മധ്യകാലകേരളചരിത്രം
വി.വി.ഹരിദാസ്
ഭക്തിയും ആരാധനയും മുതല്‍ ഇരുളും ഭീതിയും വരെയുള്ള വ്യത്യസ്ത വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന ചരിത്രലേഖനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ചില പുതിയ പരികല്പനകള്‍ മുന്‍പോട്ട് വെക്കുകയോ നിലവിലുള്ള ധാരണകളെ നവീകരിക്കുകയോ ചെയ്യുന്ന ലേഖനങ്ങളാണിത്. ചില ലേഖനങ്ങളെങ്കിലും അക്കാദമികപഠനങ്ങളിലെ പുതിയ കാഴ്ചപ്പാടുകള്‍ പൊതുവായനക്കാര്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിനുവേണ്ടി എഴുതിയവയാണ്. എന്റെ, വിവിധ വിഷയങ്ങളിലുള്ള ചരിത്രലേഖനങ്ങളുടെ, ആദ്യ സമാഹാരമാണിത്. പലകാലത്ത് പല ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി വ്യത്യസ്ത വിഷയങ്ങളെപ്പറ്റി എഴുതിയ ലേഖനങ്ങളാണെന്നതിനാല്‍ ഒത്തിണക്കമുള്ളവയല്ല ഇവ. കഴിയുന്നത്രയും ആവര്‍ത്തനങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ചില വിഷയങ്ങള്‍ മുന്‍നിര്‍ത്തിയും വ്യത്യസ്ത മാനദണ്ഡങ്ങള്‍ പ്രകാരവും എഴുതിയ ലേഖനങ്ങള്‍ ഈ സമാഹാരത്തിലുണ്ട്. എന്നാല്‍ ഇവയെല്ലാം ചില പൊതുവായ സവിശേഷതകള്‍ പങ്കുവെക്കുന്നവയാണ്. അതിലൊന്ന് ആധുനികപൂര്‍വ്വ ചരിത്രമാണ് പൊതുവെ ഈ ലേഖനങ്ങളില്‍ കൈകാര്യം ചെയ്യുന്നത് എന്നതാണ്. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക ചരിത്രമാണ് ഇതില്‍ ചര്‍ച്ച ചെയ്യുന്നത്. കേരളചരിത്രത്തില്‍ നിന്നുള്ള ഏടുകളാണ് ഒട്ടുമിക്ക ലേഖനങ്ങളിലും വിഷയമാകുന്നത്. പൊതുവായനക്കാരെ കണക്കിലെടുത്തുകൊണ്ട് എഴുതിയ ലേഖനങ്ങളില്‍ അടിക്കുറിപ്പുകള്‍ ചേര്‍ത്തിട്ടില്ല. എന്നാല്‍ അടിക്കുറിപ്പുകളോടെ പ്രസിദ്ധീകരിക്കപ്പെട്ടവ മാറ്റമൊന്നും വരുത്താതെയാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിട്ടുള്ളത്.
മധ്യകാല കേരളത്തില്‍ ഉണ്ടായിരുന്ന ജൈനമതക്കാര്‍ എങ്ങനെ അപ്രത്യക്ഷരായി എന്നാണ് യക്ഷിയും ജൈനരും എന്ന ആദ്യലേഖനത്തില്‍ പരിശോധിക്കുന്നത്. പുതുതലമുറ സിനിമാക്കഥകളിലൂടെ മാത്രം കേട്ടിരിക്കാവുന്ന യക്ഷിയാരാധനയുടെ ദീര്‍ഘകാല ചരിത്രമാണ് ‘യക്ഷി: ആഖ്യാനവും വ്യാഖ്യാനവും’ എന്ന ലേഖനം. ഭക്തി പല കാലങ്ങളിലൂടെ വികസിച്ച ഒരാശയമാണ്. അത് മധ്യകാല ദക്ഷിണേന്ത്യയില്‍ ഒരു പ്രസ്ഥാനമായി മാറി. ശൈവ-വൈഷ്ണവ സന്ന്യാസിമാര്‍ നേതൃത്വം നല്‍കിയ പ്രസ്തുത പ്രസ്ഥാനത്തെപ്പറ്റി നിലവിലുള്ള അക്കാദമിക് പഠനങ്ങളിലെ കാഴ്ചപ്പാടുകള്‍ വിശദീകരിക്കുന്ന ലേഖനമാണ് ഭക്തിപ്രസ്ഥാനത്തിന്റെ ഇന്നലെകള്‍. ഭക്തിയുടെ വളര്‍ച്ചയ്ക്ക് ആരാധനയുടെ ഒരു പൊതുകേന്ദ്രമെന്ന നിലയില്‍ ക്ഷേത്രങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഭക്തിപ്രസ്ഥാനവുമായി ബന്ധപ്പെടുത്തി ദക്ഷിണേന്ത്യയിലെയും കേരളത്തിലെയും ക്ഷേത്രങ്ങളുടെ നിര്‍മ്മാണത്തിന്റെ ചരിത്രം അന്വേഷിക്കുന്ന ലേഖനമാണ് ‘ക്ഷേത്രങ്ങള്‍: ഒരു ചരിത്രദര്‍ശനം’.
കേരളീയ ക്ഷേത്രങ്ങള്‍ അടുത്ത കാലത്തായി ഭക്തികേന്ദ്രങ്ങള്‍ എന്ന നിലയില്‍ മാത്രമല്ല വിവാദ കേന്ദ്രങ്ങള്‍ എന്ന രീതിയില്‍ക്കൂടിയാണ് വാര്‍ത്തകളില്‍ നിറയുന്നത്, കേരളീയ ക്ഷേത്രങ്ങളിലെ മധ്യകാലത്തെ രാഷ്ട്രീയ ഇടപെടലുകളുടെ ചരിത്രമാണ് ‘കേരളീയ ക്ഷേത്രങ്ങള്‍: ചരിത്രവും വിവാദവും’ എന്ന ലേഖനം. അസഭ്യപദങ്ങളായി ഗണിക്കുന്ന വാക്കുകളാണ് ‘തേവടിച്ചി’, ‘കൂത്തച്ചി’ എന്നിവ. ഒരു കാലത്ത് ദേവന്മാരുടെ പ്രിയപ്പെട്ട ദാസികളായിരുന്ന, സമൂഹത്തിലെ ഉന്നതശ്രേണിയിലുണ്ടായിരുന്ന, ഒരു വിഭാഗം എങ്ങനെയാണ് ഗണികകളായി തീര്‍ന്ന് അസഭ്യപദങ്ങളായി പരിണമിച്ചതെന്നാണ് ‘ദേവദാസികളായ കൂത്തച്ചികളും തേവടിച്ചികളും’ എന്ന ലേഖനം ചര്‍ച്ച ചെയ്യുന്നത്. ക്ഷേത്രം എന്ന സ്ഥാപനത്തിന്റെ നിലനില്പിന് അവിടെ സേവനമനുഷ്ഠിക്കുന്നവരുടെ സഹായം ആവശ്യമാണ്. അവര്‍ പില്‍ക്കാലത്ത് തൊഴില്‍ക്കൂട്ടായ്മകള്‍ എന്ന നിലയില്‍നിന്ന് ജാതിയായി മാറുന്നു. വര്‍ണ്ണസങ്കല്പത്തിനകത്ത് നില്‍ക്കാതെ പുതുതായി ഉരുത്തിരിയുന്ന ഇത്തരം അന്തരാള ജാതികളെക്കുറിച്ചാണ് ‘പൊതുവാളും അമ്പലവാസിയും’ എന്ന ലേഖനം ചര്‍ച്ചചെയ്യുന്നത്.
Comments are closed.