DCBOOKS
Malayalam News Literature Website

മയ്യഴിപ്പുഴയുടെ തീരം വിടാനൊരുങ്ങി മയ്യഴിയുടെ കഥാകാരന്‍

M Mukundan
M Mukundan

മാഹി: കൂട്ടം തെറ്റി മേഞ്ഞവരുടെ കൂട്ടുകാരൻ, മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍, മയ്യഴിയുടെ കഥാകാരന്‍ എം.മുകുന്ദൻ  സ്വപ്നങ്ങൾക്ക് നിറം പകർന്ന മയ്യഴിപ്പുഴയുടെ തീരത്തുള്ള വീട്ടിൽ നിന്നും ഈ മാസം പത്തിന് പള്ളൂരിലേക്ക് താമസം മാറ്റുന്നു. പഴയ വീടിനുള്ള ‘മണിയമ്പത്ത്’ എന്ന പേര് തന്നെയാണ് പുതിയ വീടിനും നൽകിയിട്ടുള്ളത്.

സെമിത്തേരി റോഡിനും ഭാരതിയാർ റോഡിനും ഇടയിലെ വളവിലാണ് മുകന്ദന്റെ വീട്. തുടർച്ചയായുണ്ടായ വാഹന അപകടങ്ങളാണ് മയ്യഴിയിലെ വീട് വിട്ടൊഴിയാൻ മുകുന്ദനെ പ്രേരിപ്പിച്ചത്.

മലയാളസാഹിത്യത്തില്‍ ആധുനികതയുടെ വക്താവും പ്രയോക്താവുമായ എഴുത്തുകാരനാണ് എം.മുകുന്ദന്‍. ആധുനികതയുടെ എഴുത്തുശൈലി ഭാഷയിലേക്ക് ആവാഹിച്ച അദ്ദേഹം സ്വന്തം ദേശത്തിന്റെ ചരിത്രവും ജീവിതവും പശ്ചാത്തലമാക്കിയ കഥകളിലൂടെയാണ് ശ്രദ്ധേയനായത്.  1961-ലാണ് എം.മുകുന്ദന്റെ ആദ്യസാഹിത്യസൃഷ്ടിയായ ചെറുകഥ പ്രസിദ്ധീകരിക്കപ്പെടുന്നത്. പിന്നീട് നിരവധി നോവലുകളും ചെറുകഥകളും എഴുതി. ജോലിയുടെ ഭാഗമായി മുകുന്ദന്റെ ജീവിതം പില്‍ക്കാലത്ത് ദില്ലിയിലേക്കു പറിച്ചുനടപ്പെട്ടു. ദില്ലി ജീവിതവും മുകുന്ദന്റെ തൂലികയില്‍ സാഹിത്യസൃഷ്ടികളായി. മുകുന്ദന്റെ സൃഷ്ടികളിലുടനീളം ഫ്രഞ്ച് അധിനിവേശ സ്മരണകളും മയ്യഴിപ്പുഴയുടെ തീരങ്ങളിലെ തുടിപ്പുകളും കാണാം.  മയ്യഴിയുടെ കഥാകാരന്‍ എന്ന അപരനാമത്തിലും അറിയപ്പെടുന്നു.

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ദൈവത്തിന്റെ വികൃതികള്‍, ആവിലായിലെ സൂര്യോദയം, ഡല്‍ഹി, ഹരിദ്വാറില്‍ മണിമുഴങ്ങുന്നു, ആകാശത്തിനു ചുവട്ടില്‍, ആദിത്യനും രാധയും മറ്റുചിലരും, ഒരു ദളിത് യുവതിയുടെ കദന കഥ, കിളിവന്നു വിളിച്ചപ്പോള്‍, രാവും പകലും, സാവിത്രിയുടെ അരഞ്ഞാണം, കേശവന്റെ വിലാപങ്ങള്‍, കുട നന്നാക്കുന്ന ചോയി, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, നൃത്തം ചെയ്യുന്ന കുടകള്‍, നൃത്തം, പ്രവാസം, ദല്‍ഹി ഗാഥകള്‍ തുടങ്ങിയവയാണ് എം.മുകുന്ദന്റെ പ്രധാന കൃതികള്‍.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എം.മുകുന്ദന്റെ കൃതികള്‍ വായിക്കുവാന്‍ സന്ദര്‍ശിക്കുക

Comments are closed.