അല്ലെങ്കിലും ഓരോ ജീവിതവും ഓരോ കാത്തിരിപ്പല്ലേ…
ഇന്ന് രാത്രി ഉറങ്ങുമ്പോൾ സ്വപ്നത്തിൽ വിമലയുടെ അടുത്തേക്കൊന്ന് പോവണം. ഇപ്പൊഴും ആ ബോർഡിംഗ് ഹൗസിൽ തന്നെ ആയിരിക്കുമോ? അതോ പാറയുടെ മുകളിൽ പോയി തനിച്ചിരുന്ന് സുധീർ മിശ്രയോടൊത്തുള്ള ദിവസങ്ങൾ ഓർമ്മിക്കുകയായിരിക്കോ? ഇനി അതുമല്ലെങ്കിൽ ബുദ്ദുവിന്റെ കൂടെ തോണിയിൽ വെറുതേ…
ആദ്യമായി കാണുമ്പോൾ എങ്ങനെയാ വിമലയെ തിരിച്ചറിയാ? ഏതേലും നരച്ച സാരിയായിരിക്കോ അവൾ ചുറ്റിയിട്ടുണ്ടാവാ? അതോ കണ്ണെഴുതി, നെറ്റിയിൽ കുറി തൊട്ട് സാരിയൊക്കെ ഭംഗിയിൽ ഞൊറിഞ്ഞുടുത്ത്, ഏറ്റവും സുന്ദരിയായി, പ്രിയ്യപ്പെട്ടൊരാളുടെ വരവും കാത്തു കാത്തങ്ങനെ..
വിമലയെ കണ്ടാൽ ആദ്യം തന്നെ ആ തണുത്ത വിരലുകളെ എന്റെ കൈകൾക്കുള്ളിലേക്ക് ചേർത്ത് വെക്കണം. തനിച്ചല്ലാന്ന്, കൂടെയുണ്ടെന്ന് പറയാതെ പറയണം. പിന്നെയാ കണ്ണുകളിലേക്ക് ഇത്തിരി നേരം നോക്കിയിരിക്കണം. കണ്ണിനു താഴെ ചെറിയൊരു കറുപ്പ് പടർന്നിട്ടുണ്ടാവും. ഒത്തിരി നാളായുള്ള കാത്തിരിപ്പല്ലേ, ആ കണ്ണുകളെന്തായാലും മനോഹരമായിരിക്കും, അത്രമേൽ പ്രിയ്യപ്പെട്ടൊരാളെ കാണാൻ വർഷങ്ങളോളം കാത്തിരുന്ന കണ്ണുകളേക്കാൾ മനോഹരമായ മറ്റെന്താണുള്ളത്.
പതിയെ വിമലയെയും കൂട്ടി നടക്കാനിറങ്ങണം. ഒരുപാട് കാര്യങ്ങൾ പറയാനുണ്ടവളോട്. ഇനിയെങ്കിലും ഈ കാത്തിരിപ്പൊന്നവസാനിപ്പിക്കാൻ പറയണം. എത്ര വർഷമായിങ്ങനെ, ഒരിക്കലും വരാത്ത സുധീർ മിശ്രയെയും കാത്ത്. ന്റെ വിമലാ നീ അവനെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ, പക്ഷേ അവന് ഒരുപാട് പെൺകുട്ടികളിൽ ഒരുവൾ മാത്രമായിരിക്കാം നീ. പക്ഷേ ഒന്ന് കണ്ടാൽ മാത്രം മതി, വേറൊന്നും വേണ്ടാന്ന് പറഞ്ഞു കാത്തിരിക്കുന്ന നിന്നോടെങ്ങനെ ഞാനിതൊക്കെ പറയും?
ആ ബുദ്ദുവിനെയും ഒന്ന് കാണണം. അവന്റെ തോണിയിൽ കുറച്ചു നേരം ഓരോന്നും മിണ്ടിയും പറഞ്ഞും. സംസാരത്തിനിടയിൽ അവനെ വേദനിപ്പിക്കാതെ, അവന്റെ ഘോരാ സാഹിബ് ഒരിക്കലും വരില്ലാന്ന് അവനോടും പറയണം. ഈ കാത്തിരിപ്പ് വെറുതേയാണെന്നും.
പക്ഷേ വിമലയുടെയും ബുദ്ദുവിന്റേയും കണ്ണുകളിലേക്ക് നോക്കുമ്പോൾ, ആ കണ്ണുകളിലെ തിളക്കം കാണുമ്പോൾ തളർന്നു പോകുന്നത് പോലെ. ഇല്ല എനിക്കൊന്നും അവരോടു പറയാനാവില്ല. വരില്ലെന്ന് നൂറ് ശതമാനവും അറിയുന്നതോടൊപ്പം തന്നെ, വരുമെന്ന് പ്രതീക്ഷിച്ചു കാത്തിരിക്കുന്നവരാണ്. ഒന്ന് കണ്ടാൽ മാത്രം മതിയെന്ന്, അത്രേം ആഗ്രഹിച്ചു കാത്തിരിക്കുന്നവരാണ്. അവരോടൊപ്പം ആ നാടും തടാകവും, എന്തിന് വഴിവിളക്കുറപ്പിച്ച കമ്പിക്കാൽ വരെ പച്ച പെയിന്റിൽ ആരെയോ കാത്തിരിക്കുകയാണ്…
തെറ്റ് പറ്റിയത് എനിക്കാവാം. ഓരോ കാത്തിരിപ്പും അത്രമേൽ മനോഹരമായിരിക്കാം. അനുഭവിച്ചവർക്ക് മാത്രം മനസ്സിലാക്കാൻ പറ്റുന്ന സുഖമുള്ള നോവ്. വേണ്ട ഒന്നും പറയാതെ പോവാം. വിമലയും ബുദ്ദുവും എന്നോ ഒരിക്കൽ വരാനുള്ള പ്രിയപ്പെട്ടവരെ കാത്തിരിക്കട്ടെ…
പിന്നിൽ സർദാർജിയുടെ നേർത്ത ശബ്ദം. വിമലയോടാണ്,
എനിക്ക് നിങ്ങളെ ഇഷ്ടമാണ്.
പരിഭ്രമിക്കാനൊന്നുമില്ല, വഴിയിൽ തടഞ്ഞു നിർത്തില്ല, പ്രേമലേഖനമെഴുതില്ല, ഒന്നും ചെയ്യില്ല. ഒരു ബന്ധവും സങ്കല്പിക്കാതെ… വെറുതേ… എനിക്ക് നിങ്ങളെ ഇഷ്ടമാണ്.
വിമല എന്തായിരിക്കും മറുപടി പറയുക. വേണ്ട ഒന്നും അറിയേണ്ട. എത്രയും പെട്ടെന്ന് അവിടെ നിന്നും തിരികെ വരണം. അല്ലെങ്കിൽ ഞാനും അവരിലൊരാളായി, ഒന്നിനുമല്ലാതെ എന്തിനോ ആരെയോ കാത്തിരുന്നേക്കാം. അല്ലെങ്കിലും ഓരോ ജീവിതവും ഓരോ കാത്തിരിപ്പല്ലേ. എന്നോ വരാനുള്ള, ആർക്കോ വേണ്ടിയുള്ള സുഖമുള്ള കാത്തിരിപ്പ്…
എം.ടി വാസുദേവന്‍ നായരുടെ മഞ്ഞ് എന്ന നോവലിന് നസീഹ അന്‍സര്‍ എഴുതിയ വായനാനുഭവം
Comments are closed.