DCBOOKS
Malayalam News Literature Website

ആ നോവലില്‍ എന്താണുള്ളത്? മീശ നോവല്‍ മുഴുവനായി വായിച്ച എം.ആര്‍ രേണുകുമാര്‍ പറയുന്നു

ഇത് വളരെ മോശമായിട്ടുള്ള കാര്യമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മുകളിലുള്ള വല്ലാത്തൊരു കടന്നുകയറ്റമാണിത്. വളരെ കുടുംബപരമായാണ് കേരളത്തിലെ ആളുകള്‍ ജീവിക്കുന്നത്. അവര്‍ക്ക് എഴുത്തുകാരന്‍ എന്ന് പറഞ്ഞാല്‍ വേറൊരു ആളാണ്. അപൂര്‍വ്വം ചില കുടുംബങ്ങളൊഴിച്ചാല്‍ എഴുത്തുകാരനെയൊക്കെ മനസ്സിലാക്കുന്നവര്‍ വളരെ കുറവാണ്. അതിനാല്‍ തന്നെ ഭര്‍ത്താവിന്റെ എഴുത്തിനെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചുമൊക്കെ മനസ്സിലാക്കുന്ന ഭാര്യമാരും, തിരിച്ചും വളരെ കുറച്ചേ കാണുന്നുള്ളൂ. തന്റെ എഴുത്തുമായി ബന്ധപ്പെട്ട് വലിയൊരു പ്രശ്‌നം ഉണ്ടാകുന്നു. അതിന്റെ ഭാഗമായി തന്റെ മകളും ഭാര്യയും അമ്മയുമൊക്കെ ഭയങ്കരമായ പഴിയും മറ്റും കേള്‍ക്കേണ്ടി വരുമ്പോള്‍ സ്വാഭാവികമായും ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചായിരിക്കില്ല എഴുത്തുകാരന്‍ ആലോചിക്കുന്നത്. മറിച്ച് ഇവരെ രക്ഷിക്കേണ്ട ഒരാളായിട്ടാവും ഇവര്‍ക്ക് തോന്നുക. ഇത്തരത്തിലുള്ള സമ്മര്‍ദ്ദങ്ങളാവാം ഒരുപക്ഷേ ഹരീഷിനെകൊണ്ട് ആ നോവല്‍ പിന്‍വലിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.

ഞാന്‍ ഈ നോവല്‍ വായിച്ചതാണ്. അതൊരു ഗംഭീര നോവലാണ്. ആ നോവല്‍ ഏതെങ്കിലും തരത്തില്‍ കേരളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്നില്ലെങ്കില്‍ മലയാളികളുടെ ഒരു വലിയ നഷ്ടമായിട്ടാണ് ഞാന്‍ അതിനെ കാണുന്നത്. അതിന്റെ ഒരു പ്രമേയം മാത്രമല്ല, ഇതുവരെയുള്ള എന്റെ നോവല്‍ വായനയെ വെച്ച് നോക്കുമ്പോള്‍ എന്നെ വല്ലാതെ അതിശയിപ്പിച്ച നോവലാണത്. ഒന്നാമത്തെ കാര്യം പുളിങ്കുന്നൊക്കെ മുതല്‍ എറണാകുളത്തിന്റെ പടിഞ്ഞാറ് വരെ കിടക്കുന്ന കേരളത്തിന്റെ അപ്പര്‍ ലോവര്‍ കുട്ടനാട് കാര്‍ഷിക മേഖലയാണ് നോവലിലുള്ളത്. അവിടുത്തെ കായലും കൃഷിയിടവും കൃഷിയിടത്തിലെ പണികളും ആരാലും ശ്രദ്ധിക്കപ്പെടാത്ത ധാരാളം ജനങ്ങളുടെ ജീവിതമൊക്കെയാണ് ഈ കൃതിയില്‍ വരുന്നത്.

ഒരേസമയം അവിടുത്തെ പ്രിവിലേജ്ഡ് ആയിട്ടുള്ള ആളുകളുടെ ജാതി സമൂഹങ്ങളും അധികാര ബന്ധങ്ങളുമൊക്കെ പലവിധം ഇടഞ്ഞും ഇടകലര്‍ന്നുള്ള ഇവരുടെ ജീവിതവും ദളിതരായിട്ടുള്ള ആളുകളുടെ കഥയുമൊക്കെയാണ് നോവല്‍. പവിയാനും ഭാര്യ ചെല്ലയും മകന്‍ വാവച്ചനുമൊക്കെയാണ് പ്രധാനമായും നോവലില്‍ കടന്ന് വരുന്നത്. വാവച്ചനാണ് ഇതിലെ കേന്ദ്ര കഥാപാത്രം. മീശകൊണ്ടാണ് അയാള്‍ എല്ലാതരത്തിലുള്ള ക്രമങ്ങളേയും നേരിടുന്നത്. ഒരു അധോലോകത്ത് നിന്നാണ് പുള്ളി മുഴുവന്‍ പണികളും ചെയ്യുന്നത്. എല്ലാവര്‍ക്കും അയാളെ പേടിയാണ്. ഒരു സമൂഹത്തിന്റേയും സമുദായത്തിന്റേയുമൊക്കെ പ്രതിരോധവും പ്രതിഷേധവും കാണിക്കുന്ന ഒന്നാണ് ‘മീശ’.

തിരുവിതാംകൂറില്‍ ദളിതര്‍ക്കൊക്കെ മീശ വെക്കാന്‍ പാടില്ലായിരുന്നു എന്നു പറയുന്ന ചരിത്രവുമായി ഇതിന് നേരിട്ടല്ലെങ്കിലും ബന്ധമുണ്ട്. ഹരീഷിന്റെ രീതി അതാണ്. സര്‍ഗാത്മകതയ്ക്കും സാഹിത്യത്തിനും ഒട്ടും ഭംഗം വരാതെയാണ് ചരിത്രത്തെ അദ്ദേഹം ആവിഷ്‌കരിച്ചത്. സാമൂഹിക വിശകലനമൊക്കെ കൃത്യമായ രീതിയിലാണ് ചേര്‍ത്ത് വച്ചത്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് ഈ നോവല്‍ ഗംഭീരമാണെന്ന്.

ഏതെങ്കിലും ഒരു രാഷ്ട്രീയത്തിന്റേയോ പ്രത്യശാസ്ത്രത്തിത്തിന്റേയോ ആങ്കിളില്‍ നിന്നുകൊണ്ടല്ല ഹരീഷ് ഇതെഴുതുന്നത്. വളരെ സ്വതന്ത്രമായ ഒരു നരേറ്റര്‍ കിടക്കുന്നു. ഒരു നരേറ്റര്‍ തന്റെ കുട്ടിക്ക് പലതരത്തില്‍ അതി ഭാവുകത്വം കലര്‍ന്നതും അല്ലാത്തതുമായ ആ നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കുകയാണ്. കൂട്ടത്തില്‍ കേന്ദ്രകഥാപാത്രമായ മീശ കടന്ന് വരുന്നു. അവനുമായി ചുറ്റിപറ്റി ധാരാളം കഥാപാത്രങ്ങള്‍ വരുന്നു സ്ത്രീകള്‍ വരുന്നു. അവരുടെ ജീവിതം വരുന്നു. നരേറ്റര്‍ തന്നെ അച്ഛനെക്കുറിച്ച് പറയുന്നു. അങ്ങനെ പലതരത്തിലാണ് ഈ കഥ കിടക്കുന്നത്. മഹാഭാരതത്തിലേയും രാമായണത്തിലേയും കഥാപാത്രങ്ങളെയൊക്കെ നമ്മള്‍ പറഞ്ഞ് പറഞ്ഞ് ഭയങ്കര കഥാപാത്രങ്ങളാക്കി മാറ്റും. എന്ന് പറഞ്ഞ പോലെ ഈ നോവലിലെ കഥാപാത്രങ്ങളെ പറഞ്ഞ് പറഞ്ഞ് അമാനുഷികരാക്കുകയാണ്. ഇതെല്ലാം ഈ നോവലിന്റെ ഗുണങ്ങളായിട്ടാണ് എനിക്ക് തോന്നുന്നത്. ചിലപ്പോള്‍ നമ്മള്‍ വലിയ നോവലൊക്കെ വായിക്കുകയാണെങ്കില്‍ പോലും അതിലെ കേന്ദ്ര കഥാപാത്രങ്ങളൊന്നും നമ്മുടെ മനസ്സില്‍ യാതൊരു ഇഫക്ടും ഉണ്ടാക്കാറില്ല.

അതുപോലെതന്നെ സാമൂഹിക നിരീക്ഷണവും വിശകലനവും മറ്റും ഗംഭീരമായാണ് അതില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചരിത്രബോധമാണ് എന്നെ അതില്‍ വല്ലാതെ ആകര്‍ഷിച്ച ഒരു കാര്യം.

ഫ്‌ളോറ-ഫോണ എന്നു പറയുമല്ലോ. നമ്മുടെ നാട്ടിലെ മത്സ്യ വൃക്ഷ വിഭവങ്ങളുണ്ടല്ലോ അതിന്റെയൊരു വെറൈറ്റിയൊക്കെയുണ്ട്. അത്തരം വെറൈറ്റികളുടെ ഒരു ഹിസ്റ്ററി യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ ഇല്ല. ഈ നോവലില്‍ അങ്ങനെയൊരു ഹിസ്റ്റററി കൂടി വളരെ സര്‍ഗാത്മകമായി അവതരിപ്പിച്ചിട്ടുണ്ട്. വിവിധ തരം നെല്ല്, അതിന്റെ സ്വഭാവത്തെക്കുറിച്ച്, മത്സ്യ സമ്പത്തിനെക്കുറിച്ച്, നമുക്ക് ഒരു ഇന്‍ഫര്‍മേഷന്‍ എന്നു തോന്നാത്ത വിധത്തിലാണ് അതുള്ളത്. നോവലിനകത്തെ കഥയും കഥാപാത്രങ്ങളുമായി ഇടകലര്‍ന്ന് കിടക്കുന്നത്. ഭയങ്കര രസമാണ് അത് വായിക്കാന്‍. പിന്നെ ഇതുപോലെ സ്‌ട്രെയിഞ്ച് ആയിട്ടുള്ള, പൊതുബോധത്തെ ഒരുപാട് ചോദ്യം ചെയ്യുന്ന ഈ നോവലില്‍ കഥാപാത്രങ്ങളും നരേറ്ററുമൊക്കെ ഒരുപാട് മുമ്പോട്ടു വയ്ക്കുന്നുണ്ട്.

ഉദാഹരണത്തിന് യുകതിവാദികളെയൊക്കെ വല്ലാതെ അലട്ടുന്നതൊക്കെ ഇനി വരാന്‍ പോകുന്നുണ്ട്. യുക്തിവാദം ഒരു ഗുഡ് ഫോര്‍ നത്തിംഗ് ഫിലോസഫിയാണെന്ന് കേന്ദ്ര കഥാപാത്രം പറയുന്നുണ്ട്. വേണമെങ്കില്‍ യുക്തിവാദികള്‍ക്ക് ഇതു കേട്ടിട്ട് ഫീല്‍ ചെയ്യാം. ഇത്രയും ജഡാവസ്ഥയിലുള്ള, നിശ്ചലമായ ഫിലോസഫി വേറെയില്ലെന്ന് ഇതിലൊരു കഥാപാത്രം പറയുന്നുണ്ട്. ഇപ്പൊ സംഘികള്‍ക്ക് കുരു പൊട്ടിയതുപോലെ വേണമെങ്കില്‍ ഇവര്‍ക്കും പൊട്ടാം. അതു കഴിഞ്ഞ് ഇടതുപക്ഷത്തിന്റെ വിമര്‍ശനങ്ങളുണ്ട്. അതുകൊണ്ട് വേണമെങ്കില്‍ ഇടതുപക്ഷക്കാര്‍ക്ക് കുരുപൊട്ടാം. ഒരു എഴുത്തച്ഛന്‍ എന്നു പേരുള്ള ഒരു നാടകക്കാരനുണ്ട്. അദ്ദേഹത്തിന്റെ നാടകപ്രവര്‍ത്തനം കണ്ട് കേരളത്തിലെ മുഴുവന്‍ നാടകപാരമ്പര്യത്തിനും കുരുപൊട്ടാവുന്നതാണ്. അങ്ങിനെ ഇതിനകത്ത് ഏതൊക്കെ തരത്തില്‍, രാഷ്ട്രീയപരമായ, മതപരമായ, കലാപരമായ, പല പ്രസ്ഥാനങ്ങളുടെയും പ്രതിനിധികളും അതിനെ വിമര്‍ശിക്കുന്നവരുമൊക്കെ ഇതിനകത്ത് ഇടകലര്‍ന്ന് വന്നിട്ടുണ്ട്. ഇവര്‍ക്കൊക്കെ പലതരത്തില്‍ ഫീല്‍ ചെയ്യാവുന്ന സാമൂഹ്യ വിമര്‍ശനം നിറഞ്ഞ ഒരുപാട് പരാമര്‍ശങ്ങള്‍ ഈ നോവലില്‍ വരുന്നുണ്ട്. അങ്ങനെ നോക്കിയാല്‍ ഇതിനേ സമയം കാണൂ. മൂന്നാം ലക്കത്തില്‍ തന്നെ വന്ന സ്ഥിതിക്ക്, വരുന്ന ലക്കങ്ങളിലൊക്കെ വ്യത്യസ്തമായ ആളുകള്‍ക്ക് ഇതുവരാനുള്ള സാധ്യതയുണ്ടായിരുന്നു ഇതിനകത്ത്. അങ്ങിനെയായാല്‍ എന്തു ചെയ്യാന്‍ പറ്റും. ഓരോ ലക്കത്തിലും ഓരോരുത്തര്‍ക്ക് കുരുപൊട്ടിയാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ.

അത്രയ്ക്കും എന്നെ വല്ലാതാക്കിയ ഒരു നോവലാണ്. അതുപോലെ ദളിത് വിഷയങ്ങളൊക്കെ കൂടുതല്‍ കൈകാര്യം ചെയ്യുന്നതുകൊണ്ട് പറയാം, ദളിതരായ, അവരുടെ രാഷ്ട്രീയം മുമ്പോട്ടു വയ്ക്കുന്ന ആളുകള്‍ക്കും വേണമെങ്കില്‍, ഇതൊരു ദളിത് വിരുദ്ധ കൃതിയാണെന്ന് തോന്നിയേക്കാം. ഞാനിത് പ്രഡിക്റ്റ് ചെയ്യുകയല്ല, മറിച്ച് അത്തരം വായനയുടെ ഒരുപാട് സാധ്യതകള്‍ വരുന്ന, ഏതെങ്കിലും ഒരു വശത്തേയ്ക്കു പോലും ചാഞ്ഞു നില്‍ക്കാത്ത ഒരു കൃതിയാണിത്.

മുഴുവന്‍ വായിക്കാന്‍ പോലും കാത്തു നില്‍ക്കാതെ, എന്താണതില്‍ പിന്നീട് സംഭവിക്കുന്നതെന്നു പോലും നോക്കാതെയാണ് ഇതൊക്കെ നടന്നിട്ടുള്ളത്. അതൊരു സാമാന്യ മര്യാദയും, ഒരു ജനാധിപത്യ സമൂഹത്തിന് കാത്തിരുന്നാല്‍ മാത്രം കിട്ടുന്നതുമായ ഒരു കാര്യമാണ്. ഇതില്‍ മരിച്ചുപോയ ഒരു കഥാപാത്രം, യാതൊരു പ്രസക്തിയുമില്ലാത്ത രണ്ടു കഥാപാത്രങ്ങള്‍ തമ്മില്‍ ഏതോ ഒരു കാര്യം പറയുന്നതിനകത്ത് അയാളുടെ ഒരു അഭിപ്രായം, അതു മാത്രമാണത്. നമ്മളൊരു നോവലെഴുതുന്നു, ആ നോവലിലെ പ്രു സാഹചര്യത്തില്‍ ഒരു കഥാപാത്രം ചുവരിലൊട്ടിച്ച ഒരു പോസ്റ്റര്‍ വായിക്കുന്നു. ആ പോസ്റ്ററിലുള്ള എഴുത്തുമായി ഈ എഴുത്തുകാരന് യാതൊരു ബന്ധവുമില്ല. അത് നോവലിന്റെ ഒരു ഭാഗമായി നില്‍ക്കുന്നതു മാത്രമാണ്. അത് ഉള്‍പ്പെടുത്തണൊ വേണ്ടയോ എന്നതൊക്കെ നോവലിസ്റ്റ് തീരുമാനിക്കേണ്ടതാണ്. ഇത് ഈ നോവലിന്റെ മെത്തഡോളജിയുടെ ഒരു ഭാഗമാണ്. ഇങ്ങനെയൊക്കെയുള്ള, പരസ്പര വിരുദ്ധമായ ഇത്തരം കാര്യങ്ങള്‍, കഥാപാത്രങ്ങളെ വല്ലാത്ത രീതിയില്‍ സ്വതന്ത്രരാക്കി വിട്ടുകൊണ്ടുള്ള ഒരു രീതിയാണ് മീശയില്‍ ഉടനീളം. ഭയങ്കര എക്‌സൈറ്റഡായി വായിക്കാനാകും പക്ഷെ ഇതൊരു ഈസി റീഡിങ് നോവലല്ല. പലപ്പോഴും നോവലിലെ പല സന്ദര്‍ഭങ്ങളും നമ്മളെ പ്രകോപിപ്പിക്കും. പുതിയ പുതിയ നിരീക്ഷണങ്ങളും കാഴ്ചകളുമാണ് നിറയെ. 25 അധ്യായങ്ങള്‍ വായിക്കുമ്പോള്‍ ഞാന്‍ എത്രയോ വട്ടം എക്‌സൈറ്റഡായെന്നോ…

കടപ്പാട്: NARADA NEWS

Comments are closed.