DCBOOKS
Malayalam News Literature Website

എം പി ശങ്കുണ്ണി നായര്‍; നിരൂപകനഭസ്സിലെ ഒറ്റനക്ഷത്രം

എം പി ശങ്കുണ്ണിനായര്‍ വിടവാങ്ങിയിട്ട് ഇന്ന് 15 വര്‍ഷം പൂര്‍ത്തിയായി.

മലയാള വിമര്‍ശനരംഗത്തെ ഏകാന്ത വിസ്മയമായിരുന്നു എം പി ശങ്കുണ്ണിനായര്‍. അപാരമായ പാണ്ഡിത്യപ്രകര്‍ഷംകൊണ്ടും അനുപമമായ ധിഷണാവിലാസം കൊണ്ടും നൂതനവും സൂക്ഷമവുമായ അപഗ്രഥനാപാടവം കൊണ്ടും ശങ്കുണ്ണി നായര്‍ എന്നും ഏറെ വ്യത്യസ്തനായി നിലകൊണ്ടു. കാളിദാസ കൃതികളില്‍ തന്നെ ഉണ്ടായ എക്കാലത്തെയും ഏറ്റവും ക്ലാസിക് ഗ്രന്ഥമായ ഛത്രവും ചാമരവും മാത്രം മതി ശങ്കുണ്ണി എന്ന അസാമാന്യ പ്രതിഭയുടെ ആഴമറിയുവാന്‍.  എം പി ശങ്കുണ്ണിനായര്‍ വിടവാങ്ങിയിട്ട് ഇന്ന് 15 വര്‍ഷം പൂര്‍ത്തിയായി.

Textഅനാദൃശമായ ഗഹനതയും ആധികാരികതയും ഉള്ളവയായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍ അധികവും. 1917 മാര്‍ച്ച് 4ന് പാലക്കാട് പട്ടാമ്പിക്കടുത്തുള്ള മേഴത്തൂരിലായിരുന്നു ശങ്കുണ്ണി നായരുടെ ജനനം. പട്ടാമ്പി സംസ്‌കൃത പാഠശാലയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം പാവറട്ടി സംസ്‌കൃത കോളജിലും മദിരാശി പച്ചയ്യപ്പാസ് കോളജിലും അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു. കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി, ഓടക്കുഴല്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ശങ്കുണ്ണി മാഷിനെ തേടിയെത്തി.ഒന്നിനെപ്പറ്റി ചോദിച്ചാല്‍ അതുമായി ബന്ധപ്പെട്ട ഇതര കാര്യങ്ങളെക്കൂടിയും സ്പര്‍ശിക്കുന്ന ബഹുവിദ്യാസ്പദമായ സംവാദരീതിയായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത.

കാളിദാസ നാടക വിമര്‍ശം (സംസ്‌കൃതം), കത്തുന്ന ചക്രം (1986), അഭിനവ പ്രതിഭ (1989), നാടകീയാനുഭവം എന്ന രസം (1989), ഛത്രവും ചാമരവും എന്നിവയാണ് പ്രധാന കൃതികള്‍. മധ്യകേരളത്തിലെ ഒരു കൊച്ചുഗ്രാമത്തില്‍ ജനിച്ച് സ്വന്തം പ്രതിഭയുടെയും കഠിനാധ്വാനത്തിന്റെയും മാത്രം പിന്‍ബലത്തില്‍ വളര്‍ന്നുവലുതായ ഒരു മഹാപണ്ഡിതന്റെ ജീവിതയാത്ര 2006 നവംബര്‍ 10ന് അവസാനിച്ചു.

Comments are closed.