DCBOOKS
Malayalam News Literature Website

എം സുകുമാരന്‍ സ്മാരക സാഹിത്യ പുരസ്‌കാരം എസ് ഹരീഷിന്റെ ‘മീശ’യ്ക്ക്

ഡിസി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്

അന്തരിച്ച പ്രശസ്ത എഴുത്തുകാരന്‍ എം.സുകുമാരന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ എം സുകുമാരന്‍ സ്മാരക സാഹിത്യ പുരസ്‌കാരം എസ് ഹരീഷിന്റെ ‘മീശ’യ്ക്ക്. ഡിസി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഏജീസ് ഓഫീസിലെ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടേയും സംഘടനകളായ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് അസോസിയേഷനും ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് പെന്‍ഷനേഴ്‌സ് അസോസിയേഷനും എം.സുകുമാരന്റെ കുടുംബാംഗങ്ങളും ചേര്‍ന്ന് രൂപീകരിച്ച എം.സുകുമാരന്‍ ഫൗണ്ടേഷന്‍ ട്രസ്റ്റാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

സെപ്തംബർ 14, ചൊവ്വാഴ്ച, വൈകിട്ട് 5-ന് തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിൽ ഫൗണ്ടേഷന്റെ ഉദ്ഘാടനവും പുരസ്‌കാരദാനവും കേരള സാംസ്കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിര്‍വ്വഹിക്കും. കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് നടത്തുന്ന യോഗത്തിൽ ഫൗണ്ടേഷൻ പ്രസിഡന്റ്  ബേബിജോൺ, രക്ഷാധികാരിയും മുൻ വിദ്യാഭ്യാസ, സാംസ്കാരിക വകുപ്പ് മന്ത്രിയുമായ  എം.എ. ബേബി, മറ്റൊരു രക്ഷാധികാരിയും സിനിമാ സംവിധായകനും കെ.എസ്.എഫ്.ഡി.സി. ചെയർമാനും പുരോഗമന കലാസാഹിത്യ സംഘം അദ്ധ്യക്ഷനുമായ  ഷാജി എൻ. കരുൺ തുടങ്ങിയവർ പങ്കെടുക്കും.

അരനൂറ്റാണ്ട് മുൻപുള്ള കേരളീയ ജാതിജീവിതത്തെ കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ആവിഷ്‌കരിക്കുന്ന നോവലാണ് മീശ. തീവ്രഹിന്ദുത്വവാദികളുടെ ഭീഷണിയെത്തുടർന്ന് വാരികയിൽനിന്ന് പിൻവലിക്കപ്പെട്ട നോവൽ പിന്നീട് ഡി സി ബുക്‌സാണ് 2018ൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്.  എഴുത്തുകാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സജീവ ചർച്ചകൾക്ക് വഴിതെളിച്ച മീശ,  മലയാള നോവൽ സാഹിത്യചരിത്രത്തിൽ നാഴികക്കല്ലായി മാറുകയായിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഇതിനോടകം മീശയ്ക്ക് ലഭിച്ചു.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക

Comments are closed.