പെണ്ണിന് വേണ്ടി മാത്രം ഉണ്ടാക്കിയ സദാചാരത്തിന്റെ ബലിക്കല്ലിൽ ഹോമിക്കപ്പെടേണ്ടിവന്ന മാക്കം!
അംബികാസുതന്‍ മാങ്ങാടിന്റെ ‘മാക്കം എന്ന പെണ്‍തെയ്യം‘ എന്ന പുസ്തകത്തിന് -മുഹമ്മദ് കുഞ്ഞി എഴുതിയ വായനാനുഭവം
മണക്കാടന്‍ ഗുരുക്കളുടെയും കണ്ണപെരുവണ്ണാന്റെയും ആട്ടത്തറയായ കരിവെള്ളൂരിന് തെയ്യംകഥകള്‍ക്കൊട്ടും ക്ഷാമമുണ്ടായിരുന്നില്ല.എന്നാല്‍ അത് കൊണ്ട് മാത്രം ആ ദേശക്കാരനായ ഒരാളില്‍ അത്തരം കഥകളില്‍ അഭിരമിക്കാനുള്ള മനസ്സ് ഉണ്ടായിരിക്കണമെന്നും നിര്‍ബന്ധമില്ല. മറിച്ച് വിശ്വാസത്തിന്റെ തട്ടകത്തില്‍ സ്വന്തം സമുദായത്തിന്റെ പ്രമാണങ്ങള്‍ക്ക് വിരുദ്ധമായ ഒന്നിന്റെ കാഴ്ചക്കാരനാവുക പോലും ചിലപ്പോള്‍ പ്രയാസകരമായ ഒന്നാകാനേ തരമുള്ളൂ..എന്നിട്ടും ഒരു ദേവസ്ഥാനവും ചെണ്ടക്കോലിന്റെ ഊര്‍ജ്ജപ്രവാഹത്തില്‍ ഉയര്‍ന്നുപൊങ്ങുന്ന താളപ്പൊലിമയും ബാല്യത്തിന്റെ ഓര്‍മ്മകളില്‍ ഉല്‍സവം നിറയ്ക്കുന്നത് ഇപ്പൊഴും അറിയാന്‍ കഴിയുന്നുണ്ട്.ബക്രീദും പള്ളിഉറൂസും പോലെ തന്നെയായിരുന്നു ഞങ്ങളെ സംബന്ധിച്ച് വീടിനടുത്തുള്ള ദേവസ്ഥാനത്തെ കളിയാട്ടവും.ആദ്യ നാള്‍ പകലൊടുങ്ങുന്നതോടെ തോറ്റംപാട്ടിന്റെ നീട്ടലും കുറുക്കലും അന്തരീക്ഷത്തില്‍ അലയൊലികള്‍ സൃഷ്ടിക്കും.ഏതോ ഉള്‍പ്രേരണയാല്‍ ചെന്ന് ചുറ്റുമതിലിനു വെളില്‍ നിന്നുകൊണ്ട് പാട്ട് കേള്‍ക്കും.അര്‍ത്ഥമൊന്നും കാര്യമായി അറിയില്ലെങ്കിലും കോലക്കാരന്റെ ആലാപനത്തിലെ താളവും ഭാവവും ഉള്ളില്‍ അജ്ഞാതമായൊരു വികാരതരംഗമുണര്‍ത്താറുണ്ട്.
അണിയറയില്‍ പുറപ്പാടിനായൊരുങ്ങുന്ന തെയ്യത്തിന്റെ അണിയലുകള്‍, ആഭരണങ്ങള്‍,കുരുത്തോലകൊണ്ട് കമനീയമാക്കപ്പെട്ട കിരീടങ്ങള്‍,കറുപ്പുംവെളുപ്പും ചുവപ്പും ചാലിച്ച മുഖത്തെഴുത്ത്.ക്ഷമയോടെ, എത്രനേരം കൗതുകത്തോടെ നോക്കിനിന്നിട്ടുണ്ടാകും. കാലം എത്ര കഴിഞ്ഞാലും ആഘോഷങ്ങള്‍ക്കും ആരവങ്ങള്‍ക്കുമെല്ലാം മുകളില്‍ നാട്ടുമൊഴികളില്‍ പേശുന്ന തെയ്യത്തിന്റെ വാചാലുകള്‍ മുഴങ്ങികേള്‍ക്കാം.സക്രിയവും സജീവവുമായ നാട്ടുജീവിതത്തിന്റെ താളം താണ്ഡവത്തിലെ നിയന്ത്രിതമല്ലാത്ത ചുവടുകളില്‍ കാണാം. ഇരുളുറഞ്ഞ് ജനിക്കുന്ന ഓരോതെയ്യവും കഥകളാണെന്നറിയുമ്പോള്‍ ബാല്യത്തിന്റെ കൗതുകം അത്തരം കഥകള്‍ക്ക് കാതോര്‍ക്കും. വീട്ടില്‍ ഭിക്ഷയ്ക്കായി വരുന്ന പരദേശി ലക്ഷ്മിയമ്മയുടെ കൈയ്യില്‍ അരിയോ നെല്ലോ നിറച്ച ഭാണ്ഡമുണ്ടാകും.അവരുടെ മനസ്സ് പക്ഷെ കഥകള്‍ നിറച്ച മറ്റൊരു ഭാണ്ഡമായിരുന്നു. ലക്ഷ്മിയമ്മയില്‍ നിന്നാണ് മുച്ചിലോട്ട് ഭഗവതിയുടെയും കടാങ്കോട്ട് മാക്കത്തിന്റെയുമൊക്കെ കഥകള്‍ കേള്‍ക്കുന്നത്.വിശ്വാസത്തിന്റെ ഭവ്യതയും ഭയവും നിറഞ്ഞ സ്വരത്തില്‍ അവരാക്കഥകള്‍ പറയുമ്പോള്‍ ഗതകാലത്തിന്റെ പുറംപോക്കുകളില്‍ നിസ്സഹായമായ പെണ്‍നിലവിളികള്‍ കാതിനെയും മനസ്സിനെയും ഒരുപോലെ അസ്വസ്ഥമാക്കാറുണ്ട്. അത്തരമൊരവസ്ഥയിലൂടെ വീണ്ടും കടന്നു പോയത് അംബികാസുതന്‍മാഷിന്റെ ‘മാക്കം എന്ന പെണ്‍തെയ്യം വായിച്ചപ്പോഴാണ്. ‘നോവലെന്ന് ആഖ്യാതാവ് തന്നെ വിശേഷിപ്പിക്കാത്ത ഈ കൃതി തോറ്റംപാട്ടിന്റെ പുനരാഖ്യാനമാണ്. ഉത്തരകേരളത്തിന്റെ ചരിത്രപരവും സാമൂഹ്യസാംസ്‌കാരികപരവുമായ നിരവധി ഉപദാനങ്ങള്‍ മാക്കം തോറ്റത്തിലുണ്ട്.
മലയാളത്തിലെ ഉദാത്തമായ ഈ പഴമ്പാട്ടിനെ പുതിയവായനക്കാര്‍ക്ക് പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണ് തന്റേതെന്നും ആ ഉദ്യമം നോവല്‍ രൂപത്തിലാകുമ്പോള്‍ എളുപ്പമാകുമെന്ന ചിന്തയില്‍ നിന്നുമാണ്’മാക്കം എന്ന പെണ്‍തെയ്യത്തിന്റെ രചന നടന്നതെന്നും അനുബന്ധത്തില്‍ മാഷ് സൂചിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഈ തുറന്നു പറച്ചില്‍ സത്യസന്ധമാണ്. കാരണം ഈ കൃതി അടിമുടി ഗദ്യത്തിലെഴുതിയ തോറ്റം പാട്ടാണ്.താളം,ഭാവം,ഭാഷ തുടങ്ങി തോറ്റംപാട്ടിന്റെ സൂക്ഷ്മ ഘടകങ്ങളെ വിട്ട് പോകാതെ രചനയില്‍ വിളക്കിച്ചേര്‍ത്ത കരവിരുത് എടുത്ത് പറയാതിരിക്കാന്‍ വയ്യ.. ആകെക്കൂടി ഒരു തോറ്റംപാട്ടിന്റെ അനുഭവ സുഖം പകര്‍ന്നു തരുന്ന കൃതി. ഡോ.വൈ.വി.കണ്ണന്‍ തെയ്യങ്ങളും അനുഷ്ഠാനങ്ങളും എന്ന കൃതിയില്‍ തോറ്റംപാട്ടുകളെക്കുറിച്ച് പറഞ്ഞ സന്ദര്‍ഭത്തില്‍ സൂചിപ്പിച്ച ഒരു കാര്യം ,തോറ്റംപാട്ടുകള്‍ മനസ്സിലാക്കണമെങ്കില്‍ അതിലെ സാഹിത്യം മാത്രം മനസ്സിലാക്കിയാല്‍ പോര.താളം,ഭാവം,ചൊല്ലുന്നരീതി, ഇടം തുടങ്ങിയവകൂടി മനസ്സിലാക്കണം.ചുരുക്കത്തില്‍ ഇവയെല്ലാം ചേര്‍ന്ന് ഉല്പാദിപ്പിക്കുന്ന അര്‍ത്ഥമാണ് തോറ്റത്തെ അനുഭവവേദ്യമാക്കുന്നത്. ഏതാണ്ട് ഈയൊരു സമീകരണം രചനയില്‍ നിലനിര്‍ത്താന്‍ സാധിച്ചു വെന്നുള്ളത്തന്നെയാണ് ഈ കൃതിയെ പുതുമയുള്ള ഒന്നായി മാറ്റുന്നത്.മൂലകഥയില്‍ നിന്നും കാര്യമായ അര്‍ത്ഥപാഠങ്ങളൊന്നും ഉല്‍പ്പാദിപ്പിക്കാന്‍ ശ്രമിക്കാതെ പറഞ്ഞുപോകുമ്പോഴും ആ പഴമ്പാട്ടിന് പുതിയ കാലത്തിന്റെ പാട്ടാകാതിരിക്കാന്‍ കഴിയുന്നില്ലെന്നതാണ് സത്യം.
തോറ്റംപാട്ടിന്റെയും തെയ്യത്തിന്റെയും സാമൂഹ്യ പരിപ്രേക്ഷ്യത്തില്‍ എപ്പോഴും തെളിഞ്ഞുകാണുന്നത് ജാതീയമായ ഉച്ചനീചത്വവും ലിംഗപരമായ അസമത്വവുമാണ്. പെണ്‍തെയ്യങ്ങളെല്ലാം പ്രതികാരത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതീകങ്ങളാണ് .പെണ്ണിന് വേണ്ടി മാത്രം ഉണ്ടാക്കിയ സദാചാരത്തിന്റെ ബലിക്കല്ലില്‍ ഹോമിക്കപ്പെടേണ്ടിവന്ന മാക്കം വ്യവസ്ഥിതിയുടെ ഇരുട്ടില്‍ നിന്നും തോറ്റിയുണര്‍ത്തിയ പെണ്‍ശക്തിയാണ്. ഇരുളുറഞ്ഞ് വെളിച്ചപ്പെട്ടവള്‍.ഉര്‍വ്വരമായ മണ്ണും ഉര്‍വ്വരയായപെണ്ണും അധികാരത്തിനുകീഴില്‍ അടിയറവെക്കേണ്ടി വരുന്ന കാലത്തുടര്‍ച്ചയില്‍ തെയ്യങ്ങളുടെ പ്രസക്തി ഏറിവരുന്നതേയുള്ളൂ… പുതിയ രീതിയില്‍ പാടിയും ആടിയും തലമുറകളിലൂടെ മനുഷ്യ ജീവിതത്തിന്റെ പ്രതിസന്ധികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും അത് അരുളപ്പാടാകും. മാക്കം എന്ന പെണ്‍തെയ്യത്തെയും അങ്ങനെ കാണുവാനാണിഷ്ടം.
Comments are closed.