‘മഥുരാപുരി’; കെ.എം മുന്‍ഷിയുടെ കൃഷ്ണാവതാരകഥയുടെ രണ്ടാം ഭാഗം
കംസവധം കഴിഞ്ഞു. ദുഷ്ടനിഗ്രഹത്തിനും ശിഷ്ടപരിപാലനത്തിനും ധര്‍മ്മസംസ്ഥാപനത്തിനുമായി ഇനിയും എത്രയോ കര്‍മ്മങ്ങള്‍ തനിക്ക് ചെയ്യാനുണ്ടെന്ന് അബോധമായെങ്കിലും കൃഷ്ണന്‍ അറിയുന്നു. ശ്രീഗാലവന്റെ സഹായത്തോടെ മഥുരയെ ആക്രമിക്കുന്ന ജരാസന്ധനെ തുരത്തുകയും ശ്രീഗാലവനെ വധിച്ച് അയാളുടെ മകന്‍ ശക്രദേവനെ രാജാവായി വാഴിക്കുകയും ചെയ്യുന്നു ശ്രീകൃഷ്ണന്‍. തന്റെ ശത്രുവായ കൃഷ്ണനോട് പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുന്ന ശൈബ്യയുടെ മനസ്സ് കൃഷ്ണന്റെ മതിഭ്രമക്കാഴ്ചകളാല്‍ മാറി. അവള്‍ ആ പാദങ്ങളില്‍ നമസ്‌കരിക്കുകയും ചെയ്യുന്നു. രുഗ്മിണീ സ്വയംവരം നടക്കുന്ന വിദര്‍ഭയിലേക്ക് വന്‍ സൈന്യവുമായി തിരിക്കുന്ന ശ്രീകൃഷ്ണന്‍ രുക്മിണിയെ അവളുടെ ജീവിതസാഫല്യത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നു.
ഇതിഹാസങ്ങളും പുരാണങ്ങളും ഇതിവൃത്തമാക്കി നിരവധി ആഖ്യാനങ്ങള്‍ ഇന്ത്യയിലെ വിവിധ ഭാഷകളില്‍ രൂപപ്പെട്ടിട്ടുണ്ട്. കുലപതി കെ.എം മുന്‍ഷി ഗുജറാത്തി ഭാഷയില്‍ രചിച്ച ഏറെ ശ്രദ്ധേയമായ ഒരു കൃതിയാണ് മഥുരാപുരി. കൃഷ്ണാവതാരകഥയുടെ രണ്ടാം ഭാഗമാണ് മഥുരാപുരി. ഏറെ ഹൃദയഹാരിയായി കെ.എം മുന്‍ഷി രചിച്ചിരിക്കുന്ന ഈ കൃതി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിരിക്കുന്നത് ശത്രുഘ്‌നന്‍ ആണ്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന മഥുരാപുരിയുടെ എട്ടാമത് പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.
കുലപതി കെ.എം. മുന്‍ഷി-ആധുനിക ഗുജറാത്തി സാഹിത്യത്തിലെ ഏറ്റവും പ്രമുഖനായ സാഹിത്യകാരന്‍. സമുന്നതനായ അഭിഭാഷകനും തഴക്കംവന്ന രാഷ്ട്രതന്ത്രജ്ഞനും ഇന്ത്യന്‍ ഭരണഘടനയുടെ ശില്പികളിലൊരാളും. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ത്തന്നെ ശ്രീ അരവിന്ദന്റെ സ്വാധീനത്താല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ മുഖ്യ പോരാളിയായി. ഗാന്ധിജി, നെഹ്‌റു, ജിന്ന, തിലകന്‍, ആനിബസന്റ്, സര്‍ദാര്‍ പട്ടേല്‍ എന്നിവരുമായി ഉറ്റസമ്പര്‍ക്കം പുലര്‍ത്തി പ്രവര്‍ത്തിച്ചു. മഹാരാഷ്ട്ര മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രി, കേന്ദ്രഭക്ഷ്യമന്ത്രി, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ എന്നീ നിലകളില്‍ നിസ്തുലമായ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ അനുഗ്രഹത്തോടെ 1938-ല്‍ ഭാരതീയ വിദ്യാഭവന്‍ സ്ഥാപിച്ചു. നോവല്‍, നാടകം, സ്മരണ, ചരിത്രം എന്നീ വിഭാഗങ്ങളിലായി ഗുജറാത്തിയിലും ഇംഗ്ലീഷിലും അനേകം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
Comments are closed.