മയ്യഴിയുടെ കഥാകാരന് ഇന്ന് പിറന്നാള്‍, എം മുകുന്ദന്‍ ഹിറ്റ്‌സുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍
കൂട്ടം തെറ്റി മേഞ്ഞവരുടെ കൂട്ടുകാരൻ, മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍, മയ്യഴിയുടെ കഥാകാരന്‍ എം മുകുന്ദന് ഇന്ന് പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ എം മുകുന്ദന്‍ ഹിറ്റ്‌സുമായി ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍. എം മുകുന്ദന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച 8 കൃതികള്‍ 23% മുതല്‍ 25% വരെ വിലക്കുറവില്‍ പ്രിയവായനക്കാര്‍ക്ക് സ്വന്തമാക്കാം.
ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി നല്‍കുന്ന എം മുകുന്ദന്റെ 8 കൃതികളെ പരിചയപ്പെടാം
കുട നന്നാക്കുന്ന ചോയി വീണ്ടുമൊരു മയ്യഴിക്കഥ. നാട്ടുഭാഷയുടെ തനതു രുചിയും തന്റേടവുമുള്ള കഥ. കുട നന്നാക്കുന്ന ചോയി താന്‍ മരിച്ചാലേ തുറക്കാവൂ എന്നു പറഞ്ഞ് ഒരു ലക്കോട്ട് മാധവനെ ഏല്പിച്ച് ഫ്രാന്‍സിലേക്ക് പോകുന്നു. അത് മയ്യഴി നാട്ടിലാകെ വര്‍ത്തമാനമാകുന്നു. നാട്ടുകാര്‍ക്കൊപ്പം വായനക്കാരെയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ചോയിയുടെ മരണാനന്തരം ആ ലക്കോട്ട് തുറക്കുന്നു. എന്തായിരുന്നു ആ ലക്കോട്ടിലുള്ളത്?
നൃത്തം ചെയ്യുന്ന കുടകള്‍ കുഞ്ഞിക്കുനിയില്‍ അമ്പൂട്ടിയുടെ മകന്‍ മാധവന്റെ കഥ തുടരുന്നു. കുട നന്നാക്കുന്ന ചോയി ഫ്രാന്‍സിലേക്ക് കപ്പലേറിയപ്പോള്‍ മാധവനു നല്കിയ കത്ത് ചോയിയുടെ മരണശേഷം പൊട്ടിച്ച് നാട്ടുകാര്‍ക്കായി വായിച്ചുകൊടുത്തപ്പോള്‍ തിരുത്തല്‍ വരുത്തിയാണ് മാധവന്‍ വായിച്ചത്. അതിന്റെ മനസ്താപത്തില്‍ കഴിയുന്ന മാധവന്റെ തുടര്‍ജീവിതമാണ് ഈ നോവല്‍.
കേശവന്റെ വിലാപങ്ങള്‍ സർക്കാർ ഓഫീസിലെ ക്ലാർക്കും നോവലിസ്റ്റുമായ കേശവന്റെ ഇ എം എസ്സിനെക്കുറിച്ചുള്ള നോവലാണ് ഈ നോവലിലെ പ്രമേയം. തൊട്ടിലിൽ കിടന്നുകൊണ്ട് ചുമരിലെ ഇ.എം.എസ് ഫോട്ടോ കണ്ടുകൊണ്ടും വളരുന്ന അപ്പുകുട്ടൻ ക്രമേണ ഇ.എം.എസ്സിന് അഡിക്റ്റാക്കുന്നു. ഇ.എം.എസ്സിനെ ആരാധിച്ചും ധ്യാനിച്ചും. മറ്റുകുട്ടികളിൽനിന്നും വ്യത്യസ്തനായി അവൻ വളർന്നു. അപ്പുക്കുട്ടനും അവനെകുറിച്ചെഴുതുന്ന കേശവനും ചുറ്റും സംഘർഷങ്ങൾ വളരുകയായിരുന്നു. ക്രമേണ അവർ എഴുത്തുകാരനും അയാളുടെ കഥാപാത്രവും ഒന്നായിത്തീരുന്നു.
മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ മയ്യഴിയുടെ സ്വാതന്ത്ര്യസമരപ്പോരാട്ടത്തിന്റെ കഥയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ. ജന്മനാടിന്റെ ഭൂതകാലത്തിലേക്ക് ഇറങ്ങിച്ചെന്ന മയ്യഴിയുടെ കഥാകാരനായ എം. മുകുന്ദൻ മലയാള സാഹിത്യത്തിന് സമ്മാനിച്ച അമൂല്യനിധി. മലയാളത്തിന്റെ മാസ്റ്റർപീസുകളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന ഈ നോവൽ അനുവാചക ഹൃദയങ്ങളിലൂടെ യാത്ര തുടരുകയാണ്. മയ്യഴിയിൽ ഇന്റർമീഡിയറ്റ് പരീക്ഷയും പോണ്ടിച്ചേരിയിൽനിന്ന് ബക്കലോറയ പരീക്ഷയും പാസായ ദാസന് മയ്യഴിയിൽ സർക്കാർ ജോലിയിൽ പ്രവേശിക്കാനോ ഫ്രാൻസിൽ ഉപരിപഠനത്തിന് ചേരാനോ അവസരമുണ്ടായിരുന്നു. എന്നാൽ കമ്മ്യൂണിസ്റ്റും ദേശീയവാദിയുമായിരുന്ന കുഞ്ഞനന്തൻ മാസ്റ്ററുടെ സ്വാധീനത്തിൽ ദാസൻ ഫ്രഞ്ച് അധിനിവേശത്തിനെതിരെ പ്രവർത്തനമാരംഭിച്ചു. 1948-ൽ നടന്ന വിമോചന സമരം പരാജയപ്പെട്ടപ്പോൾ ഒളിവിൽ പോയ ദാസന് പിന്നീട് പന്ത്രണ്ട് വർഷം തടവ് അനുഭവിക്കേണ്ടി വന്നു. 1954-ൽ ഫ്രഞ്ച് സർക്കാർ മയ്യഴി വിട്ടതോടെ ദാസൻ ജയിൽ മോചിതനായി. മറ്റൊരു വിവാഹമുറപ്പിക്കുന്നതിനെ തുടർന്ന്, ദാസന്റെ കാമുകി ചന്ദ്രിക അപ്രത്യക്ഷയായി. ദാസനും അവളുടെ പാത പിന്തുടരുന്നു. പിന്നീട്, ദാസനും ചന്ദ്രികയും കടലിനു നടുവിൽ വെള്ളിയാങ്കല്ലുകൾക്കു മുകളിലെ തുമ്പികളായി മാറുകയാണ്.
തേവിടിശ്ശിക്കിളിയും കള്ളനും പോലീസും ജീവിതത്തിന്റെ തെളിവുകൾ അസാധാരണമായ വൈകാരികാംശങ്ങളോടെ അനാവരണം ചെയ്യുന്ന ശ്രദ്ധേയ രചനകൾ.
പ്രവാസം തലമുറകളായി തുടരുന്ന മലയാളിപ്രവാസജീവിതത്തിന്റെ അനുഭവ സാക്ഷ്യങ്ങള്‍. ഒറ്റപ്പെടുത്തലുകളുടെയും ഇച്ഛാഭംഗങ്ങളുടെയും ഇരുള്‍ക്കയങ്ങളില്‍നിന്ന് പുതിയ വെളിച്ചത്തുരുത്തിലേക്ക് ചേക്കേറിക്കൊണ്ട് മലയാളി നിര്‍മ്മിച്ചെടുക്കുന്ന ഭാവിജീവിതങ്ങളുടെ സാമൂഹ്യവ്യവസ്ഥയും സമ്പദ്‌വ്യവസ്ഥയും രാഷ്ട്രീയവ്യവസ്ഥയും ഈ നോവലില്‍ പുനര്‍നിര്‍മ്മിക്കപ്പെടുന്നു. പ്രസിദ്ധീകരിച്ച് ഒറ്റവര്‍ഷംകൊണ്ട് 10,000 കോപ്പികള്‍ വിറ്റഴിയുകയും ഒരുലക്ഷത്തിലേറെപ്പേര്‍ വായിക്കുകയും ചെയ്ത നോവല്‍.
രാവും പകലും നദി കടന്നെത്തിയ പരദേശിയായ കാലമ്മൂപ്പന്‍ ചാവുകരയുടെ കടിഞ്ഞാണ്‍ കൈയിലേന്തി. ചാവുകരയിലെ മനുഷ്യരുടെയും തിര്യക്കുകളുടെയും സസ്യലതാദികളുടെയും വിധി അതോടെ ദൈവത്തിന്റെ കൈയിലായി. കാലമ്മൂപ്പന്റെ അനുവാദം കൂടാതെ ചാവുകരയില്‍ ഒരു പൂവുപോലും വിരിഞ്ഞില്ല. തന്റെ ആഗമനത്തെ അറിയിക്കുവാനെന്നവണ്ണം അതിഭീകരമായ ഒരു വരള്‍ച്ച സൃഷ്ടിച്ച് ചാവുകരക്കാരെ ദൈവം പരിഭ്രാന്തരാക്കി… കാലമ്മൂപ്പനില്‍നിന്നും ചാവുകരക്കാരെ രക്ഷിക്കാന്‍വേണ്ടിയാണ് വിഷവൃക്ഷങ്ങള്‍ കാവല്‍ക്കാരായ ഇരുള്‍മലയുടെ ഉച്ചിയിലേക്ക് ഒരു ദിവസം അനന്തന്‍ കടന്നുചെന്നത്. മനുഷ്യാവബോധത്തെ ഗാഢമായി സ്പര്‍ശിക്കുന്ന ഉജ്ജ്വലമായ ആഖ്യായിക.
ദല്‍ഹിഗാഥകള്‍ ഇന്ത്യന്‍ ജീവിതത്തിന്റെ ഗതിവിഗതികളെ നിര്‍ണ്ണയിക്കുന്ന അധികാരസിരാകേന്ദ്രമായ ദല്‍ഹിയെയും ആയിരത്തിത്തൊള്ളായിരത്തി അറുപതുകള്‍ മുതല്‍ ഇന്നേവരെ അവിടെയുണ്ടായ സംഭവപരമ്പരകളെയും പശ്ചാത്തലമാക്കി രചിച്ച നോവല്‍. ചരിത്രത്താളുകളില്‍ നായകരും പ്രതിനായകരുമായി പ്രത്യക്ഷപ്പെടുന്ന വ്യക്തികളല്ല, ദല്‍ഹിയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട സാധാരണക്കാരാണ് ഇതിലെ കഥാപാത്രങ്ങള്‍. അവരുടെ ജീവിതത്തില്‍ ചരിത്രവും ചരിത്രസംഭവങ്ങളും എങ്ങനെയെല്ലാം ഇടപെടുന്നു എന്നും അവരുടെ വൈയക്തികസാമൂഹ്യജീവിതം എങ്ങനെയെല്ലാം മാറ്റി മറിക്കപ്പെടുന്നുവെന്നും നമുക്ക് അനുഭവവേദ്യമാക്കുന്നു. ഇന്ത്യന്‍ അവസ്ഥയുടെ സങ്കീര്‍ണതകള്‍ മുഴുവന്‍ നോവലിലൂടെ ഇഴപിരിക്കാനുള്ള വിജയകരമായ ഒരു ശ്രമം.
Comments are closed.