DCBOOKS
Malayalam News Literature Website

മറവിയിലാണ്ട മഹാഭാരതം; പേര്‍ഷ്യന്‍ മഹാഭാരതത്തെക്കുറിച്ച് ചില ആലോചനകള്‍

 

മഹാഭാരതത്തെ കുറിച്ചുള്ള ഇന്ത്യയുടെ ചരിത്രചര്‍ച്ചകളിലും മഹാഭാരത പഠനങ്ങളിലും ഏറ്റവും വിസ്മൃതമായി പോയ ഒരു പാഠമാന്ന് മഹാഭാരതത്തിന്റെ പേര്‍ഷ്യന്‍ വിവര്‍ത്തനം ‘റസ്മ്‌നാമ’ എന്ന് പ്രഭാഷകനും എഴുത്തുകാരനുമായ സുനില്‍.പി.ഇളയടം. മഹാഭാരത ചരിത്രത്തിലും നമ്മുടെ ദേശീയ ചരിത്രത്തിലും അതിന്റെ ഓര്‍മ മാഞ്ഞുപോയെന്നും അത് വീണ്ടെടുക്കേണ്ടത് വളരെ വലിയ ഒരു രാഷ്ട്രീയ ദൗത്യം കൂടിയാണെന്നും സുനില്‍.പി. ഇളയിടം പറയുന്നു.

സുനില്‍.പി.ഇളയിടത്തിന്റെ വാക്കുകളുടെ പൂര്‍ണരൂപം

ഇന്ത്യയുടെ ആധുനികചരിത്രത്തില്‍ മറഞ്ഞുപോയ മഹാഭാരത പാഠങ്ങളില്‍ ഒന്നാണ് അക്ബര്‍ മഹാഭാരതത്തിന് കൊണ്ടുവന്ന വിവര്‍ത്തനം. റസ്മ്‌നാമ എന്ന പേരില്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് മഹാഭാരതം സമ്പൂര്‍ണമായി അക്ബറുടെ കാലത്ത് വിവര്‍ത്തനം ചെയ്യപ്പെട്ടു. ഒരുപക്ഷേ ലോകത്തിന്റെ തന്നെ വിവര്‍ത്തന ചരിത്രമെടുത്താല്‍ അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് അക്ബറിന്റെ മഹാഭാരത വിവര്‍ത്തനമാണ്. പേര്‍ഷ്യന്‍ ഭാഷയും സംസ്‌കൃതവും ഒരുമിച്ചറിയുന്ന പണ്ഡിതന്മാര്‍ കുറവായതുകൊണ്ട് സംസ്‌കൃതത്തില്‍ നിന്ന് ആദ്യം ഹിന്ദിയിലേക്കും ഹിന്ദിയില്‍ നിന്ന് പേര്‍ഷ്യന്‍ ഭാഷയിലേക്കും തര്‍ജ്ജമ ചെയ്ത ശേഷമാണ് അതിന്റെ പേര്‍ഷ്യന്‍ രൂപാന്തരണം ഉണ്ടാക്കിയത്. ഹരിവംശം ഉള്‍പ്പെടെ ഒരുലക്ഷം ശ്ലോകങ്ങളുടെയും സമ്പൂര്‍ണമായ വിവര്‍ത്തനം 17-ാം നൂറ്റാണ്ടില്‍ അക്ബറുടെ കാലത്തുതന്നെ ഉണ്ടായി. എങ്കിലും ഇന്ന് മഹാഭാരതത്തെ കുറിച്ചുള്ള ഇന്ത്യയുടെ ചരിത്രചര്‍ച്ചകളിലും മഹാഭാരത പഠനങ്ങളിലും ഏറ്റവും വിസ്മൃതമായി പോയ ഒരു പാഠം കൂടിയാണ് മഹാഭാരതത്തിന്റെ പേര്‍ഷ്യന്‍ വിവര്‍ത്തനം.

ഒരര്‍ത്ഥത്തില്‍ ഇത് തികച്ചും വിചിത്രമാണ്. ചാള്‍സ് വില്‍ക്കിന്‍സ്, ഹെര്‍ബര്‍, കേസരി മോഹന്‍ ഗാംഗുലി എന്നിവരൊക്കെ ഭഗവത്ഗീതയെയും മഹാഭാരതത്തെയും കുറിച്ച് നടത്തിയ ഭാഗിക പരാമര്‍ശങ്ങളും വിവര്‍ത്തനങ്ങളും പോലും പഠനങ്ങളില്‍ വലിയ തോതില്‍ പരാമര്‍ശിക്കപ്പെടും. എന്നാല്‍ രണ്ട് ഭാഷകളും അറിയുന്ന പണ്ഡിതന്മാര്‍ ഇല്ലാതിരുന്നിട്ട് പോലും പേര്‍ഷ്യന്‍ പോലൊരു ഭാഷയിലേക്ക് സമ്പൂര്‍ണമായി വിവര്‍ത്തനം ചെയ്യപ്പെട്ടു എന്ന കാര്യവും അതിന്റെ സവിശേഷമായ സ്വഭാവങ്ങളും നമ്മുടെ മഹാഭാരത ചരിത്രത്തിലും ആധുനിക ഇന്ത്യയുടെ വിജ്ഞാന ചരിത്രത്തിലും ഇത്രമേല്‍ തമസ്‌കരിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന ചോദ്യം വാസ്തവത്തില്‍ നമ്മുടെ ദേശീയതയുമായി ബന്ധപ്പെട്ടും, നമ്മുടെ ദേശീയതാ സങ്കല്‍പ്പത്തില്‍ നിലീമമായിരിക്കുന്ന മതപരമായ മുന്‍വിധികളുടെയും വര്‍ഗീയമായ ചില അടിയൊഴുക്കുകളുടെയും അടയാളമായിട്ടും കാണേണ്ടതാണ് എന്നാണ് എനിക്ക് തോന്നുന്നത്.

മഹാഭാരതത്തിന്റെ പേര്‍ഷ്യന്‍ വിവര്‍ത്തനത്തിനുള്ള സവിശേഷത രണ്ട് നിലയിലാണ്. ഒന്ന് പേര്‍ഷ്യന്‍ ഭാഷയിലേക്ക് അത് എത്തി എന്നുള്ളതാണ്. ഇന്ത്യയിലെ ഒരു സവിശേഷ ജീവിതഭാഷയല്ലാത്ത പേര്‍ഷ്യനിലേക്ക് തന്നെ, ഒരു വിദേശഭാഷയെന്നോ വിദേശ മതമെന്നോ ഒക്കെ ആക്ഷേപിക്കപ്പെടുന്ന ഒരു ഭാഷയിലേക്കും സംസ്‌കാരത്തിലേക്കുമാണ് ഇന്ത്യയിലെ പരമപ്രധാനമായ ഒരു ഗ്രന്ഥം വിവര്‍ത്തനം ചെയ്യപ്പെട്ടത് എന്നതിന് വലിയ പ്രാധാന്യമുണ്ട്. രണ്ട് ഈ ടെക്സ്റ്റ് എങ്ങനെ മുഗള്‍ കൊട്ടാരത്തില്‍ ഉപയോഗിക്കപ്പെട്ടത് എന്ന് അന്വേഷിച്ചാല്‍ ഒരു കൗതുകം കാണാനാകും. കൊട്ടാരത്തിലെ രാജാധികാരമാണോ മതാധികാരമാണോ പ്രധാനം എന്ന സംഘര്‍ഷം അക്ബറുടെ കാലത്ത് രാജാവിന്റെ പക്ഷവും ഉലമാക്കളുടെ പക്ഷവും തമ്മില്‍ നിലനിന്നിരുന്നു. അതില്‍ മതാധികാരത്തേക്കാള്‍ രാജാധികാരമാണ് പ്രധാനം എന്ന് സ്ഥാപിക്കുന്നതിന് ഉപയോഗിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ ഒന്നു കൂടിയാണ് മഹാഭാരതം. മഹാഭാരതത്തിലെ ശാന്തിപര്‍വ്വത്തിലെ ആശയങ്ങള്‍ വളരെ ശക്തമായി ഉന്നയിച്ചുകൊണ്ട് ഉലമാക്കള്‍ ഉയര്‍ത്തുന്ന മതാധികാരത്തെ രാജാധികാരത്തെ മുന്‍നിര്‍ത്തി ചെറുക്കുന്നത് അക്ബറുടെ കൊട്ടാരത്തിലെ പഠനപദ്ധതിയിലൊക്കെ കാണാന്‍ കഴിയുമെന്ന് ഒട്രിഡ് ട്രൂഷ്‌കെ അവരുടെ പഠനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഇങ്ങനെ സവിശേഷമായ ഒരു സാമൂഹ്യധര്‍മ്മം കൂടി നിര്‍വഹിച്ച ഒരുപാഠമായിട്ടാണ് മഹാഭാരതത്തിന്റെ പേര്‍ഷ്യന്‍ വിവര്‍ത്തനം നിലനില്‍ക്കുന്നത്. മറ്റൊരു പ്രാധാന്യമുള്ളത് മുഗള്‍മിനിയേച്ചറിന്റെ ഏറ്റവും മെച്ചപ്പെട്ട ചിത്രങ്ങള്‍ നമുക്ക് ലഭ്യമായിട്ടുള്ളത് മഹാഭാരതത്തിന്റെ അക്ബര്‍ നേരിട്ട് തയ്യാറാക്കിയ ആദ്യ പതിപ്പിലാണ്. ജയ്പൂരിലാണ് ഇന്നത് അവശേഷിക്കുന്നത്. അതില്‍ മുഗള്‍ മിനിയേച്ചറിന്റെ ഏറ്റവും മികച്ച 140 മാതൃകയുണ്ട്. അങ്ങനെ ഇന്ത്യന്‍ ചിത്രകലാ ചരിത്രത്തിലും ഈ പേര്‍ഷ്യന്‍ പതിപ്പ് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. നിര്‍ഭാഗ്യവശാല്‍ മഹാഭാരത ചരിത്രത്തിലും നമ്മുടെ ദേശീയ ചരിത്രത്തിലും അതിന്റെ ഓര്‍മ മാഞ്ഞുപോയിരിക്കുന്നു. അത് വീണ്ടെടുക്കേണ്ടത് വളരെ വലിയ ഒരു രാഷ്ട്രീയ ദൗത്യം കൂടിയാണ്.

Comments are closed.