്റ്റഡീസ് ഓഫ് മഹാഭാരത മുതൽ ഉന്നയിക്കപ്പെട്ട ചോദ്യമാണ്. ആരൊക്കെ ഇരാവതി കാർവേക്കൊപ്പവും അതിനു ശേഷവും ഈ ചോദ്യമേറ്റുപിടിക്കുകയും തൃപ്തികരമായി ഉത്തരം തരികയും ചെയ്തിട്ടുണ്ടെന്ന സൂക്ഷ്മമായ അന്വേഷണമാണ് ഈ ഭാഗത്ത് നടക്കുന്നത്. വ്യാസനിലൂടെയുള്ള ഈ അന്വേഷണം ഇന്ത്യയിലെ ദൈവ സങ്കല്പത്തിൽ ചരിത്രം ഇടപെട്ടതിലേക്ക് വരെ ചെന്നെത്തുന്നുണ്ട്. ശൈവ വൈഷ്ണവമതങ്ങളുടെ വ്യാപനവും അതിനനുസൃതമായ സാമൂഹ്യ സങ്കല്പനങ്ങളും വഴിതിരിഞ്ഞു വന്നതെങ്ങനെയെന്നുമുള്ള വിശദമായ സൂചനകൾ അതേ തുടർന്നാണുണ്ടാവുന്നത്. മഹാഭാരതത്തെ ബ്രാഹ്മണീകരിക്കുന്ന സന്ധി സ്ഥാനങ്ങളിലെല്ലാം വ്യാസനെ വ്യാപിപ്പിക്കുകയാണ് മഹാഭാരതം ചെയ്തതെന്ന സുനിലിന്റെ കൺക്ലൂഷൻ കൗതുകമാർന്നതാണ്. മഹാഭാരതത്തിലെ ബ്രാഹ്മണീകരണത്തിന്റെ കേന്ദ്രസ്ഥാനത്ത് വ്യാസനെ സ്ഥാപിച്ചെടുക്കുന്ന ബ്രൂസ് സള്ളിവനെ ക്വാട്ട് ചെയ്യുന്ന സുനിൽ അതിന്റെ കാവ്യയുക്തിയിലാണ് ഊന്നുന്നത്.
മഹാഭാരതത്തെ അതിന്റെ ചരിത്ര യുക്തിയിൽ സമീപിക്കുമ്പോഴും ഒരു തികഞ്ഞ ലാവണ്യവാദിയുടെ ഉൻമാദം നിറഞ്ഞ മനസ്സോടെയാണ് സുനിൽ ഭാരതത്തിന്റെ കാവ്യയുക്തിയിൽ വിശ്വാസമർപ്പിക്കുന്നത്. മാരാരുടെ പാരമ്പര്യമാണത്. ആശയപരമായി മാരാരിൽ നിന്ന് ദൂര ദൂരങ്ങളുടെ അകലം പാലിക്കുമ്പോഴും അത്യന്തികമായി കൗമാരകാലത്ത് കവിതയെഴുതാൻ വെമ്പിയ ഒരാളുടെ സാന്നിധ്യവും കവിമനസ്സിന്റെ സ്നിഗ്ദ്ധതയും ഈ ബ്രഹദ് ഗ്രന്ഥത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. നമ്മുടെയൊക്കെ കൗമാരകാലത്തെ വായനയെ ഗതി തിരിച്ചുവിട്ട പ്രധാന എഴുത്തുകാരിലൊരാൾ മാരാരും കൃതി ഭാരത പര്യടനവുമാണ്. ഭാരത പര്യടനവുമായി ഒരു പതിനഞ്ചു വയസ്സിനിടയിൽ ബന്ധപ്പെടാനാവുന്ന, ഉള്ളിൽ കവിതയുള്ള ഏതൊരു കുട്ടിയും തന്റെയുള്ളിലെ കവിതയെക്കുറിച്ചും താനിനിയും വായിച്ചിട്ടില്ലാത്ത വ്യാസമഹാഭാരതത്തെക്കുറിച്ചും നിരന്തരമായി വ്യാകുലപ്പെട്ടുകൊണ്ടിരിക്കും. മഹാഭാരതം കിളിപ്പാട്ട് ഭാരതത്തിലേക്കുള്ള വഴി പോലും തെറ്റിച്ചു കളയുമെന്ന് ഭയപ്പെട്ട് അധ്യാത്മരാമായണം കിളിപ്പാട്ട് ഹൃദിസ്ഥമാക്കുമ്പോഴും ഭാരതം കിളിപ്പാട്ട് സമഗ്രമായി വായിക്കാതിരിക്കുവാൻ ശ്രദ്ധ കാണിക്കും. സംസ്കൃതമറിയില്ലല്ലോ എന്ന ഖേദത്തെ ഒളിപ്പിച്ചു പിടിച്ചു കൊണ്ട് പത്തിരുപത്തിയഞ്ച് വയസ്സിനുള്ളിൽ തമ്പുരാന്റെ വിവർത്തനത്തിൽ ചെന്നു ചാടും. പലയിടത്തും അസാമാന്യമായ പ്രൊസൈക്കായിരുന്നാലും മാരാരുടെ എക്സ്ട്രാറ്റുകൾ കരയിൽ നിന്ന് വെളിച്ചം കാണിക്കുന്ന ദീപസ്തംഭം പോലെ കൂടെ വന്ന് ആ മഹാസാഗരം മറികടക്കാൻ സഹായിയ്ക്കും. ‘അമരത്താളിതാർ കാളിതാനോ’ എന്ന് വൈലോപ്പിളളിയെപ്പോലെ അത്ഭുതം കൊണ്ട് തരിച്ചു പോകും . ഇത്ര വലിയ ഒരു കൃതിവായിച്ചു തീർത്തല്ലോ എന്ന ഞെട്ടലാർന്ന അഭിമാനം മാത്രമായിരുന്നു ഒരു പക്ഷേ എനിക്കന്നുണ്ടായിരുന്നത്. പിന്നീട് മഹാഭാരതത്തെ പിൻപറ്റി വന്നവ പലതും വായിച്ചു എന്നാലോചിച്ച് ,മാരാരെ പഠിപ്പിക്കുന്ന സന്ദർഭങ്ങളിൽ, ക്ലാസ്സുമുറികളിൽ ഉള്ളിൽ അഭിമാനം കൊണ്ടു. ഒരുപാടു പേർ മനസ്സിൽ ആ വായനാവേളകളിൽ വന്നിരുന്നു. അലിഗഢ് യൂണിവേർസിറ്റിയുടെ അസാദ് ലൈബ്രറിയുടെ റീഡിംഗ് റൂം നൽകിയ അഹങ്കാരമായിരുന്നു അത്. ആ അഹങ്കാരത്തിനു കിട്ടിയ ആദ്യത്തെ പ്രഹരം ഒരിക്കൽ എം ടിയിൽ നിന്നായിരുന്നു. ഒരു ദിവസം കോഴിക്കോട് ‘സിതാര’യിൽ ഇരുന്നു സംസാരിക്കുകയാണ്. നല്ലണം സംസാരിക്കുന്ന മൂഡിലാണ്. ഒരു കൗതുകത്തിന് ചോദിച്ചതാണ്. രണ്ടാമൂഴത്തിനു വേണ്ടി ആകെ എത്ര പുസ്തകം വായിച്ചിട്ടുണ്ട് ‘ന്ന് . തമ്പുരാന്റെ വിവർത്തനമൊഴി കെ മുന്നൂറ്റി അറുപത്തിരണ്ട് പുസ്തകം! അക്കാലത്തെ ആഭരണങ്ങളെക്കുറിച്ചറിയാൻ വേണ്ടി മാത്രം ഒരു പുസ്തകം സംഘടിപ്പിച്ചത് ഇന്തോനേഷ്യയിൽ നിന്ന്. തീർച്ചയായും ആദ്യത്തെ ഞെട്ടൽ, ഭാരതത്തെക്കുറിച്ച് ഞാനെന്തു വായിച്ചിട്ടുണ്ട് എന്നു തന്നെയായിരുന്നു.
പിന്നീടും ഭാരതപഠനങ്ങളും പ്രാചീന മധ്യകാല ഇന്ത്യാ ചരിത്രവും സബാൾട്ടൻ സ്റ്റഡീസും താല്പര്യത്തോടെ കൂടെ കൂട്ടിയും അഹങ്കരിച്ചും നടക്കുന്നതിനിടയിലാണ് ഒരു പക്ഷേ മഹാഭാരതത്തെക്കുറിച്ചും അതിനോടനുബന്ധമായ ഇന്ത്യാ ചരിത്രത്തെക്കുറിച്ചും ഒരു പക്ഷേ അവൈൽലബ്ൾ ആയ മുഴുവൻ പുസ്തകങ്ങളും വായിച്ച്, വായിച്ചവയെ കൃത്യമായ അടിയൊഴുക്കായി നിർത്തിക്കൊണ്ടുള്ള സുനിലിന്റെ ‘മഹാഭാരതം സാംസ്കാരിക പഠനം ‘ എന്ന ഈ പുസ്തകം വായിക്കുന്നത്. ‘ ചരിത്രത്തിന്റെ ഗതിവിഗതികളിൽ ഒരു മഹാഗ്രന്ഥം വിത്തു മുളച്ച് മഹാവൃക്ഷമാകുന്നതിന്റെ സൂക്ഷ്മ ചിത്രമാണീ പുസ്തകം എന്നാണെന്റെ തിരിച്ചറിവ്.
വിജ്ഞാനം ശൂന്യതയിൽ നിന്ന് കെട്ടിയിറക്കപ്പെടുന്നതല്ല. മന്ത്രദൃഷ്ടാക്കൾ പോലും മന്ത്രദൃഷ്ടാക്കളല്ല . ആർജിച്ചെടുക്കുന്ന ജ്ഞാനത്തെ മനസ്സിന്റെ ഒരേകാന്ത സ്ഥലിയിൽ സ്ഫുടം ചെയ്യാനുള്ള ക്ഷമയും, അങ്ങനെ സ്ഫുടം ചെയ്ത് കിട്ടുന്ന ജ്ഞാനത്തെ അതേ മനസ്സിന്റെ ദൈനംദിന ക്ഷുദ്രതകളിൽ നിന്ന് സംരക്ഷിക്കാനുള്ള ഉറച്ച പ്രജ്ഞാബലവും സൂക്ഷിക്കുക ഇക്കാലത്ത് പ്രത്യേകിച്ചും ഒട്ടും എളുപ്പമല്ല. നിത്യജീവിതം മുന്നോട്ടു വെയ്ക്കുന്ന എല്ലാതരം ആർത്തികൾക്കും നടുവിൽ നിൽക്കുന്ന ഒരു സാധാരണ മനുഷ്യന് ഒരു സാധന പോലെ ,തപ:ശ്ചര്യ പോലെ അത് കൊണ്ടു നടക്കുക ഒട്ടും സാധ്യവുമല്ല. അവിടെയാണ് മഹാഭാരതം പോലൊരു മഹാഗ്രന്ഥം സഞ്ചരിച്ച ചരിത്രത്തിന്റെ സഞ്ചാരപഥങ്ങളിലൂടെ സുനിൽ നിർവ്വിശ്ശങ്കം നടന്നത്. സുസാദ്ധ്യമല്ലാത്ത കർമ്മമാണത്. അങ്ങനെവരുമ്പോഴും അയാൾക്കൊരവകാശവാദവുമില്ല, അതാണീ കൃതിയിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം. ഓർക്കണം , കൃതിയുടെ മൂന്ന് വ്യത്യസ്ത സന്ദർഭങ്ങളിൽ ‘ ഇത് മഹാഭാരതത്തെ മുൻനിർത്തി ഒരു വലിയ കാലഘട്ടത്തിന്റെ ചരിത്രത്തിലൂടെ സഞ്ചരിച്ച ബൗദ്ധിക ലോകത്തെക്കുറിച്ചുള്ള ഒരു കമന്ററി’യാണെന്ന അർത്ഥത്തിൽ സുനിൽ എഴുതുന്നുണ്ട്.
അത്തരമൊരു ബൗദ്ധികമായ സത്യസന്ധതയാണ് ഈ പുസ്തകത്തിന്റെ കാതൽ. ഇത്തരത്തിലൊരു പരിശ്രമം പോലും എത്രമാത്രം ആയാസകരമായിരിക്കും എന്നാലോചിക്കുന്നിടത്തു നിന്ന് ബൗദ്ധിക സത്യസന്ധതയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കേണ്ടതുണ്ട്. മഹാഭാരതം ഈ കൃതിയുടെ അടിസ്ഥാന കേന്ദ്രസ്ഥാനമായി നിലകൊള്ളുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നമ്മുടെ മുന്നിലുള്ള ഭാരതത്തിന്റെ ലിഖിത പാഠം അത് ദാക്ഷിണാത്യമാവട്ടെ ഔത്തരാഹമാവട്ടെ സംശോധിത സംസ്കരണ ശേഷമുള്ള പാഠമാവട്ടെ ഏതുമാവട്ടെ ,ആ ലിഖിത പാഠം സത്യത്തിൽ മഹാഭാരതത്തെ സംബന്ധിക്കുന്ന ഒരു പൊതുബോധമാണ്. ആ പൊതുബോധത്തെ പ്രതി നാം സംസാരിച്ചു തുടങ്ങേണ്ടതുണ്ട്. സുനിൽ പി ഇളയിടം മഹാഭാരതപഠനത്തിൽ അനുവർത്തിച്ച ആദ്യത്തെ നയമതാണ്. അതിനർത്ഥം സി വി വൈദ്യയെപ്പോലെയൊ ഇരാവതി കാർവ്വെയെ പോലെയോ കുട്ടികൃഷ്ണമാരാരെ പോലെയോ സൂക്താങ്കാറിനെപ്പോലെയൊ വ്യാസമഹാഭാരതം എന്ന സൂപ്പർ ടെക്സ്റ്റ് വായനയുടെ മുന്നിൽ പ്രതിഷ്ഠിച്ച് ,ഞാനാണീ ടെക്സ്റ്റിന്റെ പരമാധികാരി എന്ന നിലയിൽ ഇടപെടുകയല്ല സുനിൽ ചെയ്തത്. രാജഗോപാലാചാരിയുടെ അബ്രിജ്ഡ് എഡിഷൻ ഓഫ് മഹാഭാരത പോലും ഇത്തരമൊരധീശത്വം കൈയ്യാളുന്നുണ്ടെന്ന വസ്തുത ബോധ്യം വന്നാലെ സുനിൽ അനുവർത്തിച്ച നയത്തിന്റെ സുതാര്യത ബോധ്യമാവുകയുള്ളു. മറ്റൊരു രീതിയിൽ പറഞ്ഞാൽ , പല നിലകളിൽ മഹാഭാരതം മനസ്സിലുള്ള ,ഒരേ നിരപ്പിൽ ഭാരതത്തെക്കുറിച്ചുള്ള ധാരണകളില്ലാത്ത വായനാസമൂഹത്തിന്റെ നടുവിൽ നിന്ന് ‘ഭാരതവുമായി ബന്ധപ്പെട്ടുകൊണ്ട് യഥാർത്ഥത്തിൽ എന്തു സംഭവിച്ചു’ എന്ന ഒരു ചോദ്യം കൃതിയിൽ എമേർജ് ചെയ്യുകയാണുണ്ടായത്. അത്യന്തം സൂക്ഷ്മമായി സമതുലിതമായി ഈ ചോദ്യത്തെ ആദി മുതൽ അന്ത്യം വരെ സുനിൽ അഭിമുഖീകരിച്ചിട്ടുണ്ട്. ആ അഭിമുഖീകരണ പ്രക്രിയ അയാളെ ഇതെഴുതുന്ന കാലത്ത് എത്ര തരം ജീവിതം ജീവിപ്പിച്ചിട്ടുണ്ടാവണം എന്നോർക്കുമ്പോഴുള്ള എന്റെ അസ്വസ്ഥതയെ അയാൾ സ്വതസിദ്ധവും നിർമമവുമായ ചിരി കൊണ്ട് തള്ളിക്കളയുമായിരിക്കും എന്നെനിക്ക് തോന്നുന്നു.
അനായാസമായി വായിക്കാവുന്ന ഈ വലിയ പഠനഗ്രന്ഥം നൽകുന്ന ഏറ്റവും വലിയ സംഭാവന ഇതൊന്നുമല്ല. ഇന്ത്യയിലെ ഒരു ഭാഷയിലും ലഭ്യമല്ലാത്ത രീതിയിൽ മഹാഭാരതത്തിന് ഇത:പര്യന്തമുള്ള മുഴുവൻ പഠനങ്ങളെയും പഠിതാക്കളെയും ഒറ്റ ചർച്ചക്കു കീഴിൽ കൊണ്ടുവന്നതാണ് പുസ്തകം മുന്നോട്ടു വെക്കുന്ന ഏറ്റവും കനത്ത സംഭാവന. നിങ്ങൾക്കീ പുസ്തകത്തിൽ നിന്നു കൊണ്ട് നിങ്ങളുടെ മഹാഭാരതധാരണകളെ , സാമൂഹ്യക്രമത്തിന്റെ ഉയർച്ചതാഴ്ച്ചകളുടെ ക്രമബദ്ധമായ പ്രവർത്തനങ്ങളോടൊപ്പം പുതുക്കിയെടുക്കാം. എന്നാൽ കൂടുതലാവശ്യമുള്ളവർക്ക് ഈ പുസ്തകത്തെ ഒരു ടെയ്ക്കോഫ് പോയിൻറാക്കി നിർത്തി കൂടുതൽ കൂടുതൽ അന്വേഷണങ്ങളിലേക്ക് പോകാം. ഭാരതപഠനത്തിന് കൃത്യം ബേസിക് റഫറൻസാണ് സുനിലിന്റെ മഹാഭാരതം സാംസ്കാരിക പഠനം .മലയാളത്തിൽ മാത്രമേ ഒരു പക്ഷേ ഇത്തരമൊരു റഫറൻസ് ഗ്രന്ഥം മഹാഭാരതത്തെ സംബന്ധിച്ച് ലഭ്യമാകൂ എന്നുറപ്പിച്ചു പറയാം.
ഒരു പക്ഷേ ഭാരതപര്യടനത്തിനു ശേഷം മലയാളത്തിൽ മഹാഭാരതത്തെ അടിസ്ഥാനമാക്കി ഉണ്ടായ കൃതികളുടെയെല്ലാം അടിസ്ഥാനപ്രേരകം ഭാരതപര്യടനമായിരുന്നു എന്ന് പി കെ ബാലകൃഷ്ണനും എം ടി യുമടക്കം പലരും പിന്നീട് പറയുകയുണ്ടായിട്ടുണ്ട്. ആ ജനുസ്സിൽത്തന്നെയാണ് ഈ കൃതിയും നിൽക്കുന്നത്. ആഖ്യാനത്തിലും സൗന്ദര്യാത്മകതയിലും ഒരു പഠന ഗ്രന്ഥം സൃഷ്ടിക്കുന്ന വിരസത തെല്ലും തീണ്ടാതെ , നിങ്ങളെ വായിപ്പിക്കുക എന്ന പ്രാഥമിക ധർമ്മം ഈ കൃതി അനായാസേന നിർവ്വഹിക്കുന്നുണ്ട്. ക്ലേശകരമായ വൃത്തിയായിരിക്കുമ്പോഴും ആഹ്ലാദകരമായി സുനിൽ ചെയ്തു തീർത്ത പ്രവൃത്തിയുടെ ചന്തം കൊണ്ടാണത് സംഭവിച്ചത്. പൂ ചൂടുന്നതു പോലും കഠിനമെങ്കിലും ഗർഭം ചുമന്നിരിക്കുന്ന അമ്മയെച്ചൂണ്ടി ,’ ദുർഭര ഗർഭം ചുമന്നിരിപ്പൂ ,സുഖേന ജനയിത്രി ‘ എന്ന് ഉള്ളൂർ പറഞ്ഞത് ഇതാ, ഇവിടെയും സത്യം തന്നെയാകുന്നു.
എഴുതിയത്; വിജു നായരങ്ങാടി
Comments are closed.