എം സുകുമാരന്‍ ഫൗണ്ടേഷന്‍ സാഹിത്യപുരസ്‌കാരം മിനി പി സി-ക്ക്
അന്തരിച്ച പ്രശസ്ത എഴുത്തുകാരന്‍ എം.സുകുമാരന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ എം സുകുമാരന്‍ സ്മാരക സാഹിത്യ പുരസ്‌കാരം മിനി പി സിയുടെ ‘ഫ്രഞ്ച്കിസ്സ്‘ എന്ന കഥാസമാഹാരത്തിന്. ഡി സി ബുക്സാണ് പ്രസാധകര്‍. എം സുകുമാരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2022 ലെ മികച്ച പൊതുപ്രവര്‍ത്തകനുള്ള പുരസ്‌കാരം മുതിര്‍ന്ന സിപിഐഎം നേതാവ് പാലോളി മുഹമ്മദ് കുട്ടിക്ക് ലഭിച്ചു.
പ്രൊഫ. വി എന്‍ മുരളി, ഡോ. പി സോമന്‍, വി എസ് ബിന്ദു എന്നിവരടങ്ങുന്ന സമിതിയാണ് ജേതാക്കളെ നിര്‍ണയിച്ചത്. മാര്‍ച്ച് 16 ശനിയാഴ്ച വൈകിട്ട് അഞ്ചിന് പുളിമൂട് പി ആന്‍ഡ് ടി ഹൗസില്‍ നടക്കുന്ന എം സുകുമാരന്‍ അനുസ്മരണ യോഗത്തില്‍ പുരസ്‌കാരങ്ങള്‍ നല്‍കും. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യും. ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതി അധ്യക്ഷയാകും.
കഥയെഴുത്തിലെ നവീനതയുടെ ദൃഷ്ടാന്തങ്ങളായ രചനകളാണ് ‘ഫ്രഞ്ച്കിസ്സ്‘ എന്ന കഥാസമാഹാരത്തിലേത്. കൗതുകകരമായ ചില പാരിസ്ഥിതിക ജ്ഞാനമേഖലകൾ പ്രമേയ പശ്ചാത്തലമാക്കി എഴുതപ്പെട്ടതും സമീപകാലത്ത് സവിശേഷമായ അനുവാചകശ്രദ്ധ നേടിയതുമായ കഥകൾ. എന്തിന്നോ ആദമേ നിന്നെ ഞാൻ തോട്ടത്തിലാക്കി?, ചെറിച്ചി, ഫ്രഞ്ച്കിസ്സ്, സുന്ദരിമുളക്, സ്വർണ്ണത്തേറ്റയുള്ള കരിവാലൻ ശീമപ്പന്നികൾ, സിവെറ്റ് കോഫി തുടങ്ങി പത്തു കഥകൾ. സ്ത്രീപക്ഷരചനകളുടെ പരമ്പരയായ ‘കഥാപൗർണ്ണമി’ യിൽ ഉൾപ്പെടുന്ന പുസ്തകം.
Comments are closed.