‘മാള’ത്തില്‍ ഒളിച്ചിരിക്കുന്നവരുടെ രാഷ്ട്രീയം എന്ത്?
കെ.എസ് രതീഷീന്റെ ‘മാള’ ത്തെക്കുറിച്ച് പി.ജിംഷാര്‍ പങ്കുവെച്ച കുറിപ്പ്
ഓട്ടോ റെനെ കാസ്റ്റിലോ എഴുതിയ വിഖ്യാതമായ കവിതയിലെ സാധാരണക്കാര്‍ കെ.എസ് രതീഷീന്റെ ‘മാള’ത്തില്‍ ഒളിച്ചിരിയ്ക്കുകയാണ്. തങ്ങളെ കുറിച്ച് എഴുതാത്ത അരാഷ്ട്രീയ ബുദ്ധിജീവികളെ വഴിയിലിട്ട് തടയാനും ചോദ്യം ചെയ്യാനുമായി. അരാഷ്ട്രീയ ബുദ്ധിജീവികളുടെ പുസ്തകങ്ങളിലും കവിതകളിലും ഇടമില്ലാത്തവര്‍, അവര്‍ക്കു അന്നവും പാലും മുട്ടയും എത്തിച്ചുകൊടുത്തിരുന്നവര്‍, അവരുടെ കാറോടിച്ചിരുന്നവര്‍, അവരുടെ നായ്ക്കളെയും പൂന്തോട്ടങ്ങളെയും പരിപാലിച്ചിരുന്നവര്‍, അവര്‍ക്കു വേണ്ടി പണിയെടുത്തിരുന്നവര്‍, അവര്‍ നിങ്ങളെ വഴിയിലിട്ട് തടഞ്ഞു കൊണ്ട് ചോദിക്കും ; എന്തുകൊണ്ട് ഞങ്ങളെ കുറിച്ച് എഴുതിയില്ലെന്ന്? സാധാരണക്കാരായ മനുഷ്യര്‍ അരാഷ്ട്രിയ ബുദ്ധിജീവികളെ വഴിയിലിട്ട് തടഞ്ഞ് ചോദ്യം ചെയ്യുമ്പോള്‍ കെ.എസ് രതീഷിനെ അവര്‍ വിട്ടുകളയും. വിപ്ലവം നടക്കുന്നതിന് മുമ്പ്, സാധാരണ ജനങ്ങള്‍ക്ക് ഒളിച്ചിരിക്കാനുള്ള ഇടമാണ് മാളം. അവിടെ കൂട്ടിക്കൊടുപ്പുകാരും വേശ്യകളും കുറ്റവാളികളുമടക്കം സമൂഹത്തിന്റെ ഏറ്റവും താഴെക്കിടയിലുള്ളവര്‍ ഉണ്ടാകും. ശബ്ദവും അധികാരവും ഇല്ലാത്ത ഇത്തരത്തിലുള്ള അനേകം മനുഷ്യരുടെ ശബ്ദമാവുകയും, അവര്‍ക്ക് വേണ്ടി സംസാരിക്കുകയുമാണ് കെ.എസ് രതീഷ് ‘മാളം‘ എന്ന കഥ സമാഹാരത്തില്‍. ഇക്കാരണത്താല്‍, ഓട്ടോ റെനെ കാസ്റ്റിലോയുടെ വിമര്‍ശനം ബാധകമല്ലാത്ത അരാഷ്ട്രിയ ബുദ്ധിജീവി അല്ലാത്ത എഴുത്തുകാരനാണ് കെ.എസ്.രതീഷ്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ തികച്ചും സാധാരണക്കാരാണ്. കഥകള്‍ തീര്‍ത്തും സാധാരണക്കാരുടെ അസാധാരണ ജീവിതകങ്ങളെ ആവിഷ്‌ക്കരിക്കുന്നവയും. തന്നെ വഴിയിലിട്ട് തടഞ്ഞ് എന്തുകൊണ്ട് തങ്ങളെ കുറിച്ച് എഴുതിയില്ലെന്ന ചോദ്യം ചെയ്യാന്‍ സാധ്യതയുള്ള അരികുവല്‍ക്കരിക്കപ്പെട്ട ജീവിതങ്ങളുടെ കൊളാഷ് ആണ് Dc Books പ്രസിദ്ധീകരിച്ച ‘മാളം’ എന്ന കഥ സമാഹാരത്തിലൂടെ കെ.എസ്.രതീഷ് വായനക്കാര്‍ക്ക് മുന്നിലേക്ക് വെക്കുന്നത്.
ചെറുകാട്, കാരൂര്‍, അക്ക്ബര്‍ കക്കട്ടില്‍ തുടങ്ങിയ എഴുത്തുകാരുടെ പാരമ്പര്യത്തിന്റെ തുടര്‍ച്ച പ്രകടമാക്കുന്ന കഥാകൃത്താണ് കെ.എസ്.രതീഷ്. തന്റെ മുന്‍ഗാമികളുടെ അദ്ധ്യാപക കഥകളോട് ചേര്‍ച്ചയും വിയോജിപ്പും പ്രകടമാക്കി വര്‍ത്തമാന കാലത്തോട് കെ.എസ്.രതീഷ് സര്‍ഗ്ഗാത്മകമായി സംവദിക്കുന്നു. കെ.എസ്.രതീഷിന്റെ അദ്ധ്യാപകരായ നായകന്മാര്‍ മാതൃക പുരുഷന്മാരൊ നന്മ മരങ്ങളൊ അല്ല. ക്രിമിനല്‍ സ്വഭാവം പേറുന്നവരൊ അതിജീവനത്തിനായി കുറ്റകരമായ ജീവിതം തുടരുന്നവരൊ ആണ്. ഒരേ സമയം ഇവര്‍ ആണ്‍ലൈംഗികതയുടെ അധികാരത്തെ ചുറ്റുമുള്ളവര്‍ക്ക് നേരെ പ്രയോഗിക്കുന്നവരും, പ്രസ്തുത അധികാരത്തിന്റെ ഇരയായവരുമാണ്. ഒരേ സമയം ലൈംഗിക കുറ്റകൃത്യങ്ങളില്‍ വേട്ടക്കാരാവുകയും ഇരയാവുകയും ചെയ്യുന്ന സങ്കീര്‍ണത പേറുന്ന കഥാപാത്രമാണ് ‘മാളം’ എന്ന കഥയിലെ കേന്ദ്രകഥാപാത്രമായ റോയ്. തന്റെ വിദ്യാര്‍ത്ഥിനിയ്ക്ക് Porn Vedio കാണിച്ചു കൊടുത്ത് ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചതിന്റെ പേരില്‍ കേരള-കര്‍ണാടക അതിര്‍ത്തി ഗ്രാമത്തിലേക്ക് സ്ഥലം മാറ്റം കിട്ടിയെത്തിയ റോയ് എന്ന അദ്ധ്യാപകന്റെ കഥയാണ് ‘മാളം‘. ഈ കഥ ‘റോയ്’ എന്ന അദ്ധ്യാപകന് ഒളിച്ചു താമസിക്കാന്‍ ഇടമൊരുക്കി കൊടുക്കുന്ന ലാസറിന്റെയും ‘റോയി’യുടെ തന്നെ പ്രതിരൂപമായ ലാസര്‍ എന്ന മറ്റൊരു അദ്ധ്യാപകന്റെ കൂടി കഥയാണ്. ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ‘മാന്യന്മാരായ’ ആളുകളെ പൊതിഞ്ഞുപിടിച്ച് മാളം ഒരുക്കി കൊടുക്കുന്ന സമൂഹത്തെ ലാസര്‍ എന്ന ഇത്തിള്‍ക്കണ്ണിയിലൂടെ കഥാകൃത്ത് രൂക്ഷ വിമര്‍ശനം നടത്തുന്നു. വിദ്യാലയങ്ങളിലെ ലൈംഗിക ചൂഷണങ്ങളെ വിമര്‍ശന വിധേയമാക്കുന്ന ‘മാളം’ എന്ന കഥ ഈ സമാഹാരത്തിലെ മികച്ച കഥകളിലൊന്നാണ്.
പൂര്‍വ്വാശ്രമത്തില്‍ കൂട്ടിക്കൊടുപ്പുകാരനും ഇപ്പോള്‍ അദ്ധ്യാപകനുമായ പാലം മണിയ്ക്ക് താന്‍ കൂട്ടിക്കൊടുത്തിരുന്ന ‘സ്മിത’ എന്ന സ്ത്രിയോട് തോന്നുന്ന ഹൃദയ ബന്ധത്തിന്റെ കഥയാണ് ‘പാലം’. കെ.എസ്.രതീഷിന്റെ മാളം എന്ന കഥ സമാഹാരത്തിലെ ഏറ്റവും മികച്ച കഥ പാലമാണ്. ‘സ്മിത’യെ അടക്കം സ്ത്രി ഉടലുകളെ ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുത്തിരുന്ന ‘പാലം മണിയാണോ?’ ഇപ്പോള്‍ ജീവിച്ചു കൊണ്ടിരിക്കുന്ന അദ്ധ്യാപകനായ മണിയാണോ അതിജീവിക്കുന്നത് എന്ന ആത്മസംഘര്‍ഷം പേറുന്ന സങ്കീര്‍ണമായ കഥാപാത്രമാണ് ‘പാലം’ എന്ന കഥയിലെ നായകന്‍. ‘മാളം’ എന്ന കഥയിലെ നായകന്‍ ‘റോയി’യെ പോലെ ‘പാലം’ കഥയിലെ നായകന്‍ മണിയും ലൈംഗികമായ അരക്ഷിതത്വങ്ങളില്‍ പെട്ട് ജീവിതം കൈമോശം വന്നവരാണ്.
കുറ്റവാളികളാകുകയൊ കുറ്റവാളികളാക്കപ്പെടാനുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകാന്‍ വിധിക്കപ്പെട്ടവരുമാണ് ഇരുവരും. ഈ രണ്ട് കഥാപാത്രങ്ങളുടെയും നിഴല് പോലെ മറ്റൊരാളെ ‘ബദറുത്താര’ എന്ന കഥയില്‍ താരയുടെ ഭര്‍ത്താവിലൂടെ വായനക്കാരന് ദര്‍ശിക്കാന്‍ കഴിയും. ദുര്‍ബലരും ലൈംഗികമായ അരക്ഷിതരും കുറ്റവാസന നിറഞ്ഞവരുമായ പുരുഷന്മാരാണ് കെ.എസ്.രതീഷിന്റെ നായകന്മാര്‍. ഇവര്‍ വേട്ടക്കാരാകുന്നതിനൊപ്പം വ്യവസ്ഥിതിയുടെ ഇരകള്‍ കൂടിയാണെന്ന് ഓരോ കഥയിലും കഥാകൃത്ത് ഓര്‍മ്മപ്പെടുത്തുന്നു.
വൈകാരികത ഏറെയുള്ളൊരു പ്രേമകഥയാണ് ‘ബദറുത്താര’. ബദറുദ്ധീന്‍ എന്ന നായകന്‍ തന്റെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തുന്നു. ഒരു സായാഹ്നത്തില്‍, അയാളൊരു ബലൂണ്‍ വില്‍പ്പനക്കാരിയെയും മകളെയും കാണുന്നു. ബലൂണ്‍ വില്‍പ്പനക്കാരി തന്റെ നിശബ്ദ പ്രണയമായിരുന്ന സഹപാഠി താരയാണെന്ന് മനസ്സിലാക്കുന്നു. ബീച്ചില്‍ വെച്ച് അവളെ പിന്‍തുടരുന്ന അയാള്‍ അവളൊരു വേശ്യയാണെന്ന് തിരിച്ചറിയുന്നതും പിന്നീട് ഉണ്ടാകുന്ന സ്വാഭാവികമായ സംഭവങ്ങളുമാണ് ഈ കഥയില്‍ കഥാകൃത്ത് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ‘ബദറുത്താര’യുടെ ആഖ്യാനവഴി വൈക്കം മുഹമ്മദ് ബഷീറിന്റെ പാവപ്പെട്ടവരുടെ വേശ്യയുടെ വഴിയാണ്. വേശ്യയായ നായികയെ കുറിച്ചോര്‍ത്ത് നായകനും വായനക്കാരനും സഹതാപത്തിന്റെ കണ്ണീര്‍വാര്‍ക്കുകയും അവളെ നിര്‍മ്മലമായി സ്‌നേഹിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. താരയെന്ന പാവപ്പെട്ട വേശ്യയെ ഓര്‍ത്ത്, അവളോടുള്ള പ്രേമത്താല്‍ മിഴി നനഞ്ഞ് മാത്രമേ ‘ബദറുത്താര’ വായിച്ച് അവസാനിപ്പിക്കാന്‍ കഴിയു. പറഞ്ഞു പഴകിയ പ്രമേയമാണെങ്കിലും ആഖ്യാന മികവിനാല്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന കഥയാണ് ‘ബദറുത്താര’.
ദാരിദ്ര്യവും സമ്പന്നതയും തമ്മിലുള്ള ശീതയുദ്ധത്തെ ആവിഷ്‌ക്കരിക്കുന്ന കഥയാണ് ‘ഇനിപ്പ്’. സമ്പന്നരുടെ ബന്ധങ്ങള്‍ക്ക് ഉള്ളുറപ്പില്ലെന്ന ക്ലീഷേ വിമര്‍ശനത്തിന്റെ ഉപരിപ്ലവമായ ആവിഷ്‌ക്കാരമായി ഈ കഥ മാറുന്നു. ദുര്‍ബലമായ ആഖ്യാനവും പറയാന്‍ പ്രത്യേകിച്ച് കഥയൊന്നും ഇല്ലെന്നതും ‘ഇനിപ്പ്’ എന്ന കഥ ചെടിപ്പ് ഉണ്ടാക്കുന്നു. ‘ഇനിപ്പ്’ എന്ന കഥയില്‍ പ്രശ്‌നവല്‍ക്കരിക്കാന്‍ ശ്രമിച്ച കഥാകൃത്ത് പരാജയപ്പെട്ട സമ്പന്നതയും ദാരിദ്ര്യവും തമ്മിലുള്ള സംഘര്‍ഷത്തെ ആഴത്തില്‍ ആവിഷ്‌ക്കരിക്കാന്‍ ‘മാരുതീയം’ എന്ന കഥയിലൂടെ സാധ്യമായിട്ടുണ്ട്. അഗമ്യഗമനവും അധികാരവും നാന്‍സി എന്ന സ്ത്രിയുടെ ലൈംഗിക തൃഷ്ണയെ മുന്‍നിറുത്തി വിചാരണ ചെയ്യപ്പെടുന്നു. സവര്‍ണനായാലും ദളിതനായാലും കിടപ്പറയില്‍ തന്നെ തൃപ്തിപ്പെടുത്താന്‍ കഴിയാത്ത പുരുഷന്മാരാല്‍ നാന്‍സിമാര്‍ ഇല്ലായ്മ ചെയ്യപ്പെടുകയാണെന്ന് കഥാകൃത്ത് വ്യാകുലപ്പെടുന്നു. കഥാകൃത്തിന്റെ ഈ വ്യസനം, ‘ഇലത്താളം’ എന്ന കഥയിലേക്കും നീളുന്നുണ്ട്. സെക്ഷ്വലി ഫ്രസ്റ്റേറ്റഡായ ‘രാമചന്ദ്രന്‍’ എന്ന അദ്ധ്യാപകന്‍ സഹപ്രവര്‍ത്തകരായ ആനിയിലും മീരയിലും തന്റെ ഫ്രസ്റ്റേഷന്‍ തീര്‍ക്കാന്‍ കഥാനായകനെ പ്രേരിപ്പിക്കുകയാണ്. ‘നാല് മുലകള്‍’ ചേരുന്നതിന് ആണധികാര സമൂഹത്തിനുള്ള അതൃപ്തിയാണ് ‘ഇലത്താളം’ കഥയിലെ പുരുഷന്മാരിലൂടെ കഥാകൃത്ത് പ്രകടമാക്കുന്നത്. ഈ അതൃപ്തിയാണ് ‘മാരുതീയം’ കഥയിലെ നാന്‍സിയെ കൊന്ന് കളയുന്നതും, ‘ഇലത്താളം’ കഥയിലെ സ്ത്രീകളെ അപമാനിക്കാന്‍ നായകന്‍ ഇറങ്ങി പുറപ്പെട്ടതിനും പിന്നില്‍. ആണധികാരത്തോടുള്ള ഈ കലഹം പക്ഷെ ദുര്‍ബലമായിപ്പോയ കഥയാണ് ‘ചിരിക്കണ പെരയില് പാടണൊരു കട്ടില്!’ എന്ന കഥ. ഭര്‍ത്താവിനോടും മകനോടും കലഹിച്ച് വീടുവിട്ട് ഇറങ്ങിപ്പോരുന്ന സീമയെന്ന കഥാനായിക ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കുന്നു. ഈ തെരഞ്ഞെടുപ്പ് പൊതുബോധത്തോടുള്ള സമരസപ്പെടലും കഥാകൃത്ത് ഈ കഥ സമാഹരത്തിലെ മറ്റുകഥകളില്‍ സൂക്ഷിച്ച പുരോഗമന രാഷ്ട്രീയത്തില്‍ നിന്നുള്ള തിരിഞ്ഞു നടത്തവുമാണ്. മാളം കഥ സമാഹാരത്തിലെ ഏറ്റവും മോശം കഥയായി വിലയിരുത്താന്‍ കഴിയുന്ന കഥയായി അനുഭവപ്പെട്ടത് ‘ചിരിക്കണ പെരയില് പാടണൊരു കട്ടില്!..’ എന്ന കഥയാണ്. ‘ചിരിക്കണ പെരയില് പാടണൊരു കട്ടില്’ എന്ന കഥ പോലെ ദുര്‍ബലമായ ആഖ്യാനവും വാചക കസര്‍ത്തും കൊണ്ട് ഇഷ്ടമാകാതെ പോയ കഥയാണ് ‘നാട്യശാസ്ത്രം’. തട്ടേല്‍ ഭരതന്‍ എന്ന നാടക്കാരന്റെ വര്‍ത്തമാന കാലവും ഭൂതകാലവും അനന്തരവന്‍ പയ്യനിലൂടെ ആവിഷ്‌ക്കരിച്ചപ്പോള്‍ ‘നാട്യശാസ്ത്രം’ എ്ന്ന കഥ തീര്‍ത്തും ഉപരിപ്ലവമായ വഴികളിലൂടെ മാത്രം സഞ്ചരിച്ചു എന്നത് നിരാശപ്പെടുത്തി.
‘എന്റെ കറുത്ത ചന്തി തുടക്കാന്‍ വെളുത്ത ടോയ്‌ലെറ്റ് പേപ്പര്‍ ഉപയോഗിക്കുന്ന കാലത്തോളം വംശീയത എനിക്കൊരു പ്രശ്‌നമല്ലെന്ന്’ റോബര്‍ട്ട് മുഗാബൈ വെളുത്തവരുടെ ലോകത്തോട് തന്റെ പ്രതിഷേധം അറിയിച്ചതിന്റെ തീവ്രത ഉള്‍ക്കൊള്ളുന്ന കഥയാണ് ‘നിറം’. നിറത്തിന്റെ പേരില്‍ കള്ളന്മാരാക്കപ്പെട്ട വിദ്ധ്യാര്‍ത്ഥികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം, തങ്ങളുടെ അദ്ധ്യാപകനോട് പ്രതികാരം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെടുന്നതിന്റെ സരസമായ ആവിഷ്‌ക്കാരമാണ് ‘നിറം’ എന്ന കഥ. പൊളിറ്റിക്കല്‍ സറ്റയറായി വായിച്ചു പോകാവുന്ന ഈ കഥ വി.കെ.എന്‍. ശൈലിയില്‍ കുറിക്കപ്പെട്ട ഉള്‍ക്കാമ്പുള്ളൊരു കഥയാണ്. വ്യക്തമായ രാഷ്ട്രീയ ഉള്‍ക്കാഴ്ചയും സാമൂഹ്യ വിമര്‍ശനവും ഉള്‍ക്കൊള്ളുന്ന ‘നിറം’ എന്ന കഥ വിദ്യാലയങ്ങളിലെ ജാതി വിവേചനത്തെ ആവിഷ്‌ക്കരിക്കുന്നു. നെല്‍സന്‍ മണ്ടേലയും അംബേദ്ക്കറും ഈ കഥയുടെ രാഷ്ട്രീയമായി വായനയായി വായനക്കാരനെ സ്വാധീനിക്കുന്നു.
‘ഒരാള്‍ നിങ്ങളെ സ്‌നേഹിക്കുന്നത് നിങ്ങളുടെ എന്തെങ്കിലും മഹത്വം കണ്ടിട്ടാണെന്ന് കരുതരുത്. അവര്‍ക്ക് സ്‌നേഹിക്കാനറിയാം അതാണ് സത്യം. കൈവിട്ടുകളയാതിരിക്കാനുള്ള ബാധ്യതയാണ് നിങ്ങള്‍ക്കുള്ളത്’ പാലം എന്ന കഥയില്‍ കെ.എസ്.രതീഷ് കുറിച്ച ഈ വാക്കുകള്‍ ‘ഒതവീട്ടൊണ്ടാ?’ എന്ന കഥയ്ക്ക് കൂടിയുള്ളൊരു മുഖക്കുറിപ്പാണ്. ‘ഭര്‍ത്താവോ മക്കളൊ’ തങ്ങള്‍ക്ക് ഒതവീട്ടുണ്ടാ എന്ന് കഥാനായകന്റെ അമ്മ ഭര്‍ത്താവിന്റെ കൂട്ടുകാരിയായി കീണിയുമ്മയോട് ചോദിക്കുന്നത് സ്‌നേഹത്തെ പ്രതിയുള്ള ഈ തിരിച്ചറിവിലാണ്. ആണുങ്ങള്‍ സ്‌നേഹത്തെ ഉള്‍ക്കൊള്ളാതെ വിട്ടുകളയുന്നവരാണെന്ന ആത്മവിമര്‍ശനം സാധ്യമാക്കുന്ന കഥയായി ആണ് ‘ഒതവീട്ടൊണ്ടാ?’ എന്ന കഥ അനുഭവപ്പെടുന്നത്. ജാതി മത പരിഗണനയ്ക്കും തൊഴില്‍ മാന്യതയ്ക്കും അപ്പുറം മനുഷ്യര്‍ തമ്മിലുള്ള ആത്മബന്ധത്തിന്റെ സങ്കീര്‍ണവും ലളിതവുമായ അടരുകളാല്‍ സമ്പന്നമാണ് ‘ഒതവീട്ടൊണ്ടാ?’ എന്ന കഥ. മാളം എന്ന കഥ സമാഹരത്തില്‍ എനിക്ക് ഏറെ പ്രിയപ്പെട്ട കഥ ‘ഒതവീട്ടൊണ്ടാ?’ എന്ന കഥയാണ്. നബിദിന റാലിയ്ക്ക് മിഠായി നല്‍കുന്ന ഹിന്ദുക്കള്‍ എന്ന മതസൗഹാര്‍ദ്ധ വാര്‍ത്തകള്‍ക്ക് വിപണി മൂല്യവും അസ്വാഭാവികതയുമുള്ള നാട്ടില്‍, നായകന്റെ അച്ഛന് മുസ്ലിം സ്ത്രിയില്‍ പിറന്നതെന്ന് കിംവദന്തിയുള്ള മീരാന്‍ എന്ന ത്‌ളാപ്പിനോട് നായകന് തോന്നുന്ന സാഹോദര്യത്തിന്റെ ആവിഷ്‌ക്കാരം വര്‍ത്തമാന കാല ഇന്ത്യയില്‍ ഏറെ പ്രസക്തമാണ്. ജനാധിപത്യത്തിന് സാഹോദര്യമെന്നും സ്‌നേഹമെന്നും അര്‍ത്ഥമുണ്ടെന്ന് ഈ കഥയിലൂടെ കഥാകൃത്ത് പ്രഖ്യാപിക്കുന്നു.
Comments are closed.