DCBOOKS
Malayalam News Literature Website

“നട്ടുച്ചയ്ക്കുദിക്കുന്ന നക്ഷത്രമോ?” അവൾ ആകാശത്തിലേക്കു മുഖമുയർത്തി, എവിടെ ആ നക്ഷത്രം?

അംബികാസുതന്‍ മാങ്ങാടിന്റെ  ‘മാക്കം എന്ന പെണ്‍തെയ്യം‘ എന്ന പുസ്തകത്തിന്  പത്മനാഭൻ ബ്ലാത്തൂർ എഴുതിയ വായനാനുഭവം

“മോളിലേക്ക് നോക്ക് മാക്കേം. നട്ടുച്ചയ്ക്കുദിച്ച നക്ഷത്രത്തെ കണ്ടോ?”

മാക്കം അതിശയിച്ചു. “നട്ടുച്ചയ്ക്കുദിക്കുന്ന നക്ഷത്രമോ?” അവൾ ആകാശത്തിലേക്കു മുഖമുയർത്തി. എവിടെ ആ നക്ഷത്രം?

ആ നിമിഷത്തിൽ മൂത്താങ്ങള അരയിൽ ചെരുതിയ പൂച്ചുരിക വലിച്ചൂരിയെടുത്ത് മാക്കത്തിൻ്റെ ചങ്കേപ്പിടിച്ച് കുരൾ അറുത്തു.

ഒന്ന് നിലവിളിക്കാൻ പോലുമാകാതെ, ചോരയിൽ കുളിച്ച മാക്കം കഴുത്തറ്റ പൂങ്കോഴി പോലെ നിലത്തു കിടന്ന് പിടഞ്ഞു.

‘മാക്കവും മക്കളും’ തെയ്യം കാണാൻ പോയി കരഞ്ഞു കലങ്ങിയ കണ്ണുകളുമായി വീട്ടിലെത്തിയ പുലരികളെ മറക്കുന്നതെങ്ങനെ? അമ്മയും തൊണ്ട്യമ്മയും ഒരായിരം തവണ പറഞ്ഞ കഥയിൽ നിറയെ വേദനയാണ്. ഒടുക്കമെത്തുമ്പോൾ പറയുന്നയാളും കേൾക്കുന്നയാളും കരയും. കരയുന്നത് തമ്മിൽ കാണാതിരിക്കാൻ മുഖം താഴ്ത്തും. “കാട്ടുതീയിൽപ്പെട്ട കുടുംബം’ എന്ന പാഠഭാഗത്തിലെ ജരിതയുടെയും മക്കളുടെയും കഥയാണ് അങ്ങനെ ഞങ്ങളെയൊക്കെ കരയിച്ച മറ്റൊന്ന്.

നാത്തൂൻപോരിനിരയായ മാക്കത്തിൻ്റെ കഥ കേട്ടു വളർന്നതിനാലാവണം ഞങ്ങളുടെ പെണ്ണുങ്ങൾ തമ്മിൽ അമ്മായിയമ്മപ്പോരും നാത്തൂൻ പോരും ഇല്ലാതായത്.തമ്പുരാട്ടിയും പുതിയ ഭഗവതിയും കാളിയും വീരാളിയുമൊക്കെയാണ് വടക്ക് എന്ന പെണ്ണരശു നാടിൻ്റെ ഇന്നലെകളുടെ തിരുശേഷിപ്പുകൾ. അമ്മത്തെയ്യങ്ങളെപ്പോലെ ചൂരും ചുണയും അധികം ആൺ തെയ്യങ്ങളിൽ കണ്ടിട്ടുമില്ല.

നന്ദി മാഷേ, മാക്കത്തിൻ്റെ കഥ തെയ്യപ്പറമ്പിലെന്നതു പോലെ അനുഭവിപ്പിച്ചതിന്.

മാക്കം എന്ന പെണ്‍തെയ്യം വാങ്ങാന്‍ സന്ദര്‍ശിക്കൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.