ഓര്‍മ്മകളിലൂടെയുള്ള സഞ്ചാരം!
ലാല്‍ ജോസിന്റെ ഓര്‍മ്മപ്പുസ്തകം ‘മദ്രാസില്‍ നിന്നുള്ള തീവണ്ടി’ ക്ക്
ജിസ ജോസ് എഴുതിയ വായനാനുഭവം
കാലങ്ങള്‍ക്കു മുന്‍പ് ഒരു വെക്കേഷന്‍ കാലത്ത് ഒറ്റപ്പാലത്തെ ലില്ലിടീച്ചറുടെ വീട്ടില്‍ ഹിന്ദിട്യൂഷനു പോയിരുന്നു. മതിലും ഗേറ്റും പൂച്ചെടികളുമുള്ള വീടിന്റെ മുകള്‍നിലയിലെ ട്യൂഷന്‍ ക്ലാസ്. ഹിന്ദിഗ്രാമര്‍ ആയിരുന്നു അക്കാലത്തെ പേടിസ്വപ്നം. ടീച്ചറതിനെ രസകരമായി മെരുക്കും. അവരെ നോക്കിയിരിക്കാനും രസമായിരുന്നു. താഴെ ടീച്ചറുടെ മക്കളെയും മാഷെയുമൊക്കെ മിന്നല്‍ പോലെ കണ്ടിട്ടുണ്ടാവും.
മറവത്തൂര്‍ കനവ് സിനിമ ഇറങ്ങിയതിനു ശേഷം ഒരു സുഹൃത്ത് പറഞ്ഞു, നമ്മുടെ ലില്ലി ടീച്ചറുടെ മകനാണ് ഈ ലാല്‍ ജോസ്. അതറിഞ്ഞപ്പോള്‍ അതിശയം തോന്നി. സിനിമാ സംവിധായകന്റെ അനിശ്ചിതവും സാഹസികവുമായ തൊഴില്‍ ചെയ്യാന്‍ എത്ര ടെന്‍ഷനോടെയാവാം ടീച്ചറും മാഷും സമ്മതിച്ചിട്ടുണ്ടാവുക, എന്നതിനേക്കാള്‍ ഞങ്ങള്‍ ട്യൂഷനു പോയിരുന്ന ആ വീട്ടില്‍ ഭാവിയിലെ പ്രശസ്തസംവിധായകനുമുണ്ടായിരുന്നു എന്നതാണ് അത്ഭുതമായത്. ആ ഒറ്റക്കാര്യം കൊണ്ടു തന്നെ അദ്ദേഹം വളരെ അടുപ്പമുള്ള ഒരാളായി മാറുകയും ചെയ്തു. ഞങ്ങളുടെ ടീച്ചറുടെ മകനാണ് ലാല്‍ ജോസ്, ചെറുപ്പത്തില്‍ എത്രയോ വട്ടം കണ്ടിട്ടുണ്ട് എന്നൊക്കെ പൊങ്ങച്ചം പറയാനുള്ള ഒരവസരവും പാഴാക്കിയിട്ടുമില്ല.
‘മദ്രാസില്‍ നിന്നുള്ള തീവണ്ടി’യെക്കുറിച്ചു എഴുതാനിരിക്കുമ്പോള്‍ തികച്ചും വ്യക്തിപരമായ ഇത്തരം കാര്യങ്ങള്‍ ഓര്‍മ്മയിലേക്കു വന്നു.
ഈ പുസ്തകവും ഓര്‍മ്മകളിലൂടെയുള്ള സഞ്ചാരമാണ്. ഒറ്റയിരിപ്പിനു വായിച്ചു തീര്‍ക്കാന്‍ പ്രേരിപ്പിക്കും വിധം സത്യസന്ധം, ലളിതം. എം ശബരീഷാണ് ലാല്‍ ജോസിന്റെ ജീവിതം കേട്ടെഴുതിയിരിക്കുന്നത്.
സിനിമയിലേക്കുള്ള വഴി, സിനിമയിലൂടെയുള്ള നടത്തങ്ങള്‍, അസിസ്റ്റന്റ് ഡയറക്ടറും അസോസിയേറ്റ് ഡയറക്ടറുമൊക്കെയായി നീണ്ട കാലം പ്രവര്‍ത്തിച്ച് സ്വന്തം വഴി കണ്ടെത്തിയ കഥ, അനുഭവങ്ങള്‍, വിജയത്തിളക്കങ്ങളും പരാജയത്തിന്റെ കയ്പ്പും ഉയിര്‍ത്തെഴുന്നേല്‍ക്കലുകളും…
‘വിയര്‍ത്തുമുങ്ങിയും അറിയാതെ ഉറങ്ങിപ്പോയും വിശന്നും സുഖമില്ലാത്തത് കാര്യമാക്കാതെയും ഇഷ്ടപ്പെട്ടവരെ കാണാന്‍ വൈകിയും മരിച്ചവരെക്കുറിച്ചു പോലും ഓര്‍ക്കാന്‍ സമയമില്ലാതെയും നടന്നു നടന്ന് നടന്നിട്ടാണ് അയാള്‍ ഒറ്റപേരായി മാറുന്നത്’.
Comments are closed.