DCBOOKS
Malayalam News Literature Website

‘മായാത്ത മഴവില്ല്’; ലളിതാംബിക അന്തര്‍ജനത്തിന്റെ ലേഖനങ്ങള്‍

ചലനാത്മകമായ ജീവിതത്തിന്റെ വൈവിധ്യമാർന്ന മുഖങ്ങളെ ആവിഷ്കരിച്ചുകൊണ്ട് കാലത്തോടുള്ള തന്റെ പ്രതികരണം രേഖപ്പെടുത്തിയ കഥാകാരിയാണ് ലളിതാംബിക അന്തര്‍ജനം. സ്വസമുദായത്തിലെ അനാചാരങ്ങളോടും അനീതികളോടും അതിനിശിതമായും മാനവമൂല്യങ്ങൾക്കുനേരേയുയരുന്ന അധർമ്മത്തെ അസാമാന്യ രോഷത്തോടെയും എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും പ്രതികരിച്ച മലയാളത്തിലെ ആദ്യ എഴുത്തുകാരിയാണ് ലളിതാംബിക അന്തർജനം. തന്നെ സ്വാധീനിച്ച Textസാഹിത്യ-സാംസ്‌കാരികരംഗങ്ങളിലെ വ്യത്യസ്തരായ വ്യക്തികളെയും ലളിതാംബിക അന്തർജനം ‘മായാത്ത മഴവില്ല്’  എന്ന കൃതിയിൽ ഓർത്തെഴുതുന്നു. ഓർമ്മ, യാത്ര, സാഹിത്യം, സ്ത്രീ എന്നീ വിഷയങ്ങളിൽ എഴുതിയ ലേഖനങ്ങളുടെ സമ്പൂർണ്ണസമാഹാരമാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മായാത്ത മഴവില്ല്’. പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡി സി / കറന്റ് ബുക്‌സ് സ്റ്റോറിലൂടെയും കോപ്പികൾ ഇപ്പോൾ വായനക്കാർക്ക് സ്വന്തമാക്കാം.

ഇരുപതാംനൂറ്റാണ്ടിന്റെ പൂര്‍വദശകങ്ങളില്‍ കേരള സമൂഹത്തിലുണ്ടായ നവോത്ഥാനത്തിന്റെ ഉത്തമസൃഷ്ടികളിലൊരാളാണ് ലളിതാംബിക അന്തര്‍ജനം. ഒരു സ്ത്രീ സ്വന്തം അനുഭവ മണ്ഡലത്തെ കേന്ദ്രീകരിച്ച് പുരുഷന്മാര്‍ക്ക് അപ്രാപ്യമായ തലങ്ങളിലെ സ്ത്രീജീവിതത്തെ ആവിഷ്‌കരിക്കുന്നതിന്റെ ആദ്യകാല കാഴ്ചകള്‍ ലളിതാംബിക അന്തര്‍ജനത്തിന്റെ രചനകളില്‍ കാണാം. തിരസ്‌കൃതയും പീഡിതയുമായ പെണ്ണിന്റെ ദുരന്തങ്ങളുടെ വേദനാജനകമായ അവസ്ഥയെ അവതരിപ്പിക്കുകയും അതിലൂടെ ആ അവസ്ഥയെ സൃഷ്ടിച്ച സാമൂഹിക സംവിധാനത്തെ നിശിതമായി വിമര്‍ശിക്കുകയുമായിരുന്നു ലളിതാംബിക അന്തര്‍ജനം ചെയ്തത്.

ഇന്ന് സജീവവും സക്രിയവുമായി വർത്തിക്കുന്ന സ്ത്രീവാദകേന്ദ്രിതമായ ഭാവുകത്വത്തിന് വഴി തുറന്ന ആദ്യ എഴുത്തുകാരി എന്ന നിലയിൽ മാത്രമല്ല, കാലാന്തര പ്രസക്തിയുള്ള ഒരു രചനാലോകം സൃഷ്ടിച്ച ഒരു കഥാകൃത്ത് എന്ന നിലയിലും ലളിതാംബിക അന്തർജനം മലയാളസാഹിത്യത്തിലെ ഒരു തേജോമണ്ഡലമായി വെളിച്ചം വിതറുന്നു.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.